Breaking News
Home / Lifestyle / ഒന്നുകില്‍ ദയാവധം അല്ലെങ്കില്‍ ഉപ്പയെ നാട്ടിലെത്തിക്കണം, കണ്ണീരോടെ ഒരു കുടുംബം സര്‍ക്കാര്‍ ദയക്കായ് കാത്തിരിക്കുന്നു..!!

ഒന്നുകില്‍ ദയാവധം അല്ലെങ്കില്‍ ഉപ്പയെ നാട്ടിലെത്തിക്കണം, കണ്ണീരോടെ ഒരു കുടുംബം സര്‍ക്കാര്‍ ദയക്കായ് കാത്തിരിക്കുന്നു..!!

പൊന്നാനി : 42ാമത്തെ വയസ്സില്‍ ദയാവധത്തിനായ് യാചിക്കുകയാണ് മൂസക്കുട്ടി. അങ്ങനെയെങ്കിലും താന്‍ പേറുന്ന ദുരന്തത്തിന്റെ ആഴത്തില്‍ നിന്ന് രക്ഷപ്പെട്ടാലോ എന്നയാള്‍ ചിന്തിച്ചുപോകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തീരാ ദുരിതത്തിലാണ് മൂസക്കുട്ടിയുടെ ജീവിതം.

നന്നേ ചെറുപ്പത്തില്‍ സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ മൂസക്കുട്ടിക്കു മുമ്പില്‍ ഇപ്പോള്‍ ദുരിതങ്ങള്‍മാത്രം. കേസും ജയില്‍വാസവും തകര്‍ത്ത ജീവിതത്തില്‍നിന്ന് കരകയറാനൊരുങ്ങുമ്പോള്‍ പാതി ജീവന്‍ ബാക്കിയാക്കി പക്ഷാഘാതവും പിടികൂടിയിരിക്കുന്നു. നാട്ടില്‍പോയിട്ട് 13 വര്‍ഷമായി. 15 ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 2.70 കോടി രൂപ) ബാധ്യത തീര്‍ത്താലേ മൂസക്കൂട്ടിക്കു മേലുള്ള യാത്രാനിരോധം നീങ്ങൂ.

1994 ല്‍ അബൂദബിയില്‍ 19ാമത്തെ വയസ്സില്‍ ഓഫീസ് ബോയ് ആയി തുടങ്ങിയതാണ് മാട്ടായ സ്വദേശിയായ മൂസക്കുട്ടിയുടെ പ്രവാസം. 2003ല്‍ റാസല്‍ഖൈമയിലത്തെി സ്വന്തം ബിസിനസ് തുടങ്ങി. സിമന്റ് ഉള്‍പ്പെടെ കെട്ടിട നിര്‍മാണവസ്തുക്കളുടെ വ്യാപാരം യു.എ.ഇയുടെ വളര്‍ച്ചക്കൊപ്പം കുതിച്ചു. ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വരെ ‘മിഡിലീസ്റ്റ് ട്രേഡിങ്’ എന്ന സ്ഥാപനം വളര്‍ന്നു. സ്‌ക്രാപ്പ്, മത്സ്യ വ്യാപാരം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് പടര്‍ന്നുകയറി. അറിയപ്പെടുന്ന പ്രവാസി വ്യവസായിയായി മൂസക്കുട്ടി.

പക്ഷേ, ആ കുതിപ്പ് അധികകാലം നീണ്ടില്ല. രേഖപ്രകാരം കമ്പനിയുടെ 51 ശതമാനം ഉടമസ്ഥതയുള്ള സ്‌പോണ്‍സര്‍ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കഷ്ടകാലവും തുടങ്ങി. വിതരണക്കാര്‍ക്ക് കമ്പനി നല്‍കാനുള്ള പണത്തിന് നല്‍കിയ ചെക്കുകളില്‍ ഒപ്പുവെച്ചത് മൂസക്കുട്ടി. കമ്പനിയുടെ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി. വണ്ടിച്ചെക്ക് കേസുകളില്‍ മൂസക്കുട്ടി പ്രതിയുമായി. കമ്പനിക്ക് കിട്ടാനുള്ള ചെക്കുകളാകട്ടെ സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്കും പോയി. സാമ്പത്തിക കേസില്‍ കുടുങ്ങി നാലു തവണയായി ആറു വര്‍ഷം മൂസക്കുട്ടി ജയിലില്‍ കിടന്നു. ഭാര്യയും മൂന്നു മക്കളും ഇതിനിടെ നാട്ടിലേക്ക് മടങ്ങി.

2004ലാണ് മൂസക്കുട്ടി അവസാനം നാട്ടില്‍പോയി വന്നത്. കേസില്‍ പെട്ടതോടെ പാസ്‌പോര്‍ട്ട് കോടതിയിലായി. അതിനിടയില്‍ സ്‌പോണ്‍സര്‍ നല്‍കിയ കേസില്‍ 15 ലക്ഷം ദിര്‍ഹം നല്‍കാന്‍ റാസല്‍ഖൈമ കോടതിയുടെ വിധിയും വന്നു. മൂന്നു വര്‍ഷത്തെ ശിക്ഷക്ക് ശേഷം 2015 ജൂണില്‍ പുറത്തിറങ്ങിയപ്പോഴേക്കും മൂസക്കുട്ടി ദരിദ്രനായിക്കഴിഞ്ഞിരുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ ഒരു പങ്കാളിയുമായി ചേര്‍ന്ന് പുതിയ വ്യാപാരം തുടങ്ങാനിരിക്കെയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് പക്ഷാഘാതത്തിന്റെ പിടിയിലായത്. വലതുവശം മാത്രമല്ല, ജീവിതമാകെ തളരുകയായിരുന്നു.

ഒന്നിനും പറ്റാത്ത അവസ്ഥ. വ്യക്തമായി സംസാരിക്കാനുമാവില്ല. നാട്ടില്‍ നിന്നുവന്ന സഹോദരന്‍ ഹൈദറാണ് കൂടെ. ചിലപ്പോള്‍ ഭാര്യയോ മകനോ സന്ദര്‍ശക വിസയില്‍ പിതാവിനെ ശുശ്രൂഷിക്കാനെത്തും. ഷാര്‍ജ ഇന്ത്യന്‍ അസോസിഷേയനടക്കം ചില സന്നദ്ധ സംഘടനകളും നല്ല മനസുള്ള വ്യക്തികളുമാണ് ഇവര്‍ക്കിപ്പോള്‍ അത്താണി. നാട്ടിലുണ്ടായിരുന്നതെല്ലാം വിറ്റ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്.

ഭര്‍ത്താവിനെ ചികിത്സക്ക് നാട്ടിലത്തെിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് ഭാര്യ ബുഷ്‌റ അന്നത്തെ മുഖ്യമന്ത്രിയടക്കമുള്ള വിവിധ ജനപ്രതിനിധികള്‍ക്കും ഇന്ത്യന്‍ എംബസിക്കും കോണ്‍സുലേറ്റിനും കത്തെഴുതിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തിയപ്പോഴും കുടുംബം പരാതി നല്‍കിയിരുന്നു. പരിഹാരമാര്‍ഗങ്ങളൊന്നും ഉണ്ടായില്ലെന്ന് മാത്രം.

നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മൂസക്കുട്ടിക്ക് നാട്ടിലേക്ക് പോകാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റടക്കമുള്ള രേഖകള്‍ ശരിയായിട്ടുണ്ട്. പക്ഷെ 15 ലക്ഷം ദിര്‍ഹം നല്‍കാതെ യാത്രാവിലക്ക് നീക്കാനാവില്‌ളെന്ന കടുംപിടുത്തത്തിലാണ് സ്‌പോണ്‍സര്‍. ഭാരിച്ച തുക എങ്ങനെ കണ്ടത്തെുമെന്നറിയില്ല. ഒന്നുകില്‍ സ്‌പോണ്‍സറുടെ മനസ്സലിയണം.അല്ലെങ്കില്‍ ഉദാരമതികള്‍ കൈകോര്‍ത്ത് അത്ഭുതങ്ങള്‍ സംഭവിക്കണം.

About Intensive Promo

Leave a Reply

Your email address will not be published.