Breaking News
Home / Lifestyle / എത്ര സമ്പാദിച്ചിട്ടും ഒന്നിനും തികയുന്നില്ലെന്ന് പറയുന്നവര്‍ വായിക്കാന്‍; ഗള്‍ഫ് വിടുന്നതിന് മുമ്പ് തന്നെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം, ഇതാ ചില വഴികള്‍..!!

എത്ര സമ്പാദിച്ചിട്ടും ഒന്നിനും തികയുന്നില്ലെന്ന് പറയുന്നവര്‍ വായിക്കാന്‍; ഗള്‍ഫ് വിടുന്നതിന് മുമ്പ് തന്നെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാം, ഇതാ ചില വഴികള്‍..!!

ശമ്പളം ലഭിച്ച് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പോക്കറ്റ് കാലിയായി അടുത്ത മാസത്തെ ശമ്പളത്തിനായി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പ്രത്യേകിച്ച് പ്രവാസികള്‍, ഭക്ഷണം, താമസം, മറ്റു ബില്ലുകള്‍ തുടങ്ങി ഏറെയാണ് ചെലവുകള്‍. കുടുംബം കൂടെയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. മികച്ച സാമ്പത്തിക ഭദ്രത എന്ന സ്വപ്‌നം ഇതോടെ കയ്യെത്താ ദൂരത്തേക്ക് പോവുകയും ചെയ്യും.

എന്നാല്‍ ഇനി വിഷമിക്കണ്ട കൃത്യമായ പ്ലാനിംഗും അത് നടപ്പിലാക്കുന്നതിനുള്ള ശ്രമവും ജീവിതലക്ഷ്യങ്ങളെ കുറിച്ചുള്ള ബോധ്യവുമുണ്ടായാല്‍ എത്ര കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കാവുന്നതേയുള്ളൂ. അതിനായി ചില വഴികള്‍ താഴെ പറയുന്നു.

1. ഫിനാന്‍ഷ്യല്‍ പ്ലാന്‍

കൃത്യമായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ ഉണ്ടെങ്കില്‍ തന്നെ സാമ്പത്തികമായ പല പ്രശ്‌നങ്ങളോടും ബൈ പറയാം. എന്നാല്‍ ഫിനാന്‍ഷ്യല്‍ പ്ലാന്‍, പ്ലാനിങ്ങില്‍ മാത്രം ഒതുങ്ങരുതെന്ന് മാത്രം. മാത്രമല്ല ഒന്നും നാളേക്ക് വെയ്ക്കരുത്. ഇന്ന് മുതല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യണം. പ്ലാനിങ്ങൊക്കെ എല്ലാവരും ചെയ്യും പക്ഷെ ‘എന്തായാലും ഈ മാസം ഇത്രയായില്ലേ ഇനി അടുത്ത മാസം മുതല്‍ തുടങ്ങാം’ എന്ന് വിചാരിച്ച് നാളെ നാളെ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകും. ഈ സ്വഭാവത്തിന് ആദ്യം മാറ്റം വരുത്തണം.

2. ഭാവിയിലേക്ക് ഒരു ചെറിയ കരുതല്‍

കിട്ടുന്ന ശമ്പളം ചെലവാക്കും മുമ്പ് ഒരു ചെറിയ വിഹിതം ഭാവിയിലേക്ക് കരുതി വെക്കാം. അത് ഒരു ചെറിയ തുകയാണെങ്കില്‍ കൂടി ഇത് ശീലമാക്കണം. പിന്നീട് ഓരോ മാസം കഴിയുംതോറും ഈ തുക കൂട്ടികൂട്ടിക്കൊണ്ടുവരാം. ഉദാഹരണത്തിന് ഒരു മാസം നിങ്ങള്‍ ശമ്പളത്തിന്റെ 5 ശതമാനം നീക്കിവെച്ചാല്‍ ഇത് അടുത്ത മാസം 6 ശതമാനമാക്കാം. ഇങ്ങനെ കരുതുന്ന തുക സുരക്ഷിതമായ നിക്ഷേപ ഫണ്ടുകളിലോ, ബാങ്ക് അക്കൗണ്ടുകളിലോ സൂക്ഷിക്കാം.

3. വരവും ചെലവും അറിഞ്ഞ്

ചെലവാക്കുന്ന തുകകള്‍ക്ക് കണക്കില്ലാത്തതാണ് പലരെയും പിന്നീടം വലിയ ബാധ്യതകളിലെത്തിക്കുന്നതും പാപ്പരാക്കുന്നതും. വരവിന്റെയും ചെലവിന്റെയും കണക്കുകള്‍ എപ്പോഴും സൂക്ഷിക്കുക. ഇതിന് സഹായിക്കുന്ന നിരവധി മൊബൈല്‍ ആപ്പുകള്‍ ഇന്നുണ്ട്. ഓരോ മാസവും നിങ്ങളുടെ ചെലവുകളുടെ കണക്കുകള്‍ നിരീക്ഷിച്ചാല്‍ തന്നെ എവിടെയാണ് കൂടുതല്‍ അനാവശ്യമായി തുക ചെലവാക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. ഇതനുസരിച്ച് അടുത്ത മാസത്തേക്കുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാം.

4. ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട്

ശമ്പളവും മറ്റു വരുമാനങ്ങളും ക്രെഡിറ്റാകുന്ന ബാങ്ക് അക്കൗണ്ടിന് പുറമെ മറ്റൊരു അക്കൗണ്ട് കൂടിയുണ്ടെങ്കില്‍, നിക്ഷേപത്തിനും ചെലവുകള്‍ക്കുമെന്ന രീതിയില്‍ ഇവ ഉപയോഗിക്കാം. ഒരു അക്കൗണ്ടിലേക്ക് അതാതു മാസം ചെലവാക്കുന്നതിനുള്ള തുക ശമ്പളം ലഭിക്കുമ്പോള്‍ തന്നെ മാറ്റാം. ചെലവുകളെല്ലാം ആ അക്കൗണ്ട് വഴി തന്നെ നടത്താനും ശ്രദ്ധിക്കണം.

5. ചില്ലറകള്‍ സൂക്ഷിക്കാം

സാധനങ്ങള്‍ വാങ്ങിക്കുമ്പോഴോ മറ്റോ ചില്ലറകള്‍ ലഭിച്ചാല്‍ അതെങ്ങനെയെങ്കിലും ചെലവാക്കി കയ്യില്‍ നിന്ന് കളയാന്‍ തെരക്കു കൂട്ടുന്നവരാണ് ഏറെയും. എന്നാല്‍ ഇനി ആ ശീലം മാറ്റിക്കോളൂ. ഓരോ ദിവസവും ലഭിക്കുന്ന ചില്ലറകളും ചെറിയ കറന്‍സികളും അതാതു ദിവസം തന്നെ കുടുക്കയിലോ മറ്റു പെട്ടികളിലോ സൂക്ഷിച്ചു വെക്കാം.

6. ക്രെഡിറ്റ് കാര്‍ഡ് ആവശ്യത്തിന് മാത്രം

കഴിവതും ഡെബിറ്റ് കാര്‍ഡ് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വളരെ അത്യാവശ്യമായി വന്നാല്‍ മാത്രമെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവൂ. വായ്പാ തുകയുടെ 36 ശതമാനം വരെയാണ് ഒരു വര്‍ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളില്‍ നിന്ന് ഈടാക്കുന്നത്. വായ്പ അത്യാവശ്യമായി വന്നാല്‍ ക്രെഡിറ്റ് കാര്‍ഡിനു പകരം പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതാകും നല്ലത്.

7. വരവു കൂടുമ്പോള്‍ ചെലവ് കൂടരുത്

ഓരോ വര്‍ഷവും ശമ്പള വര്‍ധനവും മറ്റുമൊക്കെയായി വരുമാനം കൂടുമ്പോള്‍ അതനുസരിച്ച് ചെലവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ തുക നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കുക.

8. കാര്‍, വീട്

വീട് നിര്‍മ്മാണം, സ്വന്തമായി ഒരു വാഹനം ഇതെല്ലാം ഓരോ പ്രവാസിയുടെയും സ്വപ്‌നമാണ്. എന്നാല്‍ ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുമ്പോള്‍ സാമ്പത്തിക സ്ഥിതിയെയും ഭാവിയെയും കുറിച്ച് കൃത്യമായ ധാരണ വേണം. കയ്യിലൊതുങ്ങാത്ത വീട് നിര്‍മ്മിച്ച് അല്ലെങ്കില്‍ വാഹനം വാങ്ങി ജീവിതകാലം മുഴുവന്‍ കടക്കാരനായി കഴിയേണ്ടി വരരുത്.

9. പോക്കറ്റില്‍ പണം വേണ്ട

അത്യവശ്യത്തിനുള്ള പണം ഒഴിച്ച് ബാക്കി ബാങ്ക് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് പലതും വെറുതെ വാങ്ങാനുള്ള ത്വര ഇല്ലാതാക്കാന്‍ സഹായിക്കും. മാത്രമല്ല പഴ്‌സില്‍ പണം ഉണ്ടെങ്കില്‍ അത് ചെലവാക്കാനുള്ള ആഗ്രഹം നിങ്ങളറിയാതെയെങ്കിലും നിങ്ങള്‍ക്കുള്ളിലുണ്ടാകാം. ഇതും ഒഴിവാക്കാം.

10. അനാവശ്യ കടബാധ്യതകള്‍ വേണ്ട

മനുഷ്യന് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ് കടബാധ്യതകള്‍. വളരെ അത്യാവശ്യമുള്ളപ്പോള്‍ ഒരു പോംവഴിയുമില്ലെങ്കില്‍ മാത്രം സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കടം വാങ്ങാം. എന്നാല്‍ അത് ഉടന്‍ തന്നെ തിരിച്ചു കൊടുക്കുകയും വേണം.

ഓര്‍ക്കുക ഇന്ന് നിങ്ങള്‍ മിച്ചം പിടിക്കുന്ന ചെറിയ വരുമാനമായിരിക്കും നാളെയിലെ നങ്ങളുടെ വലിയ സന്തോഷം. പണം മിച്ചം പിടിക്കുന്നതിനു വേണ്ടി പട്ടിണി കിടക്കുന്നതിന്റെയോ നല്ല ഭക്ഷണം കഴിക്കാതിരിക്കുന്നതിന്റെയോ ആവശ്യമില്ല. അനാവശ്യമായ ചെലവുകള്‍ മാത്രം മാറ്റിവെക്കുക. ഭാവിയെ കുറിച്ചുള്ള ബോധ്യത്തോടെ പ്ലാനിങ്ങുകള്‍ കൃത്യമായി നടപ്പാക്കുക, ഇത്രമാത്രം മതി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചമാകാന്‍.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *