Breaking News
Home / Lifestyle / മരണമേ, നാലാമത്തെ കുഞ്ഞിനെ എങ്കിലും അവര്‍ക്ക് നല്‍കൂ…!!

മരണമേ, നാലാമത്തെ കുഞ്ഞിനെ എങ്കിലും അവര്‍ക്ക് നല്‍കൂ…!!

രാജേഷും അശ്വതിയും കണ്ണീരോടെ പ്രാർഥനയിലാണ് നാലാമത്തെ കുഞ്ഞിനെയെങ്കിലും മരണംതട്ടിയെടുക്കരുതേയെന്ന്. വിധിയോട് പൊരുതാൻ ഇവർക്ക് ഇനിയുമാവില്ല. അതിനുമാത്രം അനുഭവിച്ചുകഴിഞ്ഞു തൃശൂർസ്വദേശികളായ ദമ്പതികൾ. ജനിതക തകരാർ മൂലം ഇവരുടെ നാലാമത്തെ കുഞ്ഞാണ് മരണത്തെ മുഖാമുഖം കാണുന്നത്.

2010ലായിരുന്നു രാജേഷിന്റെയും അശ്വതിയുടെയും വിവാഹം. ജീവിതത്തിലേക്ക് ഒരു കുഞ്ഞുവരുന്നവാർത്ത സന്തോഷത്തോടെയായിരുന്നു രജേഷും അശ്വതിയും വരവേറ്റത്. ആദ്യമായി അമ്മയാകുന്നതിന്റെ എല്ലാ ആശങ്കകളും ആകാംഷയും അശ്വതിക്കുണ്ടായിരുന്നു. ഒമ്പതുമാസത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യത്തെ കൺമണിപിറന്നു. തുടർന്നുള്ള നാലുമാസങ്ങൾ സന്തോഷത്തിന്റേതുമാത്രമായിരുന്നു. കുഞ്ഞിന്റെ ചിരിയും കരച്ചിലുകളുമായി ചെറിയവീട് നിറഞ്ഞു. പക്ഷെ പെട്ടന്ന് ഒരു ദിവസം ക്ഷണിക്കാത്ത ഒരു അതിഥിവീട്ടിലേക്ക് കടന്നുവന്നു- മരണം.

ആദ്യകൺമണിയെ നാലാംമാസം ഒരു സൂചനപോലും നൽകാതെ തട്ടിക്കൊണ്ടുപോയി. വ്യക്തമായ കാരണം ഡോക്ടറുമാർക്ക്പോലും കണ്ടെത്താനായില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രണ്ടുവർഷം രാജേഷും അശ്വതിയും കഴിഞ്ഞു. വീണ്ടും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിന് മുമ്പ് എല്ലാത്തരം ടെസ്റ്റുകളും രാജേഷും അശ്വതിയും നടത്തി. അതിന് ഒരു ആശ്വസമായത് 2013ലാണ്. രണ്ടാമതൊരു പെൺകുഞ്ഞ് പിറന്നു. മകളുടെ കളിയിലും ചിരിയിലും ആദ്യത്തെ കുഞ്ഞിന്റെ മരണത്തിന്റെ കാഠിന്യം കുറഞ്ഞു. പക്ഷെ അതും അധികകാലം നീണ്ടില്ല. അഞ്ചാംമാസത്തിൽ രണ്ടാമത്തെ കുഞ്ഞും മരിച്ചത് ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പത്താംക്ലാസിൽ പഠിപ്പ് നിറുത്തി കൂലിപ്പണിയും റബർവെട്ടും മാത്രം ഉപജീവനമാർഗമുള്ള രാജേഷിന് ഇനിയൊരു കുഞ്ഞിനുവേണ്ടി എന്തൊക്കെ ചികിൽസ നടത്തണമെന്നോ? ഏത് ഡോക്ടറെ കാണണമെന്നോ? അറിയില്ലായിരുന്നു. ഇനിയും വിഷമം സഹിക്കാനാവില്ല, അതുകൊണ്ട് കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചു. എന്നാൽ നിരാശരാകാതെ വീണ്ടും കുഞ്ഞിനുവേണ്ടി ശ്രമിക്കാൻ ഡോക്ടറുമാർ തന്നെ നിർദേശിച്ചു. മരണം ഒഴിവാക്കാൻ കഴിയുന്നതുപോലെ എല്ലാ ചികിൽസകളും നടത്തി. നാലുവർഷത്തിന് ശേഷം അശ്വതി വീണ്ടും അമ്മയായി. അതും ഇരട്ടകുട്ടികളുടെ. ആൺകുഞ്ഞും പെൺകുഞ്ഞും.

മരിച്ചുപോയ കുഞ്ഞുങ്ങൾ തിരികെ ജീവിതത്തിലേക്ക് എത്തിയതാണെന്ന് ഇവർ വിശ്വസിച്ചു. പക്ഷെ അപ്പോഴും മരണം ക്രൂരതകാണിച്ചു. നാൽപതാം ദിവസം വളർച്ച കുറവ് മൂലം ആൺകുഞ്ഞും മരിച്ചു. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലായിരുന്നു ചികിൽസ. ജീവനടോയുള്ള കുഞ്ഞിനെ വിദഗ്ധമായി പരിശോധിച്ചപ്പോൾ രക്തത്തില് യൂറിക്ക് ആസിഡിന്റെ അളവ് ക്രമാതീതമായി വര്ധിക്കുന്നുണ്ടെന്ന് കണ്ടെത്തി. വിദഗ്ധ ചികിൽസയ്ക്ക് ചെന്നൈയിലുള്ള ആശുപത്രിയിലേക്ക് ഇരുവരെയും വിട്ടു.

മരണത്തിന്റെ വേദന കടിച്ചമർത്തി ഇരുവരും കുഞ്ഞുമായി ചെന്നൈയിലേക്ക് വണ്ടികയറി. അവിടുത്തെ പരിശോധനയിലാണ് കുഞ്ഞിന് ജനിതക തകരാറുള്ളത് കണ്ടെത്തുന്നത്. വിദഗ്ധചികിൽസ വേണം. എന്നാൽ അതിന് എത്ര ചെലവാകുമെന്നോ? എങ്ങനെ തുക കണ്ടെത്തുമെന്നോ ഇവർക്ക് അറിയില്ല? ഡോക്ടറുമാരുടെ നിരീക്ഷണത്തിലാണ് കുഞ്ഞ്. ചികിൽസിച്ചാൽ രക്ഷപെടുത്താമെന്ന ഡോക്ടറുമാരുടെ ഒറ്റവാക്കിൽ വിശ്വസിച്ച് ആശുപത്രിമുറിയുടെ പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്

ഈ മാതാപിതാക്കൾ. മരണത്തോട് മല്ലിടുന്ന കുഞ്ഞിനെ വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യം മാത്രമാണ് കൈമുതൽ. മൂന്നാഴ്ച്ച പിന്നിടുന്നു കൈക്കുഞ്ഞുമായി ചെന്നൈയിലെത്തിയിട്ട്. മരണം കട്ടെടുക്കില്ലെന്ന പ്രതീക്ഷയിൽ കാത്തിരിപ്പിലാണ് ഈ അച്ഛനും അമ്മയും. നിറങ്ങൾ കെട്ടുപോയ ജീവിതത്തിന് നിറങ്ങളേകാൻ സുമനസുകൾ സഹായിക്കുമെന്ന പ്രത്യാശയും ഇവർ കൈവിടുന്നില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *