Breaking News
Home / Lifestyle / ഇച്ചിരി തടിയുള്ള പെണ്ണിനെ കെട്ടിക്കോട്ടേ എന്ന ചോദ്യത്തിന് ഉമ്മച്ചിയിൽ നിന്ന് കിട്ടിയ മറുപടി..!!

ഇച്ചിരി തടിയുള്ള പെണ്ണിനെ കെട്ടിക്കോട്ടേ എന്ന ചോദ്യത്തിന് ഉമ്മച്ചിയിൽ നിന്ന് കിട്ടിയ മറുപടി..!!

“പിന്നേ… ഒന്ന് വര്വോ… ഒരു കാര്യം പറയാനുണ്ട് ”
പതിവുപോലെ മുംതാസിനെ വായ് നോക്കാൻ വേണ്ടി ഓട്ടോസ്റ്റാന്റിനടുത്ത് ബുള്ളറ്റ് പാർക്ക് ചെയ്തു ടാങ്കിന്റെ മോളിൽ കമിഴ്ന്നു കിടന്ന് ഓളെയും കാത്തിരിക്കുന്നതിനിടക്കാണ് പുറകിൽ നിന്നൊരു കിളിമൊഴി കേട്ട് തിരിഞ്ഞു നോക്കിയത്…

നോക്കുമ്പോൾ മൊഞ്ചത്തി മുംതാസിന്റെ എർത്ത് ഫസീന ആണ്….
എന്നും മുംതാസിന്റെ കൂടെ ബസ്റ്റോപ്പിൽ കാണാറുള്ളത് കാരണം ഞങ്ങള് തമ്മിൽ നല്ല പരിചയമാണ്…
ബുള്ളറ്റിന്റെ മോളിൽ നിന്നും എഴുന്നേറ്റ്
“ഏതാണ്ടി ഗുണ്ടുമുളകെ ”
എന്ന് ചോദിച്ചപ്പോൾ പാവത്തിന്റെ മുഖം ആകെ വാടി…
“ഗുണ്ടുമുളകെ ” എന്ന് വിളിച്ചത് ബോർ ആയിപ്പോയോ എന്നുള്ള ചമ്മലിൽ ഞാനും ആകെ എന്തോപോലെ ആയിപ്പോയി…

അതിനിടയ്ക്കാണ് ഓളുടെ ചരിത്രപ്രധാനമായ പ്രഖ്യാപനം വരുന്നത്…
“ഇനി ഇവിടെക്കിടന്നു അധികം ചുറ്റിത്തിരിയാൻ നിക്കണ്ട.. ട്ടോ” ന്ന്‌…
ഓളുടെ സ്വരത്തിൽ ഒരു ഭീഷണിയുടെ ചുവ ഉള്ളതുപോലെയാണ് ആദ്യം തോന്നിയത്…
ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കുന്നവനല്ല ഞമ്മളെന്ന് ഓളെ മനസ്സിലാക്കിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ട് താടിയിൽ നന്നായൊന്നു ചൊറിഞ്ഞു ഒറ്റക്കൈ കൊണ്ട് മീശ പിരിച്ചുകൊണ്ട്..

“ഹും… ഭീഷണി ആണോ… ഇവിടെക്കിടന്നു ചുറ്റിത്തിരിഞ്ഞാൽ എന്ത് ചെയ്യും ”
എന്ന് പറഞ്ഞുകൊണ്ട് ഓളുടെ നേർക്കൊന്നു കണ്ണുരുട്ടി നോക്കിയപ്പോൾ പാവം പേടിച്ചുപോയി….
“അല്ലാന്ന്… ഇങ്ങളെ ഭീഷണിപ്പെടുത്താൻ മാത്രമുള്ള ധൈര്യമൊന്നും എനിക്കില്ല ”
എന്ന് പറഞ്ഞുകൊണ്ട് ഓള് കൈ മലർത്തി…
“ന്നാ പിന്നെ കാര്യം പറ… ന്താ പ്രശ്നം ”
എന്ന് ചോദിച്ചപ്പോൾ…

