Breaking News
Home / Lifestyle / മകൾക്കെന്ത്‌ കൊടുക്കുമെന്ന കല്യാണ ആലോചനക്കാരന്റെ ചോദ്യത്തിന് അച്ഛൻ കൊടുത്തത്‌ മാസ്‌ മറുപടി, ഫെമിനിസം അല്ല ഇത്‌ റിയലിസം

മകൾക്കെന്ത്‌ കൊടുക്കുമെന്ന കല്യാണ ആലോചനക്കാരന്റെ ചോദ്യത്തിന് അച്ഛൻ കൊടുത്തത്‌ മാസ്‌ മറുപടി, ഫെമിനിസം അല്ല ഇത്‌ റിയലിസം

എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു പെണ്കുട്ടികൾ ആണ്. ഒരു ആണ്കുഞ്ഞില്ലാത്ത വിഷമം അവർക്ക് ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല, പക്ഷെ അത് അവർ ഞങ്ങളുടെ മുന്നിൽ കാണിച്ചിട്ടില്ല. 4 പെണ്ണുങ്ങൾ ഉള്ള വീട്‌ ഊഹിക്കാമല്ലൊ?എന്റെ അച്ഛൻ ഒരു പാവമാണ്. മക്കളെ ഒരു പാട് സ്നേഹിക്കുന്ന ഒരച്ഛൻ. പക്ഷെ പൊതുവെ സ്നേഹപ്രകടനങ്ങൾ ഇല്ല.

ഞങ്ങൾക്ക് വേണ്ട പൊട്ട്, മാല, വള ഇതെല്ലാം മേടിച്ചു കൊണ്ടു തന്നിരുന്നത്‌ അച്ഛനാണ്. എല്ലാം wholesale കണക്കിനാകും കൊണ്ടു വരിക. മൂന്ന്‌പേർക്കും മാറി മാറി ഉപയോയിക്കാമല്ലോ. ഇതും പറഞ്ഞു അമ്മ കളിയാക്കും.

പറഞ്ഞു വന്ന കാര്യം, ഞങ്ങൾ മൂന്ന് പെണ്കുട്ടികൾ ആണ് ഉള്ളതെന്നും, ഒരു സഹോദരൻ ഇല്ല എന്നതിന് ഏറ്റവും വിഷമം അച്ഛനും അമ്മയ്ക്കും അല്ല, മറിച്ച് നാട്ടുകാർക്ക് ആയിരുന്നു. അതെപ്പോഴും അങ്ങനെ ആണല്ലോ. ഇവരെ നാളെ കെട്ടിച്ചു വിട്ടാൽ പിന്നെ നിങ്ങളെ ആര് നോക്കും, ഇവരെ ഒക്കെ പഠിപ്പിച്ചിട്ടു ഒക്കെ എന്തിനാ? വേറെ ആർക്കെലും ഉപകരിക്കാനല്ലേ? ഈ വക ഡയലോഗുകൾ സ്ഥിരം പല്ലവി ആയിരുന്നു. അന്നൊക്കെ അവരുടെ മുന്നിൽ അമ്മ പറഞ്ഞിരുന്ന ഒന്നുണ്ട് “വയസ്സു കാലത്തു എനിക്ക് ആണ്മക്കൾ കിട്ടുമല്ലോ, അത് മതി”

എന്ജിനീറിങ്ങിന് ഞാൻ മണിപ്പാൽ (കർണാടക) പോകാൻ ഒരുങ്ങുമ്പോൾ തിരിച്ചു വരുമ്പോൾ ഞാൻ ആരെയെങ്കിലും കെട്ടി രണ്ടായി വരുമെന്നും, അല്ലാ മൂന്നായിട്ടായിരിക്കും എന്നൊക്കെ വാദിച്ച വരെ എനിക്കറിയാം. എന്നെ പഠിക്കാൻ അയക്കേണ്ട ന്നു പറഞ്ഞവരും ഉണ്ട്..

പക്ഷെ അച്ഛനും അമ്മയും ഇതൊന്നും കേട്ടതെ ഇല്ല. ഞങ്ങളെ മൂന്നു പേരെയും പഠിപ്പിച്ചു. ഞാനും രണ്ടാമത്തെ ആളും എന്ജിനീറിങ് കഴിഞ്ഞു MBA ചെയ്തു. ഇളയ അനിയത്തിക്കു ഇനി പഠിക്കാൻ വയ്യാ ന്നു പറഞ്ഞത് കൊണ്ടു എന്ജിനീയറിംഗ് ഇൽ നിർത്തി.

ഒരിക്കൽ പോലും പെണ്കുട്ടികളായത് കൊണ്ടു ഞങ്ങളെ മാറ്റി നിർത്താൻ അച്ഛനോ അമ്മയോ ശ്രമിച്ചിട്ടില്ല. ഒരു പാട് restrictions ഉണ്ടായിരുന്നു വീട്ടിൽ, എന്നാലും അത് എന്തിനാണെന്നും അമ്മ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. കല്യാണത്തിന് മുമ്പ് ജോലി ചെയ്യണം എന്ന നിർബന്ധം ഉണ്ടായിരുന്നു, 25 വയസ്സ് കഴിഞ്ഞു മതി കല്യാണം എന്നായിരുന്നു. രണ്ടും അച്ഛന് സമ്മതം.

കല്യാണ ആലോചന തുടങ്ങിയ സമയത്തു ഒരിക്കൽ ഒരു പ്രൊപ്പോസൽ ആയി ഒരു ‘മഹാൻ’ വിളിച്ചു, ആദ്യ ചോദ്യം, “നിങ്ങൾ നിങ്ങളുടെ മകൾക്ക് എന്ത് കൊടുക്കും?” എന്താല്ലേ? അല്ലാതെ മകൾക്ക് എത്ര വയസ്സായി എന്നോ, ജോലി ഉണ്ടോ എന്നോ ഒന്നും അല്ല..

അച്ഛനാരാ മോൻ.. അച്ഛന്റെ മാസ്സ് ഡയലോഗ്, “രാവിലെ ഇഡലി, ദോശ ഇതൊക്കെ ആണ് പതിവ്, ഉച്ചക്ക് അവൾ ചോറ് കൊണ്ട് പോകും, വൈകിട്ട് കാപ്പി, രാത്രി മിക്കവാറും ചപ്പാതിയോ കഞ്ഞിയോ കൊടുക്കും”..

മഹാന് രസിച്ചില്ല ” നിങ്ങൾ എന്താ ആളെ കളിയാക്കുവാണോ?” “അല്ലാതെ പിന്നേ, നിങ്ങൾ അപ്പോൾ സീരിയസ് ആയിട്ടാണോ ചോദിച്ചത്??” എന്നായി അച്ഛൻ.

സ്ത്രീധനം ചോദിച്ചു വരുന്ന ഒരാൾക്കും മക്കളെ കൊടുക്കില്ല എന്നായിരുന്നു അച്ഛന്റെ വാദം. എനിഷ്ടമുള്ളത്, എന്നാൽ കഴിയുന്നത് ഞാൻ അവർക്ക് കൊടുക്കും, അല്ലാതെ കണക്ക് പറഞ്ഞു വരുന്ന ഒരാൾക്കും ഞാൻ കൊടുക്കില്ല. അച്ഛൻ പറഞ്ഞത് പോലെ തന്നെ ‘എനിക്ക് നിങ്ങളുടെ മകൾ മാത്രം മതി’ എന്ന് പറഞ്ഞു വന്ന ഒരു പാവത്തിന്റെ തോളിൽ ആയി ഞാൻ..

വലിയ കേട് പാടില്ലാതെ ജീവിതം മുന്നോട്ട്.. ഒമ്പത് വർഷം ആയി കല്യാണം കഴിഞ്ഞ്, ഇതു വരെയും നാട്ടുകാർ പറഞ്ഞ പോലെ അച്ഛനെയും അമ്മയെയും മാറ്റി നിർത്തിയിട്ടില്ല, ഇന്നും അവർ എനിക്ക് പ്രിയപ്പെട്ടവർ തന്നെ. പറഞ്ഞു വന്ന കാര്യം സമൂഹത്തിന്റെ പേര് പറഞ്ഞു പെണ്കുട്ടികളെ ഒരിക്കലും മാറ്റി നിർത്താതെ ഇരിക്കൂ, അവർ പഠിക്കട്ടെ, അത് അവരുടെ നന്മയ്ക്കാണ്, നിലനിൽപ്പിനാണ്.

സ്ത്രീ പുരുഷ സമത്വം എന്നൊക്കെ പറയുന്നത് വീട്ടിൽ നിന്ന് തുടങ്ങണം. പക്ഷെ നിർഭാഗ്യവശാൽ പല വീട്ടിൽ നീ പെണ്ണല്ലേ, നീ ആണ് സഹിക്കേണ്ടതു, അല്ലെങ്കിൽ അവൻ ആണല്ലേ, അവന് എന്തും ആകാം എന്നൊക്കെ അല്ലെ കേൾക്കുന്നത്. ഒരു വീട്ടിൽ രണ്ടു മക്കളേയും ഒരു പോലെ കണ്ടു നോക്കൂ.. വരും തലമുറ തനിയെ നന്നായി കൊള്ളും. അങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്താൽ നിന്നെ മോശം കണ്ണോടെ കാണും എന്നു മകളോട് പറയുന്നതിനു പകരം, നീ പെണ്കുട്ടികളെ ഏത് കണ്ണോടെ കാണണം എന്ന് മകനോട് പറഞ്ഞു കൊടുക്കാം അല്ലെ. മോശം എന്നുള്ളത് കാണുന്ന ആളുടെ കണ്ണിൽ അല്ലെ. എല്ലാ കാര്യത്തിലുമുള്ള decency രണ്ട് പേർക്കും ബാധകം ആകണം.

എനിക്ക് രണ്ടു മക്കളാണ്, ഒരു മോളും, മോനും. മോള് ചെയ്യുന്നതെല്ലാം മോനും ചെയ്യും. തിരിച്ചും. അടുക്കളയിൽ ചില്ലറ സഹായങ്ങൾ രണ്ടു പേരും ചെയ്യും, കറിവേപ്പില തണ്ടിൽ നിന്നു മാറ്റി ബോക്സിൽ ആക്കുക, ഭക്ഷണം കഴിക്കാനായി plates ഒക്കെ വെക്കുക, തുണി മടക്കാനായി സഹായിക്കുക ഇതെല്ലാം രണ്ട് പേരും ചെയ്യും. അവർക്ക് അതൊക്കെ ഒരു രസമാണ്.

നാട്ടിൽ പോയപ്പോൾ ഒരു ഡയലോഗ് കേട്ടിരുന്നു, “മോൻ അതൊന്നും ചെയ്യണ്ട, ചേച്ചി ചെയ്‌തൊട്ടേ..” പറ്റില്ല എന്നായി ഞാൻ, വീട്ടിലെ നിയമം രണ്ടു പേർക്കും ഒരു പോലെ ബാധകം.

കുട്ടികളിൽ കണ്ടു വരുന്ന വേറൊന്നുണ്ട്, പെണ്കുട്ടികള്ക്ക് പിങ്ക്, ആണ്കുട്ടികൾക്ക് നീല. എന്തിനാണ് ഈ വേർതിരിവ്? പെണ്കുട്ടികൾക്കു പാവകുട്ടി, ആണ്കുട്ടികൾക്ക് തോക്ക്‌, പന്ത്, ബാറ്റ് ഇതൊക്കെ.. നമ്മളായി തുടങ്ങി വെച്ച മനോഹരമായ ആചാരങ്ങൾ. അല്ലാതെന്ത് പറയാൻ??

ഇതിന് മാറ്റം വരേണ്ടതാണ്. അവർക്ക് ഇഷ്ടമുള്ള കളിപാട്ടങ്ങൾ വെച്ചു കളിക്കട്ടെ.. അല്ലെ? അവരുടെ ഇഷ്ടം അങ്ങനെ എങ്കിൽ അതാകാം, അല്ലാതെ “അയ്യേ, ആണ്കുട്ടികൾ പാവയെ വെച്ചു കളിക്കുവോ, പെണ്കുട്ടികൾ ക്രിക്കറ്റ് കളിക്കുവോ” ഇവ വക മഹദ്‌വാചനങ്ങൾ പറയാതെ ഇരിക്കാം.

എനിക്ക് ലോകം നന്നാക്കാനൊന്നും സാധിക്കില്ല. പക്ഷെ എന്റെ രണ്ടു മക്കൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. അത് വഴി രണ്ടു കുടുംബങ്ങൾ നന്നാകട്ടെ. ഈ കാര്യത്തിൽ എന്റെ നല്ലപാതിയും കൂടെ. നമുക്ക് മാറ്റങ്ങൾ വീട്ടിൽ നിന്നും തുടങ്ങാം. നമ്മുടെ മക്കളിൽ നിന്നു തുടങ്ങാം.. നല്ലൊരു തലമുറയ്ക്കായി..

About Intensive Promo

Leave a Reply

Your email address will not be published.