കോട്ടയം: കേരളത്തിൽ വരാൻ പോകുന്നത് പപ്പായ വിപ്ളവത്തിന്റെ നല്ല നാളുകളാണ്.
റബർ ടാപ്പു ചെയ്യുന്നതുപോലെ ‘പപ്പായ കൃഷി ചെയ്ത് ടാപ്പിംഗ്’ ചെയ്താൽ ലക്ഷങ്ങൾ സമ്പാദിക്കാം. ഇതിനായുള്ള പദ്ധതി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. വിദേശ വിപണിയിൽ വൻ ഡിമാൻഡുള്ള പപ്പായക്കറ (പപ്പയിൻ) നല്ലൊരു ഔഷധംകൂടിയാണ്. ഒരു ഏക്കറിൽ പപ്പായ കൃഷി ചെയ്താൽ പ്രതിമാസം 30,000 രൂപ വരെ വരുമാനം നേടാമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് പറയുന്നു.
വയനാട്, കാസർകോട്, മലപ്പുറം തൃശൂർ, ഇടുക്കി കൊല്ലം ജില്ലകളിലാണ് ആദ്യ ഘട്ട കൃഷി. ഫിലിപ്പീൻസ് വെറൈറ്റിയായ ‘സിന്ത’, ‘റെഡ് ലേഡി’ ഇനങ്ങളിലുള്ള തൈകൾ കർഷകർക്ക് നൽകും. കറ വാങ്ങാൻ പൊള്ളാച്ചിയിലെ ‘ഫൈറ്റോ സൈം’ എന്ന കമ്പനിയുമായി ധാരണയായി. പൊള്ളാച്ചിയിൽ ട്രെയിനിംഗ് ലഭിച്ച ഉദ്യോഗസ്ഥരാണ് കൃഷിയിലും ടാപ്പിംഗിലും കർഷകരെ പരിശീലിപ്പിക്കുന്നത്. ഹെക്ടറിന് എൺപതിനായിരം രൂപ വരെ ഹോർട്ടികൾച്ചറിന്റെ സബ്സിഡിയും ലഭിക്കും.
തൊലിവരഞ്ഞ് കറയെടുക്കാം
ഒരേക്കറിൽ ആയിരം തൈകൾ വരെ നടാം. ആറ് മാസം മുതൽ ടാപ്പിംഗ് തുടങ്ങാം. ചോട്ടിൽ പ്രത്യേക പ്ളാസ്റ്റിക് വിരിച്ച ശേഷം കായ്കളുടെ തൊലിയിൽ സാധാരണ ബ്ളേഡ് കൊണ്ട് മുറിവുണ്ടാക്കിയാണ് കറയെടുക്കുന്നത്. എട്ട് ദിവസം കഴിഞ്ഞാൽ വീണ്ടും ടാപ്പിംഗ് നടത്താം. ബോട്ടിലിൽ സൂക്ഷിക്കുന്ന കറ കമ്പനി ശേഖരിക്കും. 10 ദിവസം വരെ സാധാരണ ഊഷ്മാവിൽ കറ കേടുകൂടാതിരിക്കും. ഒരു കിലോയ്ക്ക് 120 രൂപയാണ് വില. സംസ്കരിച്ച കറയ്ക്ക് കിലോയ്ക്ക് ആറായിരം രൂപവരെ വിലയുണ്ട്. കറ എടുത്ത ശേഷമുള്ള കായ്കൾ വിൽക്കാനോ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനോ സാധിക്കും. ഒരു കിലോ പപ്പായയ്ക്ക് 50 രൂപ വരെ വിലയുണ്ട്. ഒരു പപ്പായയിൽ നിന്ന് രണ്ടു വർഷം വരെ കറയെടുക്കാനാകും.
ഔഷധ ഗുണങ്ങളേറെ
വൈറ്റമിൻ എ, ബി, സി എന്നിവ സമൃദ്ധം, ചർമത്തിന്റെ ആരോഗ്യത്തിന് ഗുണകരം’
കറയിലെ രാസാഗ്നി ദഹന സഹായി’
വൈറ്റമിൻ എ, ബി, സി എന്നിവ സമൃദ്ധം, ചർമത്തിന്റെ ആരോഗ്യത്തിന് ഗുണകരം’
സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഡെന്റൽ പേസ്റ്റ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കാം