Breaking News
Home / Lifestyle / ഫാറൂഖിലെ മാഷും ന്യായീകരണ തൊഴിലാളികളും അറിയാന്‍ ‘ അമീറാ ഐഷാ ബീഗം എഴുതുന്നു..!!

ഫാറൂഖിലെ മാഷും ന്യായീകരണ തൊഴിലാളികളും അറിയാന്‍ ‘ അമീറാ ഐഷാ ബീഗം എഴുതുന്നു..!!

ഫാറൂഖിലെ മാഷും ന്യായീകരണ തൊഴിലാളികളും അറിയാന്‍ ‘ അമീറാ ഐഷാ ബീഗം എഴുതുന്നു.

ഫാറൂഖ് കോളേജിലെ അധ്യാപകന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് ആരോപണങ്ങളും ന്യായീകരണങ്ങളും ഒരുപാട് കേട്ടു.

മതബോധനത്തിനുള്ള സ്വാതന്ത്ര്യം ആണ് ഉപയോഗപ്പെടുത്തിയത് എന്ന് പറഞ്ഞു മാഷെ ന്യായീകരിക്കുന്നവരുണ്ട്. തീര്‍ച്ചയായും ശരിയാണ്. സ്വന്തം സമുദായത്തില്‍പെട്ടവരെ ഉപദേശിക്കുന്നതിനും നേര്‍വഴിക്കു നടത്തുന്നതിനും ആരും എതിര് നില്‍ക്കാറില്ല. ഖുര്‍ആന്‍ ക്ലാസുകളും മത പ്രബോധന ക്ലാസുകളും എല്ലായിടത്തും നടന്നു വരുന്നതുമാണ്. അപ്പോള്‍ ന്യൂനപക്ഷ വിരുദ്ധതാ വാദത്തിന്റെ അനാവശ്യ പ്രിവിലേജ് അവിടെ എങ്ങനെ ബാധകമാവും?

പ്രശ്‌നം ഭാഷ ആണ്. വര്‍ണനകള്‍ ആണ്. സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. അത് ആ മാഷിന്റെ പ്രശ്‌നം മാത്രമല്ല. സ്ത്രീയുടെ ശരീര ഭംഗിയെ കുറിച്ച് പറയുമ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപമകള്‍ കടന്നു വരുന്ന അസുഖം അധികവും കണ്ടിട്ടുള്ളത് മദ്രസകാലത്താണ്. ഇഹലോകത്തു നേര്‍വഴിക്കു ജീവിക്കുന്ന പുരുഷന്മാര്‍ക്ക് സ്വര്‍ഗത്തില്‍ ഡസന്‍കണക്കിനു ഹൂറിമാര്‍ ഉണ്ടാകുമെന്നു പറഞ്ഞു ആണ്‍കുട്ടികളെ പുളകം കൊള്ളിക്കുന്നവരെ അക്കാലത്ത് കണ്ടിട്ടുണ്ട്. സ്വാഭാവികമെന്നോണം, എന്നാല്‍ ചുണ്ടില്‍ ഒരു അശ്ലീല ചിരി വരുത്തി, ചുമ്മാ ഒന്ന് കണ്ണിറുക്കി, ഹൂറിമാരുടെ നെഞ്ചളവും തൊലിയുടെ മാര്‍ദ്ദവവും കണ്ണുകളിലെ മാദകത്വഭാവവും പറയുന്നവര്‍. പറയുന്നവര്‍ക്ക്, അന്നേരം, കുളിരുകോരിയിട്ടുണ്ടാകുമെങ്കിലുംമുന്നിലിരിക്കുന്ന നക്ഷത്രക്കുട്ടികള്‍ക്ക്, മാറിടം വളര്‍ന്നു തുടങ്ങിയിട്ടില്ലാത്ത, അതിനെ കുറിച്ചാലോചിക്കാന്‍ പോലും പാകതയായിട്ടില്ലാത്ത, ഒന്നും ഒന്നും രണ്ടാണോ അതോ ഇമ്മിണി ബല്യ ഒന്നാണോ എന്നാലോചിക്കുന്ന കുഞ്ഞു ബാല്യങ്ങള്‍ക്കു അതത്ര സുഖകരമായിരുന്നിരിക്കില്ല.

ചെറിയ അശുദ്ധി, വലിയ അശുദ്ധി എന്നൊക്കെ പഠിപ്പിക്കുമ്പോള്‍ എത്രത്തോളം വികലമായ ഇമേജുകളാണ് കുഞ്ഞുമനസിലേക്ക് ഇട്ടു തന്നിട്ടുള്ളത്. സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും വികൃതമായി വിശദീകരിച്ചു നിര്‍വൃതി കൊള്ളുന്നവര്‍ കേള്‍വിക്കാരുടെ പ്രായം നോക്കിയിരുന്നില്ല. താഴ്ന്നു പോകുന്ന തലകള്‍ കണ്ടിരുന്നില്ല. തങ്ങളുടെ തരംതാണ ഉപമകളിലും തമാശകളിലും അഭിരമിച്ചു പോയവര്‍ക്ക് മനസിലാക്കാന്‍ പറ്റുന്നതല്ല അത് ഉത്പ്പാദിപ്പിക്കുന്ന അരോചകത. സദസ്സിനെ കയ്യിലെടുക്കുവാനായി മതപ്രഭാഷണ കഌസ്സുകളിലും മറ്റും ഇതേ അഭ്യാസം/ ആഭാസം പയറ്റുന്നവരെ കണ്ടിട്ടുണ്ട്.

അധ്യാപന പരിശീലനം ലഭിക്കാത്ത, കാര്യമായ ഭൗതിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു തലമുറയിലെ ഉസ്താദുമാരാണ് അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കാം. അവരുടെ പരിമിതികളും. അതിനാല്‍, അവര്‍ പറഞ്ഞു പോയതിലെ നെല്ലും പതിരും തിരയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ അതുപോലെയല്ലല്ലോ, അധ്യാപകരെ പരിശീലിപ്പിക്കുന്ന, വിദ്യാസമ്പന്നനായ, കുട്ടികളുടെ മനസ്സ് അറിയുന്ന, ഒരു അധ്യാപകന്റെ കാര്യം. പഴയ ഉസ്താദുമാരുടെ അതേ ശൈലിയില്‍ മസാലപുരട്ടി മതം പഠിപ്പിക്കാന്‍ ഇറങ്ങിയ ആ അധ്യാപകന്‍ പഴയ തലമുറ ഉസ്താദുമാരുടെ അവസ്ഥയില്‍ നില്‍ക്കുന്ന ആളല്ലല്ലോ. അന്ന് അത്തരം മതപ്രഭാഷകര്‍ക്കു മുന്നില്‍, അന്തിച്ചിരുന്ന മന:സ്ഥിതിയില്‍ നിന്ന് പുറത്തു കടക്കാത്ത ന്യായീകരണ തൊഴിലാളികള്‍ക്കും ആ ആനുകൂല്യം നല്‍കാനാവില്ലല്ലോ.

അതിനാല്‍, സംഗതി വെറും മതബോധനമാണെന്ന് പറഞ്ഞൊഴിയാന്‍ എങ്ങനെ കഴിയും, മാഷേ? ഉപമകള്‍ കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിച്ചതാണെന്ന നിഷ്‌കളങ്ക വാദവും നിലനില്‍ക്കില്ല മാഷെ…

ഒരു കാര്യം പറയുമ്പോള്‍, അത് കേള്‍ക്കുന്നവരുടെ മനസ്സില്‍ എന്ത് തോന്നല്‍ ഉണ്ടാക്കുമെന്ന ബോധ്യമുണ്ടാകുക വളരെ പ്രധാനമാണെന്ന് ഒരു അധ്യാപകന്‍ അറിയേണ്ടതല്ലേ? ചങ്ങായിമാര്‍ സഭ കൂടുമ്പോഴും മറ്റും പറഞ്ഞു ചിരിക്കുന്ന വാക്കുകള്‍ അതുപോലെ കുടുംബത്തിലും ക്ലാസ് മുറികളിലും പോയി പറയാതിരിക്കുവാനുള്ള വകതിരിവ് അധ്യാപക പരിശീലനം നല്‍കുന്ന ആളുകള്‍ക്കു വേണ്ടതല്ലേ?

വിപണിയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഒരു ചരക്കിനോട് പെണ്ണുടലുകളെ ഉപമിക്കുക. അവര്‍ ശരീരം തുറന്നിട്ടവരാണ് എന്ന് പറയുക. സ്വന്തം വിദ്യാര്‍ത്ഥിനികളെ അപമാനിക്കുക. എന്നിട്ട്, ഉദ്ദേശിച്ചത് മാറിനെയല്ല കഴുത്തിനെയാണ് എന്നൊന്നും പറഞ്ഞു ഉരുളുന്നതില്‍ അര്‍ത്ഥമില്ല. കഴുത്തിലെ ചെറിയ ഭാഗം കണ്ടപ്പോള്‍ തുറന്നു വെച്ച വത്തക്ക നിങ്ങള്‍ക്കു ഓര്‍ക്കാമെങ്കില്‍, നിങ്ങളുടെ പറച്ചില്‍ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ഉദ്ദേശിച്ചത് അവരുടെ മാറിടങ്ങള്‍ ആണെന്ന് അവര്‍ക്കും തോന്നാം.

മാഷെ, നിങ്ങള്‍ക്ക് ഇസ്ലാമിക വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞു കൊടുക്കാം. ബോധ്യപ്പെടുത്താം. പക്ഷേ, അതിനുപയോഗിക്കേണ്ട ഭാഷ ഇതാണോ? അതിനിത്ര എരിവും പുളിയുമൊന്നും വേണ്ട എന്നറിയാനുള്ള പാകത എന്തുകൊണ്ടാണ് ഇല്ലാതാവുന്നത്? നിങ്ങള്‍ക്ക് ഇപ്പോഴും ഇതിലൊന്നും ഖേദമുണ്ടാവണം എന്നില്ല. വിവാദങ്ങളില്‍ പെടുമ്പോള്‍ ന്യൂനപക്ഷ ഇരവാദവുമായി വരുന്നവരുടെ അനാവശ്യപിന്തുണ നിങ്ങള്‍ക്ക് കിട്ടുന്നുമുണ്ടാകും. അവര്‍ക്കു നിങ്ങള്‍ ധീര യോദ്ധാവുമായിരിക്കും. എന്നാല്‍, അങ്ങനെ മൂടിവെച്ചതു കൊണ്ടുമാത്രം ഇല്ലാതാവുന്നതാണോ താങ്കളുടെ സംസാരം ഇളക്കിവിട്ട പ്രശ്‌നങ്ങള്‍?

ഇതുപോലെ ഭീഷണമായ ഒരു ഇന്ത്യനവസ്ഥയില്‍ പോലും, സമുദായം നേരിടുന്ന മുഖ്യ പ്രശ്‌നം സ്ത്രീയുടെ ശരീരം ആണെന്ന് മാത്രം ചിന്തിക്കുന്നവരോടു സഹതാപം മാത്രമേയുള്ളൂ. ഇസ്ലാം സ്ത്രീവിരുദ്ധമാണെന്നു പറയുന്നവര്‍ക്ക് സമയാസമയങ്ങളില്‍ വെള്ളവും വളവുമിട്ടു കൊടുക്കേണ്ട ബാധ്യത പേറുന്നവര്‍ ആണല്ലോ നിങ്ങള്‍? നിലനില്‍പ്പു പോലും ബുദ്ധിമുട്ടാവുകയും അന്യവല്‍കരിക്കപ്പെടുകയും ഇസ്ലാമോഫോബിയ പല തലങ്ങളില്‍ വളരുകയും ചെയ്യുന്ന കാലത്ത് അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ, പൊതുസമൂഹത്തിനു മുന്നില്‍ പെണ്ണുങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള വേവലാതികള്‍ മാത്രം നിരന്തരം പ്രസരിപ്പിക്കുന്നവര്‍ ഏതുകാലത്തിലാണ് ജീവിക്കുന്നത്?

ഞങ്ങള്‍ നാല് കെട്ടും, അത് നമ്മുടെ പടച്ചോന്‍ പറഞ്ഞതാ എന്ന വഷളന്‍ ചിരിയില്‍ ഒരു ഇസ്ലാമിക നിയമത്തെ ഒരു കാലത്ത് പൊതുസമൂഹത്തില്‍ അപഹസിച്ചവര്‍ക്ക് ഇനിയെപ്പോഴാണ് വെളിവുവരിക? ഞങ്ങളുടെ സ്ത്രീകള്‍ വാഴക്കുലയെന്നും നിങ്ങളാകുന്ന/ ഞങ്ങളാകുന്ന കാക്കകളും കിളികളും കൊത്താതെ സംരക്ഷിക്കണമെന്നും പറഞ്ഞു വലിയ വായില്‍ കരഞ്ഞോണ്ടിരിക്കുകയാണോ ഇനിയും?

ഇസ്ലാമിന്റെ അന്തസ് നിങ്ങളെല്ലാം ചേര്‍ന്ന് ഇനിയുമിനിയും ഉയര്‍ത്തൂ.

സ്ത്രീകളെ ചാക്കില്‍ കെട്ടി പൂട്ടുന്നതോടെ തീരുമല്ലോ ഇക്കാലത്ത് ഈ ദേശത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും!

സൈബര്‍ എഴുത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അമീറാ ഐഷാ ബീഗം പൊന്നാനി എം ഇ എസ് കോളേജ് അധ്യാപികയും എം ഇ എസ് വനിതാ വിഭാഗം കോര്‍ഡിനേറ്ററുമാണ്.

About Intensive Promo

Leave a Reply

Your email address will not be published.