ശ്രേഷ്ഠമായ എന്നാണ് ‘ശറഫിയ്യ’ എന്ന വാക്കിന്റെ അര്‍ഥം. പോരിശയാക്കപ്പെട്ട എന്ന് ഏറനാടന്‍ പ്രയോഗം. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ജിദ്ദയിലെ ശറഫിയ്യ പലതു കൊണ്ടും ശറഫാക്കപ്പെട്ട സ്ഥലമാണ്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹജ്ജിന്റെ പ്രധാനപ്പെട്ട ഒരു കര്‍മ്മമായ അറഫയിലെ നിര്‍ത്തം . പോലെ , ആഴ്ചയിലൊരിക്കല്‍ എല്ലാ വെള്ളിയാഴ്ചയും മലയാളികളുടെ പ്രധാനപ്പെട്ട ഒരു കര്‍മ്മമായിരുന്നു കാലങ്ങളായി ‘ശറഫിയ്യയിലെ നിര്‍ത്തം’!
പ്രവാസി മലയാളികളുടെ തേങ്ങലുകള്‍ക്കൊപ്പം മൂകമായി തേങ്ങുകയും കണ്ണ് നിറയുന്നത് കണ്ടു കണ്ണീര് വാര്‍ക്കുകയും സന്തോഷങ്ങളോടൊപ്പം അകമഴിഞ്ഞ് സന്തോഷിക്കുകയും ചെയ്ത ചരിത്രമാണ് ശറഫിയ്യക്കുള്ളത് .. ടെലഫോണുകളോ ഇന്റര്‍നെറ്റ് ബന്ധങ്ങളോ , ചാനലുകളോ , പത്രങ്ങളോ പോലും ഇല്ലാത്ത പഴയ കാലത്ത് , നാട്ടില്‍ നിന്ന് വരുന്ന കണ്ണീര് വീണു നനഞ്ഞ കത്തുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും നാട്ടിലെ ചൂടാറിയിട്ടും ‘ചൂടേറിയ ‘ വാര്‍ത്തകള്‍ പരസ്പരം പങ്കു വെക്കപ്പെടുകയും ചെയ്തിരുന്നത് ഇവിടെ വെച്ചായിരുന്നു ..
എത്രയെത്ര ജോലിയില്ലാത്തവര്‍ക്കാണ് ശറഫിയ്യയിലെ ഒത്തു ചേരലിലൂടെ ജോലി കിട്ടിയത് ? എത്ര പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് ഈ പോരിശയാക്കപ്പെട്ട ഇത്തിരിയിടത്തില്‍ നിന്ന് പിരിച്ചെടുത്ത സഹായങ്ങള്‍ കൊണ്ട് മംഗല്യ സൗഭാഗ്യം കിട്ടിയത് ? എത്രയെത്ര പള്ളികളും മദ്രസകളും , അനാഥാലയങ്ങളും സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളുമാണ് ഇവിടെ വെച്ചു രൂപീകരിച്ച കമ്മിറ്റികളിലൂടെ , സംഘടനകളിലൂടെ , കൂട്ടായ്മകളിലൂടെ ഉയര്‍ന്നു വന്നത് .. നന്നായി നടന്നു പോന്നത് ?
കേറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത എത്രയെത്ര നിര്‍ധനര്‍ക്കാണ് ഈ ശറഫാക്കപ്പെട്ട സ്ഥലത്തെ ഒത്തു ചേരലിലൂടെ വീടുയര്‍ന്നത് ..
