പ്രശസ്ത ഷെഫ് വികാസ് ഖന്ന ട്വിറ്ററിൽ പങ്കുവച്ച ഒരുചിത്രത്തെ ലോകം മുഴുവൻ പുകഴ്ത്തുകയാണ്. രാജസ്ഥാനിലെ ബിഷ്ണോയ് വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ മാൻകുഞ്ഞിനു മുലയൂട്ടുന്ന ചിത്രമാണ് വികാസ് ഖന്ന പങ്കുവച്ചത്. ശ്രദ്ധിക്കപ്പെട്ടത്. ഗവേഷണത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് ഈ അസാധാരണ കാഴ്ച വികാസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ബിഷ്ണോയ് വിഭാഗത്തിന്റെ ഇടയിൽ സാധാരണസംഭവമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിൽ അലിഞ്ഞ് ജീവിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്നവരാണ് ബിഷ്ണോയ് വിഭാഗക്കാർ. പ്രസവിച്ച കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയുന്ന ഈ കാലത്ത് അനാഥമായിപ്പോയ മാൻകുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ചിത്രത്തിന് ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഈ അമ്മമനസിനെ താൻ ബഹുമാനിക്കുന്നു എന്നാണ് വികാസ് ഖന്ന കുറിച്ചത്. അനാഥരായ മാൻകുഞ്ഞുങ്ങളെ ഇതിനുമുമ്പും മുലയൂട്ടിയതായി സ്ത്രീ അറിയിച്ചതായും വികാസ് ഖന്ന പറയുന്നു.
അമ്മമാരില്ലാത്ത കുഞ്ഞുങ്ങൾ, അതിപ്പോൾ മൃഗങ്ങളായാൽപ്പോലും അവർക്കുവേണ്ടി പാലുചുരത്താൻ തയാറാകുന്ന അമ്മ മനസ്സ് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ആർദ്രതയും മാതൃത്വവും ഒന്നു ചേർന്നാൽ മാത്രമേ ഇത്തരമൊരു നന്മയുണ്ടാവൂ എന്നാണ് വികാരാധീനനായി അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. മൃഗങ്ങളെയും മരങ്ങളെയുമൊക്കെ തുല്യരായി കാണുന്ന ബിഷ്ണോയിക്കാർ ആവാസസ്ഥലങ്ങളിലേക്ക് മരംവെട്ടുകാരെപ്പോലും പ്രവേശിപ്പിക്കാറില്ല.