തിരക്ക് പിടിച്ച ഈ ലോകത്ത് മക്കളെ പരിചരിക്കാനും അവരെ നേരാംവണ്ണം സംരക്ഷിക്കാനും മിക്ക മാതാപിതാക്കള്‍ക്കും സമയം കിട്ടാറില്ല. പലപ്പോഴും അത് ദോഷത്തിലേക്ക് എത്തിക്കാറുമുണ്ട്. അശ്രദ്ധമൂലം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വരെ നഷ്ടമായേക്കാം. ഇത്തരത്തില്‍ മാതാപിതാക്കളുടെ കണ്ണുകള്‍ തുറപ്പിക്കാനുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിലേക്ക് ഒരു കുഞ്ഞ് ഓടിയിറങ്ങുകയും ആ സമയം റോഡിലൂടെ പാഞ്ഞുവന്ന ഒരു ലോറി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം പെട്ടെന്ന് ബ്രേക്കിട്ട് കുഞ്ഞിന്റെ ജീവന് രക്ഷിക്കുകയുമായിരുന്നു. ഇരുവശത്തും വണ്ടികള്‍ ബ്രേക്കിട്ടു നിര്‍ത്തിയപ്പോള്‍ റോഡിന്റെ നടുവില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു കുഞ്ഞ്.
ഈ സമയം അതുവഴി വന്ന ഒരു ബൈക്ക് യാത്രികനാണ് കുഞ്ഞിനെ എടുത്ത് തൊട്ടടുത്ത കടക്കാരന് കൈമാറുന്നത്. പിന്നീട് കുഞ്ഞിന്റെ അമ്മ ഓടിവരുന്നതും കുട്ടിയെ എടുക്കുന്നതും വീഡിയോയില്‍ കാണാം.