ആദ്യമായി അഭിനയിച്ച സിനിമ പറവ സൂപ്പർ ഹിറ്റായതിന്റെ മിനുക്കമൊന്നും ഗോവിന്ദ് വി. പൈക്ക് ഇല്ല. അമ്മയെ സഹായിക്കാൻ തട്ടുകടയിൽ ഒപ്പമുണ്ടു ഗോവിന്ദ്. ഉഴുന്നുവടയും പരിപ്പുവടയും ഇരുമ്പുകയിൽ കൊണ്ടു വറുത്തു കോരി എണ്ണവാർന്നു പോകാൻ പാത്രത്തിലേക്ക് ഇടുന്ന ഗോവിന്ദിനെ നോക്കി അമ്മ ചിത്ര പറയുന്നു: ഇവൻ ഇങ്ങനെയാ. സ്കൂൾ കഴിഞ്ഞു വരുന്ന സമയത്തു സഹായിക്കാൻ കൂടും.
പിന്നെ രാത്രി 11 മണി വരെ നീളുന്ന കച്ചവടം കഴിഞ്ഞാണു പഠനം.ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഇവരുടെ ചായക്കട. വലിയ കടയൊന്നുമല്ല, മുകളിൽ ഷീറ്റിട്ട് അരികു മറച്ചു ചെറിയൊരു കട. ടിഡി ക്ഷേത്രത്തിന്റെ സമീപത്തു തട്ടുകടയിലാണു രാത്രി കച്ചവടം. 16 വർഷം മുൻപു ഭർത്താവ് വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്കും മറ്റും പോയാണു ചിത്ര കുടുംബം നോക്കിയത്. പിന്നീടു ചായക്കച്ചവടം തുടങ്ങി. മൂന്നു മക്കളിൽ ഇളയ ആളാണു ഗോവിന്ദ്. സഹോദരൻ നരേന്ദ്ര വി. പൈ പ്ലസ് ടു കഴിഞ്ഞു. ഏക സഹോദരി നീതുവിന്റെ വിവാഹം കഴിഞ്ഞു.
മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു പറവ സിനിമയിൽ അഭിനയിക്കാൻ അവസരം വീണുകിട്ടിയത്. വീണു കിട്ടിയത് എന്നത് അക്ഷരാർഥത്തിൽ ശരിയാണെന്നു ഗോവിന്ദ് പറയുന്നു. സംവിധായകൻ സൗബിൻ ഷാഹിറും കൂട്ടുകാരും അമ്മയുടെ ചായക്കടയിൽ ചായ കുടിച്ചു നിൽക്കുന്ന സമയത്താണു സൈക്കിളിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ഗോവിന്ദ് അവരുടെ മുന്നിൽ സൈക്കിളുമായി വീഴുന്നത്. പിടിച്ചെഴുന്നേൽപിച്ച ശേഷം സിനിമയിൽ അഭിനയിക്കാമോ എന്ന ചോദ്യം സൗബിൻ ചോദിച്ചതാണ് സിനിമയിലേക്ക് കടന്നുവരാനുള്ള സാഹചര്യമെന്നു ഗോവിന്ദ് പറയുന്നു.
സിനിമ പുറത്തിറങ്ങിയപ്പോൾ കൊച്ചിക്കാരുടെ മുത്തായി മാറി രണ്ടു പേരും. അഭിനയത്തിനു മുൻ പരിചയമൊന്നുമില്ലായിരുന്നു ഗോവിന്ദിന്. തന്നെ നടനാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും സൗബിനിക്കയ്ക്കാണെന്നു ഗോവിന്ദ് പറയുന്നു. അഭിനയിക്കേണ്ട വിധമെല്ലാം പറഞ്ഞു തന്നത് ഇക്കയാണ്. പുതിയ സിനിമയിലേക്ക് ഓഫറുകൾ വരുന്നുണ്ട്.
ദുൽക്കർ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കും. പറവയുടെ ചിത്രീകരണം രണ്ടു വർഷം നീണ്ടു. ആറു മാസം പ്രാവിനെ ഇണക്കാനും ഒൻപതു മാസം ഞങ്ങളെ ഇണക്കാനും–ഗോവിന്ദ് പൈ ചിരിച്ചുകൊണ്ടു പറയുന്നു. ഇപ്പോൾ തുറവൂർ ടിഡി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണു ഗോവിന്ദ്. പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാനാണു തീരുമാനം.