നേഴ്സറി ക്ലാസില്‍ വച്ച് തന്റെ കൂട്ടുകാരിക്ക് അവൻ ഒരു വാക്ക് നല്കി, നിന്നെ ഞാന്‍ ഒരു നാള് വിവാഹം ചെയ്യും എന്ന്. ഇത് സിനിമക്കഥയെ വെല്ലുന്ന പ്രണയം. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തില്‍ കടല്‍പ്പാലത്തില്‍ കാണുന്ന കുട്ടിയെ ആഗ്രഹിക്കുന്ന വിനോദിന് ആ കുട്ടിയെ തന്നെ പിന്നീട് കിട്ടുന്നത് സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട് . എന്നാല്‍ അതിനെ വെല്ലുന്ന റിയല്‍ ലൈഫ് ഡ്രാമയാണ് മാറ്റ് ഗ്രോഡ്സ്കി എന്ന യുവാവിന്റെയും ലോറ ഷീലി എന്ന യുവതിയുടെയും
കഥ. നേഴ്സറി ക്ലാസില്‍ വച്ച് തന്റെ മൂന്നാം വയസിൽ കൂട്ടുകാരി ലോറ ഷീലിന് മാറ്റ് ഒരു വാക്ക് നല്കി, നിന്നെ ഞാന്‍ ഒരു നാള് വിവാഹം ചെയ്യും. ഈ കഥയെ ഒരു ഇംഗ്സീഷ് പോര്‍ട്ടലില്‍ മെറ്റ് വിശദീകരിക്കുന്നത് ഇങ്ങനെ, “ലോറയും ഞാനും നഴ്സറിയിൽ പഠിക്കുന്നതിനിടയിലാണ് കണ്ടു മുട്ടുന്നത്. മൂന്നു വയസുകാരനായിരുന്ന എന്റെ പഴയ ഓർമകളിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ലോറയെ ഞാൻ വിവാഹം ചെയ്യും എന്ന വാക്കായിരുന്നു. കുട്ടിയായിരിക്കുന്ന സമയം എന്നെ ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിച്ചതും ഊഞ്ഞാലാടാൻ പഠിപ്പിച്ചതും ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചതുമെല്ലാം അവളായിരുന്നു. കണ്ണുപൊത്തിക്കളിക്കുന്നതും ഓടിക്കളിക്കുന്നതുമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങുന്നതും ഒന്നിച്ചായിരുന്നു.
പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ കണ്ടുമുട്ടലുകൾ തനിയെ ഇല്ലാതായി. പിന്നീടുള്ള ഏഴു വർഷക്കാലം ക്രിസ്മസ് കാർഡുകളായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധം പുതുക്കാൻ സഹായിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് മറ്റൊരു സുഹൃത്ത് വഴിയാണ് ഞങ്ങൾക്കിടയിൽ വീണ്ടും സൗഹൃദം ഉടലെടുത്തത്.
തുടർന്നുള്ള രണ്ടാഴ്ചയ്ക്കിടയിൽ ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിടുകയും ചെയ്തു. തുടർ പഠനത്തിന് സ്കൂൾ മാറിയപ്പോഴും കോളജ് പഠനത്തിനായി മറ്റ് രാജ്യങ്ങളിൽ പോയപ്പോഴും ഞങ്ങൾ ഈ ബന്ധം മുറുക്കെ പിടിക്കുകയായിരുന്നു. തുടർന്ന് 2015 മെയ് 23നാണ് എന്റെ പഴയ വാക്കു പാലിക്കാൻ ഞാൻ തീരുമാനിക്കുന്നത്. ആ പഴയ നഴ്സറി മുറിയിൽ വച്ച്തന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിക്കുകയായിരുന്നു.