Breaking News
Home / Lifestyle / വൈദീകനുമായി പ്രണയത്തിലാണെന്നാരോപിച്ച് മോഷണക്കേസിലെ പ്രതിയാക്കി

വൈദീകനുമായി പ്രണയത്തിലാണെന്നാരോപിച്ച് മോഷണക്കേസിലെ പ്രതിയാക്കി

സഭാവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറായ കന്യാസ്ത്രീക്കെതിരെ മഠം മോഷണക്കേസ് ചുമത്തിയെന്ന് ആരോപണം. പാലാ ചേര്‍പ്പുങ്കല്‍ നസ്രേത്ത് ഭവന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്ത് എത്തിയത്.

കോട്ടയം കൊഴുവനാല്‍ സെന്റ് ജോണ്‍ നെഫുംസ്യാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികകൂടിയായിരുന്നു സിസ്റ്റര്‍ മേരി സെബാസ്റ്റിയന്‍. അപവാദപ്രചാരണവും മാനസികപീഡനവും സഹിക്കാനാവാതെയാണ് സഭാവസ്ത്രം ഉപേക്ഷിക്കാനായി ഇവര്‍ സഭ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബഹിര്‍വാസത്തിന് അപേക്ഷ നല്‍കിയപ്പോള്‍ മോഷണം ആരോപിച്ച് മഠം പാലാ പോലീസില്‍ കേസുകൊടുത്തുവെന്നാണ് സിസ്റ്റര്‍ മേരി പറയുന്നത്. ബാലികാസദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നുകാണിച്ച് മഠം അധികാരികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി.

സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനവും അവഗണനയും പീഡനവും മടുെത്തന്നും കള്ളത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും സിസ്റ്റര്‍ മേരി പറയുന്നു. മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ കഴിഞ്ഞ ജനുവരി നാലാംതിയതി ബഹിര്‍വാസത്തിന് അപേക്ഷ സമര്‍പ്പിച്ചു. സഭാവസ്ത്രം ഉപേക്ഷിച്ച് സന്ന്യസ്തജീവിതം നയിക്കാനുള്ള അനുമതിയാണ് ബഹിര്‍വാസം. അതോടെ പാലാ പ്രോവിന്‍ഷ്യല്‍ ഹൗസിലേക്ക് സ്ഥലംമാറ്റം നല്‍കി. മാനസികവും ശാരീരികവുമായ പീഡനം തുടരുമെന്നു മനസിലാക്കിയതിനാല്‍ അങ്ങോട്ടു മാറാന്‍ തയ്യാറായില്ല.

തുടര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ സഭ വിടാന്‍ അപേക്ഷ സമര്‍പ്പിക്കാനും തുടര്‍ജീവിതത്തിനാവശ്യമായ പണം നല്‍കാമെന്നും പ്രൊവിന്‍ഷ്യാളും കൂട്ടരും ഉറപ്പു നല്‍കി. തുടര്‍ന്ന് മെയ് 23ന് സഭയില്‍നിന്നു പുറത്തുപോകാന്‍ അനുവദിക്കണമെന്നു കാണിച്ച് അപേക്ഷ നല്‍കി. 30 ലക്ഷം രൂപയാണ് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മഠം അധികാരികളോട് ആവശ്യപ്പെട്ടത്. ശിഷ്ടജീവിതം സുരക്ഷിതമാക്കാനാണ് തുക ആവശ്യപ്പെട്ടത്. തുക നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികള്‍ക്ക് വക്കീല്‍നോട്ടീസയച്ചു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മഠത്തില്‍ മോഷണം നടത്തിയെന്നാരോപിച്ച് പോലീസ് അന്വേഷിച്ചെത്തി. മഠം അധികാരികളുടെ സാന്നിധ്യത്തില്‍ പാലാ സി.ഐ.യും എസ്.ഐ.യും രണ്ടുമണിക്കൂര്‍ ചോദ്യംചൈയ്തന്നും സിസ്റ്റര്‍ വിശദീകരിച്ചു. സിസ്റ്റര്‍ വാടകയ്‌ക്കെടുത്ത മേവടയിലെ ഫഌറ്റിലേക്ക് മഠത്തിലെ സാധനങ്ങള്‍ മാറ്റിയെന്നായിരുന്നു കേസ്.

സഭ വിടാനുള്ള തീരുമാനത്തിന് പിന്നില്‍ സഭയില്‍ നിന്നും തന്നെയുണ്ടായ ക്രൂരതകളാണെന്നും സിസ്റ്റര്‍ മേരി വ്യക്തമാക്കി. പലവിധത്തില്‍ സഭ തന്നെ ദ്രോഹിച്ചെന്നും സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ പറഞ്ഞു.പഠനകാലത്ത് വൈദീകനുമായി പ്രണയത്തിലായെന്ന തെറ്റിദ്ധാരണയാണ് തനിക്കെതിരെയുള്ള പ്രൊവിന്‍ഷ്യല്‍ നേതൃത്വത്തിന്റെ പ്രതികാര നടപടികള്‍ക്കു കാരണമെന്നും ഇക്കാര്യത്തില്‍ നിരപരാധിയായ തന്നെ മേലധികാരികള്‍ തന്ത്രപരമായി മാനസിക രോഗത്തിനുള്ള മരുന്നുകള്‍ കഴിപ്പിച്ചെന്നും സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍.

പാലാ ചേര്‍പ്പുങ്കല്‍ നസ്രേത്ത് ഭവന്‍ കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ കൊഴുവനാല്‍ സെന്റ് ജോണ്‍ നെഫുംസ്യാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപിക കൂടിയാണ് പാലാ ബിഷപ്പായിരുന്ന ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നും തിരുവസ്ത്രം സ്വീകരിച്ച് ആരംഭിച്ച സന്യാസ ജീവിതം 21 വര്‍ഷം പിന്നിടുകയാണെന്നും ഇതിനിടയില്‍ കന്യാസ്ത്രീ സമൂഹത്തില്‍ നടക്കുന്ന നിരവധി കൊള്ളരുതായ്മക്ക് മനസ്സില്ലാ മനസ്സോടെ കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സിസ്റ്റര്‍ മേരി പറഞ്ഞു.

പിന്നീട് ഒരോ കാരണങ്ങളുടെ പേരില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ വിലക്കുകയും ദൂരസ്ഥലങ്ങളിലെ ആശ്രമങ്ങളില്‍ മാറ്റി മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നത് പതിവായി. മേലധികാരികള്‍ക്ക് പിടിക്കാത്ത കന്യസ്ത്രീകളെ മനോരോഗികളായി ചിത്രീകരിച്ച് ഭാവിജീവിതം തകര്‍ക്കുന്ന ക്രൂരമായ രീതി മഠങ്ങളില്‍ വ്യാപകമാണ്. ഇത്തരത്തില്‍ എന്റെ നേരെയും നീക്കമുണ്ടായി. മനോരോഗ ചികിത്സകനെ കണ്ട് ചികത്സതേടണമെന്നുള്ള അസിസ്റ്റന്റ് പ്രോവിന്‍ഷാളമ്മയുടെ നിര്‍ദ്ദേശം തള്ളിയത് മഠം അധികൃതര്‍ക്ക് എന്നോടുള്ള പക ഇരട്ടിയാക്കി. സഭയിലെ വൈദീകര്‍ വഴിയും മറ്റ് കന്യാസ്ത്രീകള്‍ വഴിയും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലത്തിയെങ്കിലും ഞാന്‍ വഴങ്ങിയില്ല. എങ്കിലും ഇവര്‍ ഞാനറിയാതെ തന്ത്രത്തില്‍ എന്നേ ഭ്രാന്തിനുള്ള മരുന്ന കഴിപ്പിച്ചതായി ആത്മീയ ഗുരുവായ ജെയിംസ് പാലക്കന്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു.

മഠത്തിലെ സിസ്റ്റര്‍മാര്‍ സാധാരണ ചികത്സ തേടുന്നത് രൂപതയുടെ പാല കാര്‍മ്മല്‍ ആശുപത്രിയിലാണ്. ഇവിടെ മറ്റ് അസുഖങ്ങളുടെ ചികിത്സക്കെത്തിയ അവസരത്തില്‍ മഠം അധികൃതര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് മാനസീകരോഗത്തിനുള്ള മരുന്നും നല്‍കിയിരിക്കാം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അന്തിനാട് ശാന്തിനിലയം സ്പെഷ്യല്‍ സ്‌കൂളില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. ഈയവസരത്തില്‍ മഠത്തിലുണ്ടായിരുന്ന ജോലിക്കാരല്ലാത്ത ഏതാനും സിസ്റ്റര്‍മാരെ സ്റ്റാഫ് ലിസ്റ്റില്‍പ്പെടുത്തി സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് തട്ടിയെടുത്തിരുന്നു.വീട്ടിലായിരുന്നപ്പോള്‍ അദ്ധ്വാനിച്ച് നേടിയിരുന്ന പണംകൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും ഇവിടെവന്നപ്പോള്‍ കള്ളത്തരത്തിന്റെ അപ്പം ഭക്ഷിക്കേണ്ട ഗതികേടുവന്നതില്‍ ലജ്ജിക്കുന്നതായും ഇതേക്കുറിച്ച് ഞാന്‍ പൊവിന്‍ഷ്യാല്‍ മേധാവികളോട് പ്രതികരിച്ചിരുന്നു.

ഇതുകൂടിയായപ്പോള്‍ പ്രൊവിന്‍ഷ്യാല്‍ അധികൃതരുടെ മാസീക പീഡനം സഹിക്കാവുന്നതിലപ്പുറം വളര്‍ന്നു. തുടര്‍ന്നാണ് ക്നനായ നിയമപ്രകാരം ബഹിര്‍വാസത്തിന് അനുമതി തേടി സഭാതേതൃത്വത്തെ സമീപിച്ചത്. മൂന്നുവര്‍ഷം അല്‍മായ വേഷത്തില്‍ പുറത്തു ജീവിക്കുകയും പിന്നീട് മടങ്ങി വന്ന് സന്യാസി ജീവിത തുടരുകയോ ഉപേക്ഷിക്കുകയോ ചെയ്യാം എന്നതാണ് ബഹിര്‍വാസം സംബന്ധിച്ച സഭാനിയമം. സ്‌കൂളില്‍ പഠിപ്പിക്കുവാന്‍ നല്‍കിയ അപേക്ഷ അംഗീകരിച്ചതിനാല്‍ ഈ അപേക്ഷ അംഗീകരിക്കാനാവില്ലന്നായിരുന്നു പ്രൊവിന്‍ഷ്യല്‍ അധികൃതരുടെ നിലപാട്.

ഇതേത്തുടര്‍ന്ന് ഞാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോയി. പ്രൊവിന്‍ഷ്യല്‍ നേതൃത്വത്തിന്റെ നടപടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ശിഷ്ട ജീവിതത്തിനായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ഇത്രനാളും ദൈവവഴിയില്‍ നടന്ന എന്നെ മോഷണക്കേസില്‍ അകത്താക്കാന്‍ ഉന്നതര്‍ ചരടുവലികള്‍ നടന്നത്. പാല പൊലീസിന് സത്യാവസ്ഥ ബോദ്ധ്യമായതോടെ ഈ കളിയും പൊളിഞ്ഞു. പിന്നെ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി പൊലീസും സഭയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും രംഗത്തെത്തി. 30ലക്ഷം എന്ന നിലപാടില്‍ നിന്നും ഞാന്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. 20 ലക്ഷം തന്നാലും നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുക്കമാണെന്ന് ഞാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വ്യക്തമാക്കി.

സഭയില്‍ നിന്നും വിട്ടുപോകാന്‍ സമ്മതിച്ച് അപേക്ഷ നല്‍കിയാലെ തുകകൈമാറു എന്ന വ്യവസ്ഥ പ്രൊവിന്‍ഷ്യാല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഇത് ഞാന്‍ അംഗീകരിക്കുകയും ചെയ്തു. പിന്നീടാണ് ഇവരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തായത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്നും പിന്നോക്കം പോയ മഠം അധികൃതര്‍ ഇക്കാര്യത്തില്‍ കേസ്സുനടത്തി പണം വാങ്ങാനാണ് എന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി ഞാന്‍ എന്റെ വഴിക്ക്. ആത്മീയ ജീവിതത്തിന്റെ അന്തസത്ത നശിപ്പിക്കുന്ന സഭയ്ക്കുള്ളിലെ ക്ഷുദ്രശക്തികള്‍ക്ക് എതിരെയാണ് ഇനി എന്റെ പോരാട്ടം. ആരൊക്കെ കൈവിട്ടാലും ഇക്കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്ന ദൈവം എനിക്ക് കൂട്ടിനുണ്ടാവും തീര്‍ച്ച.

About Intensive Promo

Leave a Reply

Your email address will not be published.