” നിനക്കെന്താ വട്ടാണോ മോനേ, ആരാണ്ടോ പിഴപ്പിച്ച ഒരു പെണ്ണിനെ പൈസ മാത്രം മോഹിച്ച് കെട്ടാൻ. മൊബൈലിൽ ഒക്കെ വീഡിയോ വന്ന പെണ്ണാ”
അമ്മ അനൂപിന് നേരെ ഉറഞ്ഞുത്തുള്ളി. അവൻ അമ്മയെ ദയനീയമായി ഒന്ന് നോക്കി
” എനിക്ക് ഇനീം വയ്യമ്മേ, ഇങ്ങനെ ഗതികെട്ട് ജീവിക്കാൻ. നാട് നീളെ കടമാ, ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാ. അവളെ കെട്ടിയാ എന്റെ എല്ലാ പ്രശ്നങ്ങളും അവളുടെ വീട്ടുകാർ പരിഹരിക്കാം എന്ന് ഉറപ്പ് തന്നിട്ടുണ്ട്”
അമ്മയുടെയും മോന്റെയും സംസാരം കേട്ടോണ്ടിരുന്ന അച്ഛൻ രെണ്ടാൾക്കും നേരെ കണ്ണുരുട്ടി
” എടാ, നീ ഇപ്പൊ നിന്റെ കടങ്ങൾ തീർക്കാൻ വേണ്ടി മാത്രമാണ് ആ പെൺകുട്ടിയെ കെട്ടുന്നത്. നിന്റെ കടങ്ങളെല്ലാം തീർന്നാൽ അവൾ നിനക്ക് ജീവിതകാലം മുഴുവൻ ഒരു ബാധ്യതയാവും”
അച്ഛന്റേം അമ്മയുടേം ഉപദേശമോ ശാസനയോ ഒന്നും അവൻ ചെവികൊണ്ടില്ല. കുടുംബക്കാരും സുഹൃത്തുക്കളും അവനെ വളഞ്ഞിട്ട് ഉപദേശിച്ചു. അവൻ ആര് പറഞ്ഞതും അനുസരിച്ചില്ല. അവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ വീട്ടുകാർക്ക് അവന്റെ ഇഷ്ടത്തിന് വഴങ്ങി കൊടുക്കേണ്ടിവന്നു. കാരണം വീട്ടുകാർക്ക് അവന്റെ ബാധ്യതകൾ തീർക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. ദരിദ്ര കുടുംബമായിരുന്നു അനൂപിന്റേത്.
വളരെ ലളിതമായി അനൂപിന്റെയും മായയുടെയും വിവാഹം നടന്നു. അവളുടെ വീട്ടുകാർ പറഞ്ഞത് പോലെ അവന്റെ എല്ലാ ബാധ്യതകളും അവർ തീർത്തു കൊടുത്തു. കൂടാതെ ചെറിയ ഒരു ബിസിനസ് ചെയ്യാനുള്ള പൈസയും കൊടുത്തു.
അവർ ജീവിതം ആരംഭിച്ചു. ആദ്യമൊക്കെ അവൾക്ക് അവനുമായി സംസാരിക്കാനോ ഇടപഴകാനോ എന്തിന് മുഖത്ത് നോക്കാൻ പോലും മടിയായിരുന്നു. കാശ് മാത്രം മോഹിച്ച് കെട്ടിയ അനൂപിന് തന്നെ ഒരിക്കലും മനസ്സറിഞ്ഞു സ്നേഹിക്കാൻ കഴിയില്ല എന്ന് അവൾ വിശ്വസിച്ചു.
പക്ഷെ അവൾ കരുതിയതോ, രണ്ട് ദിവസം കൊണ്ട് അറിഞ്ഞതോ ആയിരുന്നില്ല അനൂപ്. മായയുടെ വീട്ടുകാർ ബിസിനസ് ചെയ്യാൻ വേണ്ടി തന്നെ ഏല്പിച്ച പണം അവൻ അവളുടെ കയ്യിൽ കൊടുത്തു. എന്നിട്ട് അവളുടെ കണ്ണിലേക്കു നോക്കി
” മായാ, നിന്റെ കണ്ണിൽ ഞാൻ ഒരു അത്യാഗ്രഹിയാണ്. കാശിന് വേണ്ടി മാത്രം നിന്നെ കെട്ടിയ ഒരു സ്വാർത്ഥൻ. അത് സത്യവുമാണ്. പക്ഷെ എന്റെ ബാധ്യതകൾ എല്ലാം തീർന്നാൽ നിന്നെ എന്റെ ജീവിതത്തിൽ നിന്നും വലിച്ചെറിയാനല്ല ഞാൻ നിന്റെ കഴുത്തിൽ താലികെട്ടിയത്”
ഒന്ന് നിറുത്തിയിട്ട് അവൻ തുടർന്നു
” ജീവന് തുല്യം സ്നേഹിച്ച ഒരുത്തൻ നിന്നെ നശിപ്പിച്ചു. അത് മൊബൈലിൽ പകർത്തി ഈ ലോകത്തെ മുഴുവൻ അറിയിച്ചു. അന്ന് അവൻ ആ വീഡിയോ എടുത്തില്ലായിരുന്നെങ്കിൽ ഈ ലോകത്തിനു മുന്നിൽ നീ ഒരിക്കലും പിഴച്ചവൾ ആകില്ലായിരുന്നു. എന്റെയോ, വീട്ടുകാരുടെയോ മുന്നിൽ നീ ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു… ഇങ്ങനെ വീഡിയോയിൽ പതിയാത്ത എത്രയോ ജന്മങ്ങൾ കുടുംബവും കുട്ടികളുമായി ജീവിക്കുന്നു”
ഇത്രയും പറഞ്ഞ് അനൂപ് മായയെ തന്റെ നെഞ്ചോട് ചേർത്തു
” കല്യാണത്തിന് മുന്നേ നീ എന്തായിരുന്നോ എന്ന് എനിക്കറിയേണ്ട, ഇനിയുള്ള ജീവിതം മാത്രം എനിക്കറിഞ്ഞാൽ മതി. കാരണം, ഇപ്പൊ നീ എന്റെതാ…. എന്റേത് മാത്രം”
ഞാനൊരു ജിന്നാണ്