കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന് കേസിലെ പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോ ആരോപിക്കുമ്പോൾ ദുരൂഹമായി തുടരുന്ന തെന്മല ഒറ്റക്കല്ലിൽ വീട്ടിലെ തന്റെയും സഹോദരന്റെ ഭാര്യയുടെയും ജീവിതത്തെ കുറിച്ച് നീനു പറയുന്നു…
ഒന്നര വർഷം മുമ്പാണ് സഹോദരൻ ഷാനു വിവാഹം കഴിച്ചത്. അതുമൊരു പ്രണയവിവാഹം. ചേച്ചിക്ക് എന്നെ വലിയ കാര്യമായിരുന്നു. ചേച്ചി വന്നതോടെ തന്റെ ഒറ്റപ്പെടൽ അവസാനിച്ചെന്നും തന്നെ സ്നേഹിക്കാനൊരാളായെനനും ഞാൻ പ്രതീക്ഷിച്ചു. ‘നല്ലൊരു ചേച്ചിയായിരുന്നു. പക്ഷേ, ഒരുമാസംപോലും ചേച്ചി വീട്ടിൽ നിന്നില്ല, വലിയ വഴക്കായിരുന്നു, ചേച്ചിയുമായി. വഴക്കും ഒച്ചയും കേട്ട് അയൽക്കാരൊക്കെ എത്തിനോക്കി. അമ്മയെ പേടിച്ച് ആരും വരില്ല. ചേച്ചി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി’.
കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അവസാനാമായി പപ്പയെ കാണുമ്പോൾ നീനുവിന്റെ ഡ്രസും മറ്റുമടങ്ങിയ ബാഗ് അവർ വലിച്ചെടുത്തു. ധരിച്ചിരുന്ന ഷാൾവരെ അച്ഛൻ ബലമായി എടുത്തു. പിന്നെ വീണ്ടുവിചാരംപോലെ, എന്റെ മേൽവസ്ത്രം വലിച്ചെറിഞ്ഞു തന്നു. യാതൊന്നുമില്ലാതെയാണ് ഞാൻ ഇച്ചയുടെ വീട്ടിലേക്കെത്തിയത്.
‘എന്റെ സ്നേഹം വീട്ടിലറിഞ്ഞത് രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന് ഞാൻ വിളിച്ചു പറയുമ്പോഴാണ്. എന്നിട്ടും അവർ എല്ലാം തേടിപ്പിടിച്ചു, എല്ലാം ഇല്ലാതാക്കി. എനിക്ക് ഇനി ഈ ചാച്ചന്റെയും അമ്മയുടെയുംകൂടെ കഴിഞ്ഞാൽ മതി; അവർ ഇറക്കിവിടാത്തിടത്തോളംകാലം… ചേച്ചിയെ അമ്മയും ചാച്ചനും സ്നേഹിക്കുന്നതുകാണുമ്പോൾ, ഈ വീട്ടിലെ ജീവിതം കാണുമ്പോൾ… ഞാനൊരു നരകത്തിലായിരുന്നല്ലോ ഇതുവരെ എന്നു തോന്നിപ്പോകുന്നു.
കെവിന്റെ വീട്ടിലെ അടുക്കളയിൽ അമ്മയെ സഹായിക്കുന്നത് നീനുവാണിപ്പോൾ. കെവിനെന്ന വാവച്ചിയുടെ ഭാര്യതന്നെയാണ് അവർക്ക് നീനു. മേരിയുടെയും കൃപയുടെയും നടുവിലാണ് അവൾ കിടന്നുറങ്ങുന്നത്; അവരുടെ സ്നേഹത്തണലിൽ.