യുഎഇയില്‍ മാഫിയാ സംഘങ്ങളുടെചതിക്കുഴികളിൽപ്പെട്ട് മരണശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് മോചനം. 14 പഞ്ചാബ് സ്വദേശികളും ഒരു ബിഹാറുകാരനുമാണ് മോചിതരായത്. രണ്ടുകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് ഇവര്‍ക്ക് യുഎഇി കോടതി വധശിക്ഷ വിധിച്ചിരുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തക്കുന്ന പ്രവാസി വ്യവസായിയായ എസ്പി സിങ് ഒബെറോയിയുടെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചത്.
വ്യാജ മദ്യവില്‍പ്പന, കൊലപാതകം എന്നീ കേസുകളില്‍പ്പെട്ട 15 പേരാണ് മോചിതരായത്. ഇവരില്‍ 14 പഞ്ചാബുകാര്‍ നാട്ടിലെത്തി. ബിഹാര്‍ സ്വദേശിയുടെ മോചനവുമായി ബന്ധപ്പെട്ട ചില കടലാസ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. ഇയാളും ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്പി സിിങ് ഒബെറോയ് പറഞ്ഞു.
യുവാക്കള്‍ വിദേശത്ത് ജോലിക്ക് പോകുമ്പോള്‍ ചതിക്കുഴികള്‍ മനസിലാക്കാന്‍ ശ്രമിക്കണം. വ്യാജ മദ്യ വില്‍പ്പന സംഘങ്ങളുടെ കെണിയില്‍ പെട്ടുപോകരുത്. ഇത്തരം മാഫിയ സംഘങ്ങള്‍ക്കിടയില്‍ ഭിന്നത ശക്തമാണ്. സംഘര്‍ഷവും പതിവാണ്. കൊലപാതകം സംഭവിച്ചാല്‍ യുഎഇയില്‍ മരണശിക്ഷ ഉറപ്പാണെന്നും ഒബെറോയ് ഓര്‍മിപ്പിച്ചു.
ഒബെറോയിയുടെ ഇടപെടല്‍മൂലം 93 ഇന്ത്യക്കാരാണ് യുഎഇ ജയിലുകളില്‍ നിന്ന് ഇതുവരെ രക്ഷപ്പെട്ടത്. 20 കോടിയോളം രൂപ മോചനദ്രവ്യമായി നല്‍കിയെന്നാണ് ഇദ്ദേഹം പറയുന്നത്. യുഎഇയിലേക്ക് ജോലിക്ക് പോകുംമുമ്പ് ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി മനസിലാക്കണമെന്ന് ഒബെറോയ് ഓര്‍മിപ്പിച്ചു. പഞ്ചാബില്‍ ഒബെറോയ് ഇതിനുവേണ്ടി പ്രത്യേക ഓഫീസുകള്‍ തുറന്നിട്ടുണ്ട്.