ഫേസ്ബുക്കില്‍ സജീവ സാന്നിദ്ധ്യം ആയിരുന്നെങ്കിലും ഇന്‍ ബോക്‌സില്‍ അധികം പോകാറില്ലായിരുന്നു. ചെറിയ ചെറിയ എഴുത്തുകളിലൂടെ കുറേശ്ശേ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയം. ഇന്‍ ബോക്‌സിലേക്ക് വരുന്ന മെസേജുകള്‍ ഭര്‍ത്താവ് ആയിരുന്നു നോക്കിയിരുന്നത്. ഫോണില്‍ മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നില്ല. പിന്നീട് എഴുത്തുകളെകുറിച്ചൊക്കെ വരുന്ന മെസേജുകള്‍ കണ്ട് അദ്ദേഹം എന്നോട് മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. അങ്ങനെ എന്റെ ഫോണിലും അമ്പലമണി അടിച്ചു തുടങ്ങി.
പതുക്കെ പതുക്കെ ഞാനും ആ മണിനാദത്തിനായി കാതോര്‍ത്തിരിക്കുവാന്‍ തുടങ്ങി. എഴുത്തുകളിലൂടെ കിട്ടിയ കുറെ നല്ല സൗഹൃദങ്ങള്‍, പലരുടെയും എഴുത്തുകള്‍ വായിക്കാനുള്ള ലിങ്ക് ഒക്കെ അതില്‍ നിന്നും ലഭിച്ചു തുടങ്ങി. അതിനിടയില്‍ വരുന്ന പല മണിനാദങ്ങളും അമ്പലപ്രാവുകള്‍ അറിയാതെ മുഴക്കുന്നതെന്ന് കരുതി ശ്രദ്ധിക്കാതെ വിട്ടു. അതിനിടയില്‍ വന്ന ഒരു മണിനാദം, അതിലേക്ക് ഞാന്‍ അറിയാതെ ഒന്നെത്തി നോക്കി.അറുപത് വയസ്സിനോട് അടുത്ത പ്രായം. വളരെ പരിചിതമായ ഒരു പേര്. എവിടെയോ കേട്ട് മറന്നത് പോലെ.
‘എന്നെ എങ്ങനെ അറിയാം?’- ഞാന്‍ ചോദിച്ചു”എനിക്കറിയാം…നിന്നെ നന്നായി’-അവിടെ നിന്നുള്ള മറുപടി. ‘എന്നെ അറിയാമെന്നോ?’ ‘അറിയാം, മുജ്ജന്മത്തില്‍ നമ്മള്‍ പരിചിതര്‍ ആയിരുന്നു’ എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. ജ്യോതിഷത്തില്‍ ചെറിയ വിശ്വാസം ഉള്ളതുകൊണ്ടാവാം എന്താണ് അദ്ദേഹം പറയുവാന്‍ പോകുന്നതെന്ന് അറിയാന്‍ ഒരു ആഗ്രഹം. അങ്ങനെ ആ സൗഹൃദത്തിലേക്ക് പതുക്കെപ്പതുക്കെ ഞാന്‍ അടുത്തു. ദൈവികമായ കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങി.
ദൈവികമായ കാര്യങ്ങള്‍ അല്ലേ കുഴപ്പം ഇല്ല. എന്റെ മനസ്സിനും ഒരു ശാന്തത തോന്നിത്തുടങ്ങി. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി.
ഒരു ദിവസം എന്റെ ഒരു ഫോട്ടോ മെസഞ്ചറിലേക്ക് അയച്ചു തന്നിട്ട് പറഞ്ഞു, ‘ഈ ഫോട്ടോയില്‍ മോള്‍ ഒരു ദേവിയെ പോലെ….’
ഞാന്‍ ചിരിച്ചു-‘ദേവി!’. ഓര്‍ത്തിട്ടു ചിരി വന്നു. ‘എന്റെ ചേട്ടന്‍ കേള്‍ക്കേണ്ട. ദേവി എന്നു സമ്മതിക്കും. ദേവിയുടെ പേര് അറിഞ്ഞാല്‍ ഞെട്ടും എന്നേ ഉള്ളു’-ഞാന്‍ തമാശക്ക് പറഞ്ഞു. ‘അതെന്താ, കാളി എന്നാണോ ഉദ്ദേശിച്ചത?്’-അവിടുന്ന് ചോദ്യം.
‘അതേ, ഉടവാള്‍ എടുത്തു ഉറഞ്ഞു തുള്ളുന്ന സാക്ഷാല്‍ ഭദ്ര കാളി!’-ഞാന്‍ ചിരിച്ചു.
‘അപ്പോള്‍ അവിടുന്ന്! കാളി ആണെങ്കിലും ദേവിയുടെ അംശം അല്ലേ?”ഇനി നിന്നോട് ഒരു കാര്യം പറയാം. അതു പറയാനുള്ള സമയം ആയി. നിന്നില്‍ ദേവിയുടെ അനുഗ്രഹം ഉണ്ട്. നിനക്ക് ഒരു യോഗിനി ആവാന്‍ സാധിക്കും. സമൂഹ രക്ഷക്കായി പ്രവര്‍ത്തിക്കാന്‍ പറ്റും’
‘അതെന്ത്?’ -ചിന്തിച്ചു തുടങ്ങി ഞാന്‍. ഏതായാലും കേള്‍ക്കാം. പറയൂ, എന്താണെന്ന്! അവിടെ പറയാനുള്ള ധൃതി കൂടിയ പോലെ.
‘നില്‍ക്കൂ ഞാന്‍ കുറച്ചു ഫോട്ടോസ് അയക്കാം….’ ദൈവികമായ എന്തെങ്കിലും ഫോട്ടോകള്‍ ആയിരിക്കും. ഞാന്‍ നോക്കിയിരുന്നു.
പെട്ടെന്ന് അവിടെ നിന്നും വന്നു, ഒരു ഫോട്ടോയും അതിനെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പും. ഫോട്ടോ കണ്ടതും എന്റെ സകല നാഡീവ്യൂഹങ്ങളും തളര്‍ന്നു.
ഒരു ആണും പെണ്ണും പരസ്പരം പുണര്‍ന്നു ആനന്ദത്തില്‍ ലയിച്ചിരിക്കുന്ന ചിത്രം. ഇതെന്താണ്….. പേടിക്കണ്ട, ഇത് കണ്ട്! ഇത് തന്ത്രയുടെ ഭാഗം ആണ്. നിനക്കതിനു സാധിക്കും. നിന്നില്‍ ദേവി ഉണ്ട്. നിനക്കിത് പഠിച്ചെടുക്കാന്‍ സാധിക്കും! തന്ത്ര! അതെന്താണ്. ഞാന്‍ ഓടി പോയി ഗൂഗിള്‍ സെര്‍ച്ച് ചെയ്തു. ലേഖനങ്ങള്‍ കണ്ടു. സിദ്ദിഖിന്റെ ഒരു സിനിമയും. ആര്‍ട്ടിക്കിളുകള്‍ വായിച്ചു. സിനിമ രാത്രി ഉറങ്ങാതെ ഇരുന്ന് കണ്ടു തീര്‍ത്തു. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കത് ശരിയായി തോന്നിയില്ല. അത് ചിലപ്പോള്‍ എനിക്ക് അതിന്റെ ആഴങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാവാം. കാരണം ഞാന്‍ അതു നേരിട്ട് അനുഭവിച്ചിട്ടില്ലല്ലോ. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച കുറച്ചു കുറിപ്പുകളിലോ ഒരു സിനിമയിലോ ഒതുങ്ങുന്ന വെറും ഒരു ശാസ്ത്രം അല്ലായിരിക്കാം അത്. ഒരു സാധാരണക്കാരിക്ക് അതിന്റെ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടായതുകൊണ്ടാവാം ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കാതെ പിന്മാറിയത്.
പിറ്റേന്ന് വന്ന മെസേജിന് മറുപടി ആയി ഞാന്‍ പറഞ്ഞു: ‘എന്റെ പൊന്നോ, എനിക്ക് തന്ത്രയും വേണ്ട മന്ത്രവും വേണ്ട. ഉള്ള കുതന്ത്രങ്ങള്‍ കൊണ്ടു ജീവിച്ചോളാമേ’ അന്നത്തോടെ ആ ദൈവികതയില്‍ നിന്നും ഇറങ്ങി ഓടി. പിന്നീട് ദൈവത്തിന്റെ ഫോട്ടോസ് ആര് അയച്ചാലും എനിക്ക് പേടി ആണ്. ഇതൊക്കെ ആണെങ്കിലും ചില സൗഹൃദങ്ങള്‍ ഉണ്ട് ഇന്‍ബോക്‌സില്‍ നമ്മളെ മനസ്സിലാക്കി സ്‌നേഹിക്കുന്നവര്‍. അവര്‍ ഉള്ളിടത്തോളം കാലം പൂര്‍ണ്ണമായി ഇന്‍ബോക്‌സിലെ മണി നാദത്തിനെ അവഗണിക്കാനും വയ്യ.
തിന്മകളെക്കാള്‍ നന്മകള്‍ ആണ് എനിക്ക് മെസഞ്ചര്‍ കൂടുതല്‍ സമ്മാനിച്ചിട്ടുള്ളത്. നമ്മള്‍ നമ്മളെ തിരിച്ചറിയണം എന്ന് മാത്രം. ഓടി ഒളിക്കാന്‍ പോയാല്‍ അതിനേ നേരമുണ്ടാകുകയുള്ളൂ.എല്ലായിടത്തും ഉണ്ട്, തിന്മകളും നന്മകളും.