!എത്ര ഹതഭാഗ്യരുടെ ഒച്ചയില്ലാത്ത നിലവിളികള്‍ക്കാണ് ഈ കൊച്ചു സ്ഥലം കാതോര്‍ത്തത് .. ? എത്ര പേരുടെ കണ്ണീരാണ് തുടച്ചത് ? എത്ര രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കള്‍ക്കാണ് ഇവിടെ സ്വീകരണം നല്‍കിയത് ? എത്ര പ്രസംഗങ്ങള്‍ക്കും സെമിനാറുകള്‍ക്കും ക്യാമ്പുകള്‍ക്കും ഗാനമേളകള്‍ക്കും ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കും രാഷ്ട്രീയ സാഹിത്യ സാമൂഹ്യ സാംസ്ക്കാരിക പരിപാടികള്‍ക്കുമാണ് ശറഫിയ്യ സാക്ഷ്യം വഹിച്ചത് ?
അന്ന് ഇവിടെ കൂടി നിന്ന് വെടി പറഞ്ഞിരുന്നവരും സൊറപറഞ്ഞു ഒരാഴ്ചത്തേക്കുള്ള ഊര്‍ജ്ജം സംഭരിച്ചു തിരിച്ചു പോയവരും ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവരുടെ ഓര്‍മ്മകളിലേക്ക് എപ്പോഴെങ്കിലും മധുരിക്കുന്ന ഗൃഹാതുരതയോടെ കടന്നു വരുന്നുണ്ടാകും അറേബ്യന്‍ നാട്ടിലെ ഈ മലയാളി തട്ടകം ..! കൊച്ചു കൊച്ചു കൂട്ടങ്ങളായി അവിടവിടെ കൂടിനിന്നും സങ്കടങ്ങളും പരാതികളും പരിഭവങ്ങളും ഇറക്കി വെച്ചിരുന്നതുമായ ഈ സ്ഥലം അവര്‍ക്ക് അത്ര പെട്ടൊന്നൊന്നും മറക്കാനാവുകയില്ല ..
‘എന്നാല്‍ അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം ഇതേ സ്ഥലത്ത് വെച്ചു കണ്ടുമുട്ടാം’ എന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന പ്രവാസി ശനിയാഴ്ച ജോലിക്ക് പോകുന്നതേ അടുത്ത വെള്ളിയാഴ്ച ഇങ്ങനെ ഒത്തുകൂടാന്‍ വേണ്ടിയായിരുന്നു .. !
വെള്ളിയാഴ്ചകളില്‍ മറ്റൊന്നും നടന്നില്ലെങ്കിലും ഷറഫിയ്യയിലെ നിര്‍ത്തം ‘ഫര്‍ള്’ ആയ കാര്യമായിരുന്നു മലയാളികള്‍ക്ക് .. വെള്ളിയാഴ്ചകളിലും പെരുന്നാളിനും ശറഫിയ്യ മലയാളികളെ കൊണ്ട് അക്ഷരാര്‍ഥത്തില്‍ വീര്‍പ്പു മുട്ടുമായിരുന്നു . എന്നാലിന്നോ? പ്രയാസ കാലം കടന്ന് ക്ഷേമ കാലവും കഴിഞ്ഞു സുവര്‍ണ്ണ കാലവും പിന്നിട്ട് ഇന്ന് ശറഫിയ്യ ശുഷ്ക്കിച്ചു ശുഷ്ക്കിച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത് .
വെള്ളിയാഴ്ച ഒത്തു കൂടുന്ന ആളുകളുടെ എണ്ണം നന്നേ കുറഞ്ഞു .. വന്നവര്‍ തന്നെ പെട്ടെന്ന് തിരിച്ചു പോകാന്‍ തിരക്ക് കൂട്ടി . നിതാഖാത്തും സൗദി വത്ക്കരണവും ലെവിയും മറ്റു നിയമപരമായ പ്രശ്നങ്ങളും ശറഫിയ്യയെ വല്ലാതെ തളര്‍ത്തി . കച്ചവട സ്ഥാപനങ്ങളില്‍ കച്ചവടം കുറഞ്ഞു . ജോലിക്കാര്‍ വെറുതെ വന്നു വെറുതെ പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി . ആദായ വില്‍പ്പന ബോര്‍ഡും ഡിസ്ക്കൌണ്ട് സെയിലും വെച്ചിട്ടും കാര്യമായ കച്ചവടം ഒന്നും നടക്കാതെ പലരും ‘ഈച്ചയെ ആട്ടി’യിരിപ്പാണ് ..
