നാളെയാണെന്റെ വിവാഹം. .വീടും പന്തലും നിറഞ്ഞു ആള്‍ക്കാര്‍. വിവാഹം മണ്ഡപത്തില്‍ വച്ചാണ്. .അതുകൊണ്ട് ഇന്നാണ് നാടടച്ച് സദ്യ..പുതുവസ്ത്രങ്ങള്‍ മാറിമാറി അണിഞ്ഞ് സ്വര്‍ണ്ണത്തില്‍ കുളിച്ച് കൂട്ടുകാരികളുടെ കൂടെ വീഡിയോക്കും ഫോട്ടോകള്‍ക്കും പോസ് ചെയ്തു ഞാനും ഉണ്ട് പന്തലില്‍..അഛനും അമ്മയും ഇരിക്കാന്‍ നേരമില്ലാതെ ഓടി നടക്കുന്നുണ്ട്.
പെട്ടെന്ന് വിജി എന്റടുത്തേക്ക് വന്നു. .”സായൂ നിനക്ക് ഫോണ്‍ ‘.അവളുടെ മുഖം വിളറി ഇരിക്കുന്നു. .ഞാന്‍ ഫോണ്‍ എടുത്തു. ..”സായൂ.. ഞാന്‍ ആണ് ..താഴെ റോഡില്‍ ഉണ്ട് ഞങ്ങള്‍. .എനിക്ക് നീയില്ലാതെ വയ്യ. .എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഇറങ്ങാന്‍ പറ്റുമോയെന്ന് നൊക്കൂ…ഇല്ലെങ്കില്‍ ഒന്നും നോക്കണ്ട..ഞാന്‍ അങ്ങ് കേറി വന്നോളും. .നീയെന്റെ കൂടെ നിന്നാല്‍ മാത്രം മതി. .ആരും നമ്മളെ ഒന്നും ചെയ്യാന്‍ പോണില്ല”..അലന്‍ ആണ് ഫോണില്‍. .കഴിഞ്ഞ ഒരു വര്‍ഷമായി ഒന്നു കേള്‍ക്കാന്‍ കൊതിച്ച സ്വരം. .ഈ അവസാനത്തെ നിമിഷം. ..ദൈവമേ എന്താണ് ചെയ്യേണ്ടത് ഞാന്‍?
ഞാന്‍ മുകളിലേക്ക് ഓടി. …ബാല്‍ക്കണിയിലേക്കിറങ്ങി നോക്കി. .ശരിയാണ് റോഡില്‍ അങ്ങേയറ്റം രണ്ട് കാറും കുറച്ചു ആളുകളും. .കാലുകള്‍ തളര്‍ന്നു ഞാന്‍ ഊഞ്ഞാല്‍ കസേരയില്‍ കുഴഞ്ഞു വീണു. .മൂന്നു വര്‍ഷത്തെ പ്രണയം. .അവനാണ് റോഡില്‍ പ്രതീക്ഷകളുമായി കാത്തിരിക്കുന്നത്..ഇത്രയും ഭ്രാന്തമായ സ്‌നേഹം ആരോടും ഇല്ലായിരുന്നു എനിക്ക്. ..അതുകൊണ്ട് തന്നെ അഛന്റടുത്തൂന്ന് ഒന്നും ഒളിച്ചില്ല..ആദ്യത്തെ ചോദ്യം ചെയ്യലില്‍ തന്നെ സമ്മതിച്ചു കൊടുത്തു. .
മതത്തിന്റെ വേലി പൊളിച്ചു ഞങ്ങള്‍ ഒന്നിച്ചു ജീവിക്കും എന്ന് പറഞ്ഞ നിമിഷം. ..ആദ്യത്തെ അടി വീണു. .
വിട്ടു കൊടുത്തില്ല. ..ചീറിക്കൊണ്ട് അഛന് നേരെ തിരിഞ്ഞു. .”സ്വന്തം മകളുടെ മനസു കാണാതെ അടിക്കാന്‍ നാണമില്ലേ”. എന്നുവരെ ചോദിച്ചു. .ഭ്രാന്തു പിടിച്ച പോലെ അഛനടിച്ച അടിയെല്ലാം ദേഹം കൊണ്ട് തന്നെ തടഞ്ഞു. .അവസാനം.. കൊന്നേക്കു ..അല്ലെങ്കില്‍ ഞാന്‍ അവന്റെ കൂടെ പോയിരിക്കും ..എന്ന എന്റെ അലര്‍ച്ചക്കു മുന്നില്‍ അഛന് കൈ വിറച്ചു..തല കുനിച്ചിറങ്ങിപ്പോയി..ആ പാവം. ..
അടുത്ത ദിവസം തന്നെ എന്നെ മാമന്റെ വീട്ടിലേക്ക് മാറ്റി. .അവിടെയും ഞങ്ങള്‍ തോറ്റില്ല..
അലന്‍ വിജിയുടെ കയ്യില്‍ കൊടുത്തയച്ച ചെറിയ സോളാര്‍ ഫോണ്‍ വഴി ഞങ്ങള്‍ പുലര്‍ച്ചെ വരെ സംസാരിച്ചു..കുറച്ചു ദിവസം കൊണ്ട് മാമി കേട്ടു രാത്രി സംസാരം. .അര്‍ദ്ധരാത്രി മാമന്റെ മുന്നില്‍തൊണ്ടിയോടെ പിടിച്ചിട്ടും കൂസലില്ലാതെ നിന്നു ഞാന്‍. ..അഛനെയില്ലാത്ത പേടി ആണോ മാമനെ….എന്ന് മനസ്സില്‍ പുഛവുമായി……
രാവിലെ തന്നെ മാമി എന്നോടു ഒരുങ്ങി വരാന്‍ പറഞ്ഞു. .എന്നെ വീട്ടില്‍ കൊണ്ട് വിടാനാണെന്നു കരുതി ഞാന്‍ തയ്യാറായി വന്നു. .എന്നാല്‍ കാറോടിയത് അലന്റെ വീട്ടിലേക്ക് ആയിരുന്നു.ഞാന്‍ ഞെട്ടി ഇരുന്നു പോയി. ..മാമന്‍ പതുക്കെ പറഞ്ഞു. ..എല്ലാവരുടെയും സമ്മതം ഞാന്‍ വാങ്ങിക്കോളാം..പക്ഷേ ഇന്നിതിനൊരു തീരുമാനം ഉണ്ടാവണം. .
അപ്രതീക്ഷിതമായി കേറിവന്ന ഞങ്ങളെ കണ്ടു അലനടക്കം എല്ലാരും ഞെട്ടി. .മുറ്റത്ത് നിറയെ റബ്ബര്‍ ഷീറ്റുകള്‍. ..അറയും നിരയുമായി..ഒരു പഴയ കൃസ്ത്യന്‍ തറവാട്. .അവനും പപ്പയും മമ്മിയും ചേച്ചിയും അനിയനും വല്ല്യമ്മച്ചിയും.മാമന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. .ആദ്യം വല്ല്യമ്മച്ചിയും പിന്നെ അവന്റെ മമ്മിയും നിര്‍ത്താതെ എന്നെ പഴിച്ചു. .വളര്‍ത്തു ദോഷം ഉള്ള പെണ്‍കുട്ടിയെ അവര്‍ക്കു വേണ്ട. അതുകൊണ്ടാണല്ലോ അന്യമതത്തില്‍ പെട്ട അവനെ വല വീശി പിടിച്ചത്..പിന്നെ അവന്റെ പപ്പയുടെ വക മാമനും കിട്ടി. .കുടുംബത്തിലെ പെണ്‍ കുട്ടികള്‍ വഴിപിഴച്ചു പോയാല്‍.
കാര്‍ന്നോമ്മാരിങ്ങനൊക്കെ നാണം കെടേണ്ടി വരും എന്നു വരെ പറഞ്ഞു. .
ഒന്നും മിണ്ടാതെ എല്ലാം കേട്ടശേഷം മാമന്‍ അലനോട് ചോദിച്ചു. .”എന്താ നിന്റെ തീരുമാനം എന്ന്.” ..അവന്റെ മുഖത്ത് അതുവരെ കണ്ട അപരിചത്വത്തേക്കാള്‍ എന്നെ വേദനിപ്പിച്ചത്”പപ്പയും മമ്മിയും പറയുമ്പോള്‍ ഞാനെന്തു പറയാന്‍.” ..എന്ന എങ്ങും തൊടാത്ത മറുപടി ആയിരുന്നു. .പൊട്ടിക്കരഞ്ഞുകൊണ്ട് ഞാനിറങ്ങി ഓടി. ..വീടെത്തും വരെ മാമിയുടെ മടിയില്‍ കിടന്നു കരഞ്ഞു ഞാന്‍. ..ആരും എന്നെ വഴക്ക് പറഞ്ഞില്ല…ശാസിച്ചില്ല…കൂടെ നിന്നു..അഛനോട് മാപ്പ് പറയാന്‍ കൊതിച്ചെങ്കിലും തെറ്റ് ചെയ്തവളുടെ കുറ്റബോധം അതിനനുവദിച്ചില്ല..ആറു മാസം വരെ പ്രണയമാകുന്ന ഉമിത്തീയില്‍എരിഞ്ഞു…അവനെ മറക്കാന്‍ കഴിയാതെ …ആ ശബ്ദമെങ്കിലും ഒന്നു കേള്‍ക്കാന്‍ വേണ്ടി… കൊതിച്ചു..വലിച്ചെറിഞ്ഞ ഫോണിലൂടെ വീണ്ടും വിളിച്ചു..ആ നമ്പര്‍ പോലും നിലവില്‍ ഇല്ലെന്നു മനസ്സിലാക്കി ഫോണ്‍ തല്ലിത്തകര്‍ത്തു.
മാസങ്ങളോളം പുറത്തിറങ്ങാതെ വായിച്ചും എഴുതിയും മുറിയിലേക്ക് ഒതുങ്ങി. .അപ്പോഴേക്കും മനസ്സും മരവിച്ചു തുടങ്ങി. .അതിനിടെയാണ് മനുവിന്റെ ആലോചന വന്നത് പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല..”എന്താ മോളേ പറയണ്ടെ ‘? എന്ന അഛന്റെ ചോദ്യത്തിന് മറുപടി പറയാന്‍ മുഖം ഉയര്‍ത്താന്‍ പോലും അര്‍ഹത ഇല്ലെന്നു തോന്നി. ..വിവാഹം ഉറപ്പിക്കും എന്നു മനസ്സിലായി. അവസാനമായി ഒന്നുകൂടി വിജിയോട് പറഞ്ഞു വിട്ടു…അവനൊന്നും മിണ്ടീല്ല എന്ന പതിവ് മറുപടിയുമായി വിജി വന്നു. .കത്തി ജ്വലിച്ച മൂന്നു വര്‍ഷത്തെ പ്രണയം അതോടെ മരിച്ചു എന്റെ മനസ്സില്‍. .പതുക്കെ ജീവിതം തിരിച്ചു വന്നു. ..മനു…മനുവേട്ടനായി…അഛനോട് മാപ്പ് പറയാന്‍ മാത്രം ധൈര്യം വന്നില്ല..ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.ആഭരണങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ…ഒന്നും കുറച്ചില്ല അഛന്‍..നാളെ പടിയിറങ്ങി പോകേണ്ട മകള്‍ ഇന്ന് ഇറങ്ങി പോയാല്‍. …ദൈവമേ. ..എന്റെ ഹൃദയം കിടുങ്ങി
ആലോചിച്ച് തളര്‍ന്നിരുന്നു ഞാന്‍. ..എത്ര നേരം. ..അറിയില്ല. ..വിജി ഓടി വന്നു. .”സായൂ ..
ആകെ പ്രശ്‌നം ആകൂന്നു തോന്നുന്നു ..അവനിങ്ങോട്ട് കേറിവന്നു…നിന്റെ മാമന്‍ പിടിച്ചു പുറകിലേക്ക് കൊണ്ട് പോയി സംസാരിക്കയാണ്.”എന്റെ തളര്‍ച്ച പൂര്‍ണമായി.അമ്മ കേറി വരുന്നുണ്ട് കൂടെ മാമിയും…. പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മ എന്റെ മുന്നില്‍ കൈകൂപ്പി…’പൊന്നുമോളേ ചതിക്കല്ലേ….അഛനെ കൊല്ലിക്കരുത് നീ..”മരവിച്ചു നിന്ന എന്റെ കൈയില്‍ പിടിച്ചു മാമി..പിന്നെ പതുക്കെ പറഞ്ഞു .”വാ മോളേ…മുന്‍വശത്ത് ആരും ഒന്നും അറിഞ്ഞിട്ടില്ല. .നിനക്ക് മാത്രമേ കഴിയൂ ..ഇതിനൊരു തീരുമാനമുണ്ടാക്കാന്‍…മാമി എന്നെയും പിടിച്ചു നടന്നു കഴിഞ്ഞു. ..മുഖം തുടച്ച് പുറകെ അമ്മയും. .
കിണറ്റിന്റെ വശത്തൂടെ ഞങ്ങള്‍ പുറത്തിറങ്ങി. .വഴിയുടെ താഴെ കുറച്ചു പേര്‍.മാമന്റെയും അലന്റെയും രൂപം അക്കൂട്ടത്തില്‍ എനിക്ക് വ്യക്തമായി കാണാം.വിറക്കുന്ന എന്നെ
ചേര്‍ത്ത് പിടിച്ചു നടത്തി മാമി. .നടത്തത്തിനിടെ ഞാന്‍ കണ്ടു. ..വഴിയുടെ അരികില്‍ നിലത്ത്. ..
