കാലാകാലങ്ങളായി വേശ്യാവൃത്തിയിലേര്‍പ്പെട്ടു വരുന്ന ഒരു ജനത. ലോകത്ത് മറ്റെങ്ങും കാണാത്ത തരത്തില്‍ വിപുലമായ സെക്സ് ഷോപ്പുകളും സെക്സ് മ്യൂസിയവും. ലൈംഗീക തൊഴിലാളികള്‍ക്കായി പ്രത്യേകം യൂണിയനും ഇന്‍ഫോര്‍മേഷന്‍ സെന്ററുകളും, പോലീസ് സുരക്ഷ, മാത്രമല്ല കൃത്യമായ ഇടവേളകളില്‍ അവര്‍ക്കായി പ്രത്യേകം ആരോഗ്യപരിശോധനകള്‍. ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ വേശ്യാത്തെരുവുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇതു പോലെ ഒട്ടനവധി വിശേഷണങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെക്സ് ടൂറിസ്റ്റ് സ്പോട്ടെന്ന വിശേഷണമുള്ള നെതര്‍ലാന്റ്സിലെ ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടുകളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. പക്ഷെ സ്ഥിരം കേള്‍ക്കുന്ന ഈ വിശേഷണങ്ങള്ക്കുമൊക്കെ വിപരീതമായി അവിശ്വസനീയമായ പല സത്യങ്ങളും ഈ വേശ്യാത്തെരുവിലെ ഓരോ മുഖത്തിനും പറയാനുണ്ടാകും. അവരുടെ ഓരോ അനുഭവങ്ങളും നമുക്ക് മുന്നില്‍ ജീവിത സാഹചര്യങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ദുരവസ്ഥകളുടെ നേര്‍സാക്ഷ്യമാകുകയാണ്.
തങ്ങളുടെ മുന്‍തലമുറകള്‍ ചെയ്തിരുന്നു എന്നതു കൊണ്ടുമാത്രം ലൈംഗീക തൊഴിലാളിയുടെയോ കൂട്ടിക്കൊടുപ്പുകാരന്റെയോ വേഷമണിയേണ്ടി വന്ന എത്രയോ ജീവിതങ്ങള്‍ നമുക്കിവിടെ കാണാം. തങ്ങളുടെ മുന്‍ഗാമികളുടെ പാത തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായ ഓരോരുത്തരും ആഗ്രഹിക്കുന്നത് അടുത്ത തലമുറയെങ്കിലും ഈ നരകത്തില്‍ നിന്ന് രക്ഷപ്പെടണമെന്നാണ്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. ഇത്തരത്തില്‍ തങ്ങളുടെ ചെറുപ്രായത്തില്‍ തന്നെ പല കാരണങ്ങളാല്‍ ജീവിതം ഹോമിക്കപ്പെട്ട ചിലരുടെ പൊള്ളുന്ന അനുഭവങ്ങളാണ് മലയാളം ന്യൂസ്പ്രസ്സില്‍ ഈ ലേഖനത്തിലൂടെ ജെയ്ഷ ടി.കെ പറയുന്നത്.
അമ്മയും മുത്തശ്ശിയും താനും ലൈഗീകത്തൊഴിലാളികളായിരുന്നു,എന്നാല്‍ തന്റെ മക്കളൊരിക്കലും ഈ പാത പിന്തുടരരുതെന്നാണ് 29കാരി ജാക്കി പറയുന്നത്.
‘എനിക്ക് മൂന്ന് വയസുള്ളപ്പോള്‍ അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ച് പോയി. എന്റെ കുട്ടിക്കാലത്തും പിന്നീടും എന്നെ സ്നേഹിക്കാനോ ശ്രദ്ധിക്കാനോ ആരും തന്നെയുണ്ടായിരുന്നില്ല. സാധാരണ അച്ഛന്മാരെ പോലെയായിരുന്നില്ല എന്റെ അച്ഛന്, അദ്ദേഹമൊരിക്കലും എന്നെ ശ്രദ്ധിച്ചിട്ടില്ല. എനിക്കിപ്പോഴും അദ്ദേഹത്തോട് ദേഷ്യമാണ്. ഞാന്‍ വേശ്യാവൃത്തി ഒരു തൊഴിലായി സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം എന്നെ തടയാന്‍ ശ്രമിച്ചില്ല.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഞാന്‍ ഗര്‍ഭിണിയായി, എന്റെ 17-ാം വയസില്‍. 18-ാം വയസില്‍ വിവാഹം കഴിച്ചു. 19 വയസില്‍ അടുത്ത കുട്ടി, 20 വയസില്‍ വിവാഹ മോചനം. പിന്നീട് രണ്ട് പെണ്മക്കളെയും കൊണ്ട് ഏറെ കഷ്ടത നിറഞ്ഞതായിരുന്നു ജീവിതം. അങ്ങിനെയാണ് ലൈംഗീക തൊഴിലാളിയാകാന്‍ തീരുമാനിച്ചത്. അന്നെനിക്കറിയില്ലായിരുന്നു എന്റെ അമ്മയും മുത്തശ്ശിയും ഇതേ തൊഴിലാണ് ചെയ്തിരുന്നതെന്ന്. പിന്നീടെപ്പോഴോ അച്ഛനക്കാര്യം പറഞ്ഞപ്പോള്‍ ഞാനാദ്യം ചിന്തിച്ചത് എന്റെ മക്കളെ കുറിച്ചായിരുന്നു, അവര്‍ക്ക് ഈ ഗതി ഉണ്ടാകരുതെന്ന്. എനിക്കൊരിക്കലും ലഭിക്കാതിരുന്ന സ്നേഹവും കരുതലും നല്‍കിയാണ് ഞാന്‍ അവരെ വളര്‍ത്തുന്നത്.
മറ്റെന്തൊക്കെയോ ആകണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ഇവിടെയാണ്. ഞാനിന്ന് കൂടുതല്‍ കരുത്തയായിരിക്കുന്നു. ലൈംഗീക സുഖം തേടിയെത്തുന്ന പലരും നമ്മളെ ഒരു ജീവനില്ലാത്ത വസ്തുവിനെ പോലെയാണ് കരുതുന്നത്. പണം നല്കി ലൈംഗീക സുഖം തേടുന്ന ഇത്തരക്കാരോട് എനിക്ക് വെറുപ്പാണ്. ഇത്തരക്കാരില്‍ അധികവും വീട്ടില്‍ ഭാര്യയും കുട്ടികളുമുള്ളവരായിരിക്കും. അതേകുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ ശരിക്കും മടുപ്പ് തോന്നാറുണ്ട്.’- ജാക്കി പറയുന്നു.
വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയായ പെണ്‍കുട്ടി, സാന്‍ഡ്രയുടെ വാക്കുകള്‍;
‘എനിക്കന്ന് 15 വയസായിരുന്നു. സ്കൂളില്‍ എല്ലാവരും അസൂയയോടെ നോക്കുന്ന സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയുണ്ടായിരുന്നു. എനിക്കും അവരില്‍ ഒരാളാകണമെന്ന് തോന്നി, എന്നാല്‍ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അവര്‍ പോകുന്നിടത്തെല്ലാം ഞാനും പോകാന്‍ തുടങ്ങി. ഒരു ദിവസം അവരെനിക്ക് മറ്റൊരാളെ പരിജയപ്പെടുത്തി തന്നു, തത്കാലം അയാളെ ജിം എന്ന് വിളിക്കാം.