നാട്ടിലെ വലിയ വലിയ പദ്ധതികളെ ക്കുറിച്ചും വന്‍ പ്ലാനുകളെക്കുറിച്ചും സംസാരിച്ചിരുന്ന ആളുകള്‍ തിരിച്ചു പോക്കിനെക്കുറി ച്ചും എക്സിറ്റ് നെ കുറിച്ചുമോക്കെയാണ് ഇപ്പോള്‍ സംസാരിക്കുന്നത് . കുടുംബം കൂടെയുള്ള ഏറെ പേരും അവരെ എക്സിറ്റ് അടിച്ചു . ബാക്കിയുള്ളവര്‍ അതിനായി ഒരുങ്ങിയിരിക്കുന്നു . മിക്ക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് . ഏതു നിമിഷവും കമ്പനിയില്‍ നിന്ന് പിരിച്ചു വിടാം എന്ന നെഞ്ചിടിപ്പോടെയാണ് ഓരോരുത്തരുടെയും നേരം പുലരുന്നത് . ഒരു ദിവസം കൂടി കിട്ടിയാലായി എന്ന നിലക്കാണ് പലരും ഇവിടെ തങ്ങുന്നത് ..
മാനസികമായി എല്ലാവരും തിരിച്ചു പോകാന്‍ തയ്യാറായി കഴിഞ്ഞു . കുറെ പേര് മടങ്ങി . ചിലരൊക്കെ പോകാനുള്ള പെട്ടികെട്ടലിലാണ് .എല്ലാവരും മഹ്ശറയിലെ പോലെ നഫ്സി നഫ്സീ എന്ന് പറഞ്ഞു കഴിയുന്നു . ആര്‍ക്കും ആരെയും സഹായിക്കാന്‍ കഴിയില്ല ..വിദേശികളില്ലാത്ത , സ്വയം പര്യാപ്തത നേടിയ ഒരു രാജ്യം എന്ന സ്വപ്നത്തിലേക്ക് ഈ രാജ്യം അടുത്തു കൊണ്ടിരിക്കുന്നു .
ഏറിപ്പോയാല്‍ ഒരു കൊല്ലം അല്ലെങ്കില്‍ രണ്ട് .. അത്ര അടുത്തെത്തിയിരിക്കുന്നു .. ഏതായാലും ഈ നാട് നമ്മുടെ വിശപ്പ് മാറ്റി , പെണ്‍കുട്ടികളെ സുമംഗലികളാക്കി , നാടിനെ വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സംസ്ക്കാരികമായും വികസിപ്പിച്ചു . അടുപ്പെരിയാതിരുന്ന വീടുകളില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളകള്‍ ഉയര്‍ന്നു . ഒരൊറ്റ അടുപ്പും ഇറക്കികെട്ടിയ അടുക്കളയും എന്ന അവസ്ഥയില്‍ നിന്ന് രണ്ടും മൂന്നും അടുക്കള വരെയെത്തിച്ചു . ചോര്‍ന്നൊലിക്കുന്ന ഓലപ്പുരകളില്‍ നിന്ന് മണിമേടകളിലേക്കും കൊണ്ഗ്രീറ്റ് വീടുകളിലേക്കും മാറ്റി .
ചക്കക്കൂട്ടാനും താളും തവരയും കഞ്ഞിയും ചമ്മന്തിയും പലകയിട്ട് കഴിക്കുന്ന അവസ്ഥയില്‍ നിന്ന് ബ്രോസ്റ്റും കബ്സയും മന്തിയും കുഴിമന്തിയും വരെ എത്തി . ഏതെങ്കിലും പറമ്പില്‍ പോയി കാര്യം സാധിച്ചിരുന്ന നമ്മുടെ വീടുകള്‍ ഇപ്പോള്‍ ഓരോ റൂമിനോട് ചേര്‍ന്നും ഓരോ ബാത്ത് റൂം വരെയെത്തി . കിടക്കാന്‍ സ്ഥലമില്ലാതെ ഞെങ്ങി ഞെരുങ്ങി കഴിഞ്ഞിരുന്ന വീടകങ്ങളില്‍ നിന്ന് വിശാലമായ റൂമുകളിലേക്കും കിടക്കാന്‍ ആളില്ലാതെ വെറുതെ കിടക്കുന്ന മുറികളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടു .
വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പെരുന്നാളിനോ മറ്റോ ഡ്രസ്സെടുത്തിരുന്നവര് ആഴ്ചയില്‍ ഒരിക്കലോ മാസത്തിലോയൊക്കെയായി മാറി . മലയാളം തന്നെ എഴുതാനും വായിക്കാനും അറിയാത്തവരുടെ മക്കള്‍ ഇംഗ്ലീഷ് ല്‍ ചിരിക്കാനും ചിന്തിക്കാനും വഴക്ക് കൂടാനും ബാത്റൂമില്‍ പോകാനും തുടങ്ങി ..അക്ഷരജ്ഞാനമില്ലാത്ത പഴയ തലമുറയില്‍ നിന്ന് എഞ്ചിനീയര്‍മാരും ഡോക്ടര്‍ മാരും ഐടി വിദഗ്ദ്ധരും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരുമായ പുതിയ തലമുറവളര്ന്നു വന്നു .
കാല് നടയായി നടന്നും ബസ്സിനും ഓട്ടോറിക്ഷക്കുമൊക്കെ പോയിരുന്നവര്‍ കാറിലും ബൈക്കിലും മാത്രം സഞ്ചരിക്കുന്ന്രവരായി . ഒരടി പോലും നടക്കാത്ത , നടക്കാന്‍ വയ്യത്തവരായി മാറി .ഒരേ വീട്ടില്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ വാഹനങ്ങളായി .. !നാട്ടില്‍ ഏതെങ്കിലും ഒരു ബഡാ മുതലാളിക്ക് അപൂര്‍വമായി മാത്രം സാധിച്ചിരുന്ന ഹജ്ജ് ഉമ്ര എന്ന സൗഭാഗ്യങ്ങള്‍ എല്ലാവര്ക്കും കിട്ടി .
ഹജ്ജും ഉംറയും ചെയ്യാത്ത ആരും നാട്ടില്‍ ഇല്ലാതായി ..പോറ്റമ്മയുടെ കാരുണ്യം കാരണം നമ്മുടെ നാടും ഈ നാടിനോടൊപ്പം വികസിച്ചു . ഇവിടെ ഉള്ളതെല്ലാം അവിടെക്കും നമ്മള് പറിച്ചു നട്ടു .. ഭക്ഷണം , വസ്ത്രം , സംസ്ക്കാരം അടക്കം ഏതു കയറ്റത്തിനും ഒരിറക്കമുണ്ട് . ക്ഷേമത്തിന് ശേഷം ഒരു ക്ഷാമമുണ്ട് .
സുഖത്തിനു ശേഷം ദു:ഖമുണ്ട് , സുവര്‍ണ്ണ കാലത്തിനു ശേഷം കഷ്ട കാലമുണ്ട് .അതിലേക്കാണ് നമ്മുടെ നാടും നീങ്ങുന്നത് . ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്കു ഒഴുകിയെത്തിയാല്‍ നാടിനും പിടിച്ചു നില്ക്കാന് ആവുമോ എന്ന് കണ്ടറിയണം . എങ്കിലും പോയേ പറ്റൂ ..
അവധിക്കു നാട്ടിലേക്കു ചെല്ലുമ്പോള്‍ നാട്ടുകാരും വീട്ടുകാരും സ്വീകരിക്കുന്ന പോലെയാവില്ല എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്കു ചെല്ലുമ്പോള്‍ .. നന്നായി ചിരിച്ചിരുന്ന പലരും ചിരിക്കാന്‍ മടിക്കും , കുടുംബത്തിലടക്കം മാറ്റം ദൃശ്യമാവും . ഒരു മുന്‍ധാരണ ആവശ്യമാണ് .. കിട്ടിക്കൊണ്ടിരിക്കുന്നതെന്തും നഷ്ടപ്പെടുമ്പോള്‍ , കുറവ് വരുമ്പോള്‍, മനുഷ്യന് അക്ഷമ കാണിക്കും നിരാശ ബാധിക്കും ..
അനിഷ്ടവും താത്പര്യക്കുറവും ഉണ്ടാകും . എല്ലാം കാലേക്കൂട്ടി കാണുന്നത് നല്ലതാണ് .നിരാശപ്പെടാന്‍ ഒന്നുമില്ല , ഇത്ര കാലം ഇവിടെ നിന്നിട്ട് എന്തൊക്കെ കിട്ടി ? സാധിച്ചു ? നാട്ടില്‍ ആയിരുന്നെങ്കില്‍ കഴിയാതിരുന്നത് എന്തൊക്കെ കഴിഞ്ഞു എന്ന് ചിന്തിച്ചാല്‍ നിരാശയെ മറികടക്കാവുന്നതേയുള്ളൂ . കിട്ടിയവയോര്ത്ത് സന്തോഷിക്കാന്‍ കഴിഞ്ഞാല്‍ നഷ്ടത്തെ ഓര്‍ത്ത് സങ്കടം വരില്ല. . നാട്ടിലും ജീവിക്കുന്നുണ്ട് ആളുകള്‍ ,
നമുക്കും ഉണ്ട് നാട്ടിലൊരു സ്പേയ്സ് . അവിടെ ഇനിയുള്ള കാലം സുഖമായി ജീവിക്കാം എന്ന് നിയ്യത്ത് ചെയ്യാം . മഴയും മഞ്ഞും ശുദ്ധമായ വെള്ളവും വായുവും പുഴയും കിണറും നാടിന്റെ നന്മയും മേന്മയും ഉള്‍ക്കൊണ്ട് ആസ്വദിച്ച് , അനുഭവിച്ചു ശിഷ്ട കാലം ജീവിക്കാം എന്ന് പ്രതിജ്ഞ എടുക്കാം .ഒരു വാതില്‍ അടഞ്ഞാല്‍ പത്തു വാതിലുകള്‍ തുറക്കുമെന്നും ഇച്ചാ ശക്തിയുണ്ടെങ്കില്‍ സാധിക്കാത്തത് ഒന്നുമില്ലെന്നും മനസിലാക്കി മുന്നോട്ടു പോകാം .
അതോടൊപ്പം ഉള്ള കാലത്ത് നന്നായി , സുഖ സുന്ദരമായി , സുഭിക്ഷമായി കഴിഞ്ഞതാണ് , ആ നിലക്ക് ഇല്ലാത്ത കാലത്ത് അങ്ങനെയും ജീവിക്കേണ്ടി വരുമെന്ന് കുടുംബവും മക്കളും വിചാരിച്ചാല്‍ ഈ പ്രതിസന്ധിയും ഒരളവോളം തരണം ചെയ്യാന്‍ പറ്റും ..കിട്ടിയിരുന്നത് നഷ്ടപ്പെട്ടു എന്ന് ചിന്തിച്ചു അസ്വസ്ഥരാവാതെ കിട്ടിയത് കൊണ്ട് ഇഷ്ടപ്പെട്ടു എന്ന വിചാരത്തിലേക്ക് എത്താന്‍ കഴിഞ്ഞാല്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വരില്ല!ശുഭപ്രതീക്ഷയാണ് ഏറ്റവും നല്ല പ്രതീക്ഷ.പ്രാര്‍ഥനയാണ് ഏറ്റവും നല്ല പരിച. ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി –