ഇപ്പോൾ ലോകസിനിമയിൽ തുറന്നുപറച്ചിലിന്റെ കാലമാണ്. പണ്ടൊക്കെ നടിമാർ പീഡനവിവരം ആരുമറിയാതെ രഹസ്യമാക്കി വച്ചിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി മാറി. താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറയാൻ നടിമാർ മടിക്കുന്നില്ല. അതും പീഡനവിവരം പരസ്യപ്പെടുത്തുന്നതോ നവമാധ്യമങ്ങളിലൂടെയും. അതുക്കൊണ്ടുതന്നെ പല പ്രമുഖരുടെയും പൊയ്മുഖങ്ങൾ സമൂഹം അറിയുന്നു.
അമേരിക്കന്‍ സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന കഥകള്‍ ഓരോന്നായി പുറത്തുവന്നതിനുശേഷം മിക്കവാറും നമ്മൾ കേൾക്കുന്നതാണ് കാസ്റ്റിങ് കൗച്ചിന്റെ കഥകള്‍. മീ റ്റു കാമ്ബയിനിന്റെ ഭാഗമായി പലരും തുറന്നുപറച്ചിലുകള്‍ നടത്തിയെങ്കിലും ആരും വ്യക്തമായ തെളിവുകളൊന്നും നിരത്തിയിരുന്നില്ല. എന്നാല്‍, ഇങ്ങനെ വെറുതെ സൂചന നല്കി പോസ്റ്റിടാനൊന്നും തയ്യാറായിരുന്നില്ല ടെലിവിഷന്‍ താരം സുലഗ്ന ചാറ്റര്‍ജി.
കാസ്റ്റിങ് കൗച്ചിന്റെ നല്ല ഒന്നാന്തരം തെളിവ് തന്നെ ഹാജരാക്കിയിരിക്കുകയാണ് സുലഗ്ന. സംവിധായകനുവേണ്ടി കിടക്ക പങ്കിടല്‍ ആവശ്യം ഉന്നയിച്ച് ഒരു ഏജന്റ് അയച്ച വാട്സ്ആപ്പ് ചാറ്റ് പരസ്യമാക്കുകയാണ് സുലഗ്ന ചെയ്തത്. ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവന്‍ പണവും നല്കി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതില്‍ താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം.
വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോള്‍ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരന്. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയര്‍ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരന്. ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് സുലഗ്ന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
ഇതുപോലുള്ള ഓഫറുകള്‍ സര്‍വസാധാരണമാകുമ്പോൾ അത് നമ്മളെ ബാധിക്കുകയേ ഇല്ല എന്നാണ് ഈ പോസ്റ്റിന് സുലഗ്നയിട്ട കുറിപ്പ്. പബ്ലിസിറ്റിയൊന്നും ആഗ്രഹിച്ചല്ല താന്‍ ഈ പോസ്റ്റിട്ടതെന്ന് സുലഗ്ന പിന്നീട് ഒരു വെബ്സൈറ്റിനോട് വിശദീകരിച്ചു. ഒരു വര്‍ക്കിനുവേണ്ടിയാണ് ഈ ഏജന്റിന് നമ്പർ കൊടുത്തത്. എന്നാല്‍, അതാരാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ബോളിവുഡിലെ ഒരു എ ലിസ്റ്റ് നടനൊപ്പമുള്ള ഒരു പരസ്യത്തിനുവേണ്ടിയാണ് ഇയാള്‍ മെസ്സേജ് അയച്ചത്. ഓഫര്‍ കേട്ടപ്പോള്‍ എനിക്ക് ആദ്യം സന്തോഷമാണ് ഉണ്ടായത്.
ഒരു ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ എന്നു പറഞ്ഞപ്പോള്‍ സ്ക്രീന്‍ ടെസ്റ്റാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് അയാളുടെ സ്വരം മാറിയതെന്ന് സുലഗ്ന പറയുന്നു. സിനിമാരംഗത്തെ എ ലിസ്റ്റ് താരങ്ങളില്‍ നിന്ന് ഇത്തരമൊരു അനുഭവവും തനിക്ക് ഉണ്ടായിട്ടില്ലെന്നും സുലഗ്ന പറഞ്ഞു. ഏതെങ്കിലും ഒരു സംവിധായകനോ നിര്‍മാതാവോ ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല. ഇത്തരം ഓഫറുകളെല്ലാം വരുന്നത് ഇടനിലക്കാരില്‍ നിന്നാണെന്ന് സുലഗ്ന പറയുന്നു.