Breaking News
Home / Lifestyle / നിന്റെയൊക്കെ അപ്പൻ സമ്പാദിച്ച വകയാണോ ഈ കാണുന്ന എയർപോർട്ടും ഇവിടെ വന്നിറങ്ങുന്ന ഫ്ലൈറ്റുമൊക്കെ ? ?

നിന്റെയൊക്കെ അപ്പൻ സമ്പാദിച്ച വകയാണോ ഈ കാണുന്ന എയർപോർട്ടും ഇവിടെ വന്നിറങ്ങുന്ന ഫ്ലൈറ്റുമൊക്കെ ? ?

സാമിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെ
സാമിനെ പകച്ചു നോക്കി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ അവനടുത്ത് എത്തിയിരുന്നു. പിടിച്ചു തള്ളി അവരവിടെ നിന്നും സാമിനെ കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴാണ് ഞങ്ങൾ യാത്രക്കാർ ഇടപെട്ടത്.

കാര്യമെന്താണെന്നറിയാതെ സാമിനെ കൊണ്ടു പോകാൻ പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ, ആദ്യം അവർ എതിർത്തെങ്കിലും ഞങ്ങൾ യാത്രക്കാർ ഒറ്റക്കെട്ടാണെന്നും പ്രശ്നം രൂക്ഷമാകുമെന്നും അവർക്ക് മനസ്സിലായപ്പോഴാണ് സാമിനെ ഞങ്ങളോട് സംസാരിക്കാൻ അവർ അനുവദിച്ചത്.

‘തോളിൽ തട്ടി സാരമില്ല, വിഷമിക്കണ്ട’ കാര്യമെന്താണെന്നു പറ. ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞപ്പോൾ സാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘ഞാൻ, എന്റെ അപ്പച്ചന് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നറിഞ്ഞ് ഒരാഴ്ച മുൻപ് നാട്ടിൽ വന്നതാ. അപ്പച്ചന് അസുഖം ഭേദമായി പക്ഷേ ദുബായിൽ നിന്നും എനിക്ക് ഇന്നലെ വന്ന എന്റെ സുഹൃത്തിന്റെ കാൾ,

എന്റെ ഭാര്യയും രണ്ട് മക്കളും അവിടെ വെച്ചുണ്ടായ കാറപകടത്തിൽ പരിക്ക് പറ്റി ഹോസ്പിറ്റലിൽ ആണെന്നാണ്. അല്പം സീരിയസാണെന്നാണ് എന്നോടവൻ പറഞ്ഞതു. നിങ്ങൾക്കറിയാമോ ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. പാസ്പോർട്ടുമായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മുൻപിൽ ചെന്നപ്പോൾ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്ന രീതിയിലുള്ള പെരുമാറ്റം ആയിരുന്നു. കാര്യമെന്താണെന്ന് എനിക്കപ്പോൾ മനസ്സിലായിരുന്നില്ല.

അങ്ങോട്ട് മാറി നില്ക്ക്, കുറച്ചു സമയം കഴിഞ്ഞ് വിളിക്കാം എന്ന് എന്നോട് അവർ പറഞ്ഞു. എന്റെ ക്ഷീണം കാരണം ഞാനിവിടുള്ള കസേരയിൽ വന്നിരുന്നു. അപ്പോഴാണ് അവർ പരസ്പരം എന്നെ അപമാനിക്കുന്ന രീതിയിൽ ഓരോന്ന് പറയുന്നത് ഞാൻ കേട്ടത്. ഞാൻ മദ്യം കഴിച്ചു ഓവറായിട്ടാണത്രേ, എന്റെ കണ്ണുകൾ ചുവന്നിരിക്കുന്നതും,

എന്റെ ശരീരത്തിന് ഇത്രയും ക്ഷീണം തോന്നിക്കുകയും ചെയ്യുന്നതെന്നും ഞാനാ ഫ്ളൈറ്റിൽ യാത്ര ചെയ്താൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുമത്രേ. എന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മദ്യപാനം നിമിത്തമാണെന്ന് പറഞ്ഞാൽ ഞാൻ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞാൽ.

നിങ്ങൾ പറയൂ, ഞാനിങ്ങനയല്ലാതെ എങ്ങനെ പ്രതികരിക്കണം. സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ. എന്റെ കുടുംബത്തിന്റെ അവസ്ഥ ഓർത്ത് ഞാൻ ഒന്നാമതേ മാനസിക നില തെറ്റിയിരിക്കുവാ. ഇതും കൂടി ആയപ്പോൾ എന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെട്ടു. അതാ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു പോയത്. നീയൊക്കെ അഴിയെണ്ണണമെടാ. ജയിലിൽ കിടക്കുമ്പഴേ അറിയൂ ഞങ്ങളോട് കളിക്കാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കുമെന്ന്. കൂട്ടത്തിൽ ഒരു ഉദ്യോഗസ്ഥൻ ഇതും പറഞ്ഞ് സാമിനു നേരെ കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് ഞങ്ങൾ യാത്രക്കാരിൽ ഒരാളായ അനന്തൻ കേറി ഇടപെട്ടത്..

പിന്നീടങ്ങോട്ട് അനന്തൻ പറഞ്ഞ ഓരോ വാക്കുകളും പ്രവാസികളുടെ മേൽ എയർപോർട്ട് ഉദ്യോഗസ്ഥർ കാണിക്കുന്ന ധാർഷ്ട്യത്തിന്റെ നീറുന്ന യാഥാർത്ഥ്യങ്ങളായിരുന്നു.

‘നീ ഒക്കെ മാസാമാസം എണ്ണി വാങ്ങുന്ന ശമ്പളം ഞങ്ങൾ പ്രവാസികളുടെ വിയർപ്പിന്റെ വിലയാ. ഓരോ പ്രവാസികളും ഈ എയർപോർട്ടിനുള്ളിൽ എത്തി ചേരുന്നത് പലപല പ്രശ്നങ്ങളുമായാണ്. ഉറ്റവരെ പിരിയുന്ന വേദനയും മരണവാർത്ത അറിഞ്ഞെത്തുന്നവരും,

പലവിധ മാരക അസുഖങ്ങളും. അങ്ങനെയങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഓരോ പ്രവാസികളുടെയും മനസ്സിനകത്ത്. നിങ്ങൾ ഉദ്യോഗസ്ഥർ ഞങ്ങൾ യാത്രക്കാരെ ചായയും കാപ്പിയും തന്നൊന്നും സല്ക്കരിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പക്ഷെ, നിങ്ങളുടെ മുഖത്തുള്ള ഒരു ചെറു പുഞ്ചിരി, അത്രയെങ്കിലും ചെയ്തൂടെ ഞങ്ങൾ പ്രവാസികളുടെയടുത്ത്. പകരം നിങ്ങൾ ഞങ്ങളെ പുച്ഛത്തോടെയല്ലാതെ നോക്കിയിട്ടുണ്ടോ.

ഓരോ പ്രവാസിയേയും ഒരു തീവ്രവാദിയുടെ ഭാവത്തോടെയല്ലാതെ നിങ്ങൾ പരിഗണിക്കാതിരിക്കുന്നുണ്ടോ, മരുഭൂമിയിൽ കഷ്ടപ്പെട്ട് ഞങ്ങളുണ്ടാക്കിയ പണം കൊടുത്ത് ഞങ്ങൾ വാങ്ങുന്ന തുച്ഛമായ സാധനങ്ങൾക്കു പോലും അതിന്റെ വിലയേക്കാൾ ഇരട്ടി നിങ്ങൾ നികുതിയായി ആവശ്യപ്പെട്ടപ്പോഴും ഞങ്ങൾ പ്രവാസികൾ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങൾക്ക് അതിനുള്ള കഴിവില്ലാഞ്ഞിട്ടല്ല, മറിച്ച് ഞങ്ങളിലൂടെ സ്വന്തം നാട് വികസിക്കുന്നെങ്കിൽ അങ്ങനെയാകട്ടേ എന്ന് വിചാരിച്ചു മാത്രമാണ്.

അന്യ രാജ്യങ്ങളിലെ എയർപോർട്ടിൽ യാത്രക്കാരോട് അവിടുത്തെ ഉദ്യോഗസ്ഥർ പെരുമാറുന്നത് നിങ്ങളൊന്ന് കണ്ടു പഠിക്കണം. അർക്ക് ഓരോ യാത്രക്കാരും അവരെ സംബന്ധിച്ചിടത്തോളം അതിഥികളാണ്, പക്ഷേ ഇവിടെ നിങ്ങൾക്ക് ഞങ്ങളെ പുച്ഛമാണ്. പ്രായമായ സ്ത്രീകളോടും കുട്ടികളോട് പോലും നിങ്ങളിൽ പല ഉദ്യോഗസ്ഥരും മാന്യതയില്ലാതെ തന്നെ വേദനിപ്പിക്കുന്ന വാക്കുകളാണ് പറയുന്നത്.

കഷ്ടപ്പെട്ട് ഞങ്ങൾ പ്രിയപ്പെട്ടവർക്കായി വാങ്ങി വന്ന സാധനങ്ങൾ വെറും ചവർ എറിയുന്ന ലാഘവത്തോടെ നിങ്ങൾ വലിച്ചെറിയുന്നത് കാണുമ്പോൾ ഞങ്ങൾ അനുഭവിക്കുന്ന വേദന നിങ്ങൾക്കും മനസ്സിലാകണമെങ്കിൽ ഒരിക്കലെങ്കിലും പ്രവാസിയാകണം. സാമിനെ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ പ്രവാസികൾ ആരെന്ന് നിങ്ങൾ അറിയും. ഒരു പ്രശ്നം വന്നാൽ ഞങ്ങളെല്ലാം ഒരു മനസ്സായി തന്നെ നിൽക്കും’.

‘അനന്തൻ പറഞ്ഞു നിർത്തിയതും കൂട്ടത്തിൽ അല്പം മാന്യതയുള്ള ഒന്ന് രണ്ട് നല്ല ഉദ്യോഗസ്ഥർ സാമിനോട് മറ്റുള്ളവർ പറഞ്ഞ പരിഹാസ വാക്കുകൾക്ക് ക്ഷമ ചോദിക്കുകയും അയാളുടെ ദുർവിധിയിൽ ആശ്വസിപ്പിക്കുകയും യാത്രയുടെ പരിശോധനകളെല്ലാം വേഗത്തിൽ തന്നെ ശരിയാക്കുകയും ചെയ്തു’.
തക്ക സമയത്ത് നിങ്ങൾ യാത്രക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നേനെ, ഒരുപാട് നന്ദിയുണ്ട് നിങ്ങളോടെനിക്ക്.

സാം കൈകൂപ്പി കണ്ണു നീരോടെ ഇത് പറഞ്ഞപ്പോൾ അറിയാതെ ഞങ്ങളുടെ മിഴിയും നിറഞ്ഞു. മറ്റുള്ളവരുടെ നൊമ്പരങ്ങൾ പ്രവാസിയോളം മനസ്സിലാക്കാൻ കഴിയുന്നവർ വിരളമാണ്. വന്ദിച്ചില്ലേലും നിന്ദിക്കരുത്. ഓരോ പ്രവാസികളേയും. നീറുന്ന മനസ്സുകളുടെ ഒരു സംഗമ വേദിയാണ് പ്രവാസിയെ സംബന്ധിച്ചിടത്തോളം ഓരോ എയർപോർട്ടുകളും. വിയർപ്പ് അന്നമാക്കുന്നവർ. അതാണ് ഓരോ പ്രവാസികളും.

സമർപ്പണം: (നമ്മുടെ കേരളത്തിലെ എയർപോർട്ടുകളിലെ ചില മനുഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രവാസികൾക്കായി)

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *