ആദിവാസി ഗോത്രവര്‍ഗ്ഗങ്ങളുടെ ഭൂരിപക്ഷമേഖലയായ ഛത്തീസ്ഗഡ് സംസ്ഥാനത്തെ മുഗേലി ജില്ലയില്‍ കൊടിയ ചൂഷണത്തിനും, അതിക്രമങ്ങള്‍ക്കും വിധേയരായാണ് അന്നാട്ടിലെ ആളുകള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആദിവാസി സമൂഹത്തില്‍ ഭൂരിഭാഗവും ഇപ്പോഴും ദാരിദ്ര്യത്തിലാണ് കഴിയുന്നതും. സര്‍ക്കാര്‍ സേവനങ്ങളും സഹായങ്ങളും ഒന്നും അവരിലേക്കെത്താറില്ല. വിദ്യാഭ്യാസ ആരോഗ്യ രംഗത്തും പതിവുപോലെ ആദിവാസി മേഖല പലപ്പോഴും പിന്തള്ളപ്പെടുകയാണ് പതിവ്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും രോഗവും, അനാരോഗ്യവുമൊക്കെ പ്രേതബാധ മൂലമാണെന്നും മന്ത്രവാദം മാത്രമാണു ഇതിനു പ്രതിവിധിയെന്നും വിശ്വസിക്കുന്ന അനേകായിരം ഗോത്രങ്ങള്‍ ഇന്നും അവിടങ്ങളില്‍ അധിവസിക്കുന്നുണ്ട്. വിവാഹം മുടങ്ങിയാല്‍,കൃഷി നശിച്ചാല്‍, മഴ പെയ്തില്ലെങ്കില്‍ ഒക്കെ ആരോ കൂടോത്രം ചെയ്തതാണെന്ന ധാരണയില്‍ ബൈഗകളെയും( മന്ത്രവാദികള്‍ ), ജോത്സ്യരെയും കൂടോത്രക്കാരെയും ആശ്രയിക്കുകയാണ് അവര്‍ക്ക് പതിവ്.
തങ്ങള്‍ക്ക് അമാനുഷിക സിദ്ധിയുണ്ടെന്നു ബോദ്ധ്യപ്പെടുത്താന്‍ ഇവരെ ചൂഷണം ചെയ്തു ജീവിക്കുന്ന മന്ത്രവാദികള്‍ പല ചെപ്പടിവിദ്യകളും കാട്ടാറുണ്ട്. അതിലൊന്നാണ് നഗ്‌നമായ കാല്‍പ്പാദങ്ങളോടെ തീക്കനുകളില്‍ കൂടി നടക്കുക എന്നത്. ഈസാഹചര്യത്തിലാണ് ഛത്തീസ്ഗഡ് സംസ്ഥാനത്തെ മുംഗേലി ജില്ലാ എസ്.പി നീതു കമല്‍ ഐപിഎസ്, മന്ത്ര വാദികളുടെയും , കപട ജ്യോല്‍സ്യന്മാരുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ജനങ്ങളെ ബോധവത്കരിക്കാന്‍ ഇറങ്ങിത്തിരിച്ചത്. അതിനുള്ള തീവ്ര പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ നീതു.
ഇതിനായി അവര്‍ സ്വയം അതെല്ലാം ജനങ്ങളെ ചെയ്തു കാണിച്ചു. ഇതെല്ലാം കണ്‍കെട്ട് വിദ്യകളും കപടവുമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനായി കത്തുന്ന കനല്‍കട്ടകളില്‍ക്കൂടി നഗ്‌നപാദയായി നടന്ന് അവര്‍ ജനങ്ങളെ അമ്പരപ്പിച്ചു. മാത്രമല്ല, അധികം ചാരം ഇല്ലാത്ത കനല്‍ക്കട്ടകളിലൂടെ നനഞ്ഞ കാല്‍പ്പാദങ്ങളോടെ നടന്നാല്‍ കാലില്‍ പൊള്ളലേല്‍ക്കില്ല എന്ന ശാസ്ത്ര സത്യം അവര്‍ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു.
അല്‍പ്പ നിമിഷങ്ങള്‍ മാത്രമേ ആര്‍ക്കും ഇതുചെയ്യാന്‍ കഴിയുകയുള്ളൂ എന്ന സത്യവും ആളുകള്‍ മനസ്സിലാക്കി. ഈ വിദ്യ അത്ഭുത സിദ്ധിയാണെന്ന പേരില്‍ മുതലെടുപ്പു നടത്തുന്ന മന്ത്രവാദികളും സിദ്ധന്മാരും നടത്തുന്നത് തട്ടിപ്പാണെന്നും അവര്‍ കാര്യകാരണ സഹിതം ഗ്രാമീണരെ ബോധ്യപ്പെടുത്തി.