ജുബൈൽ : പണം ഇരട്ടിപ്പിച്ച് നൽകാമെന്ന ബംഗ്ലാദേശ് സ്വദേശിയുടെ വാഗ്ദാനത്തിൽ വീണ മലയാളിക്ക് 10,000 റിയാൽ നഷ്ടമായി. ജുബൈലിൽ ബഖാല നടത്തുന്ന മലയാളിക്കാണ് പുതിയ മോഡൽ തട്ടിപ്പിൽ പണം നഷ്‌ടമായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ബഖാലയിൽ എത്തിയ ബംഗ്ലാദേശി സാധനങ്ങൾ എടുത്ത ശേഷം കൗണ്ടറിൽ നിന്ന മലയാളിക്ക് 100 സൗദി റിയാലിന് തുല്യമായ 10 ബഹ്‌റൈൻ ദിനാർ നൽകി.
സംസാരമധ്യേ കൂടുതൽ അടുപ്പം കാണിക്കുകയും തെൻറ സ്പോൺസർ വശം ധാരാളം ബഹ്‌റൈൻ ദിനാർ ഉണ്ടെന്നും നിലവിലെ മൂല്യത്തിെൻറ മൂന്നിലൊന്ന് വിലക്ക് അവ വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചു. മലയാളിക്ക് താൽപര്യമുണ്ടെന്ന് കണ്ടതോടെ ബംഗ്ലാദേശി ദിനാർ വാങ്ങുന്നതിെൻറ നേട്ടവും മറ്റും വിശദീകരിച്ചു.
തുടർന്ന് ഇപ്പോൾ 10,000 റിയാൽ കൊടുത്താൽ 3000 ദിനാർ നൽകാമെന്ന് ബംഗ്ലാദേശി പറഞ്ഞപ്പോൾ മലയാളി സമ്മതിച്ചു. പണവുമായി ചെല്ലേണ്ട സ്ഥലവും കൈമാറേണ്ട രീതികളുമൊക്കെ മലയാളിയെ പറഞ്ഞു മനസ്സിലാക്കിയ ശേഷം ബംഗ്ലാദേശ് സ്വദേശി സ്ഥലം വിട്ടു. പിറ്റേന്ന് പണവുമായി പറഞ്ഞ സ്ഥലത്ത് എത്തിയ മലയാളിയെ ബംഗ്ലാദേശി കൂട്ടിക്കൊണ്ടുപോയി.
അൽപം ദൂരെയായി കാത്തുനിന്ന മറ്റൊരു ബംഗ്ലാദേശിക്ക് പണം കൈമാറുകയും അയാളുടെ കൈയിൽ നിന്ന് ഒരു പ്ലാസ്റ്റിക് ബാഗ് വാങ്ങി മലയാളിക്ക് നൽകുകയും ചെയ്തു.ഇവിടെ വെച്ച് തുറക്കരുതെന്നും വാഹനത്തിലോ കടയിലോ എത്തിയശേഷം എണ്ണി നോക്കിയാൽ മതിയെന്നും പറഞ്ഞു വിട്ടയച്ചു. കുറവുണ്ടെങ്കിൽ തന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. കടയിലെത്തി പ്ലാസ്റ്റിക് ബാഗ് തുറന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മലയാളിക്ക് ബോധ്യമായത്.
നോട്ടിെൻറ ആകൃതിയിൽ പേപ്പർ മടക്കി പൊതിഞ്ഞ് പ്ലാസ്റ്റിക് ബാഗിലാക്കി നൽകുകയായിരുന്നു. പിന്നീട് ബംഗ്ലാദേശി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അത് നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. ചതിയിൽ പെടാതിരിക്കാൻ വിവരം മറ്റ് ബഖാല നടത്തുന്ന സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. കുറുക്കുവഴിയിൽകൂടി പണം നേടാനുള്ള ശ്രമം നഷ്ടം വരുത്തിയപ്പോൾ നിയമ നടപടി പോലും അസാധ്യമായി.