ഉറ്റവരുടെ വിയോഗം പോലെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അതു വരെയുള്ള സന്തോഷങ്ങളെയും സ്വപ്നങ്ങളെയും എല്ലാം ഞൊടിയിട കൊണ്ട് തകർത്ത് തരിപ്പണമാക്കാൻ കഴിയും നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിന്. ജീവിത സാഹചര്യങ്ങൾ മാറുന്നുണ്ടാകാം, എല്ലാം മറന്ന് ചിരിക്കാനും നമ്മൾ ശ്രമിക്കുന്നുണ്ടാകാം പക്ഷേ ഒരായുഷ്ക്കാലത്തിന്റെ മുഴുവൻ വേദന സമ്മാനിച്ചാകും നമ്മുടെ പ്രിയപ്പെട്ടവരെ വിധി തട്ടിയെടുക്കുന്നത്.
സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന്‍ ബിജിപാലിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ നല്ല പാതിയെ വിധി തട്ടിയെടുത്തു. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. കഴിഞ്ഞ ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിപാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്.
അന്നു തൊട്ട് ഇന്നു വരെ നല്ലപാതിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ബിജിപാൽ. വേദന സമ്മാനിക്കുന്ന ഓർമ്മകൾക്കിടയിൽ ആ കലാകരന് ആകെയുള്ള മരുന്ന് സംഗീതമാണ്.
ശാന്തിയുടെ മരണം സമ്മാനിച്ച വേദനകൾക്കിടയിൽ അവരുടെ പിറന്നാൾ കടന്നു വരികയാണ്. അവരുടെ അഭാവത്തിലും ആ ഓർമ്മകളോടെ ഒരിക്കൽ കൂടി ഹൃദയത്തിൽ ചേർത്തു നിർത്തുകയാണ് ബിജിപാൽ എന്ന സ്നേഹ നിധിയായ ഭർത്താവ്. കഴിഞ്ഞ ദിവസം ബിജിപാൽ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ പ്രിയതമയോടുള്ള അന്തമില്ലാത്ത സ്നേഹം.
ബിജിപാലിന്റെ വാക്കുകൾ ഇങ്ങനെ:
‘ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകൾ അതിശയം കൊണ്ട് തിളങ്ങാൻ, കവിളുകൾ ഇഷ്ടം കൊണ്ട് ചുവക്കാൻ. നാളെ നിന്റെ പിറന്നാളിൽ ഞാൻ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീർ കാട് , കണ്ണിലെ നക്ഷത്രജാലം’.
മയി മീനാക്ഷി എന്ന സംഗീത ആല്‍ബവും ഭാര്യയുടെ പിറന്നാളറിയിച്ചു കൊണ്ടുള്ള കുറിപ്പിനൊപ്പം ബിജിപാൽ പങ്കുവച്ചിട്ടുണ്ട്.
ഭാര്യയുടെ മരിക്കാത്ത ഓർമ്മകളിൽ ജീവിക്കുന്ന ബിജിപാലിന്റെ വാക്കുകളെ ഹൃദയത്തിലേറ്റു വാങ്ങുകയാണ് ഓരോ മലയാളികളും.