Breaking News
Home / Latest News / ടാ, നിന്റെ മൊതലാളിയമ്മ നല്ല ചരക്ക് ആണല്ലോ. നിന്റെ ഒക്കെ ഒരു ഭാഗ്യം

ടാ, നിന്റെ മൊതലാളിയമ്മ നല്ല ചരക്ക് ആണല്ലോ. നിന്റെ ഒക്കെ ഒരു ഭാഗ്യം

“ടാ, നിന്റെ മൊതലാളിയമ്മ നല്ല ചരക്ക് ആണല്ലോ. നിന്റെ ഒക്കെ ഒരു ഭാഗ്യം. ഇതുപോലെ ഒന്ന് ഉണ്ടായിട്ട് നീ മുട്ടിനോക്കിയിട്ടില്ലെന്ന് പറഞ്ഞാൽ. ഛെ…ഞാൻ ആണേൽ ഇപ്പോ…മൊതലാളി ഗൾഫിൽ, മകൾ ഹോസ്റ്റലിൽ പിന്നെ കൂടെ ഉള്ളത് നാലിൽ പഠിക്കുന്ന ഒരു പീറചെക്കൻ. ഇതിൽപ്പരം ഒരു അവസരം വേറെ കിട്ടോ മോനെ..?”

ബാറിന്റ മൂലക്ക് രണ്ട് പെഗ്ഗുമടിച്ചിരിക്കുമ്പോൾ ആയിരുന്നു മനുവിന്റെ സംസാരം. സതീശൻ ഡ്രൈവർ ആയി ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചിയെ കുറിച്ചാണ് ഈ സംസാരവും. മനു ഒറ്റ വലിക്ക് ഒരു പെഗ്ഗ് കൂടി അകത്താക്കികൊണ്ട് ചിറിയൊന്നു തുടച്ച് സതീശനെ നോക്കുമ്പോൾ എന്തോ ആലോചനയിലെന്നോണം ഇരിക്കുന്ന അവൻ തലയാട്ടുന്നുണ്ടായിരുന്നു.

“ഏയ്‌…അതൊന്നും ശരിയാവില്ലെടാ. ഒന്നുല്ലെങ്കിൽ നമ്മുടെ അന്നം അവരുടെ വീട്ടിൽ അല്ലെ…അവിടെ ജോലിക്ക് കയറിയതിനു ശേഷമാണ് ജീവിതം ഒന്ന് പച്ചപിടിച്ചത് തന്നെ…ആ അവരെ ഞാൻ ഇങ്ങനെ ഒരു മനസ്സോടെ കാണുന്നത് പോലും ശരിയല്ല. അതുകൊണ്ട് നീ ആ വിഷയം വിട്.” സതീശൻ നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് അത്രയും പറഞ്ഞ് ഗ്ളാസ്സിൽ ഒഴിച്ച് വെച്ച മദ്യം ചുണ്ടിലേക്ക് ചേർക്കുമ്പോൾ മനു അവനെ നോക്കി ചിരിക്കുകയായിരുന്നു.

“എടാ…നീ ശരിക്കും ഒരു ഫൂൾ ആണ്. അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം വന്നിട്ട്. ഞാൻ ഒന്ന് ചോദിച്ചോട്ടെ… ” മനു അവനെ നോക്കികൊണ്ട് അങ്ങനെ ചോദിക്കുമ്പോൾ എന്താണ് എന്ന ആകാംഷയോടെ സതീശൻ മനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയ്യിലിരുന്ന സിഗരറ്റ് കത്തിച്ചുകൊണ്ട് മനു ചോദിക്കുന്നുണ്ടായിരുന്നു,

“നിന്റെ മൊതലാളിയമ്മ എങ്ങനാ നിന്നോട്.! നല്ല സ്നേഹമാണോ.? നിനക്ക് ഡ്രസ്സ്‌ ഒക്കെ വാങ്ങിത്തരാറുണ്ടോ? ഇടക്ക് ശമ്പളത്തേക്കാൾ കൂടുതൽ കാശ് തരാറുണ്ടോ? ” അതൊക്ക കേട്ടപ്പോൾ സതീശന്റെ മുഖത്ത്‌ വല്ലാത്തൊരു ആശ്ചര്യം ഉണ്ടായിരുന്നു ! ഇതൊക്കെ ഇവൻ എങ്ങിനെ അറിഞ്ഞു എന്നോർത്ത്.

ആ ആശ്ചര്യഭാവത്തോടെ തന്നെ ഉവ്വെന്ന് തലയാട്ടി സമ്മതിക്കുമ്പോൾ മനു പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു, “എങ്കിൽ പിന്നെ നിനക്ക് കോളടിച്ചു മോനെ. നിന്നോട് അങ്ങനെ ഒക്കെ അവർ പെരുമാറുന്നുണ്ടെങ്കിൽ ഒന്നോർത്തോ അവർക്ക് നിന്നോട് വല്ലത്ത ഒരു ഇഷ്ട്ടം ഉണ്ട്. അത് പ്രകടിപ്പിക്കാൻ ഉളള ഓരോ അടവുകളാണ് ഇതെല്ലാം. ഇതൊന്നും മനസ്സിലാക്കാതെ എല്ലാം പാപമാണെന്ന് പറഞ്ഞത് ഇരിക്കുന്ന നീ ഒരു പോങ്ങൻ തന്നെ. വെറുതെ ആണുങ്ങളുടെ വില കളയാൻ.

ഞാൻ ഒക്കെ ആണെങ്കിൽ അവരെയും കൊണ്ട് ഒരു മൂന്നാർ ട്രിപ്പ്‌ എങ്കിലും ഒപ്പിച്ചെന്നേ ഈ സമയം കൊണ്ട്. തണുപ്പ് തട്ടിയാൽ മതി ഇതുങ്ങളുടെ ഒക്കെ തനി കൊണം അറിയാൻ…പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട. ഒക്കെ അവർ ചെയ്‌തോളും.

ഇറങ്ങിപ്പോരുമ്പോൾ കൈ നിറയെ കാശ് ഇങ്ങോട്ട് കിട്ടുകയും ചെയ്യും. ഈ പെണുങ്ങളുടെ മനഃശാസ്ത്രം മുഴുവൻ അറിയുന്നത് കൊണ്ട് പറയുവാ നിന്റെ മൊതലാളിയമ്മയ്ക്ക് നിന്നോട് ഒരു ഇതുണ്ട്. അത് നീ മനസ്സിലാക്കാൻ വേണ്ടിയാണ് അവർ ഓരോന്ന് ചെയ്യുന്നതും. അതൊന്ന് മനസ്സിലാക്കി വേണ്ടപോലെ ചെയ്യന്റെ ചെക്കാ…ഒത്താൽ നിന്റെ ജീവിതം ഇതിനേക്കാൾ പച്ച പിടിക്കും. വാരിക്കോരി തരും പണവും പിന്നെ പലതും…..”

എന്നും പറഞ്ഞുകൊണ്ട് മനു അർത്ഥം വെച്ചു ചിരിക്കുമ്പോൾ സതീശൻ ആലോചനയിൽ ആയിരുന്നു. അവർക്ക് തന്നോട് അങ്ങനെ ഒരു താല്പര്യം ഉണ്ടോ. ! അതിനാണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്…ഞാൻ ഒന്ന് മൂളാൻ വേണ്ടി കാത്തിരിക്കികയായിരിക്കുമോ അവർ…എന്തോ ഇപ്പോൾ അതാലോചിക്കുമ്പോൾ സിരകൾക്ക് ചൂടുപിടിക്കുന്നപോലെ. സതീശൻ പെട്ടന്ന് കുപ്പിയിൽ നിന്ന് ഒരു പെഗ്ഗ് ഗ്ളാസ്സിലേക്ക് ഒഴിച്ച് വെള്ളം ചേർക്കാതെ അകത്താകുമ്പോൾ മനസ്സിൽ ചിലത് തീരുമാനിച്ചിരുന്നു.

കിട്ടിയ പുളിങ്കൊമ്പ് എന്തിനാണ് വെറുതെ വെട്ടികളയുന്നത്. ബാറിൽ നിന്നിറങ്ങി ഓട്ടോയിൽ മുതലാളിയുടെ വീട്ടിലെത്തുമ്പോൾ അകത്തു ലൈറ്റ് ഉണ്ടായിരുന്നു. അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ സതീശൻ അവനുള്ള റൂമിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു പുറത്തെ ലൈറ്റ് തെളിഞ്ഞതും മുന്നിലെ വാതിൽ തുറന്ന് ഹേമ പുറത്തേക്ക് വന്നതും.

അവരെ കണ്ടപ്പോൾ തന്നെ അതുവരെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തയെല്ലാം ആവിയായി പോയിരുന്നു. എന്തോ ഒരു ചെറിയ ഭയം മനസ്സിൽ…പതിയെ വാതിൽ കടന്ന് സിറ്റൗട്ടിലേക്ക് വന്ന ഹേമ ചിരിയോടെ അവനെ ഒന്ന് നോക്കി.

“ഇതെന്താ സതീശാ ഇത്ര ലേറ്റ് ആയത്. നീ കുടിച്ചിട്ടുണ്ടോ? കൊള്ളാം. നല്ല ആളാ നീ. നീ ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ആണ് ചേട്ടൻ. ഞാൻ ഒരു പെണ്ണും മോനും മാത്രേ ഉളളൂ എന്ന് നിനക്ക് അറിയുന്നതല്ലേ. എന്നിട്ടും ഇങ്ങനെ ലേറ്റ് ആയാൽ…?”

മുഖത്തെ ചിരി മാഞ്ഞ് അവിടെ അല്പം ഗൗരവം കണ്ടപ്പോൾ സതീശൻ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു. “അത്…പിന്നെ…ഞാൻ…ഒരു കൂട്ടുകാരനെ കണ്ടപ്പോൾ….” തല ചൊറിഞ്ഞുകൊണ്ട് അത്രയും പറഞ്ഞൊപ്പിക്കുമ്പോൾ ആണ് അവൻ ശരിക്കും ഹേമയെ ഒന്ന് നോക്കിയത്.

നൈറ്റ്‌ഡ്രസ്സ്‌ ആയിരുന്നു വേഷം. ഇന്നെന്തോ ആ വേഷത്തിൽ വല്ലാത്ത ഒരു ആകർഷണം പോലെ. അവന്റെ നോട്ടം അവളുടെ ശരീരത്തിലൂടെ ഒന്ന് ഓടിയിറങ്ങിയപ്പോൾ അവന്റെ മനസ്സിൽ മനു പറഞ്ഞ വാക്കുകൾ ആയിരുന്നു, “നിന്നെ വശീകരിക്കാൻ ഉളള അടവുകൾ ആണ് പലതും ” എന്ന്.

“ഇന്നത്തേക്ക് ഞാൻ ക്ഷമിച്ചു. എന്നും വിചാരിച്ചു നാളെയും ഇങ്ങനെ വരാൻ ആണ് ഭാവമെങ്കിൽ ഞാൻ ചേട്ടനോട് പറഞ്ഞ് വേറെ ആളെ വെക്കും ഡ്രൈവർ ആയിട്ട്. കേട്ടപ്പോ…കുറച്ച് സ്നേഹം കൂടിപ്പോയി. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഞാൻ ക്ഷമിക്കുന്നത്. ആ വാക്കായിരുന്നു അവനെ കുളിരണിയിപ്പിച്ചത്. “കുറച്ചു സ്നേഹം കൂടിപ്പോയി എന്ന്.

അപ്പോൾ മനു പറഞ്ഞത് ശരിയാണ്. ഇവർക്ക് തന്നോട് എന്തോ ഉണ്ട്. ഭർത്താവ് നാട്ടിൽ ഇല്ലാത്തതല്ലേ. പിന്നെ മഴക്കാലവും. കുളിക്കുമ്പോൾ ആരാണ് ഒരു പുതപ്പ് ആഗ്രഹിക്കാത്തത്…ഫ്രഷ് ആകുമ്പോൾ അതിനല്പം ചൂട് കൂടുമെന്ന് അറിയാ ചേച്ചിക്ക്…” അവന്റെ മനസ്സിൽ അവരെ കുറിച്ചുള്ള ചിന്തകളുടെ വേലിയേറ്റമായിരുന്നു.

“ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അറിയാത്ത പോലെ നടക്കേണ്ട. ഇന്ന് തന്നെ ആ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തേക്കാം. പിന്നെ ഞാൻ പറയുന്നിടത്തു നില്കും ഹേമ ” അവൻ അതെല്ലാം ഓർത്തുകൊണ്ട് പുഞ്ചിരിക്കുമ്പോൾ പുറത്തെ മഴച്ചാറ്റലിൽ അവനെ തണുപ്പ് പൊതിഞ്ഞുതുടങ്ങിയിരുന്നു.

“ഇനി അവിടെ നിന്ന് മഴകൊണ്ട് പനി പിടിക്കണ്ട. ഇങ്ങോട്ട് കേറി വാ. എന്നിട്ട് തല തുവർത്തു. എനിക്ക് നാളെ ഒന്നുരണ്ടു സ്ഥലത്തു പോകാൻ ഉള്ളതാ. നീ പനി പിടിച്ച് കിടന്നാൽ ശരിയാവില്ല” എന്നും പറഞ്ഞ് ഹേമ അവനെ ഉളിലേക്ക് ക്ഷണിക്കുമ്പോൾ അവന്റെ സന്തോഷത്തിന് ഇരട്ടിമധുരം ആയിരുന്നു.

ഹേമക്ക് പിന്നാലെ വാതിൽ കടന്ന് ഉള്ളിലേക്ക് നടക്കുമ്പോൾ അവൻ ചിന്തിക്കുകയായിരുന്നു ഇന്നത്തെ രാത്രിയെ കുറിച്ച്. “മുതലാളി കിടക്കേണ്ട സ്ഥലത്ത് ജോലിക്കാരനായ ഞാൻ ചേച്ചിയുടെ കൂടെ…” അത് ആലോചിക്കുമ്പോൾ തന്നെ ആകെ ഒരു കുളിരായിരുന്നു.

അപ്പോഴാണ് “നീ ഇത് എന്ത് ആലോചിച്ചു നിൽക്കണ് ” എന്ന് ചോദിച്ചുകൊണ്ട് ഹേമ അവന് നേരെ തോർത്ത്‌ നീട്ടിയത്. “വേഗം തല തുവർത്ത്‌. ചാറ്റൽമഴ കൊണ്ടാൽ തന്നെ പനിയും ജലദോഷവും പിടിക്കും. നീ അങ്ങനെ കിടന്നാൽ പിന്നെ ശരിയാവില്ല ” എന്ന് പറയുന്ന അവരുടെ മുഖത്തൊരു കള്ളചിരിയുള്ളത് പോലെ തോന്നി അവന്. അവളുടെ നോട്ടത്തിൽ വല്ലാത്ത ഒരു വശ്യതയും.

അവൻ കണ്ണുകൾകൊണ്ട് അവളെ ആകെമൊത്തം ഒന്ന് ഉഴിഞ്ഞുകൊണ്ട് തോർത്തു വാങ്ങുമ്പോൾ കഴിച്ച മദ്യം തലക്ക് പിടിച്ചതിന്റെ ഒരു ആട്ടം ഉണ്ടായിരുന്നു. അത് കണ്ടു കൊണ്ട് തന്നെ ആയിരുന്നു അവൾ അവനരികിലേക്ക് വന്നതും. അവൾ അടുത്തെത്തിയപ്പോൾ വല്ലാത്തൊരു ഗന്ധം അവനെ സിരകളെ ഉന്മാദാവസ്ഥയിലാക്കി.

ഇന്ന് ഈ സൗന്ദര്യത്തെ ആസ്വദിക്കണം എന്ന് മനസ്സിലോർത്തു നിൽകുമ്പോൾ അവൾ അവന്റെ കയ്യിൽ നിന്നും തോർത്തു വാങ്ങിക്കൊണ്ടു പറയുന്നുണ്ടായിരുന്നു, “കള്ള് കുടിച്ചിട്ട് കിടന്ന് ആടുന്നത് കണ്ടില്ലേ. ഈ അവസ്ഥയിൽ നിന്നെക്കൊണ്ടൊക്കെ എന്തേലും ഉപകാരം ഉണ്ടാകോ. രാത്രി ഒന്ന് ഡ്രൈവ് ചെയ്യേണ്ടി വന്നാൽ…” “രാത്രി ഡ്രൈവ് ” എന്ന് കേട്ടതും അവന്റെ മനസ്സൊന്നു ചാഞ്ചാടി. അവർ ഉദ്ദേശിക്കുന്ന ഡ്രൈവ് അത് തന്നെ എന്നവൻ മനസ്സിൽ ഉറപ്പിച്ചു.

അതും പറഞ്ഞുകൊണ്ട് തോർത്തു വാങ്ങി അവന്റെ തല അമർത്തി തുടച്ചുകൊടുക്കുമ്പോൾ അവളുടെ ശരീരം അവന്റെ ചുണ്ടുകൾക്കടുത്തായിരുന്നു. വല്ലാത്തൊരു നിമിഷങ്ങൾ. ഇതിൽപ്പരം ഒരു അവസരം ഇനി കിട്ടാനില്ല. എന്തിനും തയാറായ പോലെ ആണ് ഹേമ നിൽക്കുന്നത്…ഒന്ന് തൊട്ടാൽ തന്നിലേക്ക് അലിഞ്ഞില്ലാതാവാൻ കൊതിച്ചു നിൽക്കുകയായിരിക്കും ” എന്നെല്ലാം മനസ്സിൽ ചിന്തിച്ചുകൂട്ടുമ്പോൾ അവൾ തല തുവർത്തുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു.

“എന്റെ സതീശാ…നിന്നോട് ഞാൻ സ്നേഹം കാണിക്കുന്നത് എന്തിനാണെന്ന് പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ, എന്റെ സ്നേഹം നീ മനസ്സിലാക്കിയില്ല. അങ്ങ് മനസ്സിലാക്കിയിരുന്നെങ്കിൽ ഞാൻ ഇവിടെ ഒറ്റക്കെ ഉളളൂ എന്നറിഞ്ഞിട്ടും ഈ അവസ്ഥയിൽ നീ വരില്ലായിരുന്നു. നീ ചോദിക്കാതെ നിന്റെ ആവശ്യങ്ങള് അറിഞ്ഞു കാശ് തരുന്നതും നിനക്ക് ആവശ്യത്തിന് ഡ്രെസ്സും മറ്റു സഹായങ്ങളും ചെയ്ത് തരുന്നത് എന്താണെന്ന് അറിയോ?”

അവൾ അത് ചോദിക്കുമ്പോൾ അവൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു “എനിക്ക് ഇപ്പോൾ എല്ലാം അറിയാമെടി കള്ളി ” എന്ന്. അതുപോലെ” ഇനി എന്തിന് വൈകിക്കണം” എന്ന് കൂടി ചിന്തിച്ചുകൊണ്ട് പതിയെ അവളുടെ അരക്കെട്ടിലേക്ക് കൈ കൊണ്ടുപോകുമ്പോൾ ആയിരുന്നു അവൾ അത് കൂടി പറഞ്ഞത്.

“ഞാൻ ഇതെല്ലാം ചെയുന്നത് നീ എനിക്ക് എന്റെ സ്വന്തം കൂടപ്പിറപ്പിനേ പോലെ ആയത് കൊണ്ടാണ്. എനിക്കിലാതെ പോയ ഒരു കൂടപ്പിറപ്പിനേ ആണ് ഞാൻ നിന്നിൽ കണ്ടത്. നിന്റെ മുതാലാളിക്കും അതറിയാം. അതുകൊണ്ടാണ് നീ ഉണ്ടെന്ന ഒറ്റ വിശ്വാസത്തിൽ അദ്ദേഹം അവിടെ സന്തോഷത്തോടെ ഇരിക്കുന്നതും.

ഞാൻ അവരോട് പറഞ്ഞിട്ടുള്ളതും അതാണ്‌. എന്റെ കൂടപ്പിറപ്പ് ഇവിടെ ഉള്ളപ്പോൾ ഏട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട എന്ന്. അത്ര വിശ്വാസം ആണ് നിന്നെ. അതുകൊണ്ടാണ് നിനക്ക് എല്ലാം അറിഞ്ഞു ചെയ്ത് തരുന്നതും.

പക്ഷേ, നീ എന്നെ വെറും ഒരു മുതലാളി ആയി കണ്ടല്ലേ…അതുകൊണ്ടാണല്ലോ ഞാനും മോനും മാത്രേ ഇവിടെ ഉളളൂ എന്നറിഞ്ഞിട്ടും നീ ഇങ്ങനെ വന്നത്. അലെങ്കിലും സഹോദരസ്നേഹമൊക്കെ പിടിച്ച് വാങ്ങാൻ കഴിയില്ല. അതൊക്ക മനസിലാക്കി തിരിച്ചും കിട്ടേണ്ട ഒന്നാണ്.

ആ സാരമില്ല. പക്ഷേ, ഇനി നീ ഇങ്ങനെ വന്നാൽ ഞാൻ നിന്നെ ഒഴിവാക്കാൻ പറയും.. ഉറപ്പ് ” അവളുടെ ഇടുപ്പ് ലക്ഷ്യമാക്കി നീങ്ങിയ കൈ അവൻ പെട്ടന്ന് പിൻവലിച്ചു. അതോടൊപ്പം അവനിൽ ഒരു ഞെട്ടലും ഉണ്ടായിരുന്നു.

ഇത്രനേരം അവരെ കുറിച്ച് കരുതിയതെല്ലാം….പക്ഷേ അവരുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം. അതെല്ലാം ഓർക്കുമ്പോൾ അവന് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി. വിശ്വാസവഞ്ചനയാണ് കാണിക്കാൻ തുടങ്ങിയത്…ഒരു നിമിഷം വൈകിയിരുന്നെങ്കിൽ….അവൻ അതുവരെ അരുതാത്തത് ചിന്തിച്ച മനസിനെ ശപിക്കുകയായിരുന്നു അന്നേരം.

അന്യനായ തന്നെ അനിയനായി കാണുന്ന മനസ്സിനെ ആണ് സുഖം തേടുന്നവൾ ആയി കണ്ടത്. അവരുടെ ശരീരത്തെ ആണ് ഇത്രനേരം അളന്നെനടുത്തത്. അവരുടെ നിഷ്ക്കളങ്കമായ ചിരിയിൽ ആണ് താൻ കാമത്തെ ചികഞ്ഞത്. ചേച്ചിയുടെ വാത്സല്യം നിറഞ്ഞ നോട്ടത്തിൽ ആയിരുന്നു വശ്യത ഉണ്ടെന്ന് കരുതിയത്…

അതെല്ലാം ഓർക്കുമ്പോൾ അവൻ വല്ലാതെ നീറുകയായിരുന്നു. അനിയനായി കണ്ട മനസ്സിനെ ആണ് അരക്കെട്ടു ചേർത്തു പിടിക്കാൻ കൊതിച്ചത്. അവൻ ഒന്നും മിണ്ടാതെ വാതിൽ കടന്ന് വീണ്ടും മഴയിലേക്ക് ഇറങ്ങുമ്പോൾ ” ഈ ചെക്കൻ ഇത് എന്താ കാണിക്കുന്നത് ”

എന്ന് ചിന്തിച്ചുകൊണ്ട് അവൾ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. അതേ സമയം ഒരിക്കൽ കൂടി അവൻ ആ ചാറ്റൽമഴ നനയുകയായിരുന്നു. കുറ്റബോധം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഹേമ കാണാതിരിക്കാൻ വേണ്ടി.

അതെ സമയം ഹേമയും ചിന്തിക്കുന്നുണ്ടായിരുന്നു “ചെക്കൻ തലക്ക് പിടിച്ചത് ഇറങ്ങാൻ വേണ്ടി മഴ നനയുകയാണെന്ന്” കൂടെ അവൾ പറയുന്നുണ്ടായിരുന്നു ഒരു ചേച്ചിയുടെ സ്വാതന്ത്ര്യത്തോടെ ” വെറുതെ മഴ കൊണ്ട് പനി പിടിപ്പിക്കണ്ട ചെക്കാ ” എന്ന്…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *