Breaking News
Home / Latest News / കസ്റ്റമറിനെ ബഹുമാനിക്കാൻ അറിയില്ലേ എന്നു ചോദിച്ച് ക്രൂരമർദനം സിദ്ധിഖ് പറയുന്നു

കസ്റ്റമറിനെ ബഹുമാനിക്കാൻ അറിയില്ലേ എന്നു ചോദിച്ച് ക്രൂരമർദനം സിദ്ധിഖ് പറയുന്നു

പണം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന്, പെട്രോൾ പമ്പ് ജീവനക്കാരനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചു. ‘കസ്റ്റമറിനെ ബഹുമാനിക്കാൻ അറിയില്ലേ’ എന്നു ചോദിച്ചായിരുന്നു മർദനം. കൊല്ലം പള്ളിമുക്കിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരൻ കൊട്ടിയം പറക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്. സിദ്ദിഖിനാണ് (34) കഴിഞ്ഞ രണ്ടിന് രാത്രി 7.30ന് മർദനമേറ്റത്.

സംഭവം വിവാദമായതിനെത്തുടർന്നു വയലിൽ വാളത്തുംഗൽ സരയു നഗർ മനക്കര വീട്ടിൽ അലനെ ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മർദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സിദ്ധിഖ് പറയുന്നത്:

‘സ്കൂട്ടറിൽ എത്തിയ യുവാവ് പെട്രോൾ ടാങ്കിന്റെ അടപ്പ് തുറന്നുവച്ചിരുന്നു.പെട്രോൾ അടിക്കാൻ വേണ്ടി ഞാൻ അത് ഫ്യുവൽ നോസിൽ വച്ചു ചെറുതായി നീക്കി. ഇടതു കൈക്ക് സ്വാധീനക്കുറവുള്ളതു കൊണ്ടാണ് നോസിൽ കൊണ്ട് നീക്കിയത്.

അത് വന്നയാൾക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ പണം അടുത്ത കസേരയിലേക്ക് എറിഞ്ഞു. ‘‘പണം ഇങ്ങനെ എറിയാമോ, എല്ലാവർക്കും പണത്തിനു വലിയ ബുദ്ധിമുട്ടുള്ള കാലമല്ലേ’’ എന്നു ഞാൻ ചോദിച്ചു. അതിൽ പ്രകോപിതനായ യുവാവ് നിനക്ക് കസ്റ്റമറെ ബഹുമാനിക്കാൻ അറിയില്ലേ എന്ന് ആക്രോശിച്ചു.

തുടർന്ന് മാനേജരുടെ മുറിയിൽ ചെന്ന് അദ്ദേഹത്തിന്റെ ഫോൺ നമ്പർ വാങ്ങി. അവനെ ഞാൻ തല്ലാൻ പോകുകയാണ് എന്ന് മാനേജരോട് പറഞ്ഞിട്ടാണ് എന്നെ വന്നു തല്ലിയത്. 7 തവണ മുഖത്തടിച്ചു. ഞാൻ നിലത്തു വീണുപോയി. കുറച്ചു കഴിഞ്ഞ് യുവാവ് മാനേജരെ വിളിച്ചു. ഞാൻ വിവരങ്ങളെല്ലാം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്, നിങ്ങൾ പോയി പരാതികൊടുത്തോ എന്നു പരിഹസിച്ചുകൊണ്ട് പറഞ്ഞു.

അര മണിക്കൂറിനകം ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ ഈ വിവരമെല്ലാം അവിടെ അറിഞ്ഞിരുന്നു. സിദ്ധിഖ് അല്ലേ എന്ന് പൊലീസുകാർ ഇങ്ങോട്ട് ചോദിച്ചു. കുറച്ചുനേരം കഴിഞ്ഞ് പൊലീസുകാർ പമ്പിൽ വന്ന് ഒന്നു നോക്കിയിട്ടു പോയതല്ലാതെ മറ്റ് അന്വേഷണമൊന്നും നടത്തിയില്ല.

എനിക്കു മർദനമേറ്റ വിവരം അറിഞ്ഞ സുഹൃത്തുക്കൾ വിഷമം സഹിക്കാതെയാണ് സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.’ എന്നാൽ മർദിച്ച യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരവിപുരം പൊലീസ് സ്റ്റേഷൻ അധികൃതർ പറയുന്നത്.

ആരെയാണ് നിങ്ങൾ ബഹുമാനം പഠിപ്പിക്കുന്നത്…

ചെറുപ്പത്തിൽ ഊഞ്ഞാലിൽ നിന്നു വീണ് പരുക്കേറ്റതോടെയാണ് സിദ്ദിഖിന്റെ ഇടതുകാലിനും കൈയ്ക്കും സ്വാധീനമില്ലാതായത്. ഏറെ നേരം നിൽക്കാൻ കഴിയില്ലെങ്കിലും പമ്പിലെ ജോലി മുടക്കാറില്ല. മർദനമേറ്റ് അവശനിലയിലായെങ്കിലും അടുത്ത ദിവസവും സിദ്ധിഖ് ജോലിക്കു വന്നു. ഓരോ ദിവസത്തെ ശമ്പളവും അയാൾക്ക് അത്രയധികം പ്രധാനപ്പെട്ടതാണ്. അപസ്മാര രോഗമുണ്ട് സിദ്ധിഖിന്. ദിവസവും മരുന്നു കഴിക്കണം.

ഏതാനും ദിവസങ്ങൾക്കു മുൻപും ജോലിക്കിടെ അപസ്മാരം വന്നു വീണ് നെറ്റി പൊട്ടി. ചെവിക്ക് നേരത്തെ അസുഖമുണ്ടായിരുന്നു. ഏറെക്കാലത്തെ ചികിത്സകൊണ്ടാണ് അതു മാറിയത്. ആ ചെവിയിലേക്കാണ് യുവാവ് ആഞ്ഞടിച്ചത്. അതിൽപ്പിന്നെ ചെവിവേദനയും തലവേദനയും മാറിയിട്ടില്ല. അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. വിവാഹമോചിതനാണ് സിദ്ധിഖ്. കുറച്ചുനാൾ മാത്രമാണ് ഭാര്യയുമായി ഒന്നിച്ചു കഴിഞ്ഞത്. തന്റെ അപസ്മാരരോഗമാണ് ആ ബന്ധം തകരാൻ കാരണമെന്ന് സിദ്ധിഖ് പറയുന്നു.

ഇപ്പോൾ ജ്യേഷ്ഠന് ഒപ്പമാണ് താമസം. ആർക്കും ബുദ്ധിമുട്ടാകരുതെന്ന് നിർബന്ധമുള്ളതിനാൽ ഉറങ്ങാൻ നേരം മാത്രമാണ് അങ്ങോട്ടു പോകുക. ഭക്ഷണം പമ്പിന് അടുത്തുള്ള ഹോട്ടലിൽ നിന്നാണ്. മാസം പതിനായിരം രൂപയോളമാണ് വരുമാനം. ഭക്ഷണം, മരുന്ന് എന്നിവയ്ക്കെല്ലാം പണം തികയണമെങ്കിൽ എന്നും ജോലിക്കു പോകണം. കുറച്ചു വസ്ത്രങ്ങൾ മാത്രമാണ് ജീവിതത്തിൽ ആകെ സമ്പാദ്യം.

പണം എടുത്തെറിഞ്ഞതു കണ്ടപ്പോൾ സിദ്ധിഖ് ചോദ്യം ചെയ്തതിന്റെ കാരണം, അതിന്റെ വില അയാൾക്ക് നന്നായി അറിയാം എന്നതു മാത്രമാണ്. ഭിന്നശേഷിക്കാരനായ ജീവനക്കാരനെ യുവാവ് മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി കേസെടുത്തത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *