കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടികൂടിയ 25 കോടി രൂപയുടെ മയക്കുമരുന്ന് കൊച്ചിയിലേക്കാണ് കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതി പിടിയിലായതോടെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരിലേക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയാണ് യുവതിയെ പിടികൂടിയത്.
ബ്രസീലിലെ സാവോപോളോയില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് വേണ്ടിയാണ് കടത്തിയതെന്ന് യുവതി പറഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്ത ശേഷമാണ് യുവതി എത്തിയത്. വാട്സ്ആപ്പ് വഴി ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യുവതി പ്രവര്‍ത്തിച്ചിരുന്നത്.
നഗരത്തിലെ മയക്കുമരുന്ന മാഫിയയേയും അവരുമായി ബന്ധമുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം പിടിയിലായ യുവതിയേയും വിശദമായി ചോദ്യം ചെയ്യും. പോലീസ് സംശയിക്കുന്നവരുടെ മൊബൈല്‍, ഇമെയില്‍ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പുതുവത്സരാഘോഷത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് എത്തിച്ചത്. എന്നാല്‍ ഇത്തരം അവസരങ്ങള്‍ക്ക് പുറമെ കൊച്ചിയില്‍ അടിക്കടി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സിനിമാ രംഗത്തെ പലര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്. പ്രമുഖ നടിമാരും ഈ റാക്കറ്റിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തില്‍ നടിമാരും പിന്നിലല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും അടക്കം സിനിമാ മേഖലയിലെ പല പ്രമുഖരും റാക്കറ്റിന്റെ ഭാഗമാണ്. ചില യുവ താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതിനായി മാത്രം നഗരത്തില്‍ ഫഌറ്റ് വാങ്ങിയിട്ടുള്ള യുവതാരങ്ങളുണ്ട്.