“അത് പിന്നെ… ഇന്നലെ ആയിരുന്നു മുംതാസിന്റെ നിശ്ചയം… ഞാനൊക്കെ പോയിരുന്നു… നല്ല സൂപ്പർ ചിക്കൻബിരിയാണി ആയിരുന്നു ”
എന്ന ഓളുടെ മറുപടി കേട്ടതോടെ മ്മളെ തലേന്നും മൂന്നാലഞ്ചു കിളികൾ എങ്ങോട്ടോ ചിറകടിച്ചു പാറിപ്പറന്നു പോയതുപോലൊരു ഫീൽ ..
വേഗം പിരിച്ച മീശ താഴ്ത്തി വച്ചിട്ട് കണ്ണിലും മുഖത്തും ലേശം ദയനീയത വാരി വിതറി…
സംഗതി സത്യം തന്നെ ആണോന്ന് ഉറപ്പിക്കാൻ വേണ്ടി..
“ഇയ്യ് വെറുതേ പറ്റിക്കാൻ പറഞ്ഞതല്ലേ… ”
എന്ന് ചോദിച്ചപ്പോൾ

ഓള് കൂളായി ന്റെ കയ്യിൽ കേറി പിടിച്ച് ഓളെ കൈ എന്റെ കയ്യിൽ ചേർത്തു വച്ചിട്ട് ..
“അല്ലാന്ന് സത്യായിട്ടും… പടച്ചോനാണ് സത്യം ”
എന്ന് തറപ്പിച്ചു പറഞ്ഞതോടെ കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ ആകെക്കൂടി വല്ലാണ്ടായി കയ്യും കാലും തളർന്നു ബുള്ളറ്റിന്മേൽ ചാരി അൽപനേരം അസ്തപ്രജ്ഞനായി നിന്നുപോയി…
“ഇങ്ങള് പേടിക്കണ്ടാന്ന്… ഇങ്ങള് മൊഞ്ചൻ അല്ലേ.. ഇങ്ങക്ക് ഓളെക്കാളും നല്ല സൂപ്പർ മൊഞ്ചത്തിമാരെ കിട്ടും ”
എന്ന് പറഞ്ഞു ഓള് ന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അന്നേരം അതൊന്നും തലയിൽ കേറുന്ന അവസ്ഥയിൽ ആയിരുന്നില്ല പാവം ഞാൻ…

“ആ… ആയിക്കോട്ടെ… പോണ വഴിക്ക് ഏതെങ്കിലും മൊഞ്ചത്തിമാരെ കിട്ടിയാൽ അറിയിക്കാം.. ട്ടോ ”
എന്ന് പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ടാക്കാൻ തുടങ്ങുന്നതിനിടക്കാണ്..
“ഇങ്ങളെ നമ്പറൊന്നു തര്വോ ” എന്ന ഓളുടെ ചോദ്യം…
” എന്തിനാ.. മൊഞ്ചത്തിമാരെ കിട്ടിയാൽ അറിയിക്കാൻ ആണോ ”
എന്ന് ചോദിച്ചപ്പോൾ..

ഓളൊരു ഇളിഞ്ഞ ചിരി ചിരിച്ചുകൊണ്ട്
“അല്ലാന്ന്… മുംതാസിന്റെ നിശ്ചയത്തിന് എടുത്ത ഫോട്ടോസ് സെൻഡ് ചെയ്തു തരാനാണ് ”
എന്ന് പറഞ്ഞപ്പോൾ “ചത്ത കിളിക്ക് എന്തിനാ കൂട് ” എന്ന് മനസ്സിൽ ഓർക്കാതിരുന്നില്ല…
ന്നാലും “അവസാനമായി ആ ഫോട്ടോസ് കൂടി കാണുന്നതിൽ എന്താ പ്പൊ ഇത്ര വലിയ തെറ്റ് എന്നോർത്തപ്പോൾ യാന്ത്രികമായി നമ്പർ കൊടുത്തുപോയി…

വീട്ടിൽ ചെന്ന് രാവിലത്തെ ചായയും കുടിച്ചു ദുഃഖഭാരം ലേശം കുറയ്ക്കാൻ വേണ്ടി ഇത്തിരി മയങ്ങിയാലോ എന്ന് കരുതി മുറിയിലേക്ക് കയറിയപ്പോഴുണ്ട് കട്ടിലിൽ പതിവുപോലെ രണ്ടു തലയിണ…
അത് കണ്ടതോടെ ആകെക്കൂടി പ്രാന്ത് പിടിച്ചു…
ഒരെണ്ണം എടുത്ത് മുറിക്ക് പുറത്തേക്ക് ഒരൊറ്റ ഏറും കൊടുത്തു വാതിലും അടച്ചു കമഴ്ന്നു കിടന്നൊന്നു മയങ്ങി…

ഉച്ചക്കെഴുന്നേറ്റപ്പോഴും മനസ്സ് നിറയെ മുംതാസിനെ നഷ്ടപ്പെട്ട വേദന ആയിരുന്നു…
ഒട്ടും വിശപ്പ്‌ തോന്നിയില്ല… ന്നാലും കറമൂസ (പപ്പായ ) തേങ്ങ അരച്ചു വച്ച കറിയും ഉണക്കമീൻ പൊരിച്ചതും കണ്ടപ്പോൾ ഒരു രണ്ടുമൂന്ന് പ്ളേറ്റ് ചോറ് തിന്നെന്ന് വരുത്തി വീണ്ടും ചെന്നു കിടന്നു മയങ്ങി…
വൈകുന്നേരം എണീറ്റു ദുഃഖഭാരം താങ്ങാനാവാതെ ചായയും കുറച്ചു കായവറുത്തതും മുണുങ്ങി അൽപനേരം റെസ്ലിങ് കണ്ടിരുന്നപ്പോൾ ലേശം ആശ്വാസം കിട്ടി എന്ന് വേണമെങ്കിൽ പറയാം…

അതിന് ശേഷം പുറത്തൊക്കെ ഒന്ന് കറങ്ങി രാത്രിക്കലേക്കുള്ള മീനും വാങ്ങി വീട്ടിലെത്തി ഒരു കുളിയും പാസാക്കി അടുക്കളയിൽ കയറി തപ്പിത്തിരഞ്ഞു നോക്കിയപ്പോൾ എന്തോ ഭാഗ്യത്തിന് ഉമ്മ എന്നും ഒളിപ്പിച്ചു വെക്കാറുള്ള ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ഇട്ടു വെക്കുന്ന പാത്രം കയ്യിൽ കിട്ടി…
നിശ്ചയം കഴിഞ്ഞ മുംതാസിനെ തിരിച്ചു കിട്ടിയാൽ പോലും മ്മക്ക് അത്ര സാറ്റിസ്ഫാക്ഷൻ കിട്ടൂല…
വേഗം ഒരു പിടി മുന്തിരിയും അണ്ടിപ്പരിപ്പും കൂടി വാരി വായിലിട്ടു ചവച്ചരച്ചു തിന്നപ്പോൾ അതുവരെ ഉണ്ടായിരുന്ന സങ്കടമൊക്കെ എവിടെയോ പോയി മറഞ്ഞു…

ബാക്കി റൂമിൽ കൊണ്ടുപോയി സമാധാനപരമായി തിന്നു തീർക്കാം എന്ന് കരുതി ഉടുത്ത ലുങ്കിക്കുള്ളിൽ കുപ്പി പൂഴ്ത്തി തിരിഞ്ഞതും നടപ്പുറത്ത് തന്നെ “ടപ്പോ ” ന്ന്‌ ഒരൊറ്റ അടിആയിരുന്നു… ആ അടിയുടെ വേദനയിൽ പുളഞ്ഞുപോയി…
തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ കയിലും കണയും പിടിച്ചു ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളി നിൽക്കുന്ന മ്മളെ ബ്ലഡി ഗ്രാമവാസി മദർ…

ഒപ്പം “കള്ള ഹിമാറെ… അത് എടുത്തോടത്ത് തന്നെ വെക്കെടാ ”
എന്നൊരു അലർച്ചയുംകൂടി കേട്ടതോടെ യാന്ത്രികമായി ലുങ്കിക്കുള്ളിൽ നിന്നും കുപ്പി എടുത്ത് അവിടെത്തന്നെ വച്ചുപോയി…
പുറം ഉഴിഞ്ഞുകൊണ്ട് “അണ്ടിപ്പരിപ്പും മുന്തിരിയും അല്ലേ… പൊരന്റെ ആധാരം ഒന്നും അല്ലല്ലോ ”
എന്ന് പറഞ്ഞപ്പോഴേക്കും മൂപ്പത്തി വീണ്ടും കയിലുംകണ പൊക്കി കാണിച്ചപ്പോൾ വേഗം അവിടുന്നും തടി എടുത്തു…

