തിരുവല്ല: പുഴുവരിച്ച് ആരോരും തിരിഞ്ഞ് നോക്കാനില്ലാതെ കടത്തിണ്ണയില്‍ കിടപ്പിലായ വൃദ്ധന് തണലായത് തിരുവല്ലയിലെ ഓട്ടോ ഡ്രൈവര്‍. തിരുവല്ല കുരിശു കവലയിലെ കടത്തിണ്ണയില്‍ കിടന്ന വൃദ്ധനെ ഓട്ടോറിക്ഷാ തൊഴിലാളി ഇടപെട്ട് പോലീസ് സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരുവല്ല കുരിശുകവല ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറും ഡിവൈഎഫ്‌ഐ ടൗണ്‍ സൗത്ത് മേഖലാകമ്മിറ്റി അംഗവുമായ തിരുമൂലപുരം മാലിക്കല്‍ ബാലുവാണ് അവശനിലയില്‍ വൃദ്ധനെ കണ്ടത് പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
മാവേലിക്കര തഴക്കര നെടുംബ്രത്ത് തെക്കേതില്‍ ഗോപാല(65)നെയാണ് അവശനിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം ഡയറക്ടര്‍ രാജേഷ് അറിയിച്ചു. തൊട്ടടുത്ത കൂള്‍ബാര്‍ ഉടമ ഉണ്ണി, കടയിലെത്തിയ ശ്രീനിവാസന്‍ എന്നിവരും ബാലുവിനൊപ്പമെത്തിയിരുന്നു.
വിവരം അറിയിക്കുബോള്‍ സ്റ്റേഷനില്‍ ജീപ്പില്ലായിരുന്നു. പിന്നീട് തിരുവല്ല സിഐ ടി രാജപ്പന്‍ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെ പോലീസ് ജീപ്പില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ബുധനാഴ്ച അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ എത്തിക്കും.