Breaking News
Home / Latest News / ഭർത്താവിന്റെ മരണത്തെ തുടർന്ന് മുപ്പതാമത്തെ വയസ്സിൽ കടൽ കടന്നു പോന്നപ്പോൾ അപരിചിതമായ ദേശവും ആൾക്കാരും

ഭർത്താവിന്റെ മരണത്തെ തുടർന്ന് മുപ്പതാമത്തെ വയസ്സിൽ കടൽ കടന്നു പോന്നപ്പോൾ അപരിചിതമായ ദേശവും ആൾക്കാരും

അമ്പതാം വയസ്സിൽ വീണ്ടും വീട്ടുവേലക്കാരിയായി അറബി നാട്ടിലേക്ക് പോരുമ്പോൾ രണ്ടുവട്ടം പണിമുടക്കിയ അവരുടെ ഹൃദയത്തിൽ ഈ മോഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. വീട് വെച്ചതും മകളുടെ കല്യാണവും കാരണം ഉണ്ടായ കടങ്ങൾ വീട്ടുക. മകനൊരു വിസ സംഘടിപ്പിക്കുക.

ഭർത്താവിന്റെ മരണത്തെ തുടർന്ന് മുപ്പതാമത്തെ വയസ്സിൽ കടൽ കടന്നു പോന്നപ്പോൾ അപരിചിതമായ ദേശവും ആൾക്കാരും ഭാഷയുമൊക്കെ അമ്പരപ്പിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്‌തെങ്കിലും അവർ തളരാതെ നിന്നത് വാടക വീട്ടിൽ കഴിയുന്ന ചിറക് മുളക്കാത്ത മക്കളെ ഓർത്തായിരുന്നു.

എട്ടു വയസ്സുള്ള മോളെയും ആറു വയസ്സുകാരനായ മോനെയും ഭർത്താവിന്റെ ഉമ്മയെ ഏല്പിച്ച് കണ്ണെത്താ ദൂരത്തെ മരുഭൂമിയിലേക്ക് ഹദ്ദാമയായി വിമാനം കയറുന്നതിന് മുമ്പ് അവർ തൊട്ടടുത്തുള്ള പട്ടണത്തിനുമപ്പുറം ഒരു ലോകവും കണ്ടിരുന്നില്ല. പുലർച്ചെ ഉണർന്നാൽ രാത്രി വൈകും വരെ അറബി വീട്ടിലെ മക്കളെ നോക്കിയും.

വീടാകെ വൃത്തിയാക്കിയും തളരും വരെ ജോലി തന്നെ. എല്ലാ തളർച്ചകളെയും ഇല്ലാതാക്കിയത് മക്കളെ കുറിച്ചുള്ള ഓർമ്മകളാണ്. അകാലത്തിൽ ഇറങ്ങിപ്പോയ ഭർത്താവിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. പട്ടണത്തിലെ പാണ്ടികശാലയിലെ ജോലി കഴിഞ്ഞ്

എന്നും വൈകുന്നേരത്തെ തീവണ്ടിക്ക് വന്നിറങ്ങി മക്കൾക്കുള്ള മിട്ടായിപ്പൊതികളുമായി എത്തുന്ന ആ മനുഷ്യന്റെ നെഞ്ചിൽ പറ്റിക്കിടക്കുന്ന രാത്രികളിൽ അയാൾ വീടിനെ കുറിച്ചുള്ള സ്വപ്നങ്ങളുടെ പൊതി അഴിക്കും. വൃത്തിയും വെടിപ്പുമുള്ള, മുറ്റം നിറയെ പൂച്ചെടികളുള്ള ആ കുഞ്ഞുവീട്ടിൽ അവളും മക്കളും അയാളും സന്തോഷത്തോടെയിങ്ങനെ….

ആ സ്വപ്നങ്ങൾക്ക് പോലും ഏറെ ആയുസ്സുണ്ടായില്ല. നീണ്ട പതിനഞ്ചു വർഷം മാറി മാറി അറബി വീടുകളിൽ ജോലി ചെയ്ത് ഉറുമ്പ് ചേർത്തുവെക്കും പോലെ ചേർത്തുവെച്ചാണ് സ്വന്തമായി എട്ടു സെന്റ് ഭൂമിയും ചെറിയൊരു വീടും സ്വന്തമായത്.

അപ്പോഴേക്കും മകൾ വിവാഹപ്രായമെത്തിയിരുന്നു. വീടിന്റെ ആധാരം പണയം വെച്ച് മകളുടെ വിവാഹം നടത്തിയത് രണ്ടോ മൂന്നോ വർഷം കൂടെ ഗൾഫിൽ നിന്നാൽ കടങ്ങളൊക്കെ വീട്ടാമല്ലോ എന്ന കണക്കുകൂട്ടലിലാണ്. ഗൾഫിൽ വെച്ചൊരിക്കൽ അറ്റാക്ക് വന്നത് മക്കളെ അറിയിച്ചിരുന്നില്ല. മകളുടെ കല്യാണത്തിന് തൊട്ടുമുമ്പ് ഒരുനാൾ വീണ്ടും നെഞ്ചുവേദന വന്ന്

കുഴഞ്ഞു വീണ് ആശുപത്രിയിൽ ആയപ്പോഴാണ് ഉമ്മയുടെ പണിമുടക്കിതുടങ്ങിയ ഹൃദയത്തെ കുറിച്ച് മക്കൾ അറിഞ്ഞത്. അതിനിടെ വിസയുടെ കാലാവധിയും കഴിഞ്ഞു. ഇനിയും ഉമ്മച്ചി ഗൾഫിലേക്ക് തിരിച്ചു പോകേണ്ടെന്ന് മക്കൾ നിർബന്ധിച്ചെങ്കിലും ഗൾഫിലെ ജോലി കണ്ടു മാത്രം പലരും തന്ന കടം എങ്ങനെ വീട്ടുമെന്ന്….
പത്താം ക്ലാസ്സ് വരെ പോലും പഠിക്കാതെ മകൻ ഉഴപ്പി നടന്നപ്പോൾ പലതവണ ശാസിച്ചതാണ്. നാട്ടുകാരെയും ചില ബന്ധുക്കളെയും പോലെ,

ഗൾഫിൽ ജോലിക്ക് പോയ ഉമ്മയുടെ മകനെ ‘അറബിച്ചിയുടെ മോൻ’ എന്ന് വിളിച്ചു കളിയാക്കുന്ന കൂട്ടുകാരും അവനെ സ്‌കൂളിൽ നിന്നകറ്റി. എനിക്കൊരു വിസ എടുത്തു തന്നാൽ ഉമ്മാക്ക് നാട്ടിൽ നിൽക്കാലോ’ എന്ന അവന്റെ സാന്ത്വനപ്പെടുത്തലിന് മുന്നിൽ അവർ നിശ്ശബ്ദയായി. വിസക്ക് വേണ്ട ലക്ഷങ്ങൾ എവിടെ നിന്നുണ്ടാക്കാനാണ്. ഒരു പഠിപ്പും ഇല്ലാതെ വിസയെടുത്തു ഗൾഫിലേക്ക് പോയിട്ട് എന്ത് ചെയ്യാൻ….

എന്നാലും പരിചയക്കാർ പലരോടും മോനൊരു വിസക്ക് വേണ്ടി ചോദിച്ചു… സ്ഥിരജോലി ഇല്ലാത്ത മകന്റെ വരുമാനം കൊണ്ട് വീട്ടിലെ ചെലവ് നടന്നുപോകും എന്നല്ലാതെ മോളുടെ കല്യാണത്തിന് പലരും സഹായിച്ചത് തിരിച്ചു കൊടുക്കാനോ ബാങ്കിലെ പണം അടക്കാനോ കഴിയുമായിരുന്നില്ല. അതിനിടയിലാണ് മകൻ ഇഷ്ടപ്പെട്ടൊരു പെണ്ണിനെ പെട്ടെന്ന് വിവാഹം കഴിച്ചു കൊണ്ടു വന്നതും. ഉള്ളത് കൊണ്ട് എല്ലാവർക്കും സന്തോഷത്തോടെ കഴിയാമെങ്കിലും വീട്ടിത്തീർക്കാനുള്ള കടങ്ങൾ…

അങ്ങനെയാണ് വീണ്ടും ഗൾഫിലേക്ക് തിരിച്ചു പോകാൻ ഉറപ്പിച്ചത്. ഈ പ്രായത്തിൽ അതും രണ്ട് വട്ടം അറ്റാക്ക് കഴിഞ്ഞൊരു വീട്ടുവേലക്കാരിയെ ആരാണ്….. ഗൾഫിൽ എമ്പാടും ബിസിനസ്സ് സ്ഥാപനങ്ങൾ ഉള്ള മലയാളിയുടെ വീട്ടിലേക്ക് ഒരു വേലക്കാരിയെ വേണമെന്ന് പറഞ്ഞത് പണ്ട് അറബി വീട്ടിൽ ഒപ്പം ജോലി ചെയ്ത കൂട്ടുകാരിയാണ്. നല്ല മനുഷ്യനാണ്.

അവിടെ നിന്നു പറ്റിയാൽ മകന് അയാളുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിലേക്ക് ഒരു വിസ സംഘടിപ്പിക്കാനും സാധിച്ചേക്കും. ആ പ്രതീക്ഷ കൊണ്ട് കൂടിയാണ് രണ്ടുവട്ടം അറ്റാക്ക് വന്ന ഹൃദയവുമായി അമ്പതാം വയസ്സിൽ അവർ വീണ്ടും മരുഭൂമിയിലേക്ക് വിമാനം കയറിയത്.

ഭാരിച്ച ജോലികളൊന്നും ഉണ്ടായിരുന്നില്ല. ആദേഹവും ഭാര്യയും രണ്ട് ചെറിയ കുട്ടികളും. കുട്ടികളെ നോക്കണം. അടുക്കളയിലും വീട് വൃത്തിയാക്കാനുമൊക്കെ മാഡത്തെ സഹായിക്കണം. ഒട്ടും അധികാരം കാട്ടാതെ ഉദാരതയോടെ പെരുമാറുന്നു എന്നത് തന്നെയായിരുന്നു.

വലിയ ആശ്വാസം. ശമ്പളം എല്ലാ മാസവും കൃത്യമായി തന്നെ കിട്ടും. കടങ്ങൾ കുറേശ്ശെയായി വീട്ടാൻ കഴിഞ്ഞു. ഒരിക്കൽ വീട്ടുവിശേഷങ്ങൾ ചോദിച്ചപ്പോൾ മടിച്ചു മടിച്ചാണ് മോന് വേണ്ടി ഒരു വിസയുടെ കാര്യം ചോദിച്ചത്. നോക്കാമെന്ന മറുപടിയുടെ ധൈര്യത്തിൽ മകന്റെ പാസ്പോർട്ട് കോപ്പി മാഡത്തിന്റെ കയ്യിൽ ഏൽപ്പിക്കാൻ മറന്നില്ല.

മകന് കുഞ്ഞു പിറന്ന വിവരം വന്നതിന്റെ പിറ്റേന്നാണ്‌. രാവിലെ ബ്രെക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ അടുക്കളയിൽ സഹായിക്കുമ്പോൾ നെഞ്ചിൽ ചെറിയൊരു വേദന… അത് മെല്ലെ നട്ടെല്ലിലൂടെ വലതു കയ്യിലേക്ക്…. വിയർപ്പിൽ കുളിച്ചു കുഴഞ്ഞു വീഴുമ്പോൾ പാതി ബോധം പോയിരുന്നു.

കാലത്തു തന്നെ ആയതുകൊണ്ട് വീട്ടുകാരൻ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹവും ഭാര്യയും പെട്ടെന്ന് തന്നെ വാരിയെടുത്തു കാറിൽ ആശുപത്രിയിലേക്ക് കുതിച്ചു. വേദന കനക്കുമ്പോഴും ഉള്ളിൽ മക്കളുടെ മുഖമായിരുന്നു. വീട്ടി തീരാത്ത കടങ്ങൾ, ബാങ്ക് ലോൺ….

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ജപ്തി ചെയ്തു പോകുന്നത് ഒരു ആയുസ്സ് മുഴുവൻ അറബി വീടുകളിൽ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യമാണ്. ഭർത്താവിന്റെ വലിയ സ്വപ്നം… മക്കൾക്ക് വേണ്ടി ആകെ ഉണ്ടാക്കിയ കരുതൽ.

എത്ര വേഗതയെടുക്കാൻ നോക്കിയിട്ടും റോഡിലെ വാഹന തിരക്കിലൂടെ കാർ ഇഴഞ്ഞു നീങ്ങുകയായിരുന്നു
“മോനെ” ദുർബലമായ ശബ്ദത്തിലുള്ള അവരുടെ വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി. ഭാര്യയുടെ മടിയിൽ കിടക്കുന്ന അവരുടെ മുഖമാകെ വിയർപ്പിൽ കുളിച്ചിരുന്നു.

“എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ….നമ്മൾ ഇപ്പോഴെത്തും”
“ഒന്നൂല്ല…മോൻ ശ്രദ്ധിച്ചു പോയാൽ മതി…”
അവർ തുടർന്നു.

“മക്കളേ…. എനിക്കെന്തെങ്കിലും പറ്റിയാലും… ന്റെ മോന്റെ കാര്യം… അത് മറക്കരുതേ… ”
കിതപ്പ് കൊണ്ട് അവരുടെ വാക്കുകൾ മുറിഞ്ഞു…

ഇരുപത്തിനാലാം വയസ്സ് മുതൽ അറബി വീടുകളുടെ അടുക്കള ജോലി ചെയ്ത് അഴുകിയും തഴമ്പിച്ചും അവരുടെ ജീവിതം പോലെ മരവിച്ചു പോയ കൈകൾ മാഡത്തിന്റെ കൈകളെ ഒരിക്കൽ കൂടെ മുറുക്കെപ്പിടിച്ച് മെല്ലെ അയഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *