അയ്യന്തോള്‍: വാഹനത്തില്‍ നിന്നും പണവും, ഫോണും മോഷ്ടിച്ച കള്ളനെ ബുദ്ധിപൂര്‍വം പിടികൂടി ഓട്ടോഡ്രൈവര്‍. തൃശൂര്‍ വില്ലടം സ്വദേശിയായ ഡ്രൈവര്‍ ടിയു ബേബിയാണ് തന്ത്രപൂര്‍വം തന്റെ മോഷണം പോയ വസ്തുക്കള്‍ തിരികെ നേടിയത്. ഇദ്ദേഹം പുറത്ത് പോയി വന്നതും ഓട്ടോയിലെ ഡാഷ് ബോര്‍ഡില്‍ വച്ചിരുന്ന പണവും, ഫോണും മോഷണം പോയിരുന്നു.
ഇതോടെ നേരെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഒരു പരാതി നല്‍കി. തൃശൂര്‍ അയ്യന്തോള്‍ കോടതി പരിസരത്ത് ഓട്ടോറിക്ഷകളില്‍ മാത്രം കളവു നടത്തുന്ന ഒരാളുണ്ട് , ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.സ്‌റ്റേഷനില്‍ നിന്നും ഇറങ്ങുന്ന നേരം തന്റെ വസ്തുക്കള്‍ അടിച്ചുകൊണ്ടു പോയ കള്ളനെ പിടിക്കാന്‍ ബേബിയുടെ മനസില്‍ ഒരു ഐഡിയ തെളിഞ്ഞു.
സുഹൃത്തായ ഡ്രൈവര്‍ ജയകുമാനെയും കൂട്ടി കോടതി പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്തു. ഉടന്‍ ബേബി തിരക്കു പിടിച്ചു കോടിതിക്ക് ഉള്ളിലേക്ക് കയറി പോയി. അവിടെ മതിലിന് മറവില്‍ ഓട്ടോയില്‍ ആരെങ്കിലും കയറുന്നുണ്ടോയെന്ന് വീക്ഷിച്ചു. ഓട്ടോ ഡ്രൈവര്‍ പരിസരത്തില്ലെന്ന് കള്ളന്‍ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ നാടകം.
അല്‍പം നേരം കഴിഞ്ഞതും ഒരാള്‍ ഒട്ടോയ്ക്ക് സമീപത്ത് വന്നു നിന്നു, കുറച്ചു കഴിഞ്ഞ് ഡ്രൈവര്‍ സീറ്റിലേക്ക് കയറി ഇരുന്നു. ഉടനെ ബേബിയും, ജയകുമാറും ചാടിവീണു. കള്ളനെ കീഴ്‌പ്പെടുത്തി. വെസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു. കള്ളന്‍ മദ്യലഹരിയിലായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതി പരിസരത്ത് ഉടനെ സിസിടിവി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.