Breaking News
Home / Lifestyle / മനുഷ്യന് മനസിലാകുന്ന പോലെ ആര്‍ത്തവത്തെ കുറിച്ച് ഇത്ര രസകരമായ രീതിയില്‍ ഒരു കുറിപ്പ് വേറെ ഉണ്ടാകില്ല

മനുഷ്യന് മനസിലാകുന്ന പോലെ ആര്‍ത്തവത്തെ കുറിച്ച് ഇത്ര രസകരമായ രീതിയില്‍ ഒരു കുറിപ്പ് വേറെ ഉണ്ടാകില്ല

മനുഷ്യന് മനസിലാകുന്ന പോലെ ആര്‍ത്തവത്തെ കുറിച്ച് ഇത്ര രസകരമായ രീതിയില്‍ ഒരു കുറിപ്പ് വേറെ ഉണ്ടാകില്ല . ഇ കുറിപ്പ് എഴുതിയിരിക്കുന്നത് യുവ ഡോക്ടര്‍ ഷിംന അസീസ് ആണ്. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. ഷംന അസീസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ.

സെക്കൻഡ്‌ ഒപീനിയൻ – 007

നിങ്ങൾക്ക്‌ സൂസൂ വെക്കണം എന്ന്‌ വിചാരിക്കുക. റോഡ്‌ സൈഡിൽ പോയി നിൽക്കുന്നു, സിബ്‌ അഴിക്കുന്നു… അയ്യോ, ഒരു മിനിറ്റ്‌- ശ്ശേ! അങ്ങോട്ട്‌ മാറി നിൽക്ക്‌ പെങ്കൊച്ചേ, നിന്നോടല്ല. ഓൺലി പുരുഷന്മാർ ഹിയർ. മൈ ക്വസ്‌റ്റ്യൻ ഈസ്‌, അങ്ങനെ പൈനായിരം ഉറുപ്യ കടം വീട്ടുന്ന അനുഭൂതിക്ക്‌ വേണ്ടി സിബ്ബഴിച്ച്‌ മുള്ളാൻ നോക്കുമ്പോ രക്‌തം പുറത്തേക്ക്‌ ഒലിച്ച്‌ വന്നാൽ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ?

ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങൾ പെണ്ണുങ്ങൾക്ക്‌ പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിച്ചത്‌. എന്നിട്ടും ഞങ്ങൾക്കൊരു ചുക്കും സംഭവിച്ചീല. അത്‌ തന്നെ – ആർത്തവം. ഇന്നത്തെ #SecondOpinion ഒരൽപ്പം ചോരക്കറ പുരണ്ടതാണ്.

ഞങ്ങളിൽ മിക്കവർക്കും ഇങ്ങനെയൊന്ന്‌ വരാൻ പോണെന്ന്‌ അറിയായിരുന്നു, ചിലർക്കൊക്കെ സൂചനയെങ്കിലും ഉണ്ടായിരുന്നു. ചിലർക്ക്‌ സംഭവശേഷം കാര്യമെന്താണെന്ന്‌ ചുറ്റുമുള്ളവർ പറഞ്ഞു തന്നു. അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പൻ പ്രസ്‌ഥാനത്തെക്കുറിച്ച്‌ ലവലേശം ബോധമില്ലാതെ ഒരുപാട് ആൺപിറന്നവൻമാർ നടന്നു, ഇപ്പോഴും നടക്കുന്നു. ഇനി ബോധമുണ്ടെന്ന് പറയുന്നവരുടെ ബോധം ഒന്നഴിച്ച് നോക്കിയാലോ, പലരും മനസ്സിലാക്കി വച്ചിരിക്കുന്നതിൽ മുക്കാലും അബദ്ധങ്ങളുടെ പെരുമഴയും. സാരമില്ല, അടുത്ത രണ്ടേ രണ്ട് മിനിറ്റ് കൊണ്ട് നമ്മളാ രഹസ്യത്തിന്റെ ചുരുളഴിക്കാൻ പോവുകയാണ്.

ഗർഭപാത്രം എന്ന്‌ പറയുന്ന അവയവമുണ്ടല്ലോ, അവിടം മിക്കപ്പഴും കുഞ്ഞാവ വരാൻ വേണ്ടി കുളിച്ച്‌ കുട്ടപ്പനായി ഇരിക്കുകയാണ്‌. പുത്യാപ്ല വരുന്നതിനു മുൻപ് അറ ഒരുക്കി കാത്തിരിക്കുനത് പോലെ വന്നു കയറി അണ്ഡവുമായി ലൗ ആകാൻ പോകുന്ന ബീജത്തെ കാത്ത് ഗർഭപാത്രവും ഇങ്ങനെ ഒരുപാട് ഒരുക്കങ്ങൾ നടത്തുന്നുണ്ട്. വീട് പെയിന്റടിക്കുന്നതും കതകൊക്കെ അടച്ചുറപ്പാക്കുന്നതും പോലെ ഗർഭപാത്രത്തിനുള്ളിൽ എൻഡോമെട്രിയം എന്ന ആവരണം നിർമ്മിക്കും. പുതിയ രക്‌തക്കുഴലുകൾ ഉണ്ടാക്കി അവിടത്തെ രക്‌തപ്രവാഹമെല്ലാം ഉഷാറാക്കുകയും ചെയ്യും.

ഇത്രയൊക്കെ ഒരുക്കി കാത്തിരുന്നിട്ടും ആ മാസം അണ്‌ഢാശയത്തിൽ നിന്നും പുറത്ത്‌ വരുന്ന അണ്‌ഢത്തെ ഫലോപിയൻ ട്യൂബിൽ വെച്ച്‌ പിടികൂടാൻ വാൽമാക്രിയെ പോലെ തുള്ളിപ്പിടച്ച്‌ ബീജം വന്നില്ലെങ്കിൽ കല്യാണം മുടങ്ങിയ വീട്‌ കണക്ക്‌ ഗർഭാശയം ശോകമൂകമാകും. യഥേഷ്‌ടം രക്‌തപ്രവാഹം നേടി മിടുക്കിയായ ഗർഭപാത്രത്തിന്റെ ഉൾപാളിയായ എൻഡോമെട്രിയം അതിന്റെ രക്‌തക്കുഴലുകൾ ഉൾപ്പെടെ ഇടിഞ്ഞുപൊളിഞ്ഞ്‌ യോനി വഴി പുറത്ത്‌ പോരുകയും ചെയ്യും.

കൂട്ടത്തിൽ ചെക്കൻ വരാത്തത്‌ കൊണ്ട്‌ വേസ്‌റ്റായ അണ്‌ഢവും പിണങ്ങി ഇറങ്ങിപ്പോകും. ഈ പോവുന്നതിനെയാണ്‌ ആർത്തവം എന്ന്‌ പറയുന്നത്‌. ഇങ്ങനെ പഴയത്‌ പോയി വീണ്ടും ഫ്രഷായ ഗർഭപാത്രവും ഒന്നേന്ന്‌ പണി തുടങ്ങും. പുതിയ എൻഡോമെട്രിയം, പുതിയ അണ്‌ഢം. അവർ ബീജേട്ടനെ കാത്ത്‌ ഗർഭത്തെ സപ്പോർട്ട്‌ ചെയ്യുന്ന പ്രൊജസ്‌ട്രോൺ ഒഴുക്കി കൊതിയോടെ കാത്തിരിക്കും. ഇത്‌ ആർത്തവവിരാമം വരെ ഓരോ മാസവും ആവർത്തിക്കും.

ഈ പറഞ്ഞ സംഗതി മാസാമാസം വരുമ്പോഴാണ്‌ വീട്ടിൽ ഭാര്യയും അമ്മയും പെങ്ങളും കൂട്ടുകാരിയും ക്ഷീണവും മടുപ്പും ദേഷ്യവുമൊക്കെ കാണിക്കുന്നത്‌. എൻഡോമെട്രിയത്തെ പുറത്ത്‌ ചാടിക്കാൻ വേണ്ടി ഗർഭപാത്രം ഞെളിപിരി കൊള്ളുന്നത്‌ കാരണമാണ്‌ വയറുവേദന ഉണ്ടാകുന്നത്‌. ഓൾക്ക്‌ ആർത്തവത്തിന്‌ തൊട്ടുമുമ്പ് കണ്ട്‌ വരുന്ന മെഗാസീരിയൽ നായികയെ അനുസ്‌മരിപ്പിക്കുന്ന കരച്ചിലും ആധിയും വേവലാതിയും ദേഷ്യവുമൊക്കെയുള്ള ചൊറിയൻ സ്വഭാവമാകട്ടെ, ഹോർമോണുകളുടെ കയ്യാങ്കളി കൊണ്ട്‌ വരുന്നതും. ചിലരുടെ ഭാഷയിൽ ‘അവൾടെ മറ്റേ സ്വഭാവം’ എന്നൊക്കെ അണപ്പല്ല്‌ കടിച്ചു കൊണ്ട്‌ വിശേഷിപ്പിക്കുമെങ്കിലും ഞങ്ങൾ ഡോക്‌ടർമാരുടെ ഭാഷയിൽ ഇതിന്‌ “പ്രീ മെൻസ്‌ച്വറൽ സിണ്ട്രോം” എന്ന്‌ പറയും. യൂ നോ, ബേസിക്കലി ഞങ്ങൾ പെണ്ണുങ്ങൾ പഞ്ചപാവങ്ങളാണ്‌. സംശ്യണ്ടാ? 😉

വാൽക്കഷ്ണം : ആർത്തവസമയത്ത്‌ ബന്ധപ്പെട്ടാൽ വെള്ളപ്പാണ്ട്‌/അംഗവൈകല്യം ഉള്ള കുഞ്ഞുണ്ടാകും എന്നാണ്‌ കുറേ പേരുടെ വിശ്വാസം. മാസത്തിൽ ഒരിക്കൽ മാത്രം ആകെ മൊത്തം ഇരുപത്തിനാല്‌ മണിക്കൂർ ജീവനോടെ ഇരുന്ന അണ്‌ഢം ബീജസങ്കലനം നടക്കാത്തത്‌ കൊണ്ട്‌ പുറന്തള്ളപ്പെടുന്നതാണ്‌ ആർത്തവം. സാധാരണ ഗതിയിൽ, അപ്പോൾ ബന്ധപ്പെട്ടാൽ ഒരു പൂച്ചക്കുഞ്ഞ്‌ പോലും ഉണ്ടാകില്ല. അപൂർവ്വമായി പണി കിട്ടുന്നതിന്‌ വേറെ വിശദീകരണമുണ്ട്‌, അപ്പോഴും ആ കുഞ്ഞിന്‌ ആർത്തവം കാരണം വൈകല്യമുണ്ടാകില്ല. ഇതൊക്കെ, ആ സമയത്ത്‌ ഓൾക്ക്‌ ഇച്ചിരെ റെസ്‌റ്റ്‌ കിട്ടാൻ വേണ്ടി പണ്ടാരാണ്ട്‌ പറഞ്ഞുണ്ടാക്കിയതാണേ… 😉

About Intensive Promo

Leave a Reply

Your email address will not be published.