നിധി എന്നത് പൂർവ്വികർ കുഴിച്ചിടുന്ന വിലമതിക്കാനാകാത്ത സമ്പത്ത് കാലാന്തരങ്ങൾക്ക് ശേഷം ആരെങ്കിലും കണ്ടെത്തുന്നതിനെ ആണല്ലോ, ഇവിടെയും അതുപോലൊരു സംഭവം നടന്നിരിക്കുകയാണ്. കുഴിച്ചിട്ടത് സ്വർണ്ണ നാണ്യങ്ങളല്ല പകരം ഒരു ചക്കക്കുരു ആണ് അത് ഒരു മരമായി മാറി കായ്ച്ചപ്പോൾ ലഭിച്ച ചക്കക്ക് നിധിയോളം മൂല്യവും .
സംഭവം നടന്നത് കർണ്ണാടകയിലാണ് 35 വര്‍ഷം മുന്‍പ് കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ചെലൂര്‍ ഗ്രാമത്തിലുള്ള എസ്.കെ. സിദ്ദപ്പ നട്ടുവളര്‍ത്തിയ പ്ലാവാണ് അടുത്ത തലമുറക്ക് ഈ അപൂർവ്വ ഭാഗ്യം കൊണ്ട് വന്നത്. മകന് പരമേശ്വരയാണ് ഇപ്പോള്‍ പ്ലാവിന്റെ ഉടമ.പ്ലാവില്‍ കായ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരിനം കുഞ്ഞന്‍ചക്കയാണ്. ചുളകള്‍ക്കു ചുവപ്പുനിറം, രുചിയിലും പോഷകഗുണത്തിലും കെങ്കേമം, ഭാരമോ ഏറിയാല്‍ 2.5 കിലോഗ്രാം. ചക്കയുടെ സവിശേഷതയറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളുമടക്കം ഏറെ ആവശ്യക്കാരെത്തിയതോടെ പരമേശയുടെ പ്ലാവ് നാട്ടില്‍ താരമായി.
ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവില്‍ നിന്ന് വിറ്റിട്ടില്ല.ഈ അപൂര്‍വയിനം പ്ലാവിന്റെ വംശവര്‍ധനയ്ക്കുള്ള മാര്‍ഗമറിയാതിരുന്ന കര്‍ഷകനു സഹായമായെത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ്.
തനിമ നഷ്ടപ്പെടാതെ, ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിന്‍തൈകൾ ഉത്പാദിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പരമേശയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ഉത്പാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ വില്‍ക്കുക മാത്രമല്ല, വരുമാനത്തിന്റെ 75% പരമേശയ്ക്കു നല്‍കുകയും ചെയ്യും.പ്ലാവിന്റെ ജനിതക അവകാശവും പരമേശയ്ക്കാണ്.പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിനു “സിദ്ദു”വെന്ന പേരിട്ടതും ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ. സിദ്ദു പ്ലാവിന്‍െതെകള്‍ക്കായി ഇപ്പോള്‍തന്നെ 10,000 ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്.ദിനേശ് പറഞ്ഞു.
ധാരണാപത്രപ്രകാരം, 10,000 തൈകൾ വിൽക്കുമ്പോൾ തന്നെ പത്തു ലക്ഷം രൂപ പരമേശ്വരയ്ക്ക് ലഭിക്കും. ഈ കാണക്കനുസരിച്ച് ഭാവിയിൽ ലഭിക്കാൻ പോകുന്നത് കോടികളാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ സിദ്ദു ചക്കയുടെ കൂടുതൽ ഔഷധഗുണങ്ങൾ സംബന്ധിച്ച പഠനങ്ങള്‍ നടന്നു വരുന്നു .