Breaking News
Home / Lifestyle / എൻ്റെ പെണ്ണ്…എന്റെ മഹറിന് അവകാശി ആകേണ്ടവൾ..!!

എൻ്റെ പെണ്ണ്…എന്റെ മഹറിന് അവകാശി ആകേണ്ടവൾ..!!

ഇന്നവളുടെ വിവാഹമായിരുന്നു.ലോകം മുഴുവൻ കീഴടക്കിയ ഭാവത്തിൽ മറ്റൊരുവന്റെ താലി നെഞ്ചിലേറ്റി എന്റെ മുൻപിലൂടെ പുച്ഛത്തിൽ നടന്ന് നീങ്ങിയ അവളെ ഞാൻ ഒരിക്കൽ കൂടെ നോക്കി..

എന്റെ മഹറിന് അവകാശി ആകേണ്ടവൾ, എന്റെ കുഞ്ഞുങ്ങളുടെ ഉമ്മ ആകേണ്ടവൾ.. അവളാണിന്ന് മറ്റൊരുവന്റെ പാതിയായി നിഴലായി നടന്ന് നീങ്ങുന്നത്.

ഭക്ഷണം കഴിക്കാനിരിക്കാൻ ക്ഷണിച്ച് വരുത്തിയ അതിഥികൾക്കൊപ്പം ക്ഷണിക്കാതെ പോയവനായി ഞാനിരിക്കാൻ പോയപ്പോൾ എന്റെ കൂട്ടുകാരൻ കയ്യിൽ പിടിച്ച് പിന്നോട്ട് വലിച്ചു..

വേണ്ടടാ.. ഇത് കഴിച്ചാൽ ദഹിക്കാതെ കിടക്കും ഉള്ളിൽ.വാ നമ്മുക്ക് പോകാം..പക്ഷേ പോകും മുൻപ് അവളറിയണം നിന്റെ ദയവാണ് അവളുടെ ഈ ജീവിതമെന്ന്.

വേണ്ട.. അവളൊന്നും അറിയരുത്. എന്നോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ നീ അവളോടിത് പറയരുത്.. പിന്നെ ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായി എനിക്ക് ഒരു പിടി ചോറ് വേണം ഇവിടുന്ന്. വയറ് നിറക്കാനല്ല എന്റൊരു സമാധാനത്തിന്..ഒരാഗ്രഹം..

നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികൾ ആ ചോറിലേക്ക് ഇറ്റിറ്റ് വീഴുമ്പോഴും ഞാനവളെ ശ്രദ്ധിക്കുവായിരുന്നു.. ഇടക്കിടക്ക് എന്നെയുള്ള നോട്ടം എന്റെ നെഞ്ചിൽ കുത്തിയിറക്കുന്ന കത്തികളാണെന്ന് എനിക്കറിയാം.പ്രതികാരാഗ്നി .. അതിനു ചൂടു കൂടും. കനല് എരിഞ്ഞു തീരാനും സമയമെടുക്കും..

വീട്ടിലെത്തി മുറിയടച്ചിരുന്ന് പൊട്ടിക്കരയുമ്പോഴും നെഞ്ചിൽ നിറയെ അവളുടെ ഓർമ്മകളായിയിരുന്നു നിറഞ്ഞ് നിന്നിരുന്നത്..

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഞാനവളെ കാണുന്നത്. എന്റെ ഷഹാനയെ.. കൂടുകാരാണ് പറഞ്ഞത് ഓൾ എട്ട് ബി _ യിൽ ആണ് പഠിക്കുന്നതെന്ന്.ചുറ്റിക്കെട്ടിയ തട്ടവും സുറുമ എഴുതിയ കണ്ണുകളുമുള്ള അവളെ എല്ലാവരും കൂട്ടുകാരിയാക്കാനും ഇഷ്ടമാണെന്ന് പറയാനും മത്സരിച്ചപ്പോൾ ഞാൻ മാത്രം ഒഴിഞ്ഞു നിന്നു.. ഉപ്പ മരിച്ച് രണ്ട് മാസം ആയിട്ടേ ഉണ്ടാരുന്നുള്ളു..

ഉമ്മയും ഇത്താത്തയും ഒരു അനിയത്തിയും മാത്രമാണ് ഉപ്പ എനിക്കായ് മാറ്റി വെച്ച സമ്പാദ്യം. പിന്നെ കുറെ അധികം കടബാധ്യതകളും.. രാവിലെ പത്രമിടാൻ പോകും ക്ലാസ് കഴിഞ്ഞൊരു ഹോട്ടലിൽ ആഹാരം എടുത്ത് കൊടുക്കാൻ നിൽക്കും.. നാലഞ്ച് വയറ് രണ്ട് നേരമെങ്കിലും നിറക്കാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ക്ലാസിൽ പോവാറും ഇല്ല.. ഞാനവളെ അല്ല അവൾ എന്നെയാണ് ശ്രദ്ധിച്ചത്.. സംസാരിച്ചത്.. കൂട്ടുകൂടിയത്.. പച്ച വെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ദിവസങ്ങളിൽ അവൾ പകുത്ത് നൽകിയ ആഹാരം രുചിയോടെ ഞാൻ കഴിച്ചിട്ടുണ്ട്

.കുടുംബത്തിന് വേണ്ടി പഠനം ഉപേക്ഷിച്ച് ഞാൻ സ്ഥിരമായി ജോലിക്ക് ഇറങ്ങിയപ്പോഴും അവൾ പഠനം തുടർന്നു.. എന്നെപ്പോലൊരു ദാരിദ്രം പിടിച്ചവന് സ്വപ്നം കാണാൻ പോലും കഴിയാത്തതായിരുന്നു അവളുടെ സൗഹൃദം പോലും..

ഞാൻ കാത്തിരുന്നോട്ടെ ഇങ്ങളുടെ പ്രശ്നങ്ങൾ എല്ലാം തീരും വരെ. അനിയത്തിയുടെ കല്യാണവും കഴിഞ്ഞ് എനിക്ക് മഹർ തന്ന് എന്നെ കൂട്ടുമോ ജീവിതത്തിലേക്ക് ?

തീരെ പ്രതീക്ഷിക്കാത്ത ആ ഒരു ചോദ്യത്തിൽ ഞാൻ ഞെട്ടി..

ഷഹാനാ. നീ എന്തെക്കെയാ ഈ പറയുന്നത്. നിന്നെപ്പോലൊരാളെ സ്വപ്നത്തിൽ പോലും മോഹിക്കാൻ എനിക്കാവില്ല. ഒന്നുമില്ല എന്റെ കയ്യിൽ. നീ വളർന്ന സൗകര്യങ്ങൾ തരാൻ എനിക്കാവില്ല. വസ്ത്രങ്ങൾ, ആഹാരം അങ്ങനെ എല്ലാത്തിനും എനിക്ക് പറ്റിയെന്ന് വരില്ല..

ഒന്നും വേണ്ട എനിക്ക്.ആയുസ്സുള്ളിടത്തോളം എന്നെ സ്നേഹിക്കണം.അത് മതി .പിന്നെ പട്ടിണി ആയാലും അതും നമ്മുക്ക് പങ്കിട്ടെടുക്കാം..

എന്തെക്കെയാ മോളേ നീയീ പറയുന്നത്.. വെറുതേ എനിക്ക് മോഹങ്ങൾ നൽകരുത്. ഒന്നുമില്ലാത്തതാണ്.. കൊതിപ്പിച്ച് അവസാനം കണ്ണീരിലാക്കി പോകരുത്..

ഇല്ല.ജീവനുള്ളിത്തോളം ഞാൻ ഇങ്ങളെ കരയാൻ വിടില്ല. സന്തോഷമായാലും സങ്കടമായാലും ഞാനുണ്ടാകും കൂടെ. പടച്ചോനെ സാക്ഷിയാക്കി ഞാൻ തരുന്ന വാക്കാണ് …

അന്നുതൊട്ട് നെയ്യ്തു കൂട്ടിയതാണ് ഒത്തിരി സ്വപ്നങ്ങൾ.. രണ്ട് കുട്ടികൾ മതി. ആദ്യത്തേത് മോൻ. പിന്നെയൊരു മോളൂട്ടി. മോന് ഷാഹിദ് മുനീർ എന്നും മോൾക്ക് നവാൽ യാസ്മിൻ എന്നും പേര് പോലും കണ്ടു വെച്ചു.. അവരുടെ പഠനവും വളർച്ചയും വിവാഹവും വരെ സംസാരം നീണ്ടിട്ടുണ്ട്..

ആരോ പറഞ്ഞ് ഞങ്ങളുടെ പ്രണയം ഷഹാനയുടെ വീട്ടിൽ അറിഞ്ഞു.. ഉപ്പ അവളെ ഒരുപാട് നോവിച്ചു.. അടിച്ചും നിലത്തിട്ട് വലിച്ചും എല്ലാം.. പാവം എന്റെ പെണ്ണ് തീരുമാനങ്ങളിൽ മാറ്റം വരുത്താതെ എല്ലാം സഹിച്ചു.പിന്നെ ഞാൻ കാണുമ്പോൾ കവിളിൽ നീലിച്ച് കിടക്കുന്നുണ്ടായിരുന്നു ഉപ്പാന്റെ വിരലുകൾ കവിളിൽ പതിച്ചതിന്റെ അടയാളം..അന്നവൾ ഒരുപാട് കരഞ്ഞു.. എന്നെ കൊന്നോട്ടെ എങ്കിലും ഞാൻ ഇങ്ങളെ വിട്ട് പോകില്ല..

നീലിച്ച ആ പാടുകൾ തലോടി ഞാനന്നും പറഞ്ഞു..

ന്റെ പെണ്ണിന്റെ ദേഹത്ത് ജീവന്റെ ഒരു തുടിപ്പുണ്ടായാൽ മതി ഞാൻ എടുത്ത് എന്റെ വീട്ടിൽ കൊണ്ടുവരും.. ആ തുടിപ്പില്ലാതായാൽ പിന്നെ ഞാനില്ല മോളെ..

പിന്നെ എന്നെ തേടി പിടിച്ചു വിട്ടിൽ വന്നു അവളുടെ ഉമ്മ.ഒരു സാധു സ്ത്രീ.തൊഴുകൈകളോട് അവളെ മറക്കാൻ അപേക്ഷിച്ചു ആ ഉമ്മ..

എന്റെ കുട്ടിയെ ഇനിയും ഇങ്ങനെ കൊല്ലാകൊല ചെയ്യിപ്പിക്കരുത്.ന്റെ മോള് കരയുന്നത് കണ്ട് സഹിക്കവയ്യാതെയാണ് ഞാൻ വന്നത്.. ഇതിന്റെ പേരിൽ എന്നും അവളെ ഉപദ്രവിക്കാറുണ്ട് അവളുടെ ഉപ്പ.തടയാൻ ചെന്നതിന് എനിക്കിട്ടും കിട്ടിയിട്ടുണ്ട്.ഞാൻ കാലിൽ വീഴാം. അവളോട് അൽപ്പം ദയ കാണിക്കണം..

ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെയാണ് ഞാനാ ഉമ്മയെ സമാധാനിപ്പിച്ച് മടക്കി അയച്ചത്.. ഉമ്മാന്റെ ഫോണിൽ നിന്ന് ഉമ്മ കാണാതെ ഷഹാനാ വിളിച്ചപ്പോഴാണ് ഞങ്ങൾ പരസ്പരം അകലാനുണ്ടായ കാരണങ്ങൾ സംഭവിച്ചത്.

മ്മൾക്ക് എവിടേയ്ക്ക് എങ്കിലും പോകാം. എനിക്ക് വയ്യ ഇനിയും സഹിച്ച് നിൽക്കാൻ .ഉപ്പ മറ്റൊരാൾക്ക് വാക്ക് കൊടുത്തു എന്നെ വിവാഹം കഴിച്ച് കൊടുക്കാമെന്ന്..

എന്നാൽ അതിന് സമ്മതിക്ക് ഷഹാനാ. നിന്റെ ഉപ്പാന്റെ പണം കണ്ടതന്നെയാണ് ഞാൻ നിന്നെ സ്നേഹിച്ചത്.അതില്ലെങ്കിൽ പിന്നെ നിന്നെ എതിക്കെന്തിനാണ് ?

ങ്ങൾ തന്നെയാണോ ഈ പറയുന്നത്. എന്നിട്ട് അന്ന് അങ്ങനല്ലല്ലോ പറഞ്ഞത്?

അന്നങ്ങനെ പറഞ്ഞിരുന്നേൽ നീ അന്നേ പോകില്ലാരുന്നോ?

നെഞ്ച് പൊട്ടിക്കരഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ അവൾ പറഞ്ഞു..

ഇതിന് ങ്ങൾ പടച്ചോനോട് സമാധാനം പറയേണ്ടി വരും. ഇന്നത്തെ എന്റെ ഓരോ തുള്ളി കണ്ണീരിനും. നോക്കിക്കോ എന്നെ തള്ളിപ്പറഞ്ഞ ങ്ങൾ നാളെ എന്നെ ഓർത്ത് കരയും..

അന്ന് തൊട്ട് ഇന്നോളം ഞാൻ കരഞ്ഞ് തീർത്ത കണ്ണീര് എത്രയെന്ന് അറിഞ്ഞാൽ അവൾ ഹൃദയം പൊട്ടി മരിക്കും.. എനിക്ക് മുൻപിൽ ജയിച്ച ഭാവത്തിൽ അവൾ ഇന്ന് നടന്നപ്പോൾ അവൾ അറിഞ്ഞില്ല ഞാനും അവളും തോറ്റവരാണെന്ന്. സ്വപ്നങ്ങൾക്ക് ആയുസ്സ് ഉണരും വരെയേ ഉള്ളെന്ന് അറിയാതെ സ്വപ്നങ്ങൾ നെയ്യ്തു കൂട്ടിയ വിഡ്ഢികൾ ആയിരുന്നു ഞങ്ങൾ..

അവളുടെ ഓർമ്മകളിൽ നിന്ന് ഒളിച്ചോടാനാണ് പ്രവാസം സ്വീകരിച്ചത്.. അവളെ മറക്കാൻ മറവിയെ കൂട്ടുപിടിച്ചപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് അവിടെയും ഓർമ്മപ്പെടുത്തലായി അവൾ നിറഞ്ഞു നിൽക്കുന്നു.. ഉമ്മയാണേൽ ഏത് കല്യാണപ്പൊരേൽ പോയാലും അവിടെ വരുന്ന എല്ലാ പെൺകുട്ടികളേയും നോക്കും എനിക്ക് വേണ്ടി കല്യാണം ആലോചിക്കാൻ. ഇഷ്ടപ്പെട്ടവരോട് പേരും സ്ഥലവും എല്ലാം ചോദിക്കും.. ഞാനാണേൽ പലപ്പോഴായി ഒഴിഞ്ഞ് മാറുന്നു.. ഉമ്മയെ കുറ്റം പറയാനും പറ്റില്ല ആർക്കും കാണില്ലേ എന്നെപ്പറ്റി അഗ്രഹങ്ങൾ..

ലീവിന് നാട്ടിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഷഹാനയുടെ ഉമ്മയെ കണ്ടത്. ക്ഷീണിച്ച് അവരാകെ മാറിയിരിക്കുന്നു.. എന്നെക്കണ്ടതും കണ്ണുനിറഞ്ഞൊഴുകി..

എന്താ ഉമ്മ സുഖമല്ലേ.. ഷഹാനക്ക് സുഖമാണോ. മക്കളെക്കെ ആയോ?

കരച്ചിൽ നിർത്താനാവാതെ അവര് വിഷമിക്കുക ആയിരുന്നു..

മോള് വീട്ടിലുണ്ട്.. വിവാഹം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ മോളും മോനും പോയിരുന്ന കാർ അപകടത്തിൽപെട്ടു. മോനപ്പോഴെ മരിച്ചു. മോളെ ജീവനോടെ കിട്ടി. പക്ഷേ വണ്ടിക്കടിയിൽ പെട്ട ഒരു കാല് മുറിച്ച് മാറ്റേണ്ടി വന്നു.. ഞാൻ നടന്നതെല്ലാം മോളോട് പറഞ്ഞു. ഞാനപേക്ഷിച്ചിട്ടാണ് മോൻ ന്റെ കുട്ടിയെ വേണ്ടാന്നു വെച്ചതെന്നെക്കെ.മോന്റെ കണ്ണീരിന് പടച്ചോൻ കൊടുത്ത ശിക്ഷയാവും എന്നാണ് മോള് പറയുന്നത്.

കണ്ണിലാകെ ഇരുട്ട് കയറും പോലെ തോന്നുന്നു. അവളുടെ ഉമ്മക്കൊപ്പം ഞാൻ വീട്ടിലേക്ക് ചെന്നപ്പോൾ അവളാകെ അത്ഭുതപ്പെട്ടു..

കല്യാണം വിളിക്കാൻ വന്നതാകും അല്ലേ ?

ആഹ്. അതേ..

ആ കണ്ണുകൾ നിറയുന്നതും നിരാശയും
കുറ്റബോധവും പടരുന്നത് ഞാൻ കണ്ടു..

അരികിൽ നിന്ന അവളുടെ ഉപ്പയോടും ഉമ്മയോടും ഞാൻ ചോദിച്ചു..

ഞാൻ കൊണ്ടു പോയ്ക്കോട്ടെ ഇവളെ ?

കണ്ണീരിന്റെ നനവോടെ അവളുടെ കൈകൾ എന്റെ കൈകളിൽ അവളുടെ ഉപ്പ വെച്ച് തന്നു. കൂട്ടത്തിൽ കഴിഞ്ഞകാലത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നോണം ക്ഷമ ചോദിക്കലും..

അവളെ വാരിയെടുത്ത് എന്റെ വീട്ടിൽ എന്റെ മുറിയിൽ കൊണ്ട് കിടത്തിയപ്പോൾ അവൾ ചോദിച്ചു..

ഈ ഞൊണ്ടിക്കാലിയെ ങ്ങൾക്ക എന്തിനാ?മൊഞ്ചുള്ള വേറെ എത്ര പെൺകുട്ടികളെ കിട്ടും ങ്ങൾക്ക്..
കിട്ടും..പക്ഷേ ഞാനെന്റെ പെണ്ണിന് വാക്കു കൊടുത്തു പോയില്ലേ ജീവന്റെ ഒരു തുടിപ്പ് അവശേഷിച്ചാലും ഞാൻ എന്റെ കൂടെ ജീവിക്കാൻ കൊണ്ടുവരുമെന്ന് ..

ഞാൻ വാക്കുപാലിച്ചു…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *