Breaking News
Home / Lifestyle / വിധവയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച ഉമ്മച്ചിയോട്‌ അവൾ പറഞ്ഞത്‌ ഒരേ ഒരു കണ്ടീഷൻ, പക്ഷെ..!!

വിധവയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച ഉമ്മച്ചിയോട്‌ അവൾ പറഞ്ഞത്‌ ഒരേ ഒരു കണ്ടീഷൻ, പക്ഷെ..!!

“മോളെ… അന്റെ കാര്യം ആലോയിച്ചിട്ട് ഉമ്മാക്ക് ഒരു സമാധാനവും ഇല്ല ”
ജോലി കഴിഞ്ഞു വീട്ടിൽ വന്നു കേറിയ ഉടനേ തന്നെ ഒന്നും രണ്ടും പറയുന്ന കൂട്ടത്തിൽ ഉമ്മച്ചി പതിവ് പല്ലവി തിരുകികയറ്റിയപ്പോൾ തന്നെ.. വിഷയം മാറ്റാൻ വേണ്ടി
“എനിക്കേ.. നല്ല ക്ഷീണം.. ഞാനൊന്ന് കുളിച്ചിട്ട് വരാം ട്ടോ ഉമ്മാ.. ”
എന്നും പറഞ്ഞു മെല്ലെ അവിടുന്നും മുങ്ങി…

ബാത്‌റൂമിൽ ഷവറിനു കീഴിൽ ചെന്ന് നിന്നപ്പോൾ മുഴച്ചു നിന്ന അവയവങ്ങൾ പലതും ഓർമ്മപ്പെടുത്തി….
ജാബിക്കാ ഒരു മഴയായിരുന്നു… ചിലപ്പോൾ വേനലായി ചുട്ടു പൊള്ളിക്കുന്ന.. മറ്റു ചിലപ്പോൾ പൊട്ടിത്തെറികളിലൂടെ ഭയപ്പെടുത്തുന്ന വല്ലാത്തൊരു മഴ…
മറ്റു ചിലപ്പോൾ തോന്നും ഒരു വസന്തമായിരുന്നെന്ന്….
ചിന്തകൾ കാട് കയറിത്തുടങ്ങിയപ്പോൾ നിൽക്കുന്നത് ഷവറിന്റെ ചുവട്ടിൽ ആണെന്ന് അല്പനേരത്തേക്കു മറന്നുപോയി….

അപ്പോഴും ഒരു പുരുഷസ്പർശനത്തിനു വേണ്ടി ഞെളിപിരി കൊള്ളുകയും അസ്വസ്ഥരാവുകയും ചെയ്യുന്ന അവയവങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് പെട്ടെന്ന് തന്നെ കുളിച്ചെന്നു വരുത്തി ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി…
ഡ്രസ്സ്‌ മാറ്റി ഡൈനിങ് ഹാളിലേക്ക് ചെന്നപ്പോൾ ഉമ്മ ടേബിളിൽ ചായയും കടിയും ഒക്കെ ഒരുക്കിവച്ചുകൊണ്ട് വെയിറ്റിങ്ങിൽ ആണ്….
ചായകുടിക്കുന്നതിനിടക്ക് മുന്നിൽ വച്ച പ്ലേറ്റിൽ നിന്നും ഇത്തിരി കായവറുത്തത് വാരി വായിലേക്കിട്ടുകൊണ്ട് ഉമ്മ അടുത്ത നമ്പർ ഇറക്കി…
“അനക്ക് ആയിഷമ്മായിനെ അറിയോ… ജാബിറിന്റെ ഉപ്പാന്റെ പെങ്ങള് ”
എന്ന് ചോദിച്ചുകൊണ്ടായിരുന്നു തുടക്കം…
“ഉം.. അറിയാ… അമ്മായിക്ക് എന്ത് പ
റ്റി ”
എന്ന് തിരിച്ചു ചോദിച്ചപ്പോൾ…
“അതൊന്നും അല്ല മണുക്കൂസേ… ആയിഷത്താന്റെ മൂത്ത മരുമോള് ഫസീനക്ക് ഒരു ആങ്ങള ഉണ്ട്… ഓൻ ഒന്ന് കെട്ടി ഒഴിവാക്കിയതാണ്… ഞാൻ ഒന്ന് ആലോയിച്ചു നോക്കട്ടെ ”
കറക്ട് പോയിന്റിൽ എത്തിച്ചു നിർത്തിയിട്ട് ചോദ്യഭാവത്തോടെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ടുള്ള മൂപ്പത്തിയുടെ ആ ഇരിപ്പ് കണ്ടപ്പോൾ ചിരി വന്നു പോയി…

“ആ.. ഇങ്ങള് ധൈര്യായിട്ട് നോക്കിക്കോളി… ഇങ്ങളെ രണ്ടാളെയും കല്ല്യാണം ഈ ഞാൻ നടത്തിത്തരും ”
എന്ന് പറഞ്ഞതോടെ മൂപ്പത്തി തല്ലാൻ വേണ്ടി കയ്യോങ്ങി അടുത്ത് വന്നപ്പോഴേക്കും വേഗം അവിടുന്ന് എഴുന്നേറ്റ് റൂമിലേക്ക്‌ ഓടാൻ നോക്കുന്നതിനിടക്കാണ് മ്മളെ ചുച്ചുമണിയുടെ രംഗപ്രവേശം…
അപ്പോഴേക്കും ഉമ്മാന്റെ ശ്രദ്ധ അവന്റെ നേർക്ക്‌ പോയതുകൊണ്ട് തൽക്കാലം ഞാൻ രക്ഷപ്പെട്ടു…
“വെല്ലിമ്മച്ചീന്റെ ചുച്ചുമണി എണീറ്റോ… വാ ”
എന്ന് പറഞ്ഞു കൈ നീട്ടിയപ്പോഴേക്കും മൂപ്പര് ഓടിച്ചെന്നു വെല്ലിമ്മാന്റെ മടിയിൽ കേറി ഇരിപ്പുറപ്പിച്ചു….
സ്വന്തം ഉമ്മ ഇപ്പുറത്ത് ഇരിക്കുന്നുണ്ട് എന്നുള്ള യാതൊരു മൈൻഡും ആ പഹയന് ഇല്ല….
ജാബിക്കയും ഇങ്ങനെ ആയിരുന്നു…

ഉമ്മ കഴിഞ്ഞേ മൂപ്പർക്ക് മറ്റെന്തും ഉള്ളൂ….
ഉമ്മക്ക് പിന്നേ എല്ലാരോടും എപ്പോഴും സ്നേഹം മാത്രമാണ്….
ഉമ്മാ എന്ന് വിളിക്കാൻ സ്വന്തമായി ഒരു ഉമ്മ ഇല്ലാത്തതുകൊണ്ടോ അതോ ആ ഉമ്മയുടെ സ്നേഹം കാരണമോ എന്നറിയില്ല…

അവരെ ഉമ്മ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ എന്നെക്കൊണ്ടും സാധിക്കില്ല…
ഉമ്മ ചെറുപ്പത്തിലേ മരിച്ചതാണ്…
ഉപ്പ വേറെ കെട്ടിയപ്പോൾ ആ വീട്ടിൽ ഞാനൊരു അധികപ്പറ്റായി മാറി…
പിന്നെ നോക്കിയതും ജാബിക്കയുമായുള്ള കല്ല്യാണം നടത്തിത്തന്നതും ഒക്കെ അമ്മോൻമാരാണ്…
അവരെ വീണ്ടും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ജാബിക്കയുടെ മരണശേഷം പലവട്ടം വന്നു വിളിച്ചിട്ടും അവരുടെ കൂടെ പോകാൻ തയ്യാറായില്ല…
ജീവിതത്തിൽ ആദ്യമായി അടുത്തറിഞ്ഞ അനുഭവിച്ച സ്നേഹിച്ച പ്രണയിച്ച പരസ്പരം എല്ലാം പങ്കുവച്ച പുരുഷൻ എന്ന

സാധാരണ ഏതൊരു സ്ത്രീക്കും ഉണ്ടാവാൻ സാധ്യതയുള്ള സെന്റിമെന്റ്സിനപ്പുറം മറ്റൊരു കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ മറ്റു പല കാരണങ്ങളും ഉണ്ടായിരുന്നു…
അതിൽ പ്രധാനപ്പെട്ട കാരണം “ചുച്ചുമണി ” എന്ന് ഞാനും ഉമ്മയും വിളിക്കുന്ന ഫർഹാൻ തന്നെ ആണ്…
മറ്റൊരു വിവാഹം അവനെ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടും എന്ന് എനിക്കുറപ്പാണ്…
ഉമ്മ മരിച്ചപ്പോൾ വാപ്പയുടെ ബലഹീനത എന്നെ വെറുമൊരു അന്യയാക്കിയതുപോലെ ഒരു അഭയാർത്ഥിയെപ്പോലുള്ള ജീവിതത്തിലേക്ക് തള്ളിവിട്ടതുപോലെ സ്വാർത്ഥമായ ഒരു തീരുമാനത്തിലൂടെ സ്വന്തം മോനും ആ വിധി സമ്മാനിക്കാൻ ഒരു ഉമ്മ എന്ന നിലയിൽ ഞാൻ ഒരിക്കലും ഒരുക്കമല്ലായിരുന്നു…
ഇപ്പോൾ നല്ല ജോലി ഉണ്ട്… സ്നേഹിക്കാനും കൂടെ നിൽക്കാനും ഉമ്മ ഉണ്ട്… പ്രതീക്ഷയായി വളർന്നു വരുന്ന ഒരു മകനുണ്ട്…

ഇതിനിടയിൽ വിധവ എന്ന് പറഞ്ഞാൽ എളുപ്പത്തിൽ വഴങ്ങിക്കൊടുക്കാൻ വേണ്ടി തയ്യാറായി നിൽക്കുന്ന ഒരു ഭോഗവസ്തു ആണെന്ന് തെറ്റിദ്ധരിച്ചു
“കിട്ടുമോ ” എന്ന് പച്ചക്ക് ചോദിക്കുന്നവരെയും മുട്ടിയുരുമ്മി നിന്നും സംഭാഷണത്തിനിടക്ക് ദ്വയാർത്ഥം തിരുകിക്കയറ്റി ആത്മസംതൃപ്തി അടയുന്നവരെയും നിത്യജീവിതത്തിൽ ഓഫീസിലും ബസ്സിലും പോകുന്നിടങ്ങളിൽ എല്ലാം കണ്ടുമുട്ടാറുണ്ട്…

അവരെയെല്ലാം ആട്ടിയകറ്റി ജീവിക്കുന്നതിനിടക്ക് കിട്ടാതെ പോയവരിൽ പലരും
“അവളത്ര വെടിപ്പല്ല ” എന്ന് പറഞ്ഞു സദാചാരം ചമഞ്ഞുകൊണ്ട് വെടക്കാക്കി തനിക്കാക്കാനും ശ്രമിക്കാറുണ്ട്…
അതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു..
എങ്കിലും വികാരവും വിചാരവും ഉള്ള മാംസളമായ ശരീരമുള്ള ഒരു മനുഷ്യസ്ത്രീ എന്ന നിലയിൽ വല്ലപ്പോഴും ഉറക്കം വരാത്ത രാത്രികളിൽ കടന്നുവരുന്ന കാലുകൾക്കിടയിലെ ദാഹത്തെ ശമിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു വിവാഹം തീർത്തും ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് എനിക്കുണ്ട്…
അത്തരം ചാപല്യങ്ങളെ അടക്കി നിർത്തുന്ന സാഹസികത ആസ്വദിക്കാൻ ഞാൻ തയ്യാറാണെങ്കിൽ പിന്നെ മറ്റുള്ളവർ എന്തിനിത്ര ബേജാറാവുന്നു എന്ന് മാത്രം എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല….

രാത്രി ഭക്ഷണം ഒക്കെ കഴിച്ചു ചുച്ചുമണിയുടെ കൂടെ കുറച്ചു ഗുസ്തി പിടിച്ച ശേഷം ഡൈനിങ് ഹാളിൽ ഇരുന്നു TV കാണുന്നതിനിടക്കാണ് ഉമ്മയുടെ അടുത്ത രംഗപ്രവേശം…
“ഇനിക്ക് ഇന്ന് രണ്ടിൽ ഒന്ന് അറിയണം.. ഇയ്യ് വേറൊരു കല്യാണം കഴിക്കാൻ സമ്മതിക്കുന്നുണ്ടോ ഇല്ലേ ”
എന്നും ചോദിച്ചുകൊണ്ട്… ഇത്തവണ മുഖഭാവം അത്ര പന്തി അല്ല… ദേഷ്യവും സങ്കടവും പിന്നെ വേറെന്തൊക്കെയോ ആ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്…
“എനിക്ക് തൽക്കാലം കല്യാണം വേണ്ട… ഉമ്മാക്ക് വേണേൽ ഉമ്മ കെട്ടിക്കോ… എനിക്ക് ഒരു ബാപ്പാനെക്കൂടി കിട്ടുമല്ലോ… ”

എന്ന് പറഞ്ഞതോടെ മൂപ്പത്തിയുടെ മുഖം ഒന്നുകൂടി വലിഞ്ഞു മുറുകി..
“ന്നാ ഇയ്യ് ഇവിടുന്നും ഇറങ്ങിക്കോ.. ന്നട്ട് എവിടാന്ന് വച്ചാൽ പോയി നിന്റെ ഇഷ്ടംപോലെ ജീവിച്ചോ ”
എന്ന് കൂടി കേട്ടതോടെ സമാധാനമായി..
അതുവരെ ഒക്കെ ഒരു ചെവിയിൽകൂടി കേട്ടു മറ്റേ ചെവിയിൽകൂടി വിട്ടിരുന്ന എനിക്കും അത് വല്ലാതെ കൊണ്ടു..
“ഓ … അപ്പൊ അതായിരുന്നു ലേ.. ഇങ്ങളെ മനസ്സിൽ… ഞാനും മോനും ഇങ്ങക്കൊരു ഭാരമായി തോന്നുന്നുണ്ടെങ്കിൽ നാളെത്തന്നെ ഇറങ്ങിത്തരാം ”

എന്റെ മറുപടി കേട്ടതോടെ ആള് വല്ലാതെ ആയി…
അതുവരെ അഭിനയിച്ചിരുന്ന ദേഷ്യക്കാരിയുടെ മുഖംമൂടി ഒക്കെ അഴിച്ചു വച്ചിട്ട് പതിയെ അടുത്തു വന്നിരുന്നു…
“അല്ലെടീ.. ഞാൻ അന്റെ ഉമ്മ അല്ലേ.. അനക്ക് നല്ലൊരു ജീവിതം വേണം ന്ന്‌ ആഗ്രഹിക്കുന്നത് അത്ര വല്യ തെറ്റാണോ ”

എന്ന് വളരെ സൗമ്യമായി ചോദിച്ചപ്പോൾ..
“ഏയ്‌.. അല്ലുമ്മാ… ഇനിക്ക് ഇവിടെ ഇങ്ങളെ കൂടെ ഇങ്ങനെ ജീവിക്കുമ്പോൾ നല്ലൊരു സുരക്ഷിതത്വം ഉണ്ട്… അത് ഒഴിവാക്കി എങ്ങോട്ടും പോകാൻ എനിക്കിഷ്ടമല്ല ”
അപ്പോഴേക്കും മൂപ്പത്തിയുടെ കണ്ണൊക്കെ നിറഞ്ഞു വല്ലാണ്ടായി..
“അത് പിന്നെ.. രാവിലെ ഇറങ്ങിപ്പോയി വൈകുന്നേരം കേറി വരുന്ന അന്നെപ്പറ്റി ഓരോരുത്തര് ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ.. ”

അതുകൂടി കേട്ടപ്പോൾ ചിത്രം വ്യക്തമായി…
പരദൂഷണക്കാരാണ് ഉമ്മാന്റെ ഈ നിർബന്ധങ്ങളുടെയൊക്കെ പിന്നിൽ കളിക്കുന്നത്…
അല്ലേലും ഒരു പെണ്ണ് കെട്ട്യോൻ ഇല്ലാതെ ഒറ്റക്കോ അല്ലാതെയോ ജീവിക്കുമ്പോൾ കണ്ണുകടി വരുന്ന കുറേ ജീവികൾ ഉണ്ടല്ലോ മ്മളെ സമൂഹത്തിൽ….
പെണ്ണുങ്ങൾ തന്നെയാണ് പെണ്ണിനെ കുറ്റം പറയാൻ ഏറ്റവും മുൻപന്തിയിൽ എന്നതാണ് ഏറെ രസകരം
എന്നാലും ചെറുപ്പത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും ഒറ്റയ്ക്ക് ഒരു മോനെ വളർത്തി വലുതാക്കിയ ഉമ്മയെപ്പോലുള്ളവരെ വരെ സ്വാധീനിക്കാൻ ഇത്തരക്കാർക്ക് സാധിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി….

“ആയിക്കോട്ടെ ഉമ്മാ… ഞാൻ കല്യാണത്തിന് സമ്മതിക്കാം ”
എന്ന് പറഞ്ഞതോടെ ഉമ്മാന്റെ മുഖം പതിനാലാം രാവിൽ ചന്ദ്രിക ഉദിച്ചതുപോലെ തിളങ്ങാൻ തുടങ്ങി…
“പക്ഷേ ചെറിയൊരു കണ്ടീഷൻ ഉണ്ട് “..
എന്ന് പറഞ്ഞപ്പോൾ ഉമ്മ ചോദ്യഭാവത്തോടെ മുഖത്തേക്ക് നോക്കി…
“അത് പിന്നെ… ചുച്ചുമണിയെ ഞാൻ കൂടെ കൊണ്ടുപോകും… ഓനെ മോനെപ്പോലെ നോക്കാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങള് നോക്കിക്കോളി ”
അത് കേട്ടതോടെ ഉമ്മ ആകെ വെപ്രാളപ്പെട്ട്..
“ഏയ്‌ അത് പറ്റൂല… അപ്പൊ പിന്നെ എനിക്ക് ആരാ ണ്ടാവാ… ”
എന്ന് ചോദിച്ചപ്പോൾ…
“അതൊന്നും ഇനിക്കറിയണ്ട.. ഞാൻ പത്ത് മാസം ചുമന്നു പെറ്റ ന്റെ മോൻ ഇല്ലാണ്ടെ ഞാൻ എങ്ങോട്ടും പോവൂല ”
അപ്പോഴേക്കും ഉമ്മ…
“ന്നാ ഇയ്യ് കെട്ടണ്ട… പോരെ.. അല്ലേലും ഇങ്ങളെ രണ്ടാളെയും പിരിഞ്ഞിരിക്കാൻ ന്നെക്കൊണ്ട് പറ്റൂല… ഓരോരുത്തര് ഓരോന്ന് പറയുന്നത് കേട്ട് സഹിക്കാൻ വയ്യാണ്ടായപ്പോൾ പറഞ്ഞുപോയതാണ്… ”
എന്ന് പറഞ്ഞു തടി കയ്ചിലാക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും…
“അല്ല… എനിക്കിപ്പം കെട്ടണം.. വേഗം ന്റെ കല്യാണം നടത്തിത്തരി ഉമ്മാ ”
എന്നൂടെ പറഞ്ഞതോടെ മൂപ്പത്തി
“ന്റെ ഹസീനാ… ഇയ്യ് ഞമ്മളെ ഒന്ന് വെറുതേ വിട്ടേക്ക്… ഇനി മേലാൽ കല്യാണക്കാര്യം പറഞ്ഞു ഞമ്മള് അന്നെ എടങ്ങേറാക്കൂല.. പടച്ചോനാണേ സത്യം”

എന്നും പറഞ്ഞു അടുക്കളയിലേക്ക് ഓടി രക്ഷപ്പെട്ടു…
അല്ലെങ്കിലും മനുഷ്യന്മാർ ഇങ്ങനെയൊക്കെ ആണ്…

എത്ര നിഷ്കളങ്കമായ സ്നേഹവും വിശ്വാസവും ഒക്കെ ആണെന്ന് പറഞ്ഞാലും സ്വാർത്ഥതയും ദുരഭിമാനവും ഒക്കെ നിഴൽ വീഴ്ത്താത്ത സ്നേഹങ്ങൾ ഒന്നും ഈ ലോകത്തില്ല…
ഭാവിക്ക് വേണ്ടി നന്നായി ജീവിച്ചു കാണാൻ വേണ്ടി എന്നൊക്കെ പറഞ്ഞു ഇടുങ്ങിയ കുളത്തിൽ നിന്നും പലപ്പോഴും പല വലിയ മീനുകളും ചെറുമീനുകളെ കരയിലേക്ക് ചാടി രക്ഷപ്പെട്ടോളാൻ നിർബന്ധിക്കാറുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്….

കരയിൽ മരണമാണെന്ന തിരിച്ചറിവില്ലായ്മ മാത്രമാണ് അതിനു കാരണം എന്ന് പറയാൻ പറ്റില്ല…
ഓരോരുത്തരുടെയും ജീവിതം എങ്ങനെ വേണമെന്ന് അവരവർ തീരുമാനിക്കട്ടെ…
നിർദ്ദേശങ്ങൾക്കും ഉപദേശങ്ങൾക്കുമപ്പുറം വ്യക്തിപരമായി അവരുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ മറ്റുള്ളവർ സ്നേഹം പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുക…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *