Breaking News
Home / Lifestyle / പ്രാതല്‍ ലണ്ടനില്‍, ഉച്ചയൂണ്‌ ജര്‍മനിയില്‍, അത്താഴം സിംഗപ്പുരില്‍! അമ്പതാണ്ടുകള്‍ക്കു മുമ്പ്‌ ഈ വിശേഷണം ഇണങ്ങുന്ന ഒരു മലയാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജന്‍ പിള്ള..!!

പ്രാതല്‍ ലണ്ടനില്‍, ഉച്ചയൂണ്‌ ജര്‍മനിയില്‍, അത്താഴം സിംഗപ്പുരില്‍! അമ്പതാണ്ടുകള്‍ക്കു മുമ്പ്‌ ഈ വിശേഷണം ഇണങ്ങുന്ന ഒരു മലയാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജന്‍ പിള്ള..!!

പ്രാതല്‍ ലണ്ടനില്‍, ഉച്ചയൂണ്‌ ജര്‍മനിയില്‍, അത്താഴം സിംഗപ്പുരില്‍! അമ്പതാണ്ടുകള്‍ക്കു മുമ്പ്‌ ഈ വിശേഷണം ഇണങ്ങുന്ന ഒരു മലയാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജന്‍ പിള്ള! കൊല്ലത്തു ജനിച്ച്‌, സിംഗപ്പുരില്‍ ചുവടുറപ്പിച്ച്‌, ലോകം സാമ്രാജ്യമാക്കിയ വമ്പന്‍. ബിസ്‌കറ്റ്‌ എന്നാല്‍ ബ്രിട്ടാനിയ എന്നു ലോകത്തെ ചിന്തിപ്പിച്ച സാമര്‍ഥ്യം. പ്രധാനമന്ത്രിമാരുടെയും രാഷ്‌ട്രീയത്തിലെ കിങ്‌ മേക്കര്‍മാരുടെയും തോളില്‍ കൈയിട്ടു നടക്കുമായിരുന്ന അടുപ്പം.

പ്രശസ്‌തിയുടെയും സമ്പത്തിന്റെയും ഉച്ചത്തില്‍നിന്നായിരുന്നു വീഴ്‌ച. ബിസിനസിലെ ചതിക്കുഴികളില്‍ വീണ്‌ വിദേശത്തു കേസുകളില്‍ കുടുങ്ങി. സ്വന്തം രാജ്യവും സ്വാധീനമുള്ള സുഹൃത്തുക്കളും സഹായിക്കുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിയിലേക്കു പറന്നു. ആഡംബര ഹോട്ടലില്‍നിന്നു പിടികൂടിയ പോലീസ്‌ തിഹാര്‍ ജയിലിലടച്ചു. പട്ടുമെത്തയില്‍നിന്നു ജയിലിന്റെ തണുത്ത സിമെന്റ്‌ തറയിലേക്ക്‌. ഗുരുതര രോഗങ്ങള്‍ക്കു ചികിത്സ വേണമെന്ന അഭ്യര്‍ഥന കേള്‍ക്കാന്‍ ആരുമുണ്ടായില്ല.

കരള്‍ രോഗത്തിനുള്ള മരുന്ന്‌ പോലും ജയിലില്‍ അനുവദിച്ചില്ല. സമൃദ്ധിയുടെ കാലത്തു കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അലമുറയിട്ടെത്തിയ ഭാര്യ നീനയ്‌ക്കു മുന്നില്‍ വാതില്‍ തുറന്നില്ല. ജയിലിലായതിന്റെ ആറാം നാള്‍ രക്‌തം ഛര്‍ദിച്ചായിരുന്നു ഒരുകാലത്ത്‌ ബിസ്‌കറ്റ്‌ രാജാവ്‌ എന്നു വിളിപ്പേരുണ്ടായിരുന്ന രാജന്‍ പിള്ളയുടെ മരണം.

സുഹൃത്തുക്കള്‍………
പ്രധാനമന്ത്രിമാരാതിരുന്ന രാജീവ്‌ ഗാന്ധി, പി.വി. നരസിംഹ റാവു, വിവാദ താന്ത്രികന്‍ ചന്ദ്രസ്വാമി, ശരദ്‌ പവാര്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, എസ്‌. കൃഷ്‌ണകുമാര്‍… സുഹൃത്തുക്കളെന്നു രാജന്‍ പിള്ള വിശ്വസിച്ചിരുന്നവരുടെ പട്ടികയില്‍ വമ്പന്മാരേയുള്ളൂ. രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കി കോണ്‍ഗ്രസിനെത്തന്നെ ഞെട്ടിച്ചു. കൃഷ്‌ണകുമാറിനെ കൊല്ലത്തു മത്സരിപ്പിക്കുന്നതിലും രണ്ടുവട്ടം ജയിപ്പിക്കുന്നതിലുമെല്ലാം രാജന്‍ പിള്ളയ്‌ക്കു വലിയ പങ്കുണ്ടായിരുന്നു.

കെട്ടിച്ചമയ്‌ക്കപ്പെട്ട കേസുകള്‍ വിദേശത്തു വേട്ടയാടിയപ്പോള്‍ ഇന്ത്യയിലേക്കു പറക്കാനായിരുന്നു തീരുമാനം. രാജന്‍ പിള്ള സുഹൃത്തുക്കളുടെ വാക്കു വിശ്വസിച്ചു. ഇന്ത്യയില്‍ കേസില്ലാത്തതിനാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പൗരത്വമുള്ളതിനാല്‍ ഇംഗ്ലണ്ടിലേക്കു പോകാമായിരുന്നെങ്കിലും സ്വന്തം രാജ്യവും സൃഹൃത്തുക്കളും തുണയാകുമെന്നു കരുതി.

എന്നാല്‍ 1995 ജൂലൈ നാലിന്‌ അപ്രതീക്ഷിതമായിരുന്നു അറസ്‌റ്റ്‌. റാവുവായിരുന്നു പ്രധാനമന്ത്രി. കരുണാകരനു കേന്ദ്രമന്ത്രിസഭയില്‍ വലിയ സ്വാധീനം. നീന കരഞ്ഞുകൊണ്ട്‌ എത്തിയപ്പോള്‍ “എല്ലാം ദൈവനിശ്‌ചയം” എന്നു ലീഡര്‍ കൈയൊഴിഞ്ഞു. പലവട്ടം ഫോണില്‍ വിളിച്ചിട്ടും കൃഷ്‌ണകുമാറിനു മറുപടി പറയാന്‍പോലും സമയമുണ്ടായിരുന്നില്ല.

ജയിലില്‍… മരണവും……
രാജ്യാന്തരതലത്തില്‍ വിശ്വാസവഞ്ചനക്കുറ്റത്തിന്‌ അറസ്‌റ്റിലായ “പ്രതി”യെ റിമാന്‍ഡ്‌ ചെയ്‌തു തിഹാര്‍ ജയിലിലടച്ചു. ഗുരുതര കരള്‍രോഗം. ആരോഗ്യ കാരണങ്ങളാല്‍ ശ്വാസോച്‌ഛാസം ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്ന രാജനു ജയിലിലെ ചൂട്‌ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അടിവസ്‌ത്രം മാത്രം ധരിച്ചു ചുട്ടുപൊള്ളുന്ന പനിയുമായി കിടന്നുറങ്ങാനായി ജയില്‍ മുറിയിലെ ഒരു മൂല മറ്റുള്ളവരോടു യാചിക്കേണ്ടിവന്ന ദുരവസ്‌ഥ. മര്‍ദിച്ചവര്‍ തല നിലത്തടിച്ചെന്നു തോന്നിക്കുമാറ്‌, ചോരക്കളത്തിലായിരുന്നു മൃതദേഹം. അന്നു വെറും 48 വയസ്‌.

രോഗം കലശലായ അവസരത്തില്‍ കരളിനു ക്ഷതം സംഭവിച്ച്‌ ആമാശയത്തിലെയും അന്നനാളത്തിലെയും ഞരമ്പുകള്‍ വീര്‍ത്തുപൊട്ടി രക്‌തം ഛര്‍ദിച്ചുവെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഏതോ ഒരു മരുന്ന്‌ അദ്ദേഹത്തിന്‌ ജയിലില്‍ നല്‍കിയിരുന്നതായുള്ള ബന്ധുക്കളുടെ ആരോപണവും ഉണ്ടായി. നീനയും രണ്ടു മക്കളും ബന്ധുക്കളുമടങ്ങുന്ന കുടുംബം കേസുകളും മറ്റുമായി വളരെ അലഞ്ഞു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. രാഷ്‌ട്രീയ ഗൂഢാലോചന എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു ജസ്‌റ്റിസ്‌ ലീലാ സേത്ത്‌ കമ്മിഷന്റെ കണ്ടെത്തല്‍.

രാജന്‍ പിള്ള ജയിലില്‍ മരണപ്പെട്ട വിവരമറിഞ്ഞ്‌ ഒരു സുഹൃത്തുക്കളും അന്വേഷിച്ചില്ല. സിംഗപ്പുരിലെ സ്വത്തുക്കള്‍ അവിടത്തെ സര്‍ക്കാര്‍ പിടിച്ചെടുത്തു. ക്വീന്‍സ്‌ ലാന്‍ഡിലെ ഏറ്റവും വലിയ കശുവണ്ടിത്തോട്ടം ഒരിക്കല്‍ രാജന്റേതായിരുന്നു. അതും സര്‍ക്കാരിന്റെ കൈയിലായി. ഈ സ്‌ഥലം അടുത്തിടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. രാജന്‍പിള്ളയുടെ മരണശേഷം ഭാര്യ നീന കുറെക്കാലം ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ കോളമെഴുതി. ദില്ലിയില്‍ ആര്‍ട്ട്‌ ബിസിനസും പിന്നെ റിയല്‍ എസ്‌േറ്ററ്റ്‌ ബിസിനസും ചെയ്‌തിരുന്ന നീന മറ്റൊരു വിവാഹം കഴിച്ചതായും മുംബെയിലാണ്‌ താമസമെന്നുമാണു വിവരം. മൂത്തമകന്‍ കൃഷ്‌ണയും ആര്‍ട്ട്‌ ബിസിനസിലാണ്‌. രണ്ടാമത്തെ മകന്‍ ശിവ അമേരിക്കയിലും. രാജന്‍പിള്ളയുടെ ജന്മസ്‌ഥലമായ കൊല്ലത്ത്‌ അദ്ദേഹത്തിന്റേതായി യാതൊന്നും അവശേഷിക്കുന്നില്ല.

സഹോദരന്‍ രാജ്‌മോഹന്‍ പിള്ള ജ്യേഷ്‌ഠന്റെ പേരില്‍ ഫൗണ്ടേഷന്‍ സ്‌ഥാപിച്ച്‌ വിവിധ പുരസ്‌കാരങ്ങള്‍ ഏര്‍പ്പാടാക്കി. കെ. ഗോവിന്ദന്‍ കുട്ടിയുമായി ചേര്‍ന്ന്‌ “എ വേസ്‌റ്റഡ്‌ ഡെത്ത്‌: ദ്‌ റൈസ്‌ ആന്‍ഡ്‌ ഫാള്‍ ഓഫ്‌ രാജന്‍ പിള്ള” എന്ന പുസ്‌തകമെഴുതി. എ.കെ. ആന്റണിയാണു പ്രകാശനം നിര്‍വഹിച്ചത്‌.

വ്യവസായസാമ്രാജ്യം……
കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയും ഇന്ത്യന്‍ കാഷ്യൂ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ജനാര്‍ദനന്‍ പിള്ളയുടെ മൂത്ത മകനു ബിസിനസ്‌ ബുദ്ധി രക്‌തത്തിലുണ്ടായിരുന്നു. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ്‌ കോളജില്‍നിന്നു ബിരുദം നേടിയ രാജന്‍ ഗോവയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതിയില്‍ പണമിറക്കി പുതിയ വഴി തേടി. എഴുപതുകളുടെ മധ്യത്തില്‍ സിംഗപ്പുരിലേക്ക്‌. ഉരുളക്കിഴങ്ങ്‌ ഉപ്പേരിയും നിലക്കടലയും പായ്‌ക്ക്‌ ചെയ്‌തു വില്‍ക്കുന്ന 20 സെഞ്ചുറി ഫുഡ്‌സ്‌ സ്‌ഥാപിച്ചു.

വൈകാതെ അമേരിക്കന്‍ വമ്പന്‍ ഭക്ഷ്യവ്യവസായ സ്‌ഥാപനമായ സ്‌റ്റാന്‍ഡേഡ്‌സ്‌ ബ്രാന്‍ഡിന്റെ തലവനും കാനഡക്കാരനുമായ എഫ്‌. റോസ്‌ ജോണ്‍സനുമായി അടുത്തു. 1984-ല്‍ ജോണ്‍സന്‍ അദ്ദേഹത്തെ ലണ്ടനിലേക്കയച്ചു, പുതുതായി ഏറ്റെടുത്ത നബിസ്‌കോ കമ്മോഡിറ്റീസിനെ നയിക്കാനായിരുന്നു നിയോഗം. നബിസ്‌കോയുടെ ഉപസ്‌ഥാപനമായ ഹണ്ട്‌ലി ആന്‍ഡ്‌ പാര്‍മര്‍ ബ്രിട്ടാനിയയുടെ നിയന്ത്രണം പിടിച്ചപ്പോള്‍ ഏഷ്യന്‍ വിഭാഗത്തിന്റെ ചുമതല കിട്ടി. 1989-ല്‍ 40 കോടി ഡോളര്‍ വരുന്ന സാമ്രാജ്യം.

ചതിക്കുഴികള്‍……….
ബ്രിട്ടാനിയയുടെ അധിപനെന്ന്‌ അറിയപ്പെട്ടെങ്കിലും നാലു ശതമാനം മാത്രമായിരുന്നു രാജന്റെ ഓഹരി പങ്കാളിത്തം. കമ്പനിയുടെ സാമ്പത്തിക ശൃംഖല അതീവ സങ്കീര്‍ണവും. 1993-ല്‍ കടം കയറിത്തുടങ്ങിയതോടെ അദ്ദേഹം പല കമ്പനികളും വിറ്റു. ബ്രിട്ടാനിയയുടെ അസോസിയേറ്റഡ്‌ ബിസ്‌കറ്റ്‌സ്‌ ഇന്റര്‍നാഷണലിലെ കുറച്ച്‌ ഓഹരികള്‍ മുഹമ്മദാലി ജിന്നയുടെ കൊച്ചുമകന്‍ കൂടിയായ യുവ വ്യവസായി നുസ്‌ലി വാഡിയയാണു വാങ്ങിയത്‌. അതീവ നാടകീയമായ നടപടികളിലൂടെ വാഡിയ ബ്രിട്ടാനിയ പിടിച്ചടക്കി. ഏറെ വിശ്വസിച്ചിരുന്ന റോസ്‌ ജോണ്‍സനും എതിരാളികള്‍ക്കൊപ്പമായി. നേരത്തേ നല്‍കിയ മൂന്നു കോടി ഡോളര്‍ തിരിച്ചുചോദിച്ചു.

പിന്നാലെ കേസുകളായി. സിംഗപ്പൂരിലെ കടുത്ത നിയമങ്ങള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തി. 1.72 കോടി ഡോളറിന്റെ കടമുണ്ടാക്കിയെന്നും 22 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹനാണെന്നും കോടതി കണ്ടെത്തി. സിംഗപ്പുര്‍ കോടതി 14 വര്‍ഷം തടവുശിക്ഷയ്‌ക്കു വിധി തയാറാക്കിക്കൊണ്ടിരിക്കെയായിരുന്നു ഏറെ പ്രതീക്ഷകളോടെ ഇന്ത്യയിലേക്കുള്ള മടക്കം. ലോക വ്യവസായ ഭൂപടത്തില്‍ മലയാളിയുടെ കൈയൊപ്പു പതിപ്പിച്ച രാജന്‍ പിള്ളയുടെ ജീവിതത്തില്‍ ഏതാനും ദിവസങ്ങള്‍ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

About Intensive Promo

Leave a Reply

Your email address will not be published.