കുടുംബകലഹത്തെ തുടര്‍ന്ന് രണ്ട് വയസുകാരി മകളെയും എടുത്ത് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ശീതൾ തന്റെ പ്രാണൻ കൊണ്ട് ഭർത്താവിനോട് പകരം വീട്ടുകയായിരുന്നു. എന്റെ ജീവിതത്തിൽ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ.. ഏലിയാവൂർ പാലത്തിൽ നിന്ന് കനത്ത മഴയിൽ കലങ്ങി മറിഞ്ഞൊഴുകിയ കരമനയാറ്റിലെ നിലയില്ലാക്കയത്തിലേക്ക് പൊന്നുമോളെ നെഞ്ചോട് ചേർത്ത് ചാടുമ്പോൾ ശീതളിന്റെ മനസിൽ ഭർത്താവിന്റെ ഈ വാക്കുകളായിരുന്നിരിക്കണം.
കൊഞ്ചിച്ചും ലാളിച്ചും നെഞ്ചിന്റെ ചൂടിൽ ചേർത്തുപിടിച്ച് ഉറക്കുപാട്ട് പാടിയും കുഞ്ഞിനെ ഓമനിച്ചിരുന്ന ശീതൾ, പൊന്നുമോളെയുമെടുത്ത് ഒഴുക്കിന്റെ കാണാക്കയത്തിലേക്ക് എടുത്തുചാടുമ്പോൾ ആ വാക്കുകൾ അത്രമേൽ അവളെ പൊള്ളിച്ചിരിക്കാം. ഇടനെഞ്ചുപൊട്ടുന്ന വേദനയിൽ അവൾ തിരഞ്ഞെടുത്ത വഴിയിൽ അതുവരെ അവൾ കാത്തുവച്ച ജീവിത സ്വപ്നങ്ങളും ഒഴുകിപ്പോയി.
ഭർത്താവിന്റെ പ്രണയച്ചതിയിൽ ഹൃദയം തകർന്നപ്പോൾ ഉഴമലയ്ക്കൽ മരങ്ങാട് കത്തിക്കപ്പാറ കാവുമൂല വീട്ടിൽ ശീതൾ രണ്ടുവയസുകാരി മകൾ നിയയുമൊത്ത് തിരഞ്ഞെടുത്ത വഴി അതായിരുന്നു. സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭർത്താവിന്റെ വഴിവിട്ട പ്രണയത്തിൽ കുടുംബ ജീവിതം തകർന്നതിൽ മനംനൊന്താണ് മകളെയുംകൂട്ടി ശീതൾ സ്വന്തം ജീവൻ ബലിയർപ്പിച്ചത്.
ഭാര്യയുടേയും മകളുടേയും മരണത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് തൊളിക്കോട് തേവൻപാറ തടത്തരികത്ത് വീട്ടിൽ ഷൈജുവിനെ (32) കഴിഞ്ഞ ദിവസം ആര്യനാട് പൊലീസ് അറസ്റ്ര് ചെയ്തു. ശീതളും കുഞ്ഞും മരണപ്പെട്ടതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പൊറുക്കാനാകാത്ത പ്രണയച്ചതിയുടെ രഹസ്യങ്ങൾ പുറത്തായത്.
2015 മേയ് 6നായിരുന്നു പോളി ടെക്നിക്ക് ഡിപ്ളോമക്കാരിയായ ശീതളും ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജുവും തമ്മിലുള്ള വിവാഹം. 40 പവൻ സ്വർണവും 30 സെന്റ് വസ്തുവും സ്ത്രീധനമായി നൽകിയായിരുന്നു ഉഴമലയ്ക്കൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായ സുജാത മകളെ കെട്ടിച്ചയച്ചത്. ഒരുവർഷത്തിനകം ശീതൾ- ഷൈജു ദമ്പതികൾക്ക് മകൾ പിറന്നത്.
കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനുശേഷം കാര്യങ്ങൾ മാറി മറിഞ്ഞു. ഏതാനും ദിവസത്തിനുശേഷം ഷൈജു സുഹൃത്തായ ഫൈസലിനും ഭാര്യ സമീനയ്ക്കുമൊപ്പം റബർ ടാപ്പിംഗിനായി ഓയൂരിലേക്ക് പോയി. ആദ്യം ഒന്നു രണ്ട് തവണ ആഴ്ചയിലൊരിക്കൽ വീട്ടിൽ വന്നിരുന്ന ഷൈജു പിന്നീട് വീട്ടിലേക്ക് വരാതെയായി. ഭാര്യയേയും കുഞ്ഞിനേയും കാണാനോ വിളിക്കാനോ ചെലവിന് നൽകാനോ കൂട്ടാക്കിയില്ല.
ഫൈസലിന്റെ വാക്കുകൾ കേട്ട് ഞെട്ടിയ വീട്ടുകാർ മൊബൈൽ ഫോണിലെ ചിത്രങ്ങൾ കണ്ടുഞെട്ടി. സമീനയും ഷൈജുവും ബൈക്കിൽ കറങ്ങുന്ന ഫോട്ടോകളായിരുന്നു അവ. മരുമകൻ കൈവിട്ടുപോയതറിഞ്ഞ് അമ്പരന്ന സുജാത ഷൈജുവിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അതൊന്നും അത്ര കാര്യമാക്കാത്ത നിലയിലായിരുന്നത്രേ പ്രതികരണം. എന്തുചെയ്യണമെന്നറിയാത്ത ശീതൾ സമീനയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ആശുപത്രിയിലാണെന്ന മറുപടിയോടെ ഫോൺ കട്ടാക്കി. നിമിഷങ്ങൾക്കകം ശീതളിന്റെ ഫോണിൽ ഷൈജുവിന്റെ വിളിയെത്തി.
ശീതളുമായി തനിക്ക് ഇനി ഒരു ബന്ധവുമില്ലെന്നും തൊളിക്കോട്ടെ വീട്ടിൽ ഇനി വരാൻ പാടില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആ കോൾ. ഷൈജുവിന്റെ കലിയുടെ കാരണം മനസിലായ ശീതൾ ഫോൺ അമ്മയ്ക്ക് കൈമാറി. അതേ വാക്കുകൾ ആവർത്തിച്ച ഷൈജു നിങ്ങളുടെ മോളെ നിങ്ങൾക്കൊപ്പം നിറുത്താൻ ആജ്ഞാപിച്ച് സംഭാഷണം അവസാനിപ്പിച്ചു. ശീതളും മാതാവും ഷൈജുവിന്റെ വീട്ടിലെത്തി. അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചു.
കോടതിയിൽ നിന്ന് മടങ്ങിപ്പോകുന്നതിനിടെ മഴ നനഞ്ഞ് ശീതളിനും നിയയ്ക്കും അടുത്തദിവസം ജലദോഷമായി. കുഞ്ഞിന് പനിയാകുമെന്ന് ഭയന്ന് ആര്യനാട് ആശുപത്രിയിൽ പോകാനാണ് ഇക്കഴിഞ്ഞ 4ന് ശീതൾ കുഞ്ഞുമായി ഇറങ്ങിയത്. സുജാതയും കൂട്ടിന് ചെല്ലാമെന്ന് പറഞ്ഞെങ്കിലും തനിച്ചുപോകാമെന്ന് പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങി. വണ്ടിക്കൂലിയ്ക്കും മരുന്നിനും അമ്മയിൽ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയുമായാണ് പോയത്. മകളുടെ മടങ്ങിവരവ് കാത്തിരുന്ന സുജാതയെ തേടി പിന്നീട് മരണ വാർത്തയാണ് വന്നത്.
കരമനയാറിന്റെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽ കാണപ്പെട്ട ആശുപത്രിയുടെ ഒ.പി ടിക്കറ്റുകളാണ് ശീതളും നിയയും ആറ്റിൽ ചാടിയതായി സ്ഥിരീകരിക്കാൻ ഇടയാക്കിയത്. ആശുപത്രിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഷൈജുവിന്റെ ഫോണെത്തിയതാണ് മരണത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാൻ അവളെ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിൽ വഴി മുടക്കിയാകാതെ കുഞ്ഞുമായി എവിടെങ്കിലും പോയി ചാകെടീ.. എന്ന ഷൈജുവിന്റെ കലിതുള്ളലിനോട് തന്റെ പ്രാണൻകൊണ്ട് ശീതൾ പകരം വീട്ടുകയായിരുന്നു.