അയാള്‍ നഗരത്തിലെ ഒരു വലിയ മയക്കുമരുന്ന് ഏജന്റാണെന്ന് എനിക്ക് പിന്നീടാണ് മനസിലായത്. അപ്പോഴേക്കും ഞാന്‍ അവരുടെ വലയിലായിരുന്നു. മയക്കു മരുന്ന് വില്ക്കാന് അവരെന്നെ ഉപയോഗിച്ചു. എന്റെ കൂട്ടുകാരും ഇത് ചെയ്തിരുന്നു. എന്നാല്‍ അതിലെ അപകടം മനസിലാക്കിയ ഞാന്‍ ഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജിമ്മിനെ അറിയിച്ചു. മയക്കുമരുന്ന് വില്‍പ്പന നിര്‍ത്താമെന്നും എന്നാല്‍ ഞാന്‍ അയാള്‍ക്ക് വേണ്ടി മറ്റു ചില കാര്യങ്ങള്‍ ചെയ്യണമെന്നും, അതു വഴി നിറയെ പണം സമ്പാദിക്കാമെന്നുമായിരുന്നു ജിം എന്നോട് പറഞ്ഞത്.
ഞാന്‍ അതിന് തയ്യാറല്ലെന്ന് പറഞ്ഞു. എന്നാല്‍ അയാളെന്നെ ബലമായി പിടിച്ചുകൊണ്ടു പോയി ക്രൂരമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. അതോടെ എനിക്കയാളെ പേടിയായി. അയാള്‍ പറയുന്നതെല്ലാം ഞാന്‍ കേട്ടു തുടങ്ങി. അയാള്‍ പലര്‍ക്കുമെന്നെ കാഴ്ചവെച്ചു. ഇതൊന്നും വീട്ടുകാരോട് തുറന്ന് പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. അയാള്‍ വിളിക്കുമ്പോഴെല്ലാം സുഹൃത്തിനെ കാണാന്‍ പോകുന്നെന്ന് പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പെട്ടെന്നൊരു ദിവസം ജിമ്മിനെ കുറിച്ച് ഒരു വിവരവുമില്ലാതെയായി. എല്ലാം അവസാനിച്ചുവെന്ന് ഞാന്‍ കരുതി. ഞാന്‍ സ്വതന്ത്രയായി. എന്നാല്‍ ഞാന്‍ കടന്നു പോയ നിമിഷങ്ങള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി, 19 വയസുള്ളപ്പോഴായിരുന്നു മാന്യനായ അയാളെ ഞാന്‍ ഇന്റര്‍നെറ്റിലൂടെ പരിജയപ്പെടുന്നത്. ഞങ്ങള്‍ പെട്ടെന്ന് അടുത്തു. എന്റെ വിഷമങ്ങളും അനുഭവങ്ങളും അയാളുമായി പങ്കുവെച്ചു. അയാളെനിക്ക് വലിയൊരാശ്വാസമായി. ഞങ്ങള്‍ നേരില്‍ കാണുവാന്‍ തുടങ്ങി. എന്നാല്‍ ഒരു ദിവസം പണത്തിനു വേണ്ടി എന്നെ മറ്റൊരാള്‍ക്ക് അയാള്‍ കാഴ്ചവെക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ പണ്ടുണ്ടായ കാര്യങ്ങള്‍ പറഞ്ഞ് അയാളെന്നെ കുറ്റപ്പെടുത്തി. നിവൃത്തിയില്ലാതെ എനിക്ക് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ പണത്തിനു വേണ്ടി പിന്നീടയാള്‍ എന്നെ പലര്‍ക്കും മുമ്പില്‍ കാഴ്ചവെച്ചു. എല്ലാം സഹിച്ച് ഞാന്‍ അയാള്‍ക്കൊപ്പം കഴിഞ്ഞു.
എന്റെ സുഹൃത്തുക്കളില്‍ നിന്നും വീട്ടികാരില് നിന്നും അയാള്‍ എന്നെ അകറ്റി. അയാളെന്നെ മാരകമായി ആക്രമിക്കാനും തുടങ്ങിയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആകെയെനിക്കുണ്ടായിരുന്ന ഒരു സുഹൃത്തിനെ കൂടി പിരിയാന്‍ അയാളെന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ സമ്മതിച്ചില്ല. അയാള്‍ വേണോ സൃഹൃത്ത് വേണോയെന്നായി അടുത്ത ചോദ്യം. എല്ലാം സഹിച്ച് അവിടെ ഞാന്‍ വീണ്ടും തുടരുമെന്ന് കരുതിയ അയാള്‍ക്ക് തെറ്റി. ഞാന്‍ വീട്ടിലേക്ക് തിരിച്ചുവന്നു. വീട്ടുകാരോടും എന്റെ സുഹൃത്തിനോടും എല്ലാം തുറന്ന് പറഞ്ഞു. എന്നിട്ടും അയാള്‍ എന്നെ തേടി വന്നുകൊണ്ടിരുന്നു. വീട്ടുകാര്‍ എന്നെ മറ്റൊരു സ്ഥലത്താക്കി. പല തവണ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, മദ്യപാനത്തിനടിമയായി. എന്നാല്‍ തുടര്‍ച്ചയായ കൗണ്‍സിലിങ്ങിലൂടെയും മറ്റും ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുകയായിരുന്നു.’
ക്രൂരതയുടെയും കൗശലങ്ങളുടെയും ലോകത്തെക്കുറിച്ചാണ് സ്ജോണ്‍ എന്ന ‘പിംപിന്’ പറയാനുള്ളത്
’18-ാം വയസിലായിരുന്നു ആദ്യമായി ഞാനീ ജോലി ചെയ്തത്. ഈ ജോലി ചെയ്യുകയെന്നത് എനിക്ക് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. കാരണം ഓര്‍മ്മവെച്ച കാലം മുതല്‍ കാണുന്നതാണ് ഇത്. എന്റെ രണ്ടാനച്ഛന് ഹോളണ്ടിലെ തന്നെ വലിയൊരു പിംപായിരുന്നു. എന്റെ അമ്മ ലൈംഗീക തൊഴിലാളിയും. ഞാന്‍ കണ്ടു വളര്‍ന്നത് ഇതായിരുന്നു.
എനിക്ക് വേണ്ടി ആദ്യമായി ജോലി ചെയ്ത പെണ്‍കുട്ടിയുടെ പേരു പോലും ഞാനിന്ന് ഓര്‍ക്കുന്നുണ്ട്. ക്യാറിന് എന്നായിരുന്നു അവളുടെ പേര്. എന്റെ ഒരു സുഹൃത്തിന്റെ ക്ലബ്ബിലേക്കായിരുന്നു ഞാനവളെ കൊണ്ടുപോയത്. എല്ലാ രാത്രകളിലും ക്യാറിനെ തേടി എത്ര ആളുകള്‍ വന്നുവെന്ന് സൃഹൃത്ത് എന്നോട് പറയുമായിരുന്നു. എനിക്ക് പണം ലഭിച്ചു കൊണ്ടിരുന്നു.
കണ്ടുമുട്ടുന്ന ഓരോ സ്ത്രീകളെയും ഞാന്‍ സൂഷ്മമായി നിരീക്ഷിക്കുമായിരുന്നു. എനിക്കെങ്ങനെ അവരെ ഉപയോഗിക്കാം, അവര്‍ തനിച്ചാണോ, എവിടെയാണ് താമസിക്കുന്നത്, സഹോദരന്മാരോ ബന്ധുക്കളോ ഉണ്ടോ., എന്നെല്ലാം ഞാന്‍ ചിന്തിക്കുമായിരുന്നു. പിന്നീടവരെ എങ്ങനെ വലയിലാക്കാം എന്ന് ആലോചിക്കും. ചിലപ്പോള്‍ അതിനവര്‍ക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുക്കേണ്ടി വരും ചിലപ്പോള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ സംസാരിക്കണം. വിവാഹവാഗ്ദാനങ്ങള്‍ വരെ നല്കി അവരുടെ വിശ്വാസം സ്വന്തമാക്കും. എന്നാല്‍ ഒരിക്കലും ഇതൊന്നും യാഥാര്‍ഥ്യമാകാന്‍ പാടില്ല. ഈ ബിസിനസില്‍ വികാരങ്ങള്‍ക്ക് ഇടമില്ലെന്ന് പറയാറുണ്ട്. എന്റെ വികാരങ്ങളെ എങ്ങിനെ നിയന്ത്രിക്കണമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. സ്ത്രീകളെന്നാല്‍ എനിക്ക് വ്യാപാരവസ്തുക്കള്‍ മാത്രമായിരുന്നു.
ഒരു ദിവസം ഒരാള്‍ പണം താരാതെ കടന്നുകളയാന്‍ ശ്രമിച്ചു. അയാളുമായുള്ള തര്‍ക്കത്തില്‍ എനിക്ക് സാരമായി പരുക്കേല്‍ക്കുകയും, കയ്യേറ്റം ചെയ്തു എന്ന കുറ്റത്തിന് എന്നെ നാലു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 2006ലായിരുന്നു അത്. എന്നാല്‍ ആ ജയില്‍ ജീവിതം എന്നെ നിരവധി കാര്യങ്ങളായിരുന്നു പഠിപ്പിച്ചത്. സെക്സ് ബിസിനസിനു പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ ഇതുവരെ കണ്ടതല്ല ജീവിതമെന്നും ഇതുവരെ എനിക്ക് ലഭിച്ച സന്തോഷങ്ങളൊന്നും ഒന്നുമല്ലെന്നും മനസിലാക്കി.
സെക്സ് ബിസിനസില്‍ നിന്ന് പുറത്ത് കടക്കാന്‍ ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതു ശരിയാണെന്നാണ് എനിക്കും തോന്നിയത്. ഞാനിപ്പോഴും സ്ത്രീകളെ കാണുമ്പോള്‍ അവരെ സൂഷ്മമായി നിരീക്ഷിക്കാറുണ്ട്. എന്നാല്‍ അതൊരു തരത്തിലുള്ള ഉപദ്രവമാണെന്ന് എനിക്കിപ്പോള്‍ അറിയാം. എന്നാല്‍ ഒരു കാലത്ത് അതെന്റെ ജോലിയായിരുന്നു. പണമുണ്ടാക്കാന്‍ ഞാന്‍ സ്ത്രീകളെ ഉപയോഗിച്ചിരുന്നു. ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. അതൊരു വൃത്തികെട്ട ബിസിനസാണ്. പലരും പറയാറുണ്ട് പണമുണ്ടാക്കാനുള്ള എളുപ്പപ്പണിയാണ് ഇതെന്ന്. എന്നാല്‍ ഇതത്ര എളുപ്പമല്ല. ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും കഠിനമായ ജോലിയാണ് അത്. ശരിക്കും ഞാന്‍ മടുത്തിരുന്നു. ജീവിതത്തിന്റെ ആദ്യ അധ്യായങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഓടി രക്ഷപ്പെടാനാണ് തോന്നുന്നത്.’-സ്ജോണ്‍ പറഞ്ഞു നിര്‍ത്തി.
വാക്കുകള്‍ക്ക് അനുഭവങ്ങളുടെ തീഷ്ണതയുണ്ടാകില്ലെങ്കിലും ഇവരോരോരുത്തരുടെയും വാക്കുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. ലോകത്തേറ്റവും ബുദ്ധിമുട്ടേറിയ ജോലിതന്നെയാണ് ശരീരം വിക്കലും അതിന് കൂട്ടു നിക്കലും. ലോകമെത്ര പുരോഗമിച്ചാലും ഇത്തരം ജീവിതങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
By: ജെയ്ഷ ടി.കെ