യുവനടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ ദിലീപിന്റെ അമ്മയും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി സന്ധ്യയും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നും കത്തില്‍ ദിലീപ് ആരോപിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കുറ്റപത്രം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയുടെ ബ്ലാക്‌മെയ്ല്‍ ഉള്‍പ്പടെ നേരത്തെ പോലീസിനെ അറിയിച്ചിട്ടും കേസില്‍ പ്രതിയായത് താനാണെന്ന ആരോപണവും ദിലീപ് ഉന്നയിച്ചിരുന്നു. ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി നടത്തിയ കരുനീക്കമാണ് തന്നെ കേസില്‍ കുടുക്കിയത്. ചോദ്യം ചെയ്യലിനിടെ മഞ്ജുവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്നിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ ഓഫ് ചെയ്‌തെന്നും ദിലിപ് ആരോപിച്ചിരുന്നു.