Breaking News
Home / Lifestyle / ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന പത്ത് ഐഎഎസ്സുകാരുടെ ലിസ്റ്റില്‍ ഒന്നാമതെത്തിയത് മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോ

ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന പത്ത് ഐഎഎസ്സുകാരുടെ ലിസ്റ്റില്‍ ഒന്നാമതെത്തിയത് മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോ

കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രശാന്ത് നായര്‍ ചെയ്ത സേവനങ്ങള്‍ ആണ് ഇദ്ദേഹത്തെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. കോഴിക്കോട് നഗരത്തിന് വേണ്ട കളക്ടര്‍ ബ്രോ ചെയ്ത നല്ല കാര്യങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇങ്ങനെ ഒരു കളക്ടറാണ് നമുക്ക് വേണ്ടതെന്ന് പ്രശാന്തിന്റെ സേവനങ്ങളെ കുറിച്ച് അറിഞ്ഞാല്‍ ആരും പറഞ്ഞു പോകും.

പ്രശാന്ത് നായര്‍ ഐഎഎസിന്റെ മനസ്സില്‍ വിരിഞ്ഞ നൂതന ആശയങ്ങളായിരുന്നു കോഴിക്കോട് നഗരത്തെ കീഴടക്കിയ ഓപ്പറേഷന്‍ സുലൈമാനി, മാലിന്യ സംസ്‌ക്കരണത്തിനുള്ള പദ്ധതിയായ തേരെ മേരെ ബീച്ച് മേം, പ്രായമായവരുടെ മെച്ചപ്പെട്ട ജീവിതത്തിനുള്ള യോ അപ്പൂപ്പ തുടങ്ങിയവ. ഇവയെല്ലാം കോഴിക്കോട്ടെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിന് പുറമേ കരുണാര്‍ദ്രം, ഫോസ്റ്റര്‍ എ ചൈല്‍ഡ് പദ്ധതി, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹെല്‍പ് ഡെസ്‌ക്, സ്‌കോളര്‍ഷിപ്പ് പദ്ധതി, പാലിയേറ്റീവ് കെയര്‍ ജനകീയമാക്കുന്നതിനുള്ള സംവേദനം പദ്ധതി തുടങ്ങി മാനസികാരോഗ്യ കേന്ദ്രം അന്തേവാസികള്‍ക്ക് ചപ്പാത്തി പരത്താനുള്ള വളണ്ടിയര്‍ കൂട്ടായ്മ വരെയുള്ള നിരവധി സേവനങ്ങള്‍ ചെയ്തു.

കോഴിക്കോട് നഗരത്തില്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുന്ന പ്രവര്‍ത്തനമാണ് ഓപ്പറേഷന്‍ സുലൈമാനിയിലൂടെ നടപ്പിലാക്കിയത്. ജില്ലയിലെ ഹോട്ടല്‍ വ്യവസായികളുടെ സംഘടനയുമായും മറ്റ് എന്‍ജിയോകളുമായും സഹകരിച്ചാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസ് ഈ പദ്ധതി വിഭാവനം ചെയ്തത്. കോഴിക്കോട്ടുകാര്‍ക്ക് പ്രത്യേക അടുപ്പം ഈ പദ്ധതിയോട് തോന്നുന്നതിനാണ് സുലൈമാനി എന്ന് ഇതിന് പേരിട്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പ്രശാന്ത് പറഞ്ഞിരുന്നു. ദരിദ്രരായ ആളുകളെ ഉദ്ദേശിച്ചു നടപ്പാക്കുന്ന പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേക കൂപ്പണുകള്‍ ജില്ലാ ഭരണകൂടം വിതരണം ചെയ്യും. 2015 മെയ് മുതല്‍ കോഴിക്കോട്ട് നടപ്പായ പദ്ധതിക്ക് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സിനിമയാണ് പ്രചോദനമായത്.

കംപാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിക്കും കളക്ടര്‍ ബ്രോ തുടക്കമിട്ടു. ജീവിതത്തിന്റെ ഏത് തുറകളിലുമുള്ളവരും പൊതുകാര്യങ്ങള്‍ക്കായി അല്‍പം സമയം മാറ്റിവയ്ക്കുകയെന്ന സന്ദേശമായിരുന്നു ഈ പദ്ധതി. ഓരോ മാസവും സേവനത്തിനായി മാറ്റിവയ്ക്കാന്‍ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ബാക്കിയുള്ള അമ്പതിനായിരം സന്നദ്ധസേവകരെ കണ്ടെത്തുന്ന പദ്ധതിയായിരുന്നു ഇത്. ഇത്തരത്തില്‍ സാമൂഹ്യസേവനത്തിന്റെ പുതുമാതൃകയാണ് കളക്ടര്‍ തീര്‍ത്തത്. ഇതുവഴി ജനസേവനത്തിന്റെ രണ്ടരലക്ഷം മണിക്കൂറെങ്കിലും സൃഷ്ടിക്കാനാവുമെന്ന സങ്കല്‍പം തന്നെ പുതുമയുള്ള ആശയമായി.

കൂലിപ്പണിക്കാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഏത് മേഖലകളിലുള്ളവരാവട്ടെ, അവര്‍ക്കെല്ലാം തങ്ങള്‍ക്ക് കഴിവും താല്‍പര്യവുമുള്ള മേഖലകളില്‍ സന്നദ്ധസേവനത്തിന് അവസരമൊക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. ആതുര സേവനം, രോഗികളുടെ പരിചരണം, ശുചീകരണം, കൊതുക് നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം മുതല്‍ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട സര്‍വേകള്‍, വെബ്ഡിസൈനിങ്, മൊബൈല്‍ ആപ് ഡെവലപിങ്, ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് തുടങ്ങി സേവനത്തിന്റെ അനന്തസാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്. വെറും വാചകമടിയും സര്‍ക്കാരിനെ കുറ്റപ്പെടുത്തലുമല്ല സേവനമെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു പ്രശാന്ത്.

നിര്‍ധനരും മോശമായ കുടുംബ സ്ഥിതിയും മൂലം പഠനം വഴിമുട്ടിയ 400 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായം അനുവദിക്കുകയും വര്‍ഷങ്ങളായി മടുത്ത ഭക്ഷണങ്ങള്‍ മാറ്റുകയും ചെയ്തു. ജില്ലയിലെ വെല്‍ഫെയര്‍ ഹോമുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നിറവേറ്റാന്‍ കംപാഷനേറ്റ് കോഴിക്കോട് വെബ് സൈറ്റ് ആരംഭിച്ചു. കളക്‌റ്റ്രേറ്റില്‍ തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍.

എം പി ഫണ്ട് കളക്‌റ്റ്രേറ്റില്‍ കെട്ടിക്കിടക്കുക മുന്‍കാലങ്ങളില്‍ പതിവായിരുന്നു. എന്നാല്‍ എം. പി. മാരുടെ പ്രാദേശിക ഫണ്ട് ചിലവഴിക്കുന്നതിന് മുന്‍കാലങ്ങളിലേതിനേക്കാള്‍ വമ്ബിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. പാര്‍ട്ടിസിപ്പേറ്റീവ് ഗവര്‍ണന്‍സിന് സോഷ്യല്‍ മീഡയയുടെ ക്രിയാത്മക ഉപയോഗത്തിന് സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് പുരസ്‌കാരം ഏര്‍പ്പെടുത്തി. പ്രായപൂര്‍ത്തിയായ ഭിന്നശേഷിക്കാരുടെ പഠനത്തിനും വൊക്കേഷണല്‍ ട്രയിനിംങ്ങിനും അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുമായുള്ള സെന്റര്‍ നായനാര്‍ ബാലികാ സധനത്തില്‍ സ്ഥാപിച്ചു. അനധികൃത മൈനിംങ്ങ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയും ഇക്കാലയളവില്‍ കൈ കൊണ്ടു.

നികുതി അടയ്ക്കാത്ത വമ്ബന്‍ സ്രാവുകളെ പിടികൂടി കോടികള്‍ റവന്യൂ റിക്കവറി ഇനത്തില്‍ ജില്ലയ്ക്ക് നേടിക്കൊടുത്തു. കുളംകോരിയാല്‍ ബിരിയാണി; പൊളിക്ക് ബ്രോയെന്ന് കൈയടിച്ച് ജനം കൂടെ കുളം വൃത്തിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ‘ബിരിയാണി’ വാങ്ങിത്തരുമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ജനകീയ കളക്ടറുടെ ബിരിയാണി വാഗ്ദാനം ഏറ്റെടുത്താണ് കോഴിക്കോട് കൊല്ലം പിഷാരിക്കാവ് നിവാസികള്‍ വര്‍ഷങ്ങളായി പായലും ചെളിയും നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായിരുന്ന ചിറ വൃത്തിയാക്കി. ബസ്സുകളുടെ ബോര്‍ഡ് വായിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രായമുള്ളവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സഹായിക്കാനും കാര്യങ്ങള്‍ കുറെക്കൂടി സിമ്പിള്‍ ആക്കാനും നഗരത്തിലോടുന്ന സിറ്റി ബസ്സുകള്‍ക്ക് നമ്പറിങ് സിസ്റ്റം നടപ്പിലാക്കി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ ഇന്നൊവേഷന്‍ ക്ലബുകള്‍ രൂപീകരിച്ചു.

മറ്റ് ഒമ്പതുപേര്‍: പൊമാ തഡു, സുരേന്ദ്രകുമാര്‍ സോളങ്കി, മിര്‍ മുഹമ്മദ് അലി, പരിക്കിപണ്ട്‌ല നരഹരി, ഭാരതി ഹൊലിക്കേരി, പിഎസ് പ്രദ്യുമ്‌ന, സൗരഭ് കുമാര്‍, റൊണാള്‍ഡ് റോസ്,രോഹിണി ആര്‍ ഭജിബാക്രെ.

About Intensive Promo

Leave a Reply

Your email address will not be published.