ഹൃദയമാണ് ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം എന്നു പറഞ്ഞാല്‍ തെറ്റില്ല. ഹൃദയമിടിപ്പു തെറ്റിയാല്‍ മതി, ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനം താളം തെറ്റാന്‍. ആ മിടിപ്പു നിലച്ചാല്‍ തീര്‍ന്നു, നമ്മുടെ ആയുസിന്റെ കണക്കും.
ഹൃദയത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളുമുണ്ട്. ഇതില്‍ ഹാര്‍ട്ട് അറ്റാക്ക് തന്നെയാകും, ഏറ്റവും പ്രധാനം. പെട്ടെന്നു തന്നെ ജീവന്‍ കവര്‍ന്നു പോകുന്ന ഒന്ന്. ചിലര്‍ക്ക് രണ്ടു തവണയോളം അവസരം നല്‍കും, എന്നാല്‍ മൂന്നാമത്തെ അറ്റാക്ക് പൊതുവേ ആളുകളെ കൊണ്ടുപോകുമെന്നാണ് ശാസ്ത്രം.
ഹൃദയാഘാതം ഒരു സുപ്രഭാതത്തില്‍ ശരീരത്തില്‍ വന്നു ചേരുന്ന അവസ്ഥയല്ല. പതുക്കെയാണ് ഹൃദയം ഈ അവസ്ഥയിലേയ്ക്ക് എത്തുന്നത്. പ്രധാനമായും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍.
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കാന്‍,അല്ലെങ്കില്‍ തടസപ്പെടാന്‍
കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയധമനികളിലുള്ള ബ്ലോക്ക്. ഹൃദയത്തിലേയ്ക്കു രക്തം പമ്പു ചെയ്യുന്നതു തടസപ്പെടുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകും. ഇത് ഹൃദയാഘാതത്തിലേയ്ക്കു നയിക്കുകയും ചെയ്യും.
ഹൃദയ ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ അഥവാ കൊഴുപ്പാണ് ഹൃദയാഘാതം വരുന്നതിനുള്ള പ്രധാനപ്പെട്ട ഒരു വില്ലന്‍. ഇതുകൊണ്ടാണ് എണ്ണയും കൊഴുപ്പുമെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ കരുതി കുറയ്ക്കണമെന്നു പറയുന്നതും.ഹൃദയത്തിന് എണ്ണ ദോഷമാകുന്നതും അതാണ് .
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ തടസപ്പെടാതിരിയ്ക്കുകയാണ് വഴി. ഇതിന് സഹായിക്കുന്ന ചില നാട്ടുവൈദ്യങ്ങളുണ്ട്. ധമനികള്‍ ക്ലീന്‍ ചെയ്യുന്ന ചില ലളിതമായ മരുന്നുകള്‍. ഇവ തയ്യാറാക്കി കുടിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്തവയാണ് ഇവ. നമുക്കു പെട്ടെന്നു ലഭിയ്ക്കുന്ന ചേരുവകളും.
വെളുത്തുള്ളി
വെളുത്തുള്ളി ഇത്തരത്തില്‍ പെട്ട ഒര മരുന്നാണ്. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയാനും രക്തപ്രവാഹം ശരിയായി നടക്കാനും വെളുത്തുള്ളി ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പു കളയാനുമെല്ലാം ഏറെ നല്ലതാണ് ഇത്. 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലിലിട്ടു തിളപ്പിച്ച് രാത്രി കിടക്കും മുന്‍പ് കുടിച്ചാല്‍ മതിയാകും.
മഞ്ഞള്‍
മഞ്ഞള്‍ രക്തക്കുഴലുകളിലെ തടസം നീക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പം തേന്‍ എന്നിവ ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ കലക്കി ദിവസവും കുടിയ്ക്കാം. മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ദിവസവും 400-600 മില്ലീഗ്രാം വരെ മഞ്ഞള്‍ ഉപയോഗിയ്ക്കാം. മഞ്ഞള്‍ ഭക്ഷണങ്ങളില്‍ ചേര്‍ത്തു പാകം ചെയ്യുകയുമാകാം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം നല്ലതാണ് മഞ്ഞള്‍.
ഇഞ്ചി
ഇഞ്ചിയും രക്തധമനികളില്‍ വൃത്തിയാക്കി രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ജിഞ്ചറോള്‍, ഷോഗോള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്നു. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിയ്ക്കാം. ഇതെല്ലാം ധമനികളെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കും.
ചെറുനാരങ്ങ
ചെറുനാരങ്ങ ഹൃദയ ധമനികളിലെ തടസങ്ങള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലെ വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. 1 ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ 1 ചെറുനാരങ്ങയുടെ നീര് കലക്കി അല്‍പം തേനും കുരുമുളകു പൊടിയും ചേര്‍ത്തു കുടിയ്ക്കുക. ഇത് ദിവസവും ഒന്നു രണ്ടു തവണ രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കാം. ഇതുപോലെ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാത്തൊലി 4 കപ്പു വെള്ളത്തില്‍ 20 മിനിറ്റു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്ത് ദിവസവും മൂന്നു നാലു തവണയായി പല പ്രാവശ്യം കുടിയ്ക്കുക.
ഉലുവ
ഉലുവ രക്തധമനികളിലെ തടസം നീക്കാന്‍ സഹായിക്കുന്ന, ഇതുവഴി ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ഒന്നാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 ടീസ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു കുതിര്‍ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു ചവച്ചരച്ചു കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം. ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.
ചുവന്ന മുളകുപൊടി
ഹൃദയധമനികള്‍ ക്ലീന്‍ ചെയ്ത് ഹൃദയാഘാതം തടയാനുളള മറ്റൊരു സഹായിയാണ് ചുവന്ന മുളകുപൊടി. ഇത് അര ടീസ്പൂണ്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി ദിവസവും 2 തവണ വീതം കുറച്ച് ആഴ്ചകള്‍ കുടിയ്ക്കുക. അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയെല്ലാം തടയാന്‍ ഇത് ഏറെ നല്ലതാണ്.
പ്രത്യേക ആയുര്‍വേദ പാനീയമുണ്ട്
ഹൃദയത്തിലെ ബ്ലോക്കു നീക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ആയുര്‍വേദ പാനീയമുണ്ട്. തുല്യ അളവില്‍ ഇഞ്ചിനീര്, നാരങ്ങാനീര്, വെളുത്തുള്ളി ജ്യൂസ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തുക. ഇവ ചെറുചൂടില്‍ ചൂടാക്കി ഒരു കപ്പാക്കി എടുക്കുക. അതായത് ഈ ജ്യൂസുകള്‍ എല്ലാം ചേര്‍ന്നാല്‍ ആകെ രണ്ടു കപ്പുണ്ടാകണം. ഇതു ചൂടാക്കി പകുതിയാക്കണം.
ഇതു വാങ്ങി ഇളം ചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കാം. മറ്റുള്ളവയേക്കാള്‍ രണ്ടിരട്ടി തേന്‍ ചേര്‍ത്തു വേണം, ഇളക്കാന്‍. ഈ ജ്യൂസുകള്‍ തയ്യാറാക്കാന്‍ വെളളം ചേര്‍ക്കുകയും ചെയ്യരുത്. ഇത് തണുത്തു കഴിഞ്ഞാല്‍ ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. രാവിലെ ഇത് ഒരു ടേബിള്‍ സ്പൂണ്‍ കുടിയ്ക്കാം. 10 മിനിറ്റിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും. ചുരുങ്ങിയത് 1 മാസമെങ്കിലും ഇത് അടുപ്പിച്ചു കുടിയ്ക്കുക.