അഛന്‍ തല കുമ്പിട്ട് ഇരിക്കയാണ്. …എന്നെ നോക്കി പോലുമില്ല. ..കാലുകള്‍ വിറച്ച്.. വിയര്‍പ്പൊഴുകി..എനിക്ക് നടക്കാന്‍ വയ്യ. .ആയിരം കിലോമീറ്റര്‍ ദൂരമുണ്ട് അങ്ങോട്ട് എന്നു തോന്നി എനിക്ക്. ..
എന്റെ മുന്നില്‍ വീണ്ടും ആ മുഖം. ..ജീവന്‍ കൊടുത്തു ഞാന്‍ സ്‌നേഹിച്ചവന്റെ മുഖം. ..
ഈ ജന്‍മം മാത്രമല്ല ഇനിയേഴു ജന്‍മവും ഒന്നു ചേരാന്‍ കൊതിച്ച മുഖം. ..വിയര്‍ത്തൊട്ടിയ അവന്റെ മുഖം എന്നെ കണ്ടതോടെ തിളങ്ങി..വിജയസ്മിതത്തോടെ അവന്‍ റോഡില്‍ കാത്തു നില്‍ക്കുന്ന ചങ്ങാതിമാരെ നോക്കി.
പുഞ്ചിരിയോടെ അവന്‍ പറയുന്നത് ഞാന്‍ കേട്ടു
എനിക്കറിയായിരുന്നു നീ വരുമെന്നു. …ഒന്നും മിണ്ടാതെ പകച്ചു നിക്കയാണ് മാമന്‍. …
ഒരു നിമിഷം. ..ഞാന്‍ ശ്വാസം പിടിച്ചു നിന്നു. …പിന്നെ പതുക്കെ പറഞ്ഞു. ..”ഞാന്‍ വരുന്നില്ല …ഞെട്ടി നില്‍ക്കുന്ന അവന്റെ മുഖത്ത്‌നോക്കി ഞാന്‍ തുടര്‍ന്നു…..ഒരുപാട് വളര്‍ത്തുദോഷം ഉള്ള കുട്ടി ആയിരുന്നു ഞാന്‍ …പക്ഷേ ഇന്നങ്ങനെയല്ല…ഇന്നെനിക്കറിയാം ..വിവാഹത്തലേന്ന് അഛനമ്മമാരെ ഉപേക്ഷിച്ചു. വിഷമഘട്ടത്തില്‍ മറന്നു കളഞ്ഞ ഒരാളുടെ പുറകെ പോകരുതെന്ന്..അതുകൊണ്ട് എനിക്ക് വേണ്ടി ഇനിയിവിടെ നില്‍ക്കുകയും വേണ്ട ”…പറഞ്ഞു തീര്‍ത്ത് അടുത്ത നിമിഷം ഞാന്‍ തിരിച്ചു നടന്നു. ..വഴിയില്‍ നിലത്ത് തളര്‍ന്നിരിക്കുന്ന എന്റഛന്റടുത്തേക്ക്…അഛന്റെ മുന്നില്‍ നിലത്ത് മുട്ടുകുത്തി ….അഛന്റെ കാലുകള്‍ രണ്ടും ചുറ്റിപ്പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. …’എന്നോടു ക്ഷമിക്കണേ അഛാ….എന്റഛനെയും അമ്മയെയും വിഷമിപ്പിക്കുന്ന ഒന്നും ഞാനിനി ചെയ്യില്ല. ..”
തളര്‍ന്നിരുന്ന അഛന്‍ എന്നെ നെഞ്ചിലേക്ക് ചേര്‍ത്ത് വിങ്ങിക്കരഞ്ഞു…തിരിഞ്ഞു നോക്കാതെ ഞാന്‍ എന്റെ അഛന്റെയും അമ്മയുടെയും കൈകളില്‍ ചേര്‍ന്ന് വീട്ടിലേക്ക് കയറി. ..അതെ ഇപ്പോള്‍ നല്ല കുട്ടി ആണ് ഞാന്‍. ..മാതാപിതാക്കളുടെ സന്തോഷം ആണ് ഓരോ മക്കളുടെയും സന്തോഷം എന്നെനിക്കറിയാം..അങ്ങനെ ജീവിച്ചാല്‍ മതിയിനി എനിക്കും എഴുത്തു കടപ്പാട് : വിനീത അനില്‍