ആശുപത്രി നിര്‍മ്മിക്കാന്‍ 20,000 രൂപ ചോദിച്ച പള്ളി വികാരിക്കു വിശ്വാസി നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന മറുപടി…!!
പൂഞ്ഞാര്‍ സെന്റ് മേരിസ് ഫെറോന പള്ളി വികാരി അഗസ്റ്റിന് തെരുവത്താണ് സംഭവന ആവശ്യപ്പെട്ടു വിശ്വാസികള്‍ക്ക് കത്തയച്ചത്. എന്നാല്‍ കത്തിനു വന്ന മറുപടിയായിരുന്നു രസകരം. ഫേസ്ബുക്കിലാണ് ഈ മറുപടി പ്രത്യക്ഷപെട്ടത്.
സംഭാവന നല്കിയാല് മാതാവ് നിങ്ങളെ അനുഗ്രഹിക്കുമെന്നും മാതാവ് പ്രതീക്ഷിക്കുന്നത് 20,000 രൂപയാണ് എന്നും അച്ചന് കത്തില്‍ പറയുന്നു. എന്നാല്‍ മാതാവിനോട് താന്‍ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ട് എന്നും 500 രൂപ മതിയെന്നു മാതാവ് പറഞ്ഞു എന്നുമായിരുന്നു വിശ്വാസിയുടെ മറുപടി. ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ബഹുമാനപ്പെട്ട വികാരിയച്ചൻ അറിയുന്നതിന്,
പള്ളിയിൽ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങൾ പറഞ്ഞു. മഴക്കാലമാണ് പണിയില്ല, പനിയാണെങ്കിൽ കുടുംബമടക്കം വന്നിട്ടു രണ്ടാഴ്ചയായി. മരുന്നും കഞ്ഞിക്കുള്ള അരിയും വാങ്ങുന്നത് തന്നെ മത്തായി മാപ്പിളയോട് അദേഹം പ്രതീക്ഷിയ്ക്കുന്ന പലിശയ്ക്ക് കടം വാങ്ങിയിട്ടാണ്. സർവ്വോപരി പാലാക്കാരനായ ഞാൻ എല്ലാവരേയും പോലെ പറമ്പിന്നു കിട്ടുന്ന ഇച്ചരെ റബർ ഷീറ്റും ഒട്ടുപാലും വിറ്റാണ് പിള്ളേരെ പഠിപ്പിക്കുന്നതും കുടുംബം പോറ്റുന്നതും. ഇത്തവണ മഴക്കാലത്ത് റബ്ബറിനു പ്ലാസ്റ്റിക്കിടാൻ പോലുമുള്ളത് കിട്ടിയിട്ടില്ല. റബ്ബറിനു വില കൂട്ടുന്ന കാര്യം പുണ്യാളൻ മുഖേന മാതാവിനെ അറിയിച്ചിട്ടും ചർച്ചയിൽ ഒരു തീരുമാനമായിട്ടില്ല. ഇന്തോനേഷ്യയിൽ നിന്നുള്ള റബ്ബർ കയറ്റുമതി കുറയണം എന്നാണ് പുണ്യാളൻ പറയുന്നത്. മോദിയായതു കൊണ്ട് നേരിൽ കാര്യം പറയാൻ മാതാവിനൊരു ചമ്മൽ. എന്നാലും ശരിയാക്കാം എന്നു അറിയിച്ചിട്ടുണ്ട്.
വളരെ ബുദ്ധിമുട്ടായതിനാൽ ആശുപത്രി പണിയുടെ പേരിൽ മാതാവ് പ്രതീക്ഷിയ്ക്കുന്ന തുകയിൽ ഇളവു നൽകിയിട്ടുണ്ട്. ഉള്ളത് വച്ച് ₹ 500 രൂ. നൽകിയാൽ മതിയെന്നും, പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് പറഞ്ഞു. ആയതിനാൽ എന്റെ തുകയായ ₹ 500 രൂ. സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.
എന്ന്
ഒരു വിശ്വാസി.
NB: കുട്ടികളുടെ സ്കൂൾ ഫീസ് കുറയ്ക്കുന്ന കാര്യം മാനേജർ അച്ചനെ ഇന്നു രാത്രി സ്വപ്നത്തിലൂടെ അറിയിക്കാം എന്ന് മാതാവ് പറഞ്ഞിട്ടുണ്ട്.