സ്ത്രീശരീരം അശ്ലീലമാണ്, പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന പൊതുബോധത്തെ പൊളിച്ചടുക്കുന്നതിന് വേണ്ടി ഒരു സ്റ്റെപ്പ് വരേണ്ടതാവശ്യമാണ്. ഞാനുദ്ദേശിക്കുന്നതും ഇത്തരമൊരു പൊളിച്ചെഴുത്താണ്”- സ്ത്രീ ശരീരത്തിന്റെ അമിത ലൈഗികവത്കരണത്തിനെതിരെ ചരിത്രമാകുന്ന മാറ് തുറക്കല്‍ സമരം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയും നടിയുമായ രഹ്ന ഫാത്തിമ പറയുന്നു.
സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. നഗ്നതയെ കുറിച്ചോ ലൈംഗീകതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും, വാക്കുകളും സമൂഹം കല്പ്പിച്ചു നല്കുന്ന പരിധികള്‍ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ക്ക് നേര്ക്കെറിയുന്ന ഓരോ കല്ലിനേയും അവര്‍ അങ്ങേയറ്റം ഭയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് ലൈംഗീകത പറയുന്ന, നഗ്നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീകളേയും വേശ്യയെന്ന് മുദ്രകുത്താനും സമൂഹത്തില്‍നിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത, രഹന പറയുന്നു.
പുരുഷന് ടോപ്പ്ലെസ് ആയി നടക്കുന്ന വീട്ടില്‍ സ്ത്രീകള്‍ക്ക് അങ്ങനെ നടക്കാന്‍ സാധിക്കുന്നില്ല. കാരണം സ്ത്രീയല്ലേ അങ്ങനെ നടക്കാന്‍ പാടില്ല എന്നാണ് അലിഖിത നിയമം. എന്നാല്‍ വീട്ടില്‍, മുറിക്കുള്ളില്‍ തങ്ങളിത് പ്രാവര്ത്തികമാക്കാറുണ്ടെന്നും തങ്ങളുടെ കുട്ടികളെങ്കിലും സ്ത്രീശരീരം, സഹോദരിയുടെ ശരീരം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കണമെന്നുമാണ് രഹ്നയുടെ വിശദീകരണം. ഈ തിരിച്ചറിവുണ്ടായാല്‍ സ്ത്രീശരീരത്തെ ആക്രമിക്കാനുള്ള പ്രവണത കുറയും. മൂടി വയ്ക്കുമ്പോള്‍, അടച്ചുവയ്ക്കുമ്പോള്‍ അതിനുള്ളില്‍ എന്തോ വലിയ സംഭവമാണെന്ന രീതിയിലാണ് പലരും ഇതിന് പുറകെ നടക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും ഇത്തരം ആഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നല്കുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തില്‍ നിന്നാണ്. ലെഗ്ഗിന്‍സ് ഇട്ട കാലുകള്‍ കാണുമ്പോള്‍ ഉദ്ദാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അര്‍ദ്ധനഗ്നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നില്ക്കുന്ന പുരുഷനെ കാണുമ്പോള്‍ ഇറക്ഷന്‍ തോന്നാത്ത രീതിയില്‍ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. നിലവില്‍ സമൂഹത്തില്‍ നല്കപ്പെടുന്ന തെറ്റായ ലൈംഗീക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണില്‍ തന്നെയാണ് അശ്ലീലവും.കടുത്ത ചൂടിലും മാറിടങ്ങള്‍ പൂട്ടിക്കെട്ടിത്തന്നെ വയ്ക്കണമെന്ന അവസ്ഥയിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്.
മേല്ക്കുപ്പായത്തിനും അടിക്കുപ്പായത്തിനും അടിയിലാണ് മുലകള്ക്കുള്ള സ്ഥാനം. ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ പോലും മുലകള്‍ മറച്ചുപിടിക്കേണ്ട അവശ്യവസ്തുവാണ്. രാവിലെ എഴുന്നേറ്റ് കുനിഞ്ഞു നിന്ന് മുറ്റമടിക്കുമ്പോള്‍ ഡ്രസ്സ് കഴുത്തിന് താഴെ കൂട്ടിപ്പിടിക്കണം. ആരെങ്കിലും അവിടുന്നോ ഇവിടുന്നോ നോക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. കോളറുള്ള ഷര്‍ട്ടിട്ട് പുറത്തിറങ്ങി മുറ്റമടിക്കുന്ന അവസ്ഥ വന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. മുറ്റമടിക്കുമ്പോള്‍ മാത്രമല്ല, ബസിലോ പൊതുസ്ഥലത്തോ എവിടെയെങ്കിലും വച്ച് എന്തെങ്കിലും സാധനം താഴെപ്പോയാല് അത് കുനിഞ്ഞെടുക്കാന്‍ പോലും സാധിക്കില്ല. ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് വേണം അങ്ങനെ ചെയ്യാന്‍.
ഇത്രയും സൂക്ഷ്മമായി വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു സൂക്ഷിക്കണം ശരീരം എന്ന പൊതുബോധം നിലനില്‍ക്കുമ്പോഴും ശരീരത്തിന്റെ രാഷ്ട്രീയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഈ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥ. ഇപ്പോഴത്തെ ഈ മാറുതുറക്കല്‍ സമരം വരെ അതിനുള്ള ഉദാഹരണങ്ങളാണ്. ഫാത്തിമ എന്ന് പേരായ, മുസ്ലീമായ ഒരു സ്ത്രീ ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ് മുന്നില്‍ വിലക്കി നിന്നവര്‍ അനവധി- ”ഒരിക്കല്‍ എന്റെ വീടിന്റെ അടുത്തുള്ള ബീച്ചില്‍ ടീഷര്‍ട്ടും ത്രീഫോര്‍ത്തും ഇട്ടാണ് കുളിച്ചത്.
ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഈ പേര് വച്ചിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല, ഇങ്ങനെ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നെല്ലാം പറഞ്ഞിട്ടുണ്ട്. എന്റെ പേര് വച്ച് എങ്ങനെ നടക്കണമെന്ന് എന്ത് ധരിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് എന്ന് മറുപടി കൊടുത്തു. പര്‍ദ്ദ ധരിക്കണമെന്ന് വാശി പിടിച്ചവരുടെ മുന്നില്‍ പര്‍ദ്ദയല്ല, എനിക്കിഷ്ടമുള്ളത് ഇതാണെന്ന രീതിയിലാണ് ഞാന്‍ നടന്നത്. അങ്ങനെയാണ് ഞാന്‍ ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തത്.” എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ് എന്ന് രഹ്ന പ്രഖ്യാപിച്ചു തുടങ്ങിയതിന്റെ ആദ്യഘട്ടം ഇവിടെ തുടങ്ങുന്നു.
അതുകൊണ്ടാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലിക്കളിയിലെ സ്ത്രീസാന്നിദ്ധ്യമായി രഹന ഫാത്തിമ എത്തുന്നത്. ”പുലിക്കളിയില്‍ നിപ്പിളിന്റെ അവിടെ മാത്രം പെയിന്റെ ചെയ്തിട്ടുണ്ടായിരുന്നു. അത് അവരുടെ നിര്‍ബന്ധമായിരുന്നു. അവിടെ നഗ്നത അനുവദിക്കാന്‍ പറ്റില്ല, ഇത്രയേ നമുക്ക് പറ്റുകയുള്ളൂ എന്ന് പറഞ്ഞു. എന്റെ ശരീരത്തില്‍ തന്നെ പെയിന്റ് ചെയ്തോളൂ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, അങ്ങനെ അനുവദിക്കാന്‍ പറ്റുന്ന ഒരുകൂട്ടരായിരുന്നില്ല. അത് ഒരു കോ ഓര്‍ഡിനേറ്റഡ് പ്രോഗ്രാമായിരുന്നുവല്ലോ? അത് ഒരു ഗ്രൂപ്പിന്റെ കൂടെയായതിനാല് മറ്റുള്ളവരെയും കൂടി മാനിക്കണമെന്നുള്ളത് കൊണ്ട് അനുവദിച്ചു.
പിന്നീട് ഇതേ രഹ്ന ഫാത്തിമയെ മോഡലിംഗിലും ഏക എന്ന ചിത്രത്തിലും കണ്ടു- ”എനിക്ക് സാധ്യമല്ലെന്ന് കരുതിയിരുന്ന മേഖലകളാണ് ഇതൊക്കെ. എന്റെ ശരീരം വെച്ചും ഈ രൂപം വെച്ചും ഇതൊന്നും സാധിക്കില്ലെന്നുള്ള തോന്നലായിരുന്നു. അപ്പൊ, അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് സാധിക്കില്ലെന്നുള്ളത് നമ്മള് നോക്കണമല്ലോ? നമ്മള് പരിശ്രമിക്കുക. ഏറ്റവും ഫസ്റ്റ് എത്തുക എന്നതല്ലല്ലോ? നിന്നെക്കൊണ്ട് ഒന്നും പറ്റില്ല എന്നു പറഞ്ഞ് അടിച്ചു തളര്ത്തുന്നവരുടെ അടുത്ത്, അല്ല എനിക്കും പറ്റും, എനിക്കും സാധിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട് എന്ന് ബോധിപ്പിക്കലേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ.
സ്ത്രീയായത് കൊണ്ട് എന്നെ പലകാര്യത്തിലും മാറ്റി നിര്‍ത്തപ്പെടേണ്ട. ഒരുരീതിയിലും ബോഡി ഷെയ്മിങ് ചെയ്യേണ്ട കാര്യമില്ലല്ലോ? പല ഘട്ടത്തിലും ഞാന്‍ ഫെയ്സ് ചെയ്ത കാര്യങ്ങള്‍ തന്നെ ഞാന്‍ പ്രതിരോധിച്ച് മുന്നോട്ടു പോവാന്‍ പോയിട്ടുള്ളത്. എനിക്ക് മാത്രമല്ല, മറ്റു സ്ത്രീകള്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ വരുന്നതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് എന്‍ട്രി ചെയ്തിട്ടുള്ളത്.” പുരുഷന്മാര് ഷര്‍ട്ടില്ലാതെ ഒരു ഫോട്ടോയെടുത്ത് നിപ്പിള്‍ കാണിച്ച് പ്രൊഫൈല്‍ പിക്ച്ചര്‍ ഇട്ടാല്‍ ഒരു കുഴപ്പവുമില്ല. പക്ഷേ, ഒരു സ്ത്രീ അങ്ങനെ ഇടുമ്പോഴാണ് പ്രശ്നമെന്നും രഹ്ന കൂട്ടിച്ചേര്‍ക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ രഹ്നയ്ക്ക് ഈ രാഷ്ട്രീയ നിലപാടുകള്‍ ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കില്ലേ എന്നു ചിന്തിക്കുന്നവരും ഏറെ- ”സമരങ്ങളില്‍ പങ്കെടുക്കുകയും പൊളിറ്റിക്കലായി ഇടപെടുകയും ചെയ്യുന്നതിനാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണത്തിന്റെ നിഴലിലായിരുന്നു കുറച്ചുകാലം. ഭരണഘടനയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന് മേലുദ്യോഗസ്ഥരുടെ അടുത്ത് പരാതി എത്തി. ഫോണ്‍കോള്‍ ടാപ്പിംഗ് മുതല്‍ വിജിലന്‍സ് അന്വേഷണം വരെ നേരിടേണ്ടി വന്നിട്ടുണ്ട്.
താമസിക്കുന്ന സ്ഥലത്തു നിന്നും മാറേണ്ടി വന്നു എന്ന ചെറിയ ഒരു നടപടി മാത്രമേ നേരിടേണ്ടിവന്നുള്ളൂ. മുടിയില്ലാത്ത പെണ്‍കുട്ടികള്‍, മുടിയുള്ള ആണ്‍കുട്ടികള്‍, താടിവെച്ച ആണ്‍കുട്ടികള്‍ ഇവരൊക്കെ അസമയത്ത് വരുന്നു എന്നായിരുന്നു കാരണം. ബിഎസ്എന്‍എല്ലില്‍ ടെലകോം ടെക്നീഷ്യനായിട്ടാണ് രഹ്നയുടെ പോസ്റ്റ്. പക്ഷേ ജോലി ചെയ്യുന്നത് കസ്റ്റമര്‍ സര്‍വ്വീസ് സെക്ഷനിലാണ്. പതിനെട്ട് വയസ്സില്‍ തന്നെ വാപ്പയുടെ മരണത്തെ തുടര്‍ന്ന് ആശ്രിതനിയമനം വഴിയാണ് ജോലി കിട്ടിയത്. അടുത്ത ജോലിക്കയറ്റത്തിനുള്ള ടെസ്റ്റുകള്‍ കഴിഞ്ഞു. ഇനി സീനിയര്‍ എഞ്ചിനീയറാകും.
ജോലിയെ ബാധിക്കും എന്ന് ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. എന്തൊക്കെയാണ് സ്ത്രീയുടെ അവകാശങ്ങള്‍, സ്വന്തം പരിധിയില്‍ നിന്നുകൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ബോധ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മനസ്സിലായ കാര്യം സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും പറയാന്‍ ഒരാള്‍ക്കും വിലക്കുകള്‍ ഇല്ല എന്നാണ്. ഡ്യൂട്ടി സമയത്ത് പൊതുപരിപാടികളില്‍ ഒന്നും തന്നെ പങ്കെടുക്കാന്‍ പാടില്ല എന്നാണ് നിയമം. അങ്ങനെ ഒരു കാര്യവും താന്‍ ചെയ്യുന്നില്ലെന്നും രഹ്ന ഉറപ്പിച്ച് പറയുന്നു.