Breaking News
Home / Lifestyle / ആദ്യരാത്രി ഫേസ്‌ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു രണ്ട് പേരും.. !!

ആദ്യരാത്രി ഫേസ്‌ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു രണ്ട് പേരും.. !!

ആദ്യരാത്രി ഫേസ്‌ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു രണ്ട് പേരും..
കല്യാണ ഫോട്ടോസിന്റെ ലൈക്ക് എണ്ണി നോക്കുന്നതിനിടയിൽ സുനി അമ്മുവിനെ പയ്യെ വിളിച്ചു..
“അമ്മൂ..”
“ന്താ ഏട്ടാ”
അല്ലങ്കിലും ആദ്യമൊക്കെ ഏട്ടൻ ആവുമല്ലോ പിന്നീടല്ലേ സുനിയേട്ടനും സുനിയുമൊക്കെ ആയി മാറുന്നത് എന്ന് സുനി നിമിഷ നേരം കൊണ്ട് ഓർത്തു..
“അതേ അമ്മു ശിവദാസ് എന്ന പേര് മാറ്റി അമ്മു സുനി എന്നാക്കുവല്ലേ നിന്റെ ഫേസ്‌ബുക്ക് ഐഡിയിൽ?”

“അത് എന്നാത്തിനാ ഏട്ടാ?”
“അല്ല കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ പേര് അല്ലേ കൂടെ ചേർക്കുന്നത് എല്ലാവരും”

“സുനിയേട്ടാ അത് പിന്നെ എന്റെ അച്ഛന്റെ പേര് ആണ് ശിവദാസ് എന്ന് അറിയാലോ ?”

“ഉവ്വ് അറിയാലോ”
ഏട്ടാ എന്ന് വിളിച്ചിരുന്ന അവൾ സുനിയേട്ടാ എന്ന് വിളിച്ചത് അയാൾ ശ്രദ്ധിച്ചു

“എന്റെ അച്ഛൻ ആണ് എനിക്ക് എല്ലാം.. ആ പേര് എന്റെ കൂടെ ഇരുന്നോട്ടെ.. ഭർത്താവ് ഒന്നു പോയാൽ വേറെയും കിട്ടും, പേരുകൾ മാറും എന്നെ ഒള്ളൂ.. പക്ഷേ അച്ഛൻ പോയാൽ വേറെ അച്ഛൻ വരില്ല.. പറയുന്നത് കൊണ്ട് സുനിയേട്ടന് ഒന്നും തോന്നരുത്”

അമ്മുവിന്റെ സ്വരം കുറച്ച് കടുത്ത് പോയിരുന്നോ എന്ന് ആലോചിക്കുന്നതിനിടയിൽ സുനി വെളുക്കെ പല്ല് കാണിച്ചു.. റൂമിൽ ഇരുട്ട് ആയത് കൊണ്ട് അത് ചിരി ആണോ എന്ന് മനസ്സിലായില്ല..

“അതല്ല അമ്മൂ… നാട്ടുനടപ്പ് പറഞ്ഞു എന്നെ ഒള്ളൂ”

“അതല്ല സുനിയേട്ടാ ഞാൻ ഒന്ന് ചോദിക്കട്ടെ സുനിൽ കുമാർ എന്ന ഏട്ടന്റെ പേര് ഏട്ടൻ സുനിൽ അമ്മു എന്നാക്കുവോ?”

“അതിന് ഞാൻ പെൺകോന്തൻ അല്ലല്ലോ”
സുനിയുടെ സ്വരം കടുത്തത് അമ്മു ശ്രദ്ധിച്ചു..

“അപ്പോൾ ഭർത്താവിന്റെ പേര് കൂടെ ചേർക്കുന്നവർ ആൺകോന്തികൾ ആണോ?”
അമ്മുവിന്റെ സ്വരം വല്ലാതെ താഴ്ന്ന് പോയിരുന്നു

“അങ്ങനെ ഞാൻ പറഞ്ഞോ? നീ എഴുതാപ്പുറം വായിക്കരുത്”
സുനി ഫോൺ ടേബിളിൽ വെച്ചിട്ട് ബെഡിൽ എഴുന്നേറ്റിരുന്നു
അമ്മൂ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു ഭാര്യയെ കുറിച്ച് നിന്റെ വാക്കുകളിൽ അഹങ്കാരവും കുറച്ച് ഫെമിനിസവും എല്ലാം ഞാൻ കാണുന്നു.. എനിക്ക് അത് ഇഷ്ടമില്ല ഇങ്ങനെയുള്ള”

സുനിയെ വാക്കുകൾ മുഴുവനക്കാൻ സമ്മതിക്കാതെ അമ്മു എണീറ്റ് സുനിയുടെ കൈകൾ കോർത്ത് പിടിച്ചു
“സുനിയേട്ടാ.. ഇത് നമ്മുടെ ആദ്യരാത്രിയാണ്.. ഈ വക കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം വാ നമുക്ക് കിടക്കാം നല്ല ക്ഷീണം ഉണ്ട് മൂന്ന് ദിവസമായി ശെരിക്ക് ഉറങ്ങിയിട്ട്..”

എന്നും പറഞ്ഞ് അവൾ സുനിയെ ബെഡിലേക്ക് പയ്യെ കിടത്തി… രണ്ട് പേരും മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി കിടന്നു.. ഇടയിൽ അമ്മുവിന്റെ വാക്കുകൾ..
സുനിയേട്ടാ എന്നെ ഒരു എട്ടുമണി ആവുമ്പോൾ വിളിക്കണെ.. സുനി ഒന്ന് മൂളി..
അമ്മുവിന്റെ കണ്ണുകളിൽ ക്ഷീണം കൊണ്ട് ഉറക്കം പതിയെ തഴുകാൻ തുടങ്ങി..

കറങ്ങുന്ന ഫാനിൽ തന്നെ സൂക്ഷിച്ച് നോക്കി കിടന്ന സുനി തന്റെ വയറിൽ വെച്ച അമ്മുവിന്റെ കൈകൾ ചേർത്ത് പിടിച്ച് മനസ്സിൽ ഓർത്തു..
എട്ട് മണിക്ക് എന്നോട് വിളിച്ച് ഉണർത്താൻ പറയുക,ഭർത്താവിന്റെ പേര് കൂടെ ചേർക്കാൻ വിസമ്മതിക്കുക ദൈവമേ ഞാൻ കല്യാണം കഴിച്ചത് ഒരു ഫെമിനിസ്റ്റിനെയാണോ ??

@മനു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *