പേരിനൊരു കമ്പ്യൂട്ടര്‍ പോലുമില്ലാതെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ പഠിപ്പിക്കുക… അനായാസമാണെന്നാണ് പൊതുവെയുള്ള ധാരണ. അതും വിദേശത്താണെങ്കിലോ വിചാരിക്കാന്‍ കൂടി കഴിയില്ല. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അതിവേഗം മുന്നോട്ടുപോയിട്ടുള്ള വിദേശരാജ്യങ്ങളില്‍ കമ്പ്യൂട്ടറില്ലാതെ ആപ്ലിക്കേഷനുകള്‍ പഠിപ്പിക്കുകയോ…
എന്നാല്‍ അതും സാധ്യമാക്കിയ ഒരു അധ്യാപകന്‍ ഉണ്ട്. ബ്ലാക്ക് ബോര്‍ഡില്‍ വിരിയുന്ന എഴുത്തുകളിലൂടെയും വരകളിലൂടെയും സ്വന്തം വിദ്യാര്‍ത്ഥികള്‍ മൈക്രോസോഫ്റ്റിന്റെ തത്ത്വങ്ങള്‍ പറഞ്ഞുകൊടുത്ത് പ്രശസ്തനായ ഒരു അധ്യാപകനാണ് റിച്ചാര്‍ഡ് അപിയാ അക്കോട്ടോ.
ദക്ഷിണ ഘാനയിലെ ബെറ്റെനസെ എംഎ ജൂനിയര്‍ ഹൈസ്‌കൂളിലെ അധ്യാപകനാണ് റിച്ചാര്‍ഡ് അപിയാ അക്കോട്ടോ. 2011 ന് മുമ്പ്‌വരെ പേരിന് പോലും ഒരു കമ്പ്യൂട്ടറില്ലാത്ത വിദ്യാലയമായിരുന്നു ബെറ്റെനസെ എംഎ ജൂനിയര്‍ ഹൈസ്‌കൂള്‍. എന്നാല്‍ ആ വര്‍ഷമായപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ദേശീയ പരീക്ഷ പാസ്സാകണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പഠിക്കണമെന്ന് നിര്‍ബന്ധിതരായി. അപ്പോഴാണ് കമ്പ്യൂട്ടറില്ലാത്ത സ്‌കൂളിന്റെ ശോചനീയാവസ്ഥ അധികൃതര്‍ മനസ്സിലാക്കുന്നത്.
എന്നാല്‍ സ്‌കൂളിലെ യുവ അധ്യാപകനായ റിച്ചാര്‍ഡ് ഒട്ടും മടിച്ചുനിന്നില്ല. കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ ആവശ്യമായ വിവരങ്ങള്‍ ബ്ലാക്ക്‌ബോര്‍ഡില്‍ വരച്ചും വിവരിച്ചും അദ്ദേഹം പഠിപ്പിച്ചു. അധ്യാപകന്റെ ഐടി ക്ലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള അധ്യാപകന്റെ അര്‍പ്പണബോധം പുറംലോകം അറിയുന്നത്.
ലോകത്തിന്റെ പല ഭാഗത്തുനിന്നും പ്രശംസകളുടെ പ്രവാഹമെത്തി. ഒപ്പം കമ്പ്യൂട്ടറുകളിലാത്ത സ്‌കൂളിനെ ഉന്നതിയിലെത്തിക്കാന്‍ സഹായഹസ്തങ്ങളും. ഘാന എന്‍ഐഐടിയില്‍ നിന്നും, യുകെയില്‍ നിന്നും ഒട്ടേറെ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളുമാണ് ഘാനയിലെ ഈ വിദ്യാലയത്തെ തേടിയെത്തിയത്.
കൂടാതെ മൈക്രോസോഫ്റ്റിന്റെ എഡ്യൂക്കേറ്റേഴ്‌സ് എക്‌സചേഞ്ച് എന്ന പരിശീലന പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കുകയും ചെയ്തു റിച്ചാര്‍ഡ്.