രാത്രി മീൻകറിയും കൂട്ടി അടുത്ത ട്രിപ്പും തീർത്തിട്ട് റൂമിൽ ചെന്ന് കിടന്നു…
ഉറക്കം ഒക്കെ പകലു കഴിഞ്ഞതുകൊണ്ട് രാത്രി സുക്കർക്കാനെ ലേശം ഹെൽപ് ചെയ്യാം എന്ന് കരുതി ഫേസൂക്കിൽ കേറാൻ വേണ്ടി ഫോൺ എടുത്ത ഉടനേ തന്നെ വാട്ട്സാപ്പിൽ ഒരു മൂന്നാലഞ്ചു മെസേജ്…
തുറന്നു നോക്കിയപ്പോൾ ഫസീന ആണ്… നിശ്ചയത്തിന് ഓളും കൂട്ടുകാരികളും ബിരിയാണി തിന്നുന്നതും മുംതാസിന്റെ ഒപ്പം നിന്ന് എടുത്തതും ആയ രണ്ടുമൂന്ന് ഫോട്ടോസ്… ഒപ്പം മുംതാസ് മാത്രമുള്ള ഒരെണ്ണം കണ്ണിൽ പെട്ടപ്പോൾ കുറച്ചു നേരം അറിയാതെ അതിലേക്കും നോക്കി ഇരുന്നുപോയി….
“അല്ലെടീ കുരുപ്പേ… അനക്ക് ഉറക്കമൊന്നുമില്ലേ ”

എന്ന് ചോദിച്ചപ്പോൾ അപ്പുറത്തുനിന്നും ഒരു ഇളിച്ചു കാട്ടുന്ന സ്മൈലി വന്നു… അതോടൊപ്പം “ഇന്ന് മുംതാസ് ഇങ്ങളെപ്പറ്റി ചോദിച്ചിരുന്നു ” എന്നു പറഞ്ഞപ്പോൾ മനസ്സിൽ വെറുതേ ഒന്നുരണ്ട് ലഡ്ഡു പൊട്ടി…
ലേശം ആക്രാന്തത്തോടെ “ഓള് എന്താ ചോദിച്ചത്” എന്ന് ചോദിച്ചപ്പോൾ…
“ഒന്നൂല്ല്യ… ഓൾക്ക് ഇങ്ങളോട് ഇഷ്ടമൊക്കെ ഉണ്ട്… പക്ഷേ ഒക്കെ കൈവിട്ടുപോയി എന്ന് പറഞ്ഞു… ”
അത് കേട്ടപ്പോൾ ശരിക്കും ദേഷ്യമാണ് വന്നത്
“ആ… അല്ലേലും ഈ പെണ്ണുങ്ങളൊക്കെ അങ്ങനെയാണ്… ആവശ്യമുള്ള സമയത്ത് ഒന്നും പറയൂല… ഒക്കെ കഴിഞ്ഞിട്ട് കുറേ കുഷ്ഠം ഉണ്ടെന്ന് പറഞ്ഞിട്ട് വല്ല്യ കാര്യം ഒന്നും ഇല്ല” എന്ന് റിപ്ലൈ കൊടുത്തു…
“Mm.. ഞാൻ അങ്ങനെ ഒന്നും അല്ല ട്ടോ.. ഇനിക്ക് ഇങ്ങളെ പണ്ടേ ഇഷ്ടാണ്… ഇപ്പളും ഇഷ്ടാണ് ”
എന്നായിരുന്നു ഓളെ മറുപടി…

അതുകൂടി കേട്ടതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി എന്റെ അവസ്ഥ…
റിപ്ലൈ എന്ത് കൊടുക്കണം എന്നറിയാതെ അന്തിച്ചു നിൽക്കുന്നതിനിടക്ക് ഓളുടെ അടുത്ത മെസേജ്ഉം വന്നു..
“ഇങ്ങള് പേടിക്കണ്ട… ഞാൻ എന്റെ കാര്യം പറഞ്ഞതാണ്.. ഞാൻ ഇങ്ങക്ക് ചേരൂല എന്ന് ഇനിക്ക് നല്ലോണം അറിയാം ”
എന്നായിരുന്നു അത്…
“അതെന്താ അങ്ങനെ പറഞ്ഞത്.. നിനക്കെന്താ ഒരു കുഴപ്പം ”
എന്ന് ചോദിച്ചപ്പോൾ…
“ഞാൻ കുറച്ചു തടി കൂടിപ്പോയി… ഇങ്ങക്ക് അധികം തടി ഇല്ലാത്ത പെണ്ണേ ചേരൂ ”

ഓളുടെ ആ റിപ്ലൈ കേട്ടതോടെ മനസ്സിൽ എന്തോ ഒരു ഭാരം പോലെ…
“അല്ലേലും ഇത്തിരി തടി കൂടിയാൽ എന്താ പ്പൊ ഇത്ര പ്രശ്നം…
തടിച്ചവർ മെലിയുന്നതും മെലിഞ്ഞവർ തടിക്കുന്നതും ഒക്കെ സ്വാഭാവികം അല്ലേ… എന്നുകരുതി അങ്ങനെ ഉള്ളോരെ ഒന്നും ആരും കൊണ്ടുപോയി പൊട്ടക്കിണറ്റിൽ ഇടാറില്ലല്ലോ ”
എന്ന് ചോദിച്ചപ്പോൾ അപ്പുറത്തുനിന്നും കണ്ണിൽ ലവ്‌ചിഹ്നം കത്തി നിൽക്കുന്ന രണ്ടു സ്മൈലി വന്നു… ഒപ്പം..
“അല്ലേലും നല്ല മനസ്സുള്ള ആൾക്കാർ പെട്ടെന്ന് തടിക്കും എന്ന് ഞാൻ ഏതോ ബുക്കിൽ വായിച്ചിട്ടുണ്ട്…. നിക്ക് കുറച്ചു നന്മ കൂടിപ്പോയി… അതോണ്ടാവും ”

എന്ന് പറഞ്ഞു കൂടെ കരയുന്ന സൈസ് രണ്ടു സ്മൈലിയും കൂടി കണ്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഒക്കെ മാറി അറിയാതെ ചിരി പൊട്ടിപ്പോയി….
അപ്പോഴേക്കും അവളിലെ പെണ്ണ് എന്നെ വല്ലാതെ ആകർഷിച്ചു തുടങ്ങിയിരുന്നു….
പിറ്റേന്ന് രാവിലെ മൊബൈലും തോണ്ടി ചൂട് കട്ടൻ ചായ ആറ്റി കുടിക്കുന്നതിനിടയിൽ ആണ് ഉമ്മ അലക്കിയ തുണി വിരിക്കാൻ വേണ്ടി മുറ്റത്തേക്ക് കടന്നു വന്നത്…

നോക്കുമ്പോൾ മ്മള് കഴിഞ്ഞ രണ്ടാഴ്ചയായിട്ട് സ്ഥിരമായി ഇടാറുള്ള നീല ജീൻസ്‌ ഞമ്മളോട് ഒരു വാക്ക് പോലും ചോദിക്കാതെ ഉമ്മ കൊണ്ടുപോയി അലക്കി നനച്ചു അയലിൽ വിരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…
“ഇങ്ങളോട് ആരാന്ന് അത് തിരുമ്പാൻ പറഞ്ഞത്… ഞാൻ ഇനി അങ്ങാടിക്ക് പോകുമ്പോൾ ഞാൻ എന്തിട്ടു പോകും ”
എന്ന് ചോദിച്ചപ്പോൾ ഉമ്മ ന്റെ നേർക്ക്‌ വല്ലാത്തൊരു കത്തുന്ന നോട്ടം നോക്കി
“അനക്ക് ഇതല്ലാതെ വേറൊന്നും ഇടാനില്ലെ മാന്വോ…. ഒന്നായിട്ടും ഉണക്കമീൻ നാറുന്നപോലെ നാറുന്നുണ്ടായിനി ”
എന്ന് പറഞ്ഞു മ്മളെ കൊച്ചാക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ വിട്ടുകൊടുക്കാൻ ഞാനും തയ്യാറായില്ല….
“എനിക്ക് തല്കാലം അത് ഇടാനെ സൗകര്യം ഉള്ളൂ.. ഇനി മേലാൽ ന്റെ ജീൻസ്‌ തിരുമ്പുന്നതിനു മുൻപ് ന്നോട് ചോദിക്കണം ”

എന്നൊരു ഉത്തരവ് കൊടുത്തതേ ഓർമ്മയുള്ളൂ….
ഉടനേ തന്നെ മൂപ്പത്തി അയലിൽ ഇട്ട ജീൻസ്‌ എടുത്ത് മുറ്റത്തിട്ട് അതിൽ നന്നായൊന്നു ചവിട്ടിക്കൂട്ടിയിട്ട് ന്റെ കയ്യിൽ കൊണ്ടുവന്നു തന്നിട്ട് പറയാ…
“ന്നാ .. ന്റെ മോന്റെ ജീൻസ്‌.. ഇനി ഇതും ഇട്ടു അങ്ങാടിക്കോ വാപ്പാന്റെ ഖബറുംപുറത്തോ… എങ്ങോട്ടാന്നു വച്ചാൽ പൊയ്ക്കോ ” ന്ന്‌….
അതുംകൂടി ആയപ്പോൾ കണ്ണീന്ന് വെള്ളം വന്നുപോയി…
രാവിലെ ചായക്ക് ചൂട് കുറഞ്ഞുപോയ കുറ്റത്തിന് വാപ്പാന്റടുത്തുനിന്നും ഗ്ലാസുകൊണ്ട് ഏറ് വാങ്ങിയ ഉമ്മ വാപ്പാക്ക് കരുതി വച്ചത് മോനിട്ടു തന്നതാണെന്ന് പിടികിട്ടിയെങ്കിലും ഇനീം എന്തേലും പറഞ്ഞാൽ ആ സാധനം ചിലപ്പോ ഒരു കത്തി എടുത്തോണ്ട് വന്ന് ഞമ്മളെ കുത്തിക്കൊല്ലാനും മടിക്കൂല എന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാൻ നിന്നില്ല …

ഏതായാലും വേണ്ടില്ല പാവം ഉമ്മച്ചിക്കുട്ടിയെ ഒന്ന് ആശ്വസിപ്പിച്ചു കളയാം എന്ന് കരുതി നേരെ മൂപ്പത്തിയുടെ പുറകേ അലക്കുകല്ലിനടുത്തേക്ക് വച്ച് പിടിച്ചു….
മൂപ്പത്തി അലക്കുന്നതിനിടക്ക് തൊട്ടടുത്തുള്ള വാഴയുടെ ഇലയും നുള്ളിപ്പറിച്ചുകൊണ്ട് എന്തേലും മിണ്ടാനുള്ള ചാൻസും നോക്കി ഞാൻ മെല്ലെ ചുറ്റിപ്പറ്റി നിന്നു….

അധികം വൈകാതെത്തന്നെ ആ നിൽപ്പിനു ഗുണമുണ്ടായി…
“ന്താണ്ടാ.. കുറേ നേരായല്ലോ ന്റെ വൈത്താലെ മണപ്പിച്ചു നടക്കുന്നു… ന്താ കാര്യം ”
എന്ന് ചോദിച്ച ഉടനേ തന്നെ ഞാൻ കാര്യം എടുത്തിട്ടു…
“അല്ലുമ്മാ.. ഇങ്ങളെ മരുമോൾക്ക് ഇത്തിരി തടി കൂടിപ്പോയാൽ ഇങ്ങക്ക് ന്തേലും പ്രശ്നം ഉണ്ടോ. ”
അത് കേട്ടപ്പോൾ തന്നെ ഉമ്മാന്റെ മുഖം സിഎഫ്എൽ ബൾബ് പോലെ തിളങ്ങാൻ തുടങ്ങി…
“തടിച്ചതും കറുത്തതും ഒന്നും ന്റെ മോന് വേണ്ട…. ഐശ്വര്യാറായിനെപ്പോലെ ഉള്ള ഒരുത്തിയെ മരുമോളായി കിട്ടണം ന്നാണ് ന്റെ സങ്കല്പം ”

എന്ന ഉമ്മാന്റെ മറുപടി കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി…
ഈ തള്ളക്ക് ന്നോട് ഇത്ര സ്നേഹം ഉണ്ടായിരുന്നെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

അപ്പൊ തന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ വേണ്ടി കോരിത്തരിച്ചു നിൽക്കുന്നതിനിടക്കാണ് ഉമ്മാന്റെ അടുത്ത പ്രസ്താവന വന്നത്…
” ഏതായാലും കാട്ടുമാക്കാനെപ്പോലെ ഉള്ള ന്റെ മോനെ ഒരു പെണ്ണിനും ഇഷ്ടപ്പെടൂല… അനക്ക് ഈ ജന്മത്ത് പെണ്ണ് കിട്ടാനും പോണില്ല… ആകെക്കൂടി ഉള്ളത് മരുമോളെക്കുറിച്ചുള്ള സങ്കല്പമാണ്… അതെങ്കിലും കുറച്ചു നന്നായിക്കോട്ടെ ന്ന്‌ വിചാരിച്ചിട്ടാണ് ട്ടോ മാന്വോ…

അതോണ്ട് ഇജ്ജ് ഇവിടെക്കിടന്നു അധികം ലഡ്ഡു പൊട്ടിക്കാൻ നിക്കാണ്ടെ കേറിപ്പോടാ അകത്തേക്ക് ”
എന്നൊരു ആട്ടായിരുന്നു… അതുംകൂടി കേട്ടതോടെ പകച്ചുപോയി ന്റെ ബാല്യവും കൗമാരവും യൗവനവും ഒക്കെ…
അന്നേരം വന്ന ദേഷ്യം പിടിച്ചിരുന്ന വാഴയുടെ ഇലയിൽ തീർത്തുകൊണ്ട് ശക്തിയായി വാഴ പിടിച്ചു കുലുക്കി
“ഇങ്ങളോട് ചോയ്ച്ച ചോദ്യത്തിന് മറുപടി പറഞ്ഞാൽ മതി.. അല്ലാണ്ടെ ആളെ ഒരുമാതിരി ആക്കാൻ നിക്കരുത്‌ ”
എന്ന് കണ്ണിൽ വെള്ളം നിറച്ചു ദേഷ്യവും സങ്കടവും ഒക്കെ കൂടി കൂട്ടിക്കലർത്തി പറഞ്ഞപ്പോൾ ആണ് മൂപ്പത്തിക്ക് ഞാൻ സീരിയസ് ആയിട്ടാണ് ചോദിച്ചത് എന്ന് പിടികിട്ടിയത്….
മൂപ്പത്തി അലക്കൊക്കെ നിർത്തി ബക്കറ്റിലെ വെള്ളത്തിൽ കയ്യും മുഖവും ഒക്കെ കഴുകി നേരെ വന്ന് ന്നെ ചേർത്തു പിടിച്ചുകൊണ്ട്…

“ന്താ മാന്വോ… ന്താ ന്റെ കുട്ടിക്ക് പറയാനുള്ളത്. ”
എന്ന് സ്നേഹത്തോടെ ചോദിച്ചപ്പോൾ ഞാൻ ആദ്യത്തെ ചോദ്യം വീണ്ടും ആവർത്തിച്ചു…
അത് കേട്ട ഉടനേ മൂപ്പത്തി ചിരിച്ചുകൊണ്ട്..
“ഇതിലിപ്പോ അതിനുമാത്രം എന്ത് ആലോചിക്കാനാ മാന്വോ.. തടിയും മെലിച്ചിലും ഒക്കെ പടച്ചോൻ തരുന്നതല്ലേ…
ന്റെ മോനെ സ്നേഹിക്കാനും നല്ലോണം നോക്കാനും മനസ്സുള്ള ഒരു മരുമോളെ ആണ് ഉമ്മാക്ക് വേണ്ടത് ”
എന്ന ഉമ്മാന്റെ വാക്കുകൾ കേട്ടപ്പോൾ… പിന്നൊന്നും നോക്കീല.
ഫോൺ എടുത്തു തുറന്നു ഫസീനാന്റെ ഫോട്ടോ കാണിച്ചിട്ട്
“ഏകദേശം ഇത്ര തടി ഉള്ള മരുമോൾ ആണെങ്കിൽ ഇങ്ങക്ക് കുഴപ്പം ണ്ടോ ”
എന്നങ്ങോട്ട് ചോദിച്ചു…

“ഇതൊക്കെ പ്പൊ ഒരു തടി ആണോ… ഇതിലും തടി ഇല്ലേ സുബൈറിന്റെ പെണ്ണിന്…
ന്നട്ട് ഓനും ഓളും നല്ല ഹാപ്പി ആയി ജീവിക്കുന്നില്ലേ ”
ഉമ്മ അത് പറഞ്ഞപ്പോൾ ആണ് മ്മളെ അമ്മോന്റെ മോൻ സുബൈർക്കാന്റെ കാര്യം ഓർമ്മ വന്നത്…
സംഗതി ശരിയാണ്… മൂപ്പരെ കെട്ട്യോൾ സജ്നത്താക്ക് ഒടുക്കത്തെ തടി ആണ്… പക്ഷേ മൂപ്പത്തിയുടെ പെരുമാറ്റവും സ്വഭാവവും കണ്ടാൽ ആരും അറിയാതെ ഇഷ്ടപ്പെട്ടു പോകും….

ഇങ്ങനെ ഓരോന്ന് ഓർത്തു നിൽക്കുന്നതിനിടക്കാണ് ഉമ്മാന്റെ അടുത്ത ചോദ്യം വന്നത്…
“അല്ല മാന്വോ… ഈ ഫോട്ടത്തിൽ ഉള്ള കുട്ടി ഏതാ.. നല്ല രസം ണ്ടല്ലോ കാണാൻ ” ന്ന്‌…
“അത് ഞാൻ ചെറുതായി സ്നേഹിക്കുന്ന കുട്ടിയാണ് മ്മാ ”
എന്ന് പറഞ്ഞതും മൂപ്പത്തിയുടെ മുഖഭാവം മാറി വരുന്നത് ഞാൻ കണ്ടിരുന്നു…
ഒഴിഞ്ഞു മാറാൻ പറ്റിയില്ല അതിന് മുന്നേ കിട്ടി നടപ്പുറത്ത് തന്നെ ഒന്ന്…
അടുത്തതിനു കൈ ഓങ്ങുന്നതിനു മുന്നേ തന്നെ ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു…
ഓടി കയ്യകലത്തിൽ നിന്നും ലേശം മാറി തിരിഞ്ഞു നിന്നിട്ട്

“അല്ല.. സൂറാബീ… ഇങ്ങളല്ലേ പറഞ്ഞത് കാട്ടുമാക്കാനെപ്പോലുള്ള ന്നെ പെങ്കുട്ട്യോൾക്കൊന്നും ഇഷ്ടപ്പെടൂലന്ന്‌… ഇപ്പൊ ഞമ്മക്ക് ആറ്റു നോറ്റു ഒരുത്തിയെ കിട്ടിയപ്പോൾ ഇങ്ങക്ക് അസൂയ.. ലേ ”
എന്നങ് കാച്ചി…

“അസൂയ അന്റെ ബാപ്പാക്കാണ് ദജ്ജാലേ… ആദ്യം മര്യാദക്ക് എന്തെങ്കിലും പണി എടുത്ത് ജീവിക്കാൻ നോക്കെടാ ”
എന്നും പറഞ്ഞു മൂപ്പത്തി വെള്ളം നിറച്ചു വച്ച ബക്കറ്റ് കയ്യിലെടുത്തതോടെ അവിടുന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു 😁😁
ഏതായാലും അന്നത്തോടെ ഫസീനയെ തന്നെ മ്മളെ ഹൂറി ആക്കുന്ന കാര്യം മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു…
അല്ലേലും ഇച്ചിരി തടി ഉള്ളവരെ കാണാൻ ഒരു പ്രത്യേക മൊഞ്ചാണ് 😍😍

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *