രണ്ടാഴ്ച മുൻപാണ്, ഒരു ദിവസം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഫോണിലേയ്ക്ക് ഒരു കോൾ. ദുബായിലെ ലാന്‍ഡ് ലൈൻ നമ്പർ അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്ക്കൽ അറ്റ്ലസ് രാമചന്ദ്രൻ.
ഞാന്‍ അറ്റ്ലസ് രാമചന്ദ്രനാണ്. ജയിലിൽ നിന്ന് വിളിക്കുന്നതാണ്. എന്റെ മോചനത്തിനായി കുറേ പേർ ശ്രമിക്കുന്നു എന്ന് പറയുന്നു. പക്ഷേ, അതൊന്നും എവിടെയുമെത്തിയിട്ടില്ല. അവരിൽ വലിയ പ്രതീക്ഷയുമില്ല. താങ്കൾ ആത്മാർഥമായി ശ്രമിച്ച് എന്നെ പുറത്തിറക്കാൻ ശ്രമിക്കുമോ? താങ്കൾ എന്നെയൊന്നു കാണാൻ വരുമോ?
ഏകദേശം അരമണിക്കൂറിലേറെ അദ്ദേഹം അഷ്റഫിനോട് സംസാരിച്ചു. കുവൈത്തിൽ നിന്ന് ഉടുതുണിയുമായി ഒാടി വന്നവനാണ് ഞാൻ. ബാങ്ക് വായ്പ തിരിച്ചടക്കാനാവാത്തത് പ്രശ്നമായിപ്പോയി. ചിലരിൽ നിന്ന് കിട്ടാനുണ്ടായിരുന്ന പണം ലഭിക്കാത്തതാണ് അതിന് കാരണം. മോചിതനാകട്ടെ, ഞാൻ തിരിച്ചുവരും–ക്ഷീണിതനാണെന്ന് തോന്നിയെങ്കിലും ആത്മവിശ്വാസം സ്ഫുരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ ഭാര്യ ഇന്ദിരയുടെ ഫോൺ നമ്പരും അഷ്റഫ് താമരശ്ശേരിക്ക് നൽകുകയുണ്ടായി.
എന്നാൽ, അഷ്റഫ് ഇന്ദിരയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ, തങ്ങൾ ഒരു നീക്കം നടത്തുന്നുണ്ടെന്നും അതു വിജയം വരിക്കുമെന്നാണ് കരുതുന്നതെന്നും അവർ മറുപടി പറഞ്ഞു. അത് നടന്നില്ലെങ്കിൽ മാത്രം അഷ്റഫ് ശ്രമിച്ചാൽ മതിയെന്നായിരുന്നു അവരുടെ വാക്കുകൾ.
മിക്ക കേസുകളും ഒത്തു തീർപ്പാക്കിയെന്നും ബർ ദുബായ് പൊലീസ് സ്റ്റേഷനിലുള്ള ഒരു കേസ് മാത്രമേ ഇനി ഒത്തുതീർപ്പാക്കാൻ ബാക്കിയുള്ളൂ എന്നും അഷ്റഫ് തിരിച്ചറിഞ്ഞു. ആ കേസു കൂടി ഒത്തു തീർന്നതോടെയാണ് അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ കരാഗൃഹ ജീവിതത്തിൽ നിന്ന് മോചനം ലഭിച്ചത്.