തിരുവനന്തപുരം: ട്രോളിംഗ് കാലമായാലും മത്സ്യപ്രേമികള്‍ക്ക് മീനില്ലാതെ ആഹാരം കഴിയിക്കാന്‍ ആവില്ലെന്ന അവസ്ഥയാണ്. വരൂ, വരൂ നല്ല പച്ചമീന്‍..ഫ്രഷ് മീന്‍ എന്നിങ്ങനെയുള്ള കച്ചവടക്കാരുടെ വിളികേട്ട് ആകൃഷ്ടരാകുന്നവര്‍ കരുതിയിരിക്കുക. നിങ്ങളെ തേടിയെത്തുന്നത് മാരകമായ രോഗങ്ങളാണ്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമായതോടെ പല ജില്ലകളിലും മീനിന്റെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് മല്‍സ്യവില്‍പ്പന നടത്തുന്നവര്‍ മാര്‍ക്കറ്റുകളിലും വീടുകളിലും വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നത് ഫോമാലിന്‍ കലര്‍ത്തിയ മത്സ്യങ്ങളാണ്. ഫോമാലിന്‍ എന്താണെന്ന് പലര്‍ക്കും അറിയാം. എന്നാലും മറ്റുള്ളവര്‍ക്കായി ഒന്ന് പറയാം. ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോമാലിന്‍ ജീവനുള്ള ശരീരത്തില്‍ പ്രതികൂലമായാണ് പ്രവര്‍ത്തിക്കുന്നത്.
ഫോര്‍മാലിന്‍ ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ കേടുകൂടാതെ ഇരിക്കും. മത്സ്യം പിടിച്ചുകൊണ്ടുവരുമ്പോള്‍ ആദ്യം അത് കടല്‍തീരത്ത് വച്ച് തന്നെ പ്രത്യേകം പാത്രങ്ങളിലും ബോക്‌സുളിലുമാക്കും. പിന്നെ കുറച്ച് ഐസ് അതിന് മുകളിലായി വിതറുന്നു. തൊട്ടുപിന്നാലെ വിഷം അതായത് ഫോര്‍മാലിന്‍ പൊടി വിതറുകയാണ് പതിവ്. എല്ലാം കഴിഞ്ഞാല്‍ മീന്‍ വില്‍പ്പനക്കായി മാര്‍ക്കറ്റുകളിലേക്ക്.
മല്‍സ്യം വാങ്ങാനെത്തുന്നവരുടെ കണ്ണില്‍ പൊടിയിടാനായി മത്സ്യത്തിന്റെ പുറത്ത് കച്ചവടക്കാര്‍ കൈയ്യില്‍ കരുതിയിട്ടുള്ള കടല്‍മണലും വിതറും. ഇനി ആരും വന്നാലും.. നോക്കിയാലും മീന്‍ ഫ്രെഷ് തന്നെ. പക്ഷേ മായം കണ്ടെത്താന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്ന് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിടുന്ന ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ പറയുന്നു.
മീനിന്‍ കണ്ണ് വെളുത്തിരിക്കുക, മീന്‍ വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ ആ സ്ഥലം പൂര്‍വ്വസ്ഥിതിയിലെത്താതിരിക്കുക. ചെകിളപ്പൂക്കള്‍ ഇരുണ്ടനിറത്തിലിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ ഉറപ്പിച്ചോളൂ, അത് വിഷം കലര്‍ന്ന മല്‍സ്യം തന്നെയെന്നത്. അമോണിയയും ഐസുമൊക്കെ പരാജയപ്പെട്ടപ്പോഴാണ് മല്‍സ്യകച്ചവടക്കാര്‍ പുതിയ തന്ത്രം ഉപയോഗിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.
നാഡീവ്യൂഹത്തിന് തകരാര്‍, ക്യാന്‍സര്‍, വൃക്കകള്‍ക്ക് പ്രവര്‍ത്തനക്ഷമത ഇങ്ങനെ പോകുന്നു ഫോമാലിന്‍ നല്‍കുന്ന സമ്മാനങ്ങള്‍. എന്നാല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അപകട മുന്നറിയിപ്പ് നല്‍കുമ്പോഴും പരിശോധനകളും നിയമനടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത.