Breaking News
Home / Lifestyle / ‘കണ്ണകി’ എന്ന സ്റ്റിൽ ഫോട്ടോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വൈറലായ ചിത്രങ്ങളുടെ മുൻനിരയിലാണ്.

‘കണ്ണകി’ എന്ന സ്റ്റിൽ ഫോട്ടോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വൈറലായ ചിത്രങ്ങളുടെ മുൻനിരയിലാണ്.

വെറുതെയൊരു ക്ളിക്ക്, അത് ഇത്രയധികം വൈറലാകുന്ന ചിത്രമാകുമെന്ന് ഫോട്ടോഗ്രാഫറും അറിഞ്ഞില്ല. ‘കണ്ണകി’ എന്ന സ്റ്റിൽ ഫോട്ടോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വൈറലായ ചിത്രങ്ങളുടെ മുൻനിരയിലാണ്. കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനി ശിവകാമി (10)യാണ് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടക്കാരിയായത്. തമിഴ് ജനതയ്ക്കാണ് ചിത്രം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.

തമിഴ് ഓൺലൈൻ മീഡിയകളിലൂടെ ചിത്രത്തിന് 17000 ഷെയർ ലഭിച്ചു. ഇടയ്ക്കാട് പാലമുക്ക് പാലവിള തെക്കതിൽ കല്പണി മേസ്ത്രി ഗോപാലൻ ആചാരിയുടെയും കശുഅണ്ടിത്തൊഴിലാളി കവിതയുടെയും മകളാണ് കണ്ണകിയെന്ന ശിവകാമി. സ്കൂളിലെ പ്രവേശനോത്സവ ദിനത്തിൽ അമച്വർ ഫോട്ടോഗ്രഫറായ എ.ആർ. രജീഷ് കുട്ടികളുടെ ചിത്രങ്ങളെടുക്കുന്ന കൂട്ടത്തിൽ ശിവകാമിയുടെ ഒരു ചിത്രവുമെടുത്തു.

ശിവകാമിയുടെ ചെല്ലപ്പേരായ കണ്ണകിയെന്ന അടിക്കുറിപ്പോടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഫോട്ടോഗ്രാഫർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു. മിനിട്ടുകൾക്കകം ചിത്രം വൈറലായി. ഇന്റർനാഷണൽ ഫോട്ടോഗ്രാഫ് ഗ്രൂപ്പ് സെലക്ട് ചെയ്ത മികച്ച പത്ത് ചിത്രങ്ങളിലൊന്നായി കണ്ണകി മാറി. അതുവഴിയാണ് തമിഴ് മീഡിയ ചിത്രം ഏറ്റെടുത്തത്. തമിഴ് മക്കൾക്ക് കണ്ണകി ചിലപ്പതികാരത്തിലെ വീരനായികയും ദേവിയുമാണ്.

ചിത്രത്തിന്റെ വേറിട്ട ഭംഗിയും പേരും തമിഴ് ജനതയ്ക്ക് സ്വീകാര്യമായി. തങ്ങളുടെ സ്വന്തം കണ്ണകിയെന്ന തരത്തിലാണ് കമന്റുകളിട്ട് അവർ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. വിവിധ മീഡിയകളിലൂടെ അഞ്ച് ലക്ഷം ആളുകൾ കണ്ണകിയെ കണ്ടെന്നാണ് ലഭ്യമായ വിവരം. ചിത്രം വൈറലായതോടെ കണ്ണകിയെ അന്വേഷിച്ച് വിവിധ നാടുകളിൽ നിന്നുള്ളവരാണ് പോരുവഴി ഇടയ്ക്കാട്ടെ ശിവകാമിയുടെ വീട്ടിലെത്തുന്നത്. വെള്ളിത്തിരയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *