Breaking News
Home / Latest News / പണി തീരാത്ത വീട് നോക്കി രണ്ടാമൻ ചോദിച്ചപ്പോൾ അവരുടെ കരള് പൊള്ളി

പണി തീരാത്ത വീട് നോക്കി രണ്ടാമൻ ചോദിച്ചപ്പോൾ അവരുടെ കരള് പൊള്ളി

പലതുള്ളി പെരുവെള്ളമായി പതിനെട്ട് കോടി രൂപ ചേർത്തുവച്ച മനുഷ്യരിലൂടെ ആ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ആശ്വാസമോർത്തപ്പോൾ, ഇതുപോലെ ശാരീരികവും ബുദ്ധിപരവുമായ പ്രശ്നങ്ങളോടെ പിറന്നുവീണ മക്കൾക്കായി ജീവിക്കുന്ന ഒരുപാട് കുട്ടികളുടെ മാതാപിതാക്കളുടെ മുഖം മനസ്സിലൂടെ കടന്നുപോയി.

പ്രത്യേകിച്ചും ആ ഉമ്മയെ. സാമാനമായ രോഗത്തോടെ പിറന്നുവീണ, കൗമാരത്തിനപ്പുറം കടക്കില്ലെന്ന് ജനിച്ച ഉടനെ ഉടനെ ഡോക്ടർമാർ വിധിയെഴുതിയ ആ മൂന്നു മക്കളുടെ ഉമ്മയായ യുവതി.”- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

പലതുള്ളി പെരുവെള്ളമായി പതിനെട്ട് കോടി രൂപ ചേർത്തുവച്ച മനുഷ്യരിലൂടെ ആ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ആശ്വാസമോർത്തപ്പോൾ, ഇതുപോലെ ശാരീരികവും ബുദ്ധിപരവുമായ പ്രശ്നങ്ങളോടെ പിറന്നുവീണ മക്കൾക്കായി ജീവിക്കുന്ന ഒരുപാട് കുട്ടികളുടെ മാതാപിതാക്കളുടെ മുഖം മനസ്സിലൂടെ കടന്നുപോയി.

പ്രത്യേകിച്ചും ആ ഉമ്മയെ. സാമാനമായ രോഗത്തോടെ പിറന്നുവീണ, കൗമാരത്തിനപ്പുറം കടക്കില്ലെന്ന് ജനിച്ച ഉടനെ ഉടനെ ഡോക്ടർമാർ വിധിയെഴുതിയ ആ മൂന്നു മക്കളുടെ ഉമ്മയായ യുവതി. വിവാഹം കഴിഞ്ഞ്‌ ഏറെക്കഴിയും മുമ്പ് തന്നെ ഗർഭിണിയായി, ആദ്യത്തെ കുഞ്ഞിന് വേണ്ടി സ്വപ്നങ്ങളോടെ കാത്തിരുന്ന ആ ദമ്പതികൾക്ക് പിറന്ന പൈതലിന്റെ ശാരീരികാവസ്ഥയെ കുറിച്ചു ഡോക്ടർ ആദ്യമേ സൂചിപ്പിച്ചിരുന്നു.

ചികിത്സയില്ലാത്ത ആ രോഗത്തെ കുറിച്ചും കുട്ടിയുടെ ആയുസ്സിനെ കുറിച്ചും. എന്നിട്ടും മനസ്സ് തളരാതെ ആ യുവതി തന്റെ ആദ്യ കൺമണിയെ കൊഞ്ചിച്ചും ലാളിച്ചും പൊന്നുപോലെ നോക്കി. മുട്ടിലിഴയാതെ, നടക്കാതെ ആ കുഞ്ഞ്‌ വളർന്നു. മുമ്മൂന്ന് വർഷത്തെ ഇടവേളകളിൽ പിന്നെയും പിറന്ന രണ്ടാൺകുട്ടികളും സമാനാവസ്ഥയിൽ ആയിരുന്നു. ഭർത്താവ് ഗൾഫിൽ. കൂട്ടുകുടുംബം. ഒരുപാട് അംഗങ്ങളുള്ള ആ വീട്ടിൽ ഈ മക്കളെയും കൊണ്ട് ആ ഉമ്മ.

ശരീരം ചലിപ്പിക്കാൻ കഴിയില്ലെങ്കിലും ആ കുട്ടികൾ മിടുക്കരായിരുന്നു. തനിക്ക് പഠിപ്പ് കുറവാണെങ്കിലും ആ ഉമ്മ മക്കളെ സ്‌കൂളിൽ ചേർത്തു. അവർക്ക് ഭക്ഷണം വാരിക്കൊടുത്തും ശൗചം ചെയ്തും കുളിപ്പിച്ചും സ്‌കൂളിലേക്ക് എടുത്തു കൊണ്ടുപോയും പാഠഭാഗങ്ങൾ പറഞ്ഞു കൊടുത്തും ഒരു നിമിഷം ഒഴിവില്ലാതെ ആ ഉമ്മ അവർക്കായി ജീവിച്ചു.

അവരുടെ ഓരോ ആഗ്രഹങ്ങളും നിവർത്തിച്ചു കൊടുത്തു. പഠനത്തിൽ മക്കൾ മിടുക്കരാണ് എന്ന് അധ്യാപകർ പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷിച്ചു. അപ്പോഴൊക്കെയും ഡോക്ടറുടെ വാക്കുകൾ ഒരു ആധിയായി ഉള്ളിൽ കത്തി നിന്നിരുന്നു. മക്കൾക്ക് ചെറിയ ഒരു അസുഖം വന്നാൽ തന്നെ അവർ കുഞ്ഞിനേയും എടുത്ത് ആശുപത്രികളിലേക്ക് ഓടി. എന്നിട്ടും പതിനാറാം വയസ്സിൽ ഒരു പനി വന്ന് പിറ്റേദിവസം മൂത്ത മകൻ പോയി.

പിന്നെ ആ രണ്ടുമക്കൾ മാത്രമായി അവരുടെ ജീവിതം.

“ഉമ്മാ മ്മളെ പൊരേൽ പാർക്കാൻ ഞാനുണ്ടാവോ”

പണി തീരാത്ത തങ്ങളുടെ വീട് നോക്കി രണ്ടാമൻ ചോദിച്ചപ്പോൾ അവരുടെ കരള് പൊള്ളി. ഗൾഫിലെ തുച്ഛമായ ശമ്പളത്തിൽ ഈ മക്കളുടെചികിത്സയും ചെലവും വീടുപണിയും എല്ലാം കൂടെ എവിടെയും എത്തിക്കാൻ കഴിയാതെ പെടാപ്പാട് പെടുന്ന ഭർത്താവിനെ അവർക്ക് അറിയാമല്ലോ.

സ്വന്തം വീട്ടിൽ താമസിക്കുക എന്ന ആഗ്രഹം സാധിക്കാതെ പ്ലസ് ടു വിൽ പഠിക്കുമ്പോൾ രണ്ടാമനും പോയി. ഏറെ വൈകാതെ മൂന്നാമനും….

മക്കൾ മൂന്നും പോയതോടെയാണ് ആ ഉമ്മയുടെ ജീവിതമാകെ ശൂന്യമായി പോയത്. വിവാഹിതയായി ‌ രണ്ട് വർഷം കഴിഞ്ഞത് മുതൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലം ഒരു നിമിഷം ഒഴിവില്ലാതെ അവർ മക്കൾക്കായി ജീവിക്കുകയായിരുന്നു. ബന്ധുക്കളോ സ്വന്തക്കാരോ അയൽവാസികളോ ഒന്നും അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഈ മക്കൾ മാത്രം. അവരുടെ കൈയായും കാലായും ചിരിയായും താരാട്ടായും……

മൂന്നുപേരും കാണാമറയത്തേക്ക് മാഞ്ഞുപോയതോടെ ഒറ്റക്കായിപ്പോയ സ്ത്രീ….ഊഹിക്കാനാവുന്നതിലും അപ്പുറമാണ് അവരിൽ ഉണ്ടാക്കിയ തകർച്ച. കഴിഞ്ഞ ഇരുപത് വർഷമായി ഒരു നിമിഷം അടങ്ങി ഇരിക്കാൻ കഴിയാതെ, സ്വസ്ഥമായി ഒന്നുറങ്ങാൻ കഴിയാതെ ജീവിച്ച അവർ ഒന്നും ചെയ്യാനില്ലാതെ മക്കളുടെ ഓർമ്മ നിറഞ്ഞു നിൽക്കുന്ന വീട്ടിൽ….

മക്കളെ കുറിച്ച്‌ അവരുടെ പഠനത്തെ കുറിച്ച്‌ ജോലിയെ കുറിച്ച്‌ ഭാവിയെ കുറിച്ച്‌….ഒരുപാട് സ്വപ്നങ്ങളുമായി നടക്കുന്ന നമ്മൾ പലരും അറിയാറില്ല ഇങ്ങനെ വെന്ത് ജീവിക്കുന്ന ഒരുപാട് മാതാപിതാക്കളെ കുറിച്ച് . ആ നോവ് തിരിച്ചറിയുന്നവരാണ് എത്ര കോടി കൊണ്ടും അങ്ങനെയുള്ള മക്കൾ ജീവിതത്തിലേക്ക് തിരിച്ചു വരുമെങ്കിൽ തങ്ങളാൽ കഴിയുന്നത് കൊണ്ട് ചേർത്തു നിർത്തുന്നത്.

എത്ര വീടകങ്ങളിൽ തങ്ങളുടെ കാലശേഷം ഈ മക്കളുടെ കാര്യമെന്താകും എന്നഉള്ളുരുക്കത്തോടെ കഴിയുന്ന മാതാപിതാക്കളുണ്ടെന്ന്………
.

നമ്മൾ മറന്നുപോവരുത്. സ്വന്തം ജീവിതം തന്നെ ആ മക്കൾക്കായി ഉഴിഞ്ഞു വെച്ച മനുഷ്യരാണ്. മനുഷ്യൻ എന്ന വാക്കിന്റെ ഏറ്റവും ഉയർന്ന മൂല്യമുള്ള മനുഷ്യർ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *