ദുബായ് ∙ പാക്കിസ്ഥാനിൽ വച്ച് മെഡിക്കൽ വിദ്യാർഥിനിയെ കൊലപ്പെടുത്തി ദുബായിലേക്കു കടന്ന പാക്ക് പൗരനെ ദുബായ് പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്ത് പാക്കിസ്ഥാന് കൈമാറി.
പാക്കിസ്ഥാനിലെ കൊഹാട്ടിൽ ജനുവരിയിലാണ് സംഭവം നടന്നത്. അസ്മ റാണി എന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയെ മുജാഹിദ് അഫ്രിദി എന്ന ഇരുപത്തിയഞ്ചുകാരാൻ വെടിവച്ചു കൊല്ലുകയായിരുന്നു.
തുടർന്നു പാക്കിസ്ഥാൻ വിട്ട പ്രതിയെ തേടി ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പാക്കിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട പ്രതി വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ദുബായിൽ എത്തിയതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖാലിഫ അൽ മറി പറഞ്ഞു. തിരിച്ചറിയുന്നതിൽ നിന്നും രക്ഷപ്പെടാനായി പ്രതി രൂപം മാറ്റിയിരുന്നു. താടിയും മുടിയും വടിച്ചുകളഞ്ഞ ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിക്കാൻ ശ്രമിക്കുകയായിരുന്നു.
പക്ഷേ, ഉദ്യോഗസ്ഥർ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒരിക്കലും പൊലീസ് പിടി വീഴില്ലെന്നു കരുതി ജീവിച്ചിരുന്ന അഫ്രീദി, പൊലീസ് പിടിയിലായപ്പോൾ ഞെട്ടിപ്പോയെന്നും മേജർ ജനറൽ വ്യക്തമാക്കി. തൊട്ടടുത്ത ഗൾഫ് രാജ്യത്തുനിന്നും അഫ്രീദി ദുബായിൽ എത്തിയതു മുതൽ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫേഴ്സ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂറി വ്യക്തമാക്കി.
ഇന്റർപോളുമായി നല്ല സഹകരണത്തിലാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ പാക്ക് അധികൃതരിൽ നിന്നുംഒരു അപേക്ഷ ലഭിച്ചു. മുജാഹിദ് അഫ്രീദി എന്നു പേരുള്ള ഒരു ക്രിമിനലിനെ പിടികൂടാൻ സഹായിക്കണമെന്നായിരുന്നു ഇത്. ഇയാൾ ദുബായിൽ എത്തിയിട്ടുണ്ടെന്ന് മനസിലാക്കി. പിന്നീട് പ്രതി കഴിയുന്ന സ്ഥലം മനസിലാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാക്കിസ്ഥാൻ ഇന്റർപോളിനോട് വിവരങ്ങൾ അറിയിക്കുകയും അതേതുടർന്ന് ദുബായ് പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും അസിസ്റ്റന്റ് കമാൻഡർ വ്യക്തമാക്കി. അറസ്റ്റിലായ അഫ്രീദി മറ്റൊരു കൊലപാതകക്കേസിലെയും പ്രതിയാണ് എന്നാണ് റിപ്പോർട്ടുകൾ.