അച്ഛനില്ലാത്ത ആ 251 പെൺമക്കൾക്കും അച്ഛനായി മഹേഷ് സവാനി. വിവാഹവേഷത്തിൽ നവവധുക്കളായി ഒരുങ്ങിയ എല്ലാപെൺകുട്ടികളും ആ അച്ഛന്റെ കാൽതൊട്ടുവണങ്ങി, പുതിയ പ്രതീക്ഷകളുമായി വിവാഹവേദിയിലേക്ക് കയറി. ഓരോരുത്തരുടെയും കഴുത്തിൽ താലി ചാർത്തുമ്പോൾ നിറകണ്ണുകളോടെ ആത്മസംതൃപ്തിയോടെ ആ അച്ഛൻ നോക്കിനിന്നു. അതുകണ്ടുനിന്ന ഓരോരുത്തരുടെയും കണ്ണുകൾ സന്തോഷംകൊണ്ടുനിറഞ്ഞു.
ഗുജറാത്തിലെ വജ്രവ്യാപാരി മഹേഷ് സവാനിയാണ് അച്ഛനില്ലാത്ത 251 പെൺകുട്ടികളുടെ വിവാഹം നടത്തികൊടുത്തത്. ഞായറാഴ്ച്ചയാണ് നാടറിഞ്ഞ കൂട്ടവിവാഹം നടന്നത്. അഞ്ച് മുസ്‌ലീം യുവതികളും ഒരു ക്രിസ്ത്യൻ വധുവും രണ്ട് എച്ച് ഐവി ബാധിതരായ പെൺകുട്ടികളും അവരുടേതായ ആചാരാനുഷ്ഠാനങ്ങളോടെ തന്നെ വിവാഹിതരായി.
അച്ഛൻ മരിച്ചുപോയ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നത് തന്റെ സാമൂഹികഉത്തരവാദിത്വം കൂടിയാണെന്ന് മഹേഷ് സവാനി പറയുന്നു. വിവാഹം നടത്തികൊടുക്കുക മാത്രമല്ല, എല്ലാവർക്കും ഗ്രഹോപകരണങ്ങളും വിവാഹത്തിന്റെ ഭാഗമായി നൽകാനും മഹേഷ് മറന്നില്ല.