അമ്മൂമ്മ സവാള അരിയുന്നതുകണ്ടാണ് സത്യജിത്തിന്റെ ഉള്ളിലെ സംരംഭകൻ ഉണർന്നത്. അതിശയിക്കേണ്ട, സവാള അരിഞ്ഞുവറുത്ത് പാക്കറ്റിലാക്കി വിൽക്കുന്നതിലൂടെ സത്യജിത്ത് എന്ന മുംബൈ സ്വദേശി നേടുന്നത് ലക്ഷങ്ങളുടെ വരുമാനം. അമ്മൂമ്മ കണ്ണിൽ നിന്നും വെള്ളം ഒഴുക്കിക്കൊണ്ട് സവാള അരിയുന്നതുകണ്ട് സത്യജിത്ത് ചോദിച്ചു അരിഞ്ഞ സവാള ഉപയോഗിച്ചാൽ പോരേ എന്ന്?
അതിന് ആരാണ് അങ്ങനെ വിൽകുന്നതെന്ന മറുചോദ്യത്തിൽ നിന്നാണ് എവരിഡേ ഗോർമെറ്റ് കിച്ചൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപം കൊള്ളുന്നത്.
വിശാലമായൊരു സംരംഭ സാധ്യതയാണ് അമ്മൂമ്മ കാരണം സത്യജിത്തിന്റെ മുമ്പിൽ തുറന്നത്. നഗരത്തിലെ ഹോട്ടലുകളിലും വീടുകളിലും ഒരു ദിവസം വേണ്ടി വരുന്ന സവാളയെ പറ്റിയും അത് മുറിക്കാൻ എടുക്കുന്ന സമയത്തെ പറ്റിയും സത്യജിത്ത് പഠിച്ചു.
സവാള വാങ്ങി മുറിച്ച് വറുത്ത് പാക്കറ്റുകളിലാക്കി ഹോട്ടലുകളിൽ കൊടുത്തു തുടങ്ങി. ആദ്യമുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സമയംലാഭം, ജോലിഭാരം കുറയ്ക്കൽ പോരാത്തതിന് കണ്ണുനീറാതെ കാര്യം കഴിയും. 2014 തുടങ്ങിയ കമ്പനി നാലുവർഷം കൊണ്ട് മുംബൈ നഗരവാസികളുടെ പ്രിയപ്പെട്ടതായി. കമ്പനിയ്ക്കിപ്പോൾ സ്വന്തമായി സവാള കൃഷിയുമുണ്ട്. 300ൽ പരം ഔട്ട്‌ലെറ്റുകളിലൂടെ സത്യജിത്തിന്റെ സവാളകച്ചവടം തകൃതിയാണ്. ഇന്ത്യയിലുടനീളം കമ്പനിയുടെ ശാഖകളും ഔട്ട്‌ലെറ്റുകളും തുറക്കണമെന്നാണ് സത്യജിത്തിന്റെ ആഗ്